‘അരിക്കൊമ്പൻ പ്രശ്നത്തിലെ ‘വില്ലൻ’ അയാളാണ്; ആ റിപ്പോർട്ട് മറികടന്നത് ആര്? കെറെയിൽ വേണ്ടെന്നു പറഞ്ഞാൽ വികസനം വേണ്ടെന്നല്ല’
രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
? നമ്മുടെ പരിസ്ഥിതി സംവാദങ്ങൾക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ആദർശങ്ങളായോ മുദ്രാവാക്യങ്ങളായോ പരിസ്ഥിതി സംഘടനകൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. അവരാണ് ലോക പരിസ്ഥിതി ദിനവും ഭൗമ സംരക്ഷണ ദിനവുമൊക്കെ ആചരിക്കുന്നത്. മുൻപ് അങ്ങോട്ടു പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ അവർ ഇങ്ങോട്ടു പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ പറയുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാണുന്നില്ല. അതു പഴയപടിതന്നെ. കേരളത്തിലാണെങ്കിൽ 2018ലെ വലിയ വെള്ളപ്പൊക്കത്തിനു ശേഷം ഒരു തിരിച്ചറിവുണ്ടായിരുന്നു. പഴയപോലെ കാര്യങ്ങൾ നടക്കുകയില്ലെന്ന്. ഇതിനു മുൻപ് നമ്മൾ വലുതായി കേട്ടിരുന്നത് 99ലെ വെള്ളപ്പൊക്കമായിരുന്നു. ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് ഇത്ര വലിയ ഒരു വെള്ളപ്പൊക്കം ആവർത്തിച്ചതെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ഒരു ഭവിഷ്യ ഘടകം ഇതുപോലെയുള്ള രൂക്ഷമായ പ്രകൃതി പ്രതിഭാസങ്ങൾ ആവർത്തിക്കുമെന്നുള്ളതാണ്. അവ കൂടെക്കൂടെയുണ്ടാകും.
അതുപോലെ അന്തരീക്ഷ താപനം, കാലാവസ്ഥാ മാറ്റം, കേരളത്തിലെ പ്രകൃതി വിഭവങ്ങളുടെ ശോഷണം, നശിച്ചു പോകുന്ന നദികൾ ഇതെല്ലാം നമ്മുടെ നിത്യജീവിതത്തിൽ പ്രതിഫലിക്കുകയാണ്. ഇതിനെ പ്രതിരോധിക്കണമെങ്കിൽ നമ്മുടെ ജീവിത ശൈലിയിലും, പുരോഗമനത്തെപ്പറ്റിയും വികസനത്തെപ്പറ്റിയുമുള്ള നമ്മുടെ കാഴ്ചപ്പാടുകളിലും മാറ്റം വരേണ്ടിയിരിക്കുന്നു.അതുകൊണ്ടുതന്നെ വികസനത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും മാറേണ്ടിയിരിക്കുന്നു. എന്തിനെല്ലാമാണ് മുൻഗണന കൊടുക്കേണ്ടത് എന്നതിലും മാറ്റം വരേണ്ടിയിരിക്കുന്നു. ദൗർഭാഗ്യവശാൽ അത്തരം മാറ്റങ്ങളൊന്നും കാണുന്നില്ല.
ഇപ്പോഴും വികസനം എന്നാൽ ജിഡിപി വളർച്ച അഥവാ സമ്പത്തിന്റെ വളർച്ചയായിത്തന്നെ നിലനിൽക്കുന്നു. സമ്പത്തിന്റെ വളർച്ചയും വികസനവുമെന്നത് റിയൽ എസ്റ്റേറ്റ്, ഭൂമി വാങ്ങുക, വലിയ കെട്ടിടങ്ങൾ വരിക, വലിയ പദ്ധതികൾ വരിക, ശതകോടിക്കണക്കിനു നിക്ഷേപങ്ങൾ വരിക ഇതൊക്കെയാണെന്നാണു കാഴ്ചപ്പാട്. ഭരണകൂടം മാത്രമല്ല, ജനങ്ങളും അങ്ങനെയാണു കാണുന്നത്. ചെറുപ്പക്കാരുടെ കണ്ണിലാണെങ്കിലും ഇതെല്ലാമാണു വികസനം. ഇതൊന്നും ഇല്ലാത്തതാണ് കേരളത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണം എന്നവർ കരുതുന്നു. ഇതിൽ മാറ്റം വരുത്താൻ 50 വർഷമായി കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതി പ്രവർത്തനത്തിനു കഴിഞ്ഞിട്ടില്ല. ഇതാണ് ഇന്നത്തെ പ്രതിസന്ധിയായി എനിക്കു തോന്നുന്നത്.
? പരിസ്ഥിതി വാദം കാൽപനികമായ ഒരു സങ്കൽപമാണെന്നും അതു വികസനത്തിനു തിരിച്ചടിയാകുമെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം ഇല്ലേ? അവരുടെ പ്രചാരണങ്ങളിൽ എത്രമാത്രം വസ്തുതയുണ്ട്.
അങ്ങനെയൊക്കെയാണ് ഭരണകൂടവും വികസന വാദികളും പറഞ്ഞു നടന്നിരുന്നത്. പക്ഷേ, കാലാവസ്ഥാ മാറ്റത്തിന്റെയും ആഗോള താപനത്തിന്റെയും പ്രായോഗിക ഫലം വന്നിരിക്കുന്നത് ഇത് ലോകത്തിനാകെ ബാധകമാകുന്നുവെന്നാണ്. ഇപ്പോൾ പരിസ്ഥിതി വാദമെന്നത് പ്രകൃതി സംരക്ഷണമല്ല, നമ്മുടെതന്നെ സംരക്ഷണമാണ്. വരും തലമുറകൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഇതുപോലെ മുന്നോട്ടു പോകാൻ കഴിയില്ല. യഥാർഥത്തിൽ പരിസ്ഥിതിവാദമെന്നത് നിലിൽപിന്റെ വാദമാണ്. വികസനം വേണ്ട എന്നല്ല, സ്ഥായിയായ വികസനം, നിലനിൽക്കുന്ന വികസനം വേണമെന്നതാണ്. ഐക്യരാഷ്ട സംഘടനയുടെ ഭാഷയിൽ പറഞ്ഞാൽ സസ്റ്റെയ്നബ്ൾ ഡവലപ്മെന്റ് അഥവാ സുസ്ഥിര വികസനത്തിനു വേണ്ടിയാണു വാദിക്കുന്നത്. അതുകൊണ്ട് വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന ഏതെങ്കിലും പദ്ധതികളെ എതിർക്കുന്നത് വികസന വിരുദ്ധരായതുകൊണ്ടല്ല, ഇതല്ല നമുക്കു വേണ്ട വികസനം എന്ന തിരിച്ചറിവുകൊണ്ടാണ്. ഇതല്ല സുസ്ഥിര വികസനം എന്നു ചൂണ്ടിക്കാണിക്കുകയാണ്.
അങ്ങനെ ചൂണ്ടിക്കാണിക്കുന്നതു കേൾക്കാനുള്ള ഒരു തുറന്ന മനസ്സ് സർക്കാരിനും വികസന വാദികൾക്കും ഉണ്ടാകണം.ദൗർഭാഗ്യവശാൽ അതു കാണുന്നില്ല കെ റെയിലിനെ എതിർക്കുകയെന്നു പറഞ്ഞാൽ കെ റെയിൽ വേണ്ടെന്നും കേരളത്തിലെ ഗതാഗത വികസനം വേണ്ടെന്നുമല്ല. കേരളത്തിലെ ഗതാഗത വികസനത്തിന് ഇതിനേക്കാൾ യോജിക്കുന്ന, നമ്മുടെ കാലാവസ്ഥയ്ക്കും ജീവിത വ്യവസ്ഥയ്ക്കും പറ്റിയ വികസന പദ്ധതി വേറെ നോക്കണമെന്നാണു പറയുന്നത്. അതു മനസ്സിലാക്കുന്നില്ല. വികസനം വേണ്ടായെന്നു പറയുന്നവർ, കാളവണ്ടിയിലേക്കു പോകണമെന്നു പറയുന്നവരാണെന്നാണ് പ്രചാരണം.
അതുപോലെ ശബരിമല തീർഥാടകരുടെ ദുരിതം കുറയ്ക്കാൻ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. പക്ഷേ, ഇപ്പോൾ അവിടെ ഒരു വിമാനത്താവളം കൊണ്ടു വരുന്നതിനാണു സർക്കാർ മുൻഗണന നൽകുന്നത്. വിമാനത്താവളം ഇല്ലാത്തതാണ് ശബരിമലയുടെ ദുഃഖം അഥവാ അയ്യപ്പന്മാരുടെ ദുഃഖം എന്ന് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. അതിനു വേണ്ടി 2500 ഏക്കർ സ്ഥലം ഏറ്റെടുക്കുകയാണ്. ആദിവാസികളെ പുനരധിവസിപ്പിക്കാനോ ഭൂമി ഇല്ലാത്തവർക്കു ഭൂമി കൊടുക്കാനോ കഴിയാത്തപ്പോഴാണ് ആയിരക്കണക്കിനു ഹെക്ടർ ഇത്തരം കാര്യങ്ങൾക്ക് സന്തോഷത്തോടെ ഏറ്റെടുക്കാൻ സർക്കാർ തയാറായി വരുന്നത്. ഇതൊക്കെ കാണിക്കുന്നത് വികസനത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാണ്. സുസ്ഥിര വികസനം അല്ല, മറിച്ച് ഒരുപാട് പണം ചെലവാക്കുന്ന വൻകിട പദ്ധതികളാണ് വികസനം. അങ്ങനെ മാത്രമേ സാമ്പത്തിക വ്യവസ്ഥ വളരുകയുള്ളൂ എന്ന പഴയ ചിന്താഗതിയാണ് ഇത്തരം വാദങ്ങളിൽ കാണുന്നത്.
? എല്ലാ വികസനങ്ങൾക്കും അതിന്റേതായ വില കൊടുക്കേണ്ടിവരുമെന്നാണല്ലോ പൊതു നിലപാട്.
തീർച്ചയായും ഏതു മാറ്റത്തിനും അതിന്റെതായ വില കൊടുക്കേണ്ടി വരും. വികസനത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രത്യേകതതന്നെ അതാണ്. നിലവിലിരിക്കുന്ന ഉൽപാദന വ്യവസ്ഥകളെയോ സേവനങ്ങളെയോ മാറ്റി പുതിയതു വരുമ്പോൾ നിലവിലിരിക്കുന്ന വ്യവസ്ഥയുടെ ഗുണഭോക്താക്കളായ പലർക്കും നഷ്ടം വന്നേക്കാം. അവരുടെ ഉപജീവന മാർഗത്തിലും നഷ്ടം വന്നേക്കാം. അത് ഇല്ലെന്നു ഭാവിച്ചിട്ടു കാര്യമില്ല. അപ്പോൾ അത്തരം മാറ്റങ്ങൾ എങ്ങനെയാണു സ്വീകാര്യമാക്കേണ്ടത്? നഷ്ടം പരിഹരിക്കുന്നതിനും അവർക്കു പുതിയ തരത്തിലുള്ള ലാഭം കൈവരിക്കുന്നതിനും ഉള്ള മാർഗങ്ങൾ ഉണ്ടാകേണ്ടതല്ലേ?
റോഡിനു വീതി കൂട്ടുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നഷ്ടബോധം വരാതിരിക്കുന്നതിനായി തൃപ്തികരമായ നഷ്ട പരിഹാരം കൊടുക്കണം. ചൈനയിലെ ത്രീഗോർഗസ് ഡാം വന്നപ്പോൾ അതിന്റെ മൊത്തം മതിപ്പു ചെലവിന്റെ മൂന്നിലൊരു ഭാഗം പുനരധിവാസത്തിനു വേണ്ടിയാണു നീക്കിവച്ചത്. അത് പദ്ധതിയുടെ ചെലവിലാണ് ഉൾപ്പെടുത്തിയത്. അങ്ങനെ വേണം അതു കണക്കാക്കാൻ. അല്ലാതെ പദ്ധതിക്ക് അംഗീകാരം നേടുന്നതിനായി അതിന്റെ ചെലവു കുറച്ചു കാണിക്കുക, ഗുണം പെരുപ്പിച്ചു കാണിക്കുക എന്ന സമീപനമല്ല വേണ്ടത്. പദ്ധതി നടപ്പിനു വില കൊടുക്കേണ്ടി വരുമെന്നത് ശരിയാണ്. ആ വില ജനങ്ങളുടെ നാശം ആകരുത്. വില കൊടുക്കേണ്ടി വരുന്നത് അസംഘടിതർക്കും സംഘടനാ ബലം ഇല്ലാത്തവർക്കുമാണ്. അവർക്കാണു നഷ്ടം വരുന്നത്. അവരുടെ കാര്യം പറയാൻ ആരും ഉണ്ടാകില്ല. അവർ വോട്ടുബാങ്ക് കൂടെയല്ലെങ്കിൽ അവർക്കുവേണ്ടി സംസാരിക്കാൻ ആരും ഉണ്ടാകില്ല. അതുകൊണ്ട് അവരെ ഗുണഭോക്താക്കളാക്കി മാറ്റണം. അതിനു പകരം എന്തു വില കൊടുത്തും നടപ്പിലാക്കുമെന്നു പറയുന്നതിനു പിന്നിൽ ഒരു ഉദാരമനസ്കത ഇല്ലായ്മയുണ്ട്.
എന്തുവിലകൊടുത്തുമല്ല വികസനം വേണ്ടത്. എന്തു വിലയാണു കൊടുക്കേണ്ടതെന്നു നോക്കി ഈ വില നമുക്കു മുതലാകുമോ, ഈ വില കൊടുത്ത് ഈ സൗകര്യങ്ങൾ നമുക്കു വേണമോ അതോ വേണ്ടെന്നു വയ്ക്കണോ അതിനു പകരം ഇത്രയും വില കൊടുക്കേണ്ടതല്ലാത്ത മറ്റു മാർഗങ്ങളുണ്ടോ എന്നൊക്കെ അന്വേഷിക്കണം. അതിന് ഒരു തുറന്ന മനസ്സു വേണം. ഒരു പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടു തയാറാക്കുമ്പോൾ ബദൽ മാർഗങ്ങൾ എന്താണ്? ബദൽ മാർഗങ്ങളേക്കാൾ എന്തുകൊണ്ടാണ് ഇതു സ്വീകാര്യമാകുന്നത്? എന്നു പരിശോധിക്കേണ്ടതുണ്ട്. കെ റെയിലിന്റെ റിപ്പോർട്ടിൽ അത്തരം ഒരു അന്വേഷണം നടത്തിയിട്ടില്ല. കേരളത്തിന്റെ റെയിൽവേ വികസനത്തിന്റെ മറ്റു മാർഗങ്ങൾ പരിശോധിച്ചിട്ടില്ല. അതിനെ എഴുതിത്തള്ളിയിരിക്കുകയാണ്. ഇതെല്ലാം ഇങ്ങനെതന്നെ കിടക്കും, ഒന്നും നന്നാവില്ല എന്നത് ഒരു മുൻവിധിയാണ്. പദ്ധതി തയാറാക്കുമ്പോൾത്തന്നെ എന്തുവിലയാണു കൊടുക്കേണ്ടി വരുന്നത് ആരാണ് കൊടുക്കുന്നത് ഈ വില നമുക്കു സ്വീകാര്യമാണോ എന്നു പരിശോധിക്കണം.
? ഒരു വികസന പദ്ധതിയുടെ വില എന്നതിന്റെ നിർവചനം എന്താണ്.
വില എന്നത് ഇപ്പോൾ സാമ്പത്തികാടിസ്ഥാനത്തിലാണു നിർവചിക്കുന്നത്. ഇപ്പോൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് പൊന്നിൻവില കൊടുക്കുമെന്നൊക്കെ പറയുമെങ്കിലും അതല്ല സംഭവിക്കുന്നത്. കമ്പോള വില കൊടുക്കുമെന്നു പറയുന്നു. വികസനത്തിന്റെ ഫലമായുണ്ടാകുന്ന മെച്ചത്തിന് ആനുപാതികമായ വില കൊടുക്കാമെന്നാണ് ഇപ്പോൾ പറയുന്നത്. അല്ലെങ്കിൽ അവരെയും വികസനത്തിൽ പങ്കാളികളാക്കിക്കൊണ്ട് അതിന്റെ ഓഹരികൊടുക്കുന്ന മാർഗങ്ങൾ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കൊണ്ടുവരുന്നുണ്ട്.
പക്ഷേ അതോടൊപ്പം സാമൂഹിക വിലയുണ്ട്. ജീവിത സൗകര്യങ്ങളിൽ വരുന്ന മാറ്റം, ഉപജീവനത്തിൽ വരുന്ന നഷ്ടം, വിലമതിക്കാനാവാത്ത പരിസ്ഥിതി നഷ്ടം എന്നിവ അതിലുൾപ്പെടും. ഇതിനെല്ലാം വില ഇട്ടാൽ മാത്രമേ സാമ്പത്തിക ശാസ്ത്രജ്ഞർക്ക് അതു കണ്ടു പിടിക്കാനാകൂ. ഇപ്പോൾ ഇതിനെല്ലാം ഒരു വില ഇടുന്ന രീതിയുണ്ട്, പദ്ധതി രേഖ തയാറാക്കുന്നതിന് അത് ഉപയോഗിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു ഇൻഡക്സ് കൊണ്ടുവന്ന് അതിന്റെ അടിസ്ഥാനത്തിൽ ഗുണമാമോ ദോഷമാണോ എന്നൊക്കെ കണ്ടു പിടിക്കാൻ സാധിക്കും.
പക്ഷേ പൊതുവേ നാം കാണുന്നത് ഒരു പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ആരെ ഏൽപിക്കുന്നുവോ അവരുടെ ധർമം പദ്ധതി ലാഭകരമാണെന്നു തെളിയിക്കുകയാണ്. അവരെ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഏൽപിക്കുന്നവരും അതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ജനകീയ പക്ഷത്തു നിന്നുകൊണ്ടുള്ള ഒരു പദ്ധതി റിപ്പോർട്ടും ഗുണദോഷ വിചിന്തനവും കാണാനില്ല. അവിടെയാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും ബുദ്ധി ജീവികളും മുന്നോട്ടു വരേണ്ടത്. പദ്ധതി റിപ്പോർട്ട് തയാറാക്കുന്നവരും ഏജൻസികളും കാണാതെ പോകുന്ന കാര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയും അങ്ങനെ ജനങ്ങളുടെ സമ്മർദ്ദം മൂലം ഭരണകൂടത്തെ ഒരു വിചിന്തനത്തിനു പ്രേരിപ്പിക്കുകയെന്നതുമാണ്.
? പദ്ധതി രേഖ തയാറാക്കുന്നതിനെപ്പറ്റി പറയുമ്പോൾ വിവര സാങ്കേതിക വിദ്യയുടെ മെച്ചത്തെക്കുറിച്ചു കൂടി ചർച്ച ചെയ്യേണ്ടതല്ലേ? ധാരാളം ഡേറ്റകൾ ഇന്ന് ലഭ്യമാണ്. അതിനിടയിൽ ഇപ്പോൾ പറഞ്ഞ വസ്തുതകൾ മുങ്ങിപ്പോകുന്നുണ്ടോ.
ഡേറ്റകൾ വളരെ പ്രധാനമാണ്. ഒരു ഡേറ്റയുമില്ലാതെ നമുക്കു ചിന്തിക്കാൻ കഴിയില്ല. അല്ലാത്തവ നമ്മുടെ ഉൾക്കാഴ്ച കൊണ്ടു മാത്രം പറയുന്നതായിരിക്കും.അതു ശരിയാകാമെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയില്ല.ഡേറ്റ എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണു പ്രധാനം. അതു പലപ്പോഴും സിലക്ടീവ് ആകാറുണ്ട്. നമ്മൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ സഹായിക്കുന്ന ഡേറ്റ മാത്രം എടുക്കും. അല്ലാത്തത് എടുക്കുകയില്ല. അങ്ങനെയാണ് പദ്ധതി റിപ്പോർട്ടുകൾ പലപ്പോഴും ഉണ്ടാകുന്നത്. അവിടെയാണ് ജനപക്ഷത്തു നിന്നു ചിന്തിക്കുന്നവരും നിക്ഷിപ്ത താൽപര്യമില്ലാത്തവരുമായ വിദഗ്ധന്മാരുടെ പ്രസക്തി. അവരെ സാമൂഹിക ബുദ്ധിജീവികൾ എന്നു വിളിക്കാം. അവരുടെ നേതൃത്വത്തിൽ അല്ലെങ്കിൽ അങ്ങനെ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘടനകളുടെ സഹായത്തോടെ ഒരു ജനപക്ഷ റിപ്പോർട്ട് തയാറാക്കലും ജനപക്ഷത്തു നിന്നുള്ള വിലയിരുത്തലുകളും ആവശ്യമാണ്. അങ്ങനെ മാത്രമേ നമുക്കു ശാസ്ത്രീയമായി മുന്നേറാൻ സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പലപ്പോഴും മുൻവിധികളുടെ അടിസ്ഥാനത്തിലുള്ള തർക്കങ്ങളായി മാറും അതു നമ്മളെ എവിടെയും കൊണ്ടെത്തിക്കുയില്ല. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല.
?പരിസ്ഥിതി – വികസന സംവാദങ്ങളിൽ പ്രധാന ഘടകമാണല്ലോ വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. കേരളത്തിൽ വനവൽക്കരണം കൂടിയെന്നൊക്കെയുള്ള കണ്ടെത്തലുകളോട് എങ്ങനെയാണു പ്രതികരിക്കുന്നത്.
വനം എന്നതിന്റെ നിർവചനം എന്താണ്? ഒരവസരത്തിൽ കോടതി പറഞ്ഞത് സർക്കാർ രേഖകളിൽ വനം എന്നു നിർവചിച്ചിരിക്കുന്ന പ്രദേശങ്ങളെല്ലാം വനമാണെന്നാണ്. പ്ലാന്റേഷനുകൾ വനമാണെന്നു സർക്കാർ നിർവചിച്ചാൽ അവയും വനം ആകും. പക്ഷേ വനം നിർവഹിക്കേണ്ട പ്രകൃതി ധർമം പ്ലാന്റേഷനുകൾക്കു നിർവഹിക്കാൻ സാധിക്കുകയില്ല. ജൈവ വൈവിധ്യത്തിന് അതു ബദലല്ല. അതുകൊണ്ട് വനം എന്നു നിർവചിച്ചവയെല്ലാം വനം ആകുന്നില്ല. വനങ്ങളെല്ലാം ഭൂമധ്യരേഖയിലെ ഉഷ്ണമേഖലാ മഴക്കാടുകളല്ല. പുൽമേടുകളുണ്ട്. തരിശായിക്കിടക്കുന്ന പ്രദേശങ്ങൾ വനാതിർത്തിയിലുണ്ട്. അതുകൊണ്ടു വനം നിർവഹിക്കേണ്ട പ്രകൃതി ധർമത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ കുറച്ചു കൂടി മൂല്യബദ്ധമായി വിലയിരുത്തേണ്ടതുണ്ട്. ജൈവവൈവിധ്യത്തിന്റെ ജന്തു വൈവിധ്യത്തിന്റെ കാഴ്ചപ്പാടിലൊക്കെ വിലയിരുത്തിയാൽ മാത്രമേ കൃത്യമായ ധാരണയിലെത്താൻ സാധിക്കുകയുള്ളൂ. കേവലം ഡേറ്റയുടെയോ ശതമാനക്കണക്കിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്താനാകില്ല. അതിനു പിന്നിലുള്ള സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്.
? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷവുമായി ചേർത്തു നിർത്തിയാണു പലപ്പോഴും വനവുമായി ബന്ധപ്പെട്ട സംവാദങ്ങൾ നടക്കുന്നത്. ഈ കാലഘട്ടത്തിൽ അതു വളരെ തീവ്രവുമാണ്. ബഫർ സോൺ പോലെയുള്ള വിഷയങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അതിനോടുള്ള സമീപനം എങ്ങനെയാകണം.
വികസനത്തെ നിർവചിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമായി ഉയർന്നു വരും. ഉദാഹരണത്തിന് അരിക്കൊമ്പന്റെ പ്രശ്നം എടുക്കാം. ചിന്നക്കനാലിൽ കോളനികൾ സ്ഥാപിക്കുന്ന സമയത്ത് ഡിഎഫ്ഒ പ്രകൃതി ശ്രീവസ്തവ ആയിരുന്നു. ഇത് ആന ഇറങ്ങുന്ന പ്രദേശമാണെന്നും ഇവിടെ കോളനി കൊണ്ടു വരുന്നത് തൃപ്തികരമല്ലെന്നും അവർ ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചിരുന്നു.അതിനെ മറികടന്നാണ് അവിടെ കോളനികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇത്ര ഒച്ചപ്പാടുണ്ടായിട്ടും പ്രകൃതി ശ്രീവാസ്തവയുടെ റിപ്പോർട്ടിനെ ആരാണ് മറികടന്നതെന്ന ചോദ്യം ഉയർന്നു വന്നില്ല. അവരുടെ റിപ്പോർട്ടിനെ മറികടന്നയാളാണ് ഇതിലെ വില്ലൻ. അതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാകാം, വികസനത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാകാം , മറ്റെന്തെങ്കിലും പരിഗണനകളാകാം. ഇത്തരം കാര്യങ്ങളെ പുറത്തു കൊണ്ടുവന്നാൽ മാത്രമേ അർഥപൂർണമായ ഒരു തുറന്ന ചർച്ച നടക്കുകയുള്ളൂ.
അതിനു പകരം കുറെ ഒച്ചയും ബഹളവുമാണു നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി 2400 ഏക്കറോളം ഭൂമിയാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്നത്. അതിന് അവർക്ക് ഒരു മടിയുമില്ല. അപ്പോൾ ഏറ്റെടുക്കാൻ ഭൂമി ഇല്ലാഞ്ഞിട്ടും വേണ്ടവിധം പുനരധിവാസം നടത്താൻ സ്ഥലമില്ലാഞ്ഞിട്ടുമല്ല കോളനികൾ സ്ഥാപിക്കുന്നത്. അത് ഇവിടെയേ ചെയ്യൂ എന്നും വേറെ വല്ലയിടത്തും സ്ഥാപിക്കുന്നതിനു മനസ്സില്ല, എന്ന നിലപാടാണ് സർക്കാരിനുള്ളത്. അത്തരം കാര്യങ്ങൾ പുറത്തു കൊണ്ടു വന്നാൽ മാത്രമേ ഒരു തുറന്ന ചർച്ച നടക്കുകയുള്ളൂ.
കാടിനു നടുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഊരുകളെ അവിടെ നിന്ന് അനുയോജ്യമായ വേറെ സ്ഥലങ്ങളിലേക്കു മാറ്റുന്നതിനായി വനം വകുപ്പിനുതന്നെ പല പദ്ധതികളുമുണ്ടായിരുന്നു. ആദിവാസികൾക്ക് അതു സ്വീകാര്യമാണെങ്കിൽക്കൂടി അതു ചെയ്യുന്നതിനു പലവിധത്തിലുള തടസ്സങ്ങളുമുണ്ടാക്കുകയാണ്. അതു മറികടക്കണമെങ്കിൽ വനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വനം സംരക്ഷിക്കേണ്ടത് പ്രൃകൃതി സ്നേഹികളുടെ സൗകര്യത്തിനു വേണ്ടിയിട്ടല്ല സമൂഹത്തിന്റെ നിലനിൽപിനു വേണ്ടിയാണെന്ന തിരിച്ചറിവ് ഉണ്ടായേ പറ്റൂ.
? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വല്ലാതെ ഭീതി പടർത്തുന്ന കാലമാണല്ലോ? അതിനെ എങ്ങനെ നേരിടാനാകും.
അതിനു പിന്നിൽ പല കാരണങ്ങളുണ്ട്. വനത്തിലേക്കുള്ള കടന്നു കയറ്റം അതിൽ പ്രധാനമാണ്. വന്യമൃഗങ്ങൾ ഭക്ഷണത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലങ്ങളിലേക്കു കടന്നു കയറുകയും അവിടെ കോളനികൾ സ്ഥാപിക്കുകയുമാണ്. കാടിനു താങ്ങാവുന്നതിലധികം വർധനവ് വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ടോയെന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലേ പറയാനാവുയുള്ളൂ. കേരളത്തിലെ വനങ്ങളിൽ ആനകളുടെ സെൻസസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കടുവകളുടെ സെൻസസ് കൂടെക്കൂടെ ചെയ്യാറുണ്ട്. ഇപ്പോൾ കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും സെൻസസ് എടുക്കേണ്ടി വരുമെന്നു തോന്നുന്നു. വനം വകുപ്പ് ഇതെല്ലാം ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ ഇവയുടെ എണ്ണം കണക്കിലധികം വർധിക്കുകയാണെങ്കിൽ നിയന്ത്രിതമായ അളവിൽ അവയെ വേട്ടയാടുന്നതിനുള്ള അവസരം പലസ്ഥലത്തും കൊടുക്കാറുണ്ട്. കേരളത്തിൽ അത്തരം ഒരു അവസ്ഥയുണ്ടോയെന്ന് അറിയില്ല.അതൊക്കെ വനം വകുപ്പ് പഠിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ്. ഇപ്പോൾ അതല്ല പ്രശ്നം. ഇപ്പോഴത്തെ പ്രശ്നം മൃഗങ്ങൾ ജീവിച്ചിരുന്ന സ്ഥലങ്ങളിലേക്കു കടന്നു കയറുന്നതാണ്. അതുകൊണ്ടാണ് അവ വനത്തിനു പുറത്തേക്കു വരുന്നത്.
? വനം വന്യജീവി സംരക്ഷണം എന്നിവയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം എന്താകണം.
പരമ്പരാഗതമായി നോക്കുകയാണെങ്കിൽ സ്വാതന്ത്ര്യത്തിനു മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ധാരാളം അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ വനം വകുപ്പിലെ പുതിയ ഉദ്യോഗസ്ഥർ പ്രകൃതി സംരക്ഷണത്തെപ്പറ്റിയൊക്കെ വളരെ വിവരം ഉള്ളവരാണ്. പക്ഷേ അവരുടെ മേൽ ധാരാളം സമ്മർദ്ദങ്ങളുണ്ടാകുന്നുണ്ട്. അതു രാഷ്ട്രീയവും പ്രാദേശികവുമാകാം. ചിലർക്കു ശരിയായ കാഴ്ചപ്പാടുകൾ ഉണ്ടാകണമെന്നില്ല. പക്ഷേ അവർ ജനങ്ങളുടെ ദൃഷ്ടിയിലാണ്. ജനങ്ങൾ അവരെ ശ്രദ്ധിക്കുന്നുണ്ട്. കടുത്ത നിലപാടുകൾ എടുക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ അവരെ പിന്തുണയ്ക്കുകയും വേണം.
നേരത്തെ പ്രകൃതി ശ്രീവാസ്തവയുടെ കാര്യം പറഞ്ഞല്ലോ. ചിന്നക്കനാലിൽ കോളനി സ്ഥാപിക്കുന്നതിന് അവർ എതിരായി റിപ്പോർട്ട് എഴുതുമ്പോൾ അവരെ എതിർക്കുകയും ഉദ്യോഗസ്ഥതലത്തിൽത്തന്നെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഇത്തരം നിലപാടുകൾ തുടർന്നും എടുക്കാൻ അവർക്കു സാധിക്കുകയില്ല. അത്തരം നിലപാടുകൾ ജനങ്ങൾ അറിയുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്താൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ സ്വതന്ത്രവും ശാസ്ത്രീയവുമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കും. ഇക്കാര്യത്തിലൊക്കെ ഒരു തുറന്ന സമീപനം വേണം.
? എക്കോടൂറിസം വന്നതോടെ വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥർ സംരക്ഷണ പ്രവർത്തനങ്ങൾ മാറ്റിവച്ച് അതിനു പുറകേ പോകുന്നതായി ഒരു ആരോപണമുണ്ട്. അതിൽ എത്രമാത്രം വസ്തുതയുണ്ട്.
എക്കോ ടൂറിസം വേണ്ടെന്ന നിലപാട് ശരിയല്ല. പക്ഷേ ടൂറിസത്തിനു വേണ്ടി വനത്തിന്റെ സ്വച്ഛതയും മൃഗങ്ങളുടെ സ്വൈര ജീവിതവും നഷ്ടപ്പെടുത്തരുത്. അത് എക്കോ ടൂറിസമല്ല. അഗസ്ത്യകൂടം ബയോളജിക്കൽ പാർക്കിനു വേണ്ടി വലിയ ഒരു പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. അതിനെതിരെ വലിയ എതിർപ്പാണ് ഉയർന്നു വന്നത്. അതിനു കാരണം അത് ആപ്രദേശത്തിന്റെ സ്വഛത നശിപ്പിക്കുമെന്നതാണ്. വനത്തിൽ പോകുന്നവർ കർശനമായ ഒരു സ്വഭാവ നിയന്ത്രണം പാലിച്ചേ പറ്റൂ.അല്ലാതെ പിക്നിക്കിനു വേണ്ടി കാട്ടിൽ പോകുന്നത് അനുവദനീയമല്ല. ഒരു വിദ്യാർഥിയുടെ മനസ്സോടെ വേണം കാട്ടിൽ പോകാൻ. ഒരുപാടു കാര്യങ്ങൾ അവിടെ നിന്നു പഠിക്കാനുണ്ട്. അങ്ങനെ പോകുന്നവരെ പ്രോത്സാഹിപ്പിക്കണം.യൂറോപ്പിലൊക്കെ വനത്തിൽ പോകുന്നതിനു കർശനമായ പെരുമാറ്റ നിയന്ത്രണങ്ങളുണ്ട്. അതു പാലിച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കും. അത്തരം നിയന്ത്രണങ്ങൾ ഇവിടെയും ആവശ്യമാണ്.
? കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു അധ്യായമാണല്ലോ സൈലന്റ് വാലി സമരം. അത് ഒരു കാൽപനിക പ്രസ്ഥാനമായിരുന്നെന്നും അതിലൂടെ കേരളത്തിന്റെ വികസനം വളരെ പുറകോട്ടു പോയെന്നും പറയുന്നവരുണ്ട്. ആ പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന ആളെന്ന നിലയിൽ അതിനോട് എങ്ങനെ പ്രതികരിക്കുന്നു.
സൈലന്റ് വാലി സമരം കാൽപനികമാണെന്നു പറഞ്ഞിരുന്നവർ അന്നും ഉണ്ടായിരുന്നു. ചില ജീവശാസ്ത്ര അധ്യാപകർപോലും അങ്ങനെ പറയുകയും സർക്കാരിന്റെ പ്രിയപ്പെട്ടവരാകുകയും കമ്മിറ്റികളിൽ കയറിപ്പറ്റുകയും ചെയ്തു. അത്തരക്കാർ എക്കാലവുമുണ്ടാകും. പക്ഷേ നമുക്കു കാണാവുന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവർ വളരെ വളരെ കൂടിയിട്ടുണ്ട്. അതു കേവലം കാൽപനികതയല്ല, അതിജീവനത്തിന്റെ പ്രശ്നമാണെന്ന് ഈ ആഗോള താപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ഫലമായിട്ടു ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്.സർക്കാരുപോലും പരസ്യമായിട്ട് അതിനെ അംഗീകരിക്കാൻ നിർബന്ധിതമായിട്ടുണ്ട്. അതുകൊണ്ട് അത്തരം ഒരു ബോധവൽക്കരണമുണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല. അതിനെ മുന്നോട്ടു നയിക്കുകയെന്നതാണു പ്രധാനം.
സൈലന്റ് വാലി സമരം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു ഉൾക്കാഴ്ചയും ഒരു അവബോധവും തന്നുവെന്നതിൽ തർക്കമില്ല. അതിനെക്കാൾ പ്രധാനം സംഘടിതമായി ജനങ്ങളുടെ എതിർപ്പുണ്ടാവുകയാണെങ്കിൽ വികസനത്തിന്റെ പേരിൽ അവതരിപ്പിക്കുന്ന ചില പദ്ധതികളെപ്പോലും നമുക്കു തടയാൻ കഴിയുമെന്നു വ്യക്തമായി. അതു വളരെ പ്രധാനമാണ്. അതുവരെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടു കാര്യമില്ല, വെറുതെ കുറേ ബഹളമുണ്ടാക്കാം പ്രക്ഷോഭം നടത്താമെന്ന തോന്നലായിരുന്നു. അങ്ങനെയല്ല ഇത്തരം പ്രക്ഷോഭങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടാവുകയാണെങ്കിൽ സർക്കാരിനുതന്നെ ഒരു വീണ്ടുവിചാരം ഉണ്ടാകുമെന്നും സർക്കാരിനെ മാറിചിന്തിപ്പിക്കാൻ നിർബന്ധിതമാക്കുമെന്നും നമ്മളെ പഠിപ്പിച്ചത് സൈലന്റ് വാലി പ്രക്ഷോഭമാണ്.
? പിന്നീടുവന്ന നർമദാ സമരം പരാജയപ്പെടുന്നതും നമ്മൾ കണ്ടു. സൈലന്റ് വാലിയിൽ നിന്നു നർമദയിലേക്കുള്ള അന്തരം എത്രമാത്രമാണ്.
നർമദ മൂന്നു സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭീമൻ പദ്ധതിയാണ്. കേരളമെന്ന ഒരു ചെറിയ സംസ്ഥാനത്തെ പദ്ധതിയായിരുന്നു സൈലന്റ് വാലി. അതുവരെ അട്ടപ്പാടിയെ അറിയാത്തവർക്കുപോലും ആ പ്രദേശത്തെ വീടിനകത്തേക്കു കൊണ്ടുവരാൻ സൈലന്റ് വാലി പ്രക്ഷോഭം സഹായകമായി. എന്നാൽ നർമദയിൽ അണകെട്ടുന്നതും അതുമൂലം കുടിയൊഴിപ്പിക്കുന്നതും ഭൂമി നഷ്ടപ്പെടുന്നതും ലക്ഷക്കണക്കിന് ആളുകളെയാണു ബാധിച്ചത്. അത് മധ്യ പ്രദേശിലായിരുന്നു. എന്നാൽ ഈ വെള്ളം വരുന്നതുകൊണ്ടുള്ള സമ്പൽ സമൃദ്ധി , മെച്ചം എന്നിവ ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും. അവിടത്തെ വലിയ കോർപറേറ്റ് ശക്തികൾ ഈ പ്രക്ഷോഭത്തിനെതിരായി മുന്നോട്ടുവന്നു. അവർക്കു മുന്നിൽ സർക്കാരുകൾ കീഴടങ്ങി. അണക്കെട്ടിന്റെ ഉയരം വർധിപ്പിക്കുന്നതിനു മുൻപ് പുനരധിവാസം തൃപ്തികരമാക്കണമെന്ന സുപ്രീംകോടതി വിധി വന്നിട്ടു പോലും അതു നടപ്പിലാക്കാൻ സർക്കാരുകൾ തയാറായില്ല. മേധാ പട്കറിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം കുടിയൊഴിപ്പിക്കുന്ന ഭാഗത്തെ ജനങ്ങൾക്കു മനസ്സിലായെങ്കിലും അതിന്റെ ഗുണം കിട്ടുന്ന പ്രദേശത്തെ ജനങ്ങൾക്കു മനസ്സിലായില്ല. അതു നർമദാ സമരത്തിന്റെ പരാജയത്തിനു കാരണമായിട്ടുണ്ട്.
? ഭരണകൂടം വ്യത്യസ്തമായ നിലപാടു സ്വീകരിച്ചാൽ അതു പരിസ്ഥിതി സമരങ്ങൾക്കു തിരിച്ചടിയാകുമെന്ന പാഠം കൂടി ഇതിലുണ്ടോ.
ജനങ്ങളുടെ ഇടയിൽ വലിയ ഒരു കാഴ്ചപ്പാടുണ്ടാവുകയും അതിനു ശക്തിയുണ്ടാവുകയും ചെയ്യുമ്പോൾ ഭരണകൂടത്തിനു വഴങ്ങിയേ പറ്റൂ. കോർപറേറ്റുകളുടെ സമ്മർദ്ദം സർക്കാരുകൾക്ക് അറിയാം. അതുപോലെയല്ല ജനങ്ങളുടെ സമ്മർദ്ദം. കെ റെയിലിന്റെ കാര്യത്തിലൊക്കെ മഞ്ഞക്കുറ്റി അടിക്കാൻ തുടങ്ങിയപ്പോഴാണ് ജനങ്ങൾ ഉണർന്നത്. പക്ഷെ സ്വന്തം സ്ഥലം നഷ്ടമാകുന്നവർ മാത്രമാണ് അവിടെയും പ്രതിഷേധിക്കുന്നത്. ഏതാനും അകലെ സ്വന്തം സ്ഥലം സുരക്ഷിതമായിരിക്കുന്നവർ ആശ്വസിക്കുകയാണ്. ആരുടെയെങ്കിലും സ്ഥലം നഷ്ടപ്പെടുന്നതല്ല സമൂഹത്തിന്റെ മൊത്തം അതിജീവനമാണ് അപകടത്തിലാവുന്നത് എന്ന തിരിച്ചറിവാണ് പ്രധാനം. അതിന് ഇത്തരം കാര്യങ്ങൾ നിരന്തരമായി പറഞ്ഞേ മതിയാവൂ.
സർക്കാർ ഇത്തരം ദിനങ്ങൾ ആചരിക്കുന്നതു കൊണ്ടു കാര്യമില്ല. ജനങ്ങൾക്കിടയിലുള്ള ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകണം. ഇതൊക്കെ കുറച്ച് സൗന്ദര്യാരാധകരോ വനസ്നേഹികളോ പറയുന്നതല്ല. ഐക്യ രാഷ്ട്ര സംഘടന നിയമിച്ച കാലാവസ്ഥാ പഠന സംഘത്തിന്റെ റിപ്പോർട്ടു വന്നിട്ടുണ്ട്. അതിനു ശേഷം കാലാവസ്ഥാ വ്യതിയാനം മനുഷ്യ നിർമിതമാണെന്നാണു വ്യക്തമായിരിക്കുന്നത്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അല്ലാതെ കാൽപനികതയുടെയോ സൗന്ദര്യാരാധനയുടെയോ അനന്തരഫലമല്ല. ഇതു തരുന്ന വലിയ തിരിച്ചറിവ് പരിസ്ഥിതി സംരക്ഷണമെന്നത് കാൽപനികരുടെയോ സൗന്ദര്യാധകരുടെയോ പ്രശ്നമല്ല അതിജീവനത്തിന്റെ പ്രശ്നമാണെന്നത് ശാസ്ത്രീയമായി വ്യക്തമായിരിക്കുന്നു. അത് വലിയൊരു കാര്യമാണ്.
?ബഫർ സോണുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയാകേണ്ടതല്ലേ.
ബഫർ സോണെന്നത് പല സന്ദർഭങ്ങളിലും പല അർഥത്തിലാണ് ഉപയോഗിച്ചിരുന്നത്. സംരക്ഷണത്തിന്റെ ഭാഗമായിട്ടുള്ളതല്ല നേരത്തെയുള്ള ബഫർസോൺ. ബഫർസോണിനെപ്പറ്റി പച്ചക്കള്ളം പ്രചരിപ്പിച്ചിരുന്നു കേരളത്തിൽ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് അതു കാണാതെയാണു പലരും എതിർപ്പുമായി ഇറങ്ങിയത്. ആ റിപ്പോർട്ടിൽ കർഷകരെ ദ്രോഹിക്കുന്ന യാതൊന്നും ഇല്ല. പക്ഷേ വന പ്രദേശത്ത് ബഫർസോണുകളിൽ പാറപൊട്ടിക്കലുകൾ അനുവദിക്കില്ല. അനധികൃതമായി വലിയ കെട്ടിടങ്ങൾ പണിയാൻ സാധിക്കില്ല. ഇതു രണ്ടുമാണ് സാമ്പത്തിക ശക്തികളെ ഭയപ്പെടുത്തിയത്. മൈനിങ്ങിനു പിന്നിൽ പ്രവർത്തിക്കുന്നവരും വലിയ റിസോർട്ടുകൾക്കായി സ്ഥലം വാങ്ങുന്നവരും വലിയ സാമ്പത്തിക ശക്തികളും സ്വാധീനങ്ങളുമുള്ളവരാണ്. അവരാണ് ഇതിനെതിരായി മുൻപിൽ നിന്നത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കർഷകർക്കെതിരാണ് എന്ന വലിയ ഒരു പ്രചാരണം കേരളത്തിൽ അഴിച്ചു വിട്ടു. എല്ലാ രാഷ്്ട്രീയ പാർട്ടികളും അതിനെ പേടിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആ റിപ്പോർട്ട് മലയാളത്തിലാക്കി പ്രചരിപ്പിച്ചിരുന്നു. ഭൂമിയുടെ വില കുറയുമെന്ന ആശങ്ക മലയോര ജനതയെ ബാധിക്കുന്നതാണ്. മലയോരങ്ങളിൽ ഇപ്പോൾ കർഷകർ മാത്രമല്ല ഉള്ളത്. അവിടത്തെ കുടിയേറ്റക്കാരുടെ മക്കൾക്കും മക്കളുടെ മക്കൾക്കുമെല്ലാം കൃഷിക്കാരായി തുടരാനല്ല താൽപര്യം. നഗരത്തിലെ സൗകര്യങ്ങളൊക്കെ അവർക്കു വേണം. ഒന്നുകിൽ അത് അവിടെ ഉണ്ടാകണം അല്ലെങ്കിൽ ഭൂമി വിറ്റ് താഴെവന്ന ഈ സൗകര്യങ്ങൾ അനുഭവിക്കണമെന്നാണ് ആഗ്രഹം. ഭൂമിയുടെ വില കുറയുന്നത് ഈ സ്വപ്നങ്ങൾക്കു തിരിച്ചടിയാകുമെന്ന് അവർ ഭയക്കുന്നു . അതിനെ തുറന്നു കാണിക്കാൻ കഴിയുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ സംവാദവും നടന്നില്ല. ഇതുമായി ബന്ധപ്പെട്ട പല സംവാദങ്ങളിലും ഞാൻ പങ്കെടുത്തിരുന്നു. അവിടെയെല്ലാം ഇത് കർഷക വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടന്നത് അതിനെ ഫലപ്രദമായി ചെറുക്കാൻ നമുക്കു കഴിഞ്ഞില്ല.
? പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കു മുന്നിൽ ഇനിയുള്ള വഴി എന്താണ്.
നിരന്തരമായി ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണു മുന്നിലുള്ള വഴി. അടുത്തകാലത്ത് ഒരു ശാസ്ത്രജ്ഞൻതന്നെ എഴുതിയിരുന്ന് നൂറ്റാണ്ടിലൊരിക്കൽ വരുന്ന വെള്ളപ്പൊക്കെത്തെ പേടിച്ച് നമുക്ക് ഒന്നും ചെയ്യാതിരിക്കാനാവില്ലെന്നാണ്. എന്നാൽ കാലാവസ്ഥാ മാറ്റം വന്നതോടെ വെള്ളപ്പൊക്കം നൂറ്റാണ്ടിലൊരിക്കൽ മാത്രം ആവർത്തിക്കുന്ന പ്രതിഭാസമല്ലാതായിരിക്കുകയാണ്. വലിയ മഴയും മണ്ണിടിച്ചിലുമുൾപ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങൾ കൂടെക്കൂടെയുണ്ടാകും. അതിനെ മുൻകൂട്ടി കണ്ടുകൊണ്ട് അതിനെ തടയുന്ന തരത്തിലുള്ള ഭൂവിനിയോഗമാണ് ഉണ്ടാകേണ്ടത്. ഭൂ വിനിയോഗത്തിലെ മാറ്റങ്ങളെപ്പറ്റിത്തന്നെയാണ് നാം സംസാരിക്കേണ്ടത്.
?ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട് എന്തായിരിക്കും.
പരിഷത്ത് ഇപ്പോഴും പറയുന്നത് സുസ്ഥിര വികസനത്തെപ്പറ്റിയാണ്. പരിസ്ഥിതി സംരക്ഷണമെന്നത് ഒരു സൗന്ദര്യാരാധനയല്ല, പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മളെത്തന്നെയും ഭാവി തലമുറയെയും സംരക്ഷിക്കുന്ന പ്രവർത്തനമാണ്. വികസനത്തിന്റെ പേരിലുളള ഓരോ പദ്ധതിയെയും പരിഷത്ത് സമീപിക്കുന്നത് ഈ തരത്തിലാണ്. അത് ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇപ്പോൾ പരിഷത്ത് മാത്രമല്ല ഒരുപാടു സംഘടനകൾ ആ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ആശയ പ്രചാരണവും ധാരാളം നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ സമീപനവും മാറിയിട്ടുണ്ട്. സൈലന്റ് വാലി സമരത്തിന്റെ കാലത്തെ സമീപനമല്ല ഇപ്പോഴുള്ളത്.
? പരിസ്ഥിതി സംരക്ഷണത്തിന് മരമാണോ പ്രതിവിധി.
മരമെന്നത് ഒരു പ്രതീകമാണ്. മരം നടുന്നതുകൊണ്ട് എല്ലാം ആയി എന്ന് അർഥമില്ല. പക്ഷേ മരം കൂടിയേ കഴിയൂ. അതിനെ മനസ്സിലാക്കുക, സംരക്ഷിക്കുക, ബഹുമാനിക്കുകയെന്നതെല്ലാം വളരെ പ്രധാനമാണ്. ഒരു പുല്ലിനു പോലും വിലയുണ്ട്. നമ്മുടെ നിർമാണ രംഗത്ത് ലാറിബേക്കർ ഒരു ശൈലികൊണ്ടു വന്നത് ഉൾക്കാഴ്ചയോടെയാണ്. അത്തരം സമീപനങ്ങൾ നമ്മുടെ വാസ്തു വിദഗ്ധരിലും ഉണ്ടാകണം.
? പരിസ്ഥിതിദിനം, ഭൗമദിനം തുടങ്ങിയ ദിനാചരണങ്ങൾക്കു പ്രസക്തിയുണ്ടോ.
ദിനാചരണങ്ങളൊക്കെ ജനങ്ങളോടു കാര്യങ്ങൾ പറയാനുള്ള അവസരമാണ്. നമ്മൾ പറയുന്നില്ലെങ്കിൽ സർക്കാരും ഏജൻസികളും അതിനെ ഹൈജാക്ക് ചെയ്യും. അതു പാടില്ല.
ഞാൻ കാണുന്ന ഒരു പ്രധാന കാര്യം സ്കൂൾ കുട്ടികൾക്കൊക്കെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നതാണ്. പ്രായമായവരിലും പ്രഫഷണലുകളിലും മാത്രമാണ് ഈ അവബോധം കുറവ്. കുട്ടികളിൽ അത് ഉണ്ടാകാൻ കാരണം ഇത്തരം ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകരും മറ്റു വിദഗ്ധരും അവരോടു സംസാരിക്കുന്നതും അവരെക്കൊണ്ട് പദ്ധതികൾ തയാറാക്കിക്കുന്നതുമൊക്കെയാണ്. ദിനാചരണങ്ങൾ അങ്ങനെ പ്രയോജനപ്പെടുത്താൻ നമുക്കു സാധിക്കണം. കുട്ടികളെയൊക്കെ ഒരു പഠന പര്യടനത്തിനായി കാട്ടിലേക്കു കൊണ്ടു പോവുക. ഒരു രാത്രി മുഴുവൻ കാട്ടിൽ താമസിച്ച് കാടിനെ തൊട്ടറിയാൻ അവസരം ഉണ്ടാക്കുക അത്തരത്തിലുള്ള അവസരങ്ങളുമുണ്ടാക്കണം.
English Summery: World Environment Day: An Exclusive Interview with Environmentalist RVG Menon