കുട്ടികളെ കൊല്ലുന്ന ‘പ്രീമിയർ വിദ്യാഭ്യാസം’; ഐഐടി ആത്മഹത്യകൾ മാത്രമല്ല ഞെട്ടിക്കുന്നത്..
ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നു കേൾക്കുമ്പോൾ മികവിന്റെ മറുവാക്കായി കരുതുന്നവരാണ് സാധാരണക്കാർ. അക്കാദമിക രംഗത്തെ മികവ് ഉറപ്പിക്കുമ്പോഴും, രാജ്യത്തിന്റെ വൈവിധ്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ ഐഐടി ഉൾപ്പെടെ ‘പ്രീമിയർ’ വിഭാഗത്തിൽപെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിഴവുപറ്റുന്നുവെന്നു വീണ്ടും തെളിയിക്കുന്നതാണ് ആവർത്തിച്ചു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. ഉയർന്ന മത്സരപ്പരീക്ഷകളിൽ യോഗ്യത നേടിയ, അക്കാദമികമായി മികച്ച നിലവാരമുള്ള കുട്ടികൾ പഠനഭാരം താങ്ങാനാകാതെയും പലതരം വിവേചനങ്ങളാലും സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളെ മാനസിക, വൈകാരിക പ്രശ്നങ്ങളായി മാത്രം സമീപിക്കാനാണ് ഈ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. ഇതു യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലാണെന്നു മാത്രമല്ല, വീണ്ടും മരണങ്ങൾ ആവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നു കേൾക്കുമ്പോൾ മികവിന്റെ മറുവാക്കായി കരുതുന്നവരാണ് സാധാരണക്കാർ. അക്കാദമിക രംഗത്തെ മികവ് ഉറപ്പിക്കുമ്പോഴും, രാജ്യത്തിന്റെ വൈവിധ്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ ഐഐടി ഉൾപ്പെടെ ‘പ്രീമിയർ’ വിഭാഗത്തിൽപെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിഴവുപറ്റുന്നുവെന്നു വീണ്ടും തെളിയിക്കുന്നതാണ് ആവർത്തിച്ചു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. ഉയർന്ന മത്സരപ്പരീക്ഷകളിൽ യോഗ്യത നേടിയ, അക്കാദമികമായി മികച്ച നിലവാരമുള്ള കുട്ടികൾ പഠനഭാരം താങ്ങാനാകാതെയും പലതരം വിവേചനങ്ങളാലും സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളെ മാനസിക, വൈകാരിക പ്രശ്നങ്ങളായി മാത്രം സമീപിക്കാനാണ് ഈ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. ഇതു യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലാണെന്നു മാത്രമല്ല, വീണ്ടും മരണങ്ങൾ ആവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നു കേൾക്കുമ്പോൾ മികവിന്റെ മറുവാക്കായി കരുതുന്നവരാണ് സാധാരണക്കാർ. അക്കാദമിക രംഗത്തെ മികവ് ഉറപ്പിക്കുമ്പോഴും, രാജ്യത്തിന്റെ വൈവിധ്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ ഐഐടി ഉൾപ്പെടെ ‘പ്രീമിയർ’ വിഭാഗത്തിൽപെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിഴവുപറ്റുന്നുവെന്നു വീണ്ടും തെളിയിക്കുന്നതാണ് ആവർത്തിച്ചു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. ഉയർന്ന മത്സരപ്പരീക്ഷകളിൽ യോഗ്യത നേടിയ, അക്കാദമികമായി മികച്ച നിലവാരമുള്ള കുട്ടികൾ പഠനഭാരം താങ്ങാനാകാതെയും പലതരം വിവേചനങ്ങളാലും സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളെ മാനസിക, വൈകാരിക പ്രശ്നങ്ങളായി മാത്രം സമീപിക്കാനാണ് ഈ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. ഇതു യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലാണെന്നു മാത്രമല്ല, വീണ്ടും മരണങ്ങൾ ആവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നു കേൾക്കുമ്പോൾ മികവിന്റെ മറുവാക്കായി കരുതുന്നവരാണ് സാധാരണക്കാർ. അക്കാദമിക രംഗത്തെ മികവ് ഉറപ്പിക്കുമ്പോഴും, രാജ്യത്തിന്റെ വൈവിധ്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ ഐഐടി ഉൾപ്പെടെ ‘പ്രീമിയർ’ വിഭാഗത്തിൽപെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിഴവുപറ്റുന്നുവെന്നു വീണ്ടും തെളിയിക്കുന്നതാണ് ആവർത്തിച്ചു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. ഉയർന്ന മത്സരപ്പരീക്ഷകളിൽ യോഗ്യത നേടിയ, അക്കാദമികമായി മികച്ച നിലവാരമുള്ള കുട്ടികൾ പഠനഭാരം താങ്ങാനാകാതെയും പലതരം വിവേചനങ്ങളാലും സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളെ മാനസിക, വൈകാരിക പ്രശ്നങ്ങളായി മാത്രം സമീപിക്കാനാണ് ഈ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. ഇതു യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലാണെന്നു മാത്രമല്ല, വീണ്ടും മരണങ്ങൾ ആവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.
∙ 5 വർഷം; 61 ആത്മഹത്യ!
രാജ്യത്തെ പ്രീമിയർ സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അഞ്ചു വർഷത്തിനിടെ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത് 2023 മാർച്ചിലാണ്. പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠന സമ്മർദം, കുടുംബപരവും വ്യക്തിപരവുമായ വിഷയങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമായെന്നാണ് ഐഐടി, എൻഐടി, ഐഐഎം എന്നിവയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രി വിശദീകരിച്ചത്.
ഈ 61 പേരിൽ 33 പേർ ഐഐടികളിൽ നിന്നാണെന്നു കൂടി അറിയുക. അതിനുശേഷം ഏപ്രിൽ 22ന് ഐഐടി മദ്രാസിൽ വീണ്ടും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ടാംവർഷ ബിടെക് വിദ്യാർഥി മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് (20) ക്യാംപസിലെ കാവേരി ഹോസ്റ്റലിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഐഐടി മദ്രാസിൽ മാത്രം 4 മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആത്മഹത്യയാണിത്!
ഒന്നര വർഷം മുൻപ്, 2021 ഡിസംബറിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ അറിയിച്ചതു പ്രകാരം, 2014 മുതൽ 2021 വരെയുള്ള 7 വർഷത്തിനിടെ 122 വിദ്യാർഥികളാണ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കേന്ദ്രസർവകലാശാലകളിലുമായി ജീവനൊടുക്കിയത്. കേന്ദ്ര സർവകലാശാലകളിലാണ് ഏറ്റവുമധികം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്– 37. ഐഐടി വിദ്യാർഥികളായ 34 പേരും ഇക്കാലയളവിൽ ജീവനൊടുക്കി. എൻഐടി വിദ്യാർഥികളായ 30 പേരും ഐഐഎമ്മിലെ 5 പേരും ജീവൻ വെടിഞ്ഞു. മരിച്ചവരിൽ 24 പേർ പട്ടികജാതി വിഭാഗത്തിൽപെട്ടവരും 3 പേർ പട്ടികവർഗ വിഭാഗത്തിൽപെട്ടവരും 41 പേർ ഒബിസി വിഭാഗത്തിൽപെട്ടവരുമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
∙ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഫാത്തിമ ലത്തീഫിന്റെ മരണം
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്–എൻഐആർഎഫ്) തുടർച്ചയായി നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത് ഐഐടി മദ്രാസാണ്. എന്നാൽ ഇതേ സ്ഥാപനം വിദ്യാർഥി ആത്മഹത്യകളുടെ പേരിൽ പലപ്പോഴും പ്രതിക്കൂട്ടിലാണെന്ന വൈരുധ്യമുണ്ട്. ഈ വർഷം 5 മാസത്തിനിടെ നാലു വിദ്യാർഥികളാണ് ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്തത്. മാസം ഒരാൾ വീതം!
2006 മുതലുള്ള 14 വർഷത്തിനിടെ 19 വിദ്യാർഥി ആത്മഹത്യകളെങ്കിലും ഐഐടി മദ്രാസ് ക്യാംപസിൽ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഐഐടികളിലെ അസ്വസ്ഥമായ അക്കാദമിക സാഹചര്യങ്ങളെക്കുറിച്ചു പൊതുചർച്ചയ്ക്കു വഴിവച്ച സംഭവമായിരുന്നു മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണം. 2019 നവംബർ 9നു, കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ എന്ന പതിനെട്ടുകാരിയെ ഐഐടി മദ്രാസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആ വർഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ.
തന്റെ മരണത്തിന്റെ ഉത്തരവാദികളെ എടുത്തുപറഞ്ഞ്, മൊബൈൽ ഫോണിൽ ഫാത്തിമ രേഖപ്പെടുത്തിയ രണ്ടു കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. അധ്യാപകരുടെ മുൻവിധി നിറഞ്ഞ പെരുമാറ്റവും സാമൂഹിക വിവേചനവും സൂചിപ്പിക്കുന്നതായിരുന്നു ഈ കുറിപ്പുകൾ. ആദ്യം ലോക്കൽ പൊലീസും തമിഴ്നാട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീടു സിബിഐക്കു വിട്ടു. വീട്ടിൽനിന്നു മാറി നിൽക്കേണ്ടി വന്നതിലുള്ള വിഷമവും മാനസിക പ്രശ്നങ്ങളുമാണു ഫാത്തിമ ജീവനൊടുക്കാൻ കാരണമെന്ന നിഗമനത്തോടെ 2022ൽ അന്വേഷണം അവസാനിപ്പിച്ചു.
ക്യാംപസിലെ ആത്മഹത്യകളെ മൂടിവച്ച് സ്ഥാപനത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കുന്ന സമീപനം ഈ കേസിലും ഐഐടി മദ്രാസ് അധികൃതർ തുടർന്നു. ആരോപണങ്ങൾ നിഷേധിച്ച്, ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കം മുതൽ സ്വീകരിച്ചതെന്ന് ആക്ഷേപമുയർന്നു. എന്നാൽ ഫാത്തിമയുടെ കുറിപ്പുകൾ വീട്ടുകാർ കണ്ടതും മകളുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുറച്ചു കുടുംബം നടത്തിയ നിയമപോരാട്ടവും കാരണം ഐഐടിയുടെ സമീപനങ്ങൾ സംശയനിഴലിലായി.
പ്രവേശനപരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ, സമർഥയായ വിദ്യാർഥിക്കു പോലും അതിജീവിക്കാനാകാത്ത സാഹചര്യമാണോ ഐഐടികളിൽ എന്ന സുപ്രധാന ചോദ്യം പലഭാഗത്തുനിന്നുമുയർന്നു. ജാതീയവും സാമൂഹികവുമായ വിവേചനത്തിന്റെ ദുരനുഭവങ്ങൾ വിദ്യാർഥികളുൾപ്പെടെ പങ്കുവയ്ക്കാൻ തുടങ്ങി. ക്യാംപസിനകത്തും പുറത്തും വലിയ പ്രക്ഷോഭം നടന്നതോടെ പരിഹാര നടപടികൾ ഐഐടി വാഗ്ദാനം ചെയ്തു. പക്ഷേ അതു വാഗ്ദാനം മാത്രമായി അവശേഷിച്ചുവെന്നു തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന ആത്മഹത്യകൾ.
∙ പഠനം ഭാരമാകുകയാണോ?
പ്ലസ്ടു വരെ വീട്ടിലും നാട്ടിലും നിന്നു പഠിച്ച കുട്ടികൾക്ക് ഐഐടി പോലുള്ള വൈവിധ്യമാർന്ന, കടുത്ത മത്സരമുള്ള, അക്കാദമിക നിബന്ധനകളുള്ള വലിയൊരു കാൻവാസിലേക്കു പെട്ടെന്നു പറിച്ചുനടപ്പെടുമ്പോൾ സ്വാഭാവികമായും ചില മാനസിക സംഘർഷമുണ്ടാകും. സമൂഹവുമായി ഇടപെട്ടു വലിയ പരിചയമില്ലാത്ത, അപകർഷതാബോധമുള്ള കുട്ടികളാണെങ്കിൽ ഇതിന്റെ ആഘാതം കൂടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ ‘ഹോം സിക്നസ്’ എന്നു നിസ്സാരവൽക്കരിക്കുകയാണ് അധികൃതർ ചെയ്യുന്നത്.
ഐഐടികളിലെ കടുത്ത അക്കാദമിക സാഹചര്യങ്ങൾ കുട്ടികളെ സമ്മർദത്തിലാക്കുന്നുവെന്നു പലതവണ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു കോഴ്സ് പരാജയപ്പെട്ടാൽ എഴുതിയെടുക്കാൻ ഒരവസരം മാത്രം നൽകുന്നത്, അതിൽ വിജയിച്ചില്ലെങ്കിൽ ഒരു സെമസ്റ്റർ കൂടി അധികം പഠിക്കേണ്ടി വരുന്നത്, ഇന്റേണൽ മാർക്കിന്റെ പേരിലുള്ള വിവേചനങ്ങൾ, 85% ഹാജർ നിബന്ധന... അങ്ങനെ സാധാരണ ചുറ്റുപാടിൽനിന്നു വരുന്ന വിദ്യാർഥികളെ കഠിനമായ സമ്മർദത്തിലേക്കു തള്ളി വിട്ടേക്കാവുന്ന പ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാൻ ഇതാവശ്യമാണെന്ന നിലപാടാണ് അധികൃതർക്ക്. വിദ്യാർഥികളെ വിശ്വാസത്തിലെടുത്ത്, മാനസികവും അക്കാദമികവുമായ പിന്തുണ നൽകി പഠനത്തിൽ അൽപം പിന്നാക്കംപോയവരെ ഉയർത്തിക്കൊണ്ടു വരാനുള്ള സാഹചര്യം എന്തുകൊണ്ട് അധികൃതർ ഒരുക്കുന്നില്ലെന്നാണു വിദ്യാർഥികളുടെ ചോദ്യം.
അക്കാദമിക സമ്മർദത്തിന്റെയും ചൂഷണത്തിന്റെയും ഇരകളായി ജീവനൊടുക്കിയ ഗവേഷക വിദ്യാർഥികളും ഏറെയാണ്. ആത്മഹത്യയ്ക്കു പ്രധാനമായി പറയുന്ന കാരണം ഗൈഡുമാരുടെ മോശം പെരുമാറ്റത്തെപ്പറ്റിയാണ്. ആരോപണവിധേയരാകുന്ന ഗൈഡുമാർ ഒരിടത്തും ശിക്ഷിക്കപ്പെടുന്നില്ലെന്നും പേരിനൊരു അന്വേഷണം നടക്കുമെങ്കിലും കുറ്റാരോപിതർ രക്ഷപ്പെടുകയാണു പതിവെന്നും വിദ്യാർഥികൾ പറയുന്നു. ഐഐടി മദ്രാസിൽ 2023 ഏപ്രിൽ 1ന് ബംഗാൾ സ്വദേശി സച്ചിൻ കുമാർ ജെയിനിന്റെ (31) ആത്മഹത്യ ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. ഗൈഡിന്റെ പീഡനം മൂലമാണു സച്ചിന്റെ മരണമെന്നാരോപിച്ചു വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കുറ്റാരോപിതനായ അധ്യാപകൻ ഗവേഷണ ലാബിലെത്തുന്നതു മദ്രാസ് ഐഐടി ഡയറക്ടർ വിലക്കിയതു മാത്രമാണ് ആകെയുണ്ടായ നടപടി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രമല്ല, പല സർവകലാശാലകളിലും ഗൈഡുമാരുടെ പീഡനം കാരണം ഗവേഷണം ഉപേക്ഷിക്കുന്ന ചിലരെങ്കിലുമുണ്ട്. സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗവേഷണാന്തരീക്ഷം മെച്ചപ്പെടുത്താൻ കേവല നിർദേശങ്ങളല്ലാതെ കാര്യമായ ഇടപെടൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്താൻ പോലും ഒരു അക്കാദമിക ബോഡിയും ഇതുവരെ തയാറായിട്ടു പോലുമില്ല.
∙ ജാതി ജീവിതം നിർണയിക്കുന്നു
‘എന്റെ ജനനമാണ് എന്റെ കുറ്റം’ രാജ്യത്തെ പിടിച്ചുലച്ച ഈ വാചകം ഒരു രോഹിത് വേമുലയുടേതു മാത്രമല്ല, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലേതു മാത്രവുമല്ല; രാജ്യത്തെ ഏതാണ്ടെല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അസംഖ്യം ദലിത്, പിന്നാക്ക വിദ്യാർഥികളുടേതു കൂടിയാണ്. 2016 ജനുവരിയിലാണു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആന്ധ്രയിലെ ഗുണ്ടുർ സ്വദേശി രോഹിത് വേമുല ജാതിവിവേചനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നത്.
രാജ്യത്തെ മികച്ച സർവകലാശാലയെന്ന നേട്ടം കൈവരിച്ച് ഒരു വർഷം തികയും മുൻപാണ് ആ ‘മികച്ച’ സർവകലാശാലയിലെ ഒരു ദലിത് വിദ്യാർഥിക്കു ജീവിതംതന്നെ അവസാനിപ്പിക്കേണ്ടി വന്നത്. രോഹിത്തിന്റേതുൾപ്പെടെ 2011–16 കാലയളവിൽ ഹൈദരാബാദ് സർവകലാശാലയിൽ 10 ദലിത് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്! രോഹിതിന്റെ മരണത്തിൽ ആരോപണമുന ഉയർന്നത് വൈസ് ചാൻസലർ അപ്പാറാവുവിനു നേരെയായിരുന്നു. രോഹത്തിന്റെ മരണം രാജ്യത്തു വലിയ പ്രക്ഷോഭക്കൊടുങ്കാറ്റുയർത്തിയെങ്കിലും അപ്പാറാവുവിനോ മറ്റ് അധികാരികൾക്കോ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെന്നു കൂട്ടിവായിക്കണം.
ഗൈഡിനെ ലഭിക്കാനുള്ള പ്രയാസം, ക്യാംപസിനകത്തും പുറത്തുമുള്ള തൊട്ടുകൂടായ്മ, സംവരണത്തിലൂടെ വന്ന മെറിറ്റില്ലാത്തവരെന്ന ആക്ഷേപം, പഠനവുമായി ബന്ധപ്പെട്ട വിവിധ അവസരങ്ങൾ, ഇന്റേണൽ അസസ്മെന്റിലെ വിവേചനം... അങ്ങനെ ഒരു ദലിത് വിദ്യാർഥി ക്യാംപസുകളിൽ നേരിടുന്ന വിവേചനങ്ങൾ പലതാണ്. ഇതിന് ഐഐടിയെന്നോ സംസ്ഥാന സർവകലാശാലകളെന്നോ വ്യത്യാസമില്ല.
ഐഐടി ബോംബെയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സഹവിദ്യാർഥിയെ മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് ഈയിടെയാണ്. അഹമ്മദാബാദ് സ്വദേശിയായ ഒന്നാംവർഷ ബി ടെക് വിദ്യാർഥി ദർശൻ സോളങ്കിയെ ഫെബ്രുവരി 12ന് ആണു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ സോളങ്കിയുടെ അതേനിലയിൽ താമസിച്ചിരുന്ന അർമാൻ ഖത്രി എന്ന വിദ്യാർഥിയെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് െചയ്തിരിക്കുന്നത്.
ജാതി പീഡനത്തെത്തുടർന്നാണ് ദർശൻ സോളങ്കി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും ഒരുവിഭാഗം സഹപാഠികളും തുടക്കംമുതൽ ആരോപിച്ചിരുന്നെങ്കിലും ഐഐടി അധികൃതരും സർക്കാരും ഇൗ വാദം തള്ളിയിരുന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ നിർബന്ധിതമായി. അവർ ഹോസ്റ്റലിൽനിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിലാണു സഹവിദ്യാർഥിക്കെതിരെ ആരോപണം ഉണ്ടായിരുന്നത്.
രണ്ടു വർഷം മുൻപ് കേരളത്തിന്റെ സ്വന്തം എംജി സർവകലാശാലയിൽനിന്നു കേട്ട വാർത്തയും മറ്റൊന്നായിരുന്നില്ല. ജാതി വിവേചനം ആരോപിച്ചു നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെത്തുടർന്നു സർവകലാശാലയിലെ നാനോ സയൻസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷക ദീപാ പി.മോഹൻ നടത്തിയ നിരാഹാരസമരം കേരളത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റി. ആരോപണ വിധേയനായ അധ്യാപകൻ ഡോ. നന്ദകുമാർ കളരിക്കലിനെ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കേന്ദ്രം ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റാൻ സർവകലാശാല നിർബന്ധിതരായി. 2014 മാർച്ചിലാണ് ദീപ നാനോ സയൻസ് ഗവേഷണ കേന്ദ്രത്തിൽ ഗവേഷണത്തിനു ചേർന്നത്. ജാതിവിവേചനവും പഠനത്തിനുള്ള സൗകര്യങ്ങളുടെ നിഷേധവും ചൂണ്ടിക്കാട്ടി 201 സർവകലാശാലയ്ക്ക് ആദ്യം പരാതി നൽകി. നടപടിയെടുത്തത് 2021ലും! അതും ദീപ നിരാഹാരം കിടക്കുകയും അതു വാർത്താപ്രാധാന്യം നേടുകയും ചെയ്തപ്പോൾ മാത്രം.
∙ അധ്യാപകർക്കും രക്ഷയില്ല
വിദ്യാർഥികൾ മാത്രമല്ല, ജാതിവിവേചനം നേരിടുന്നത്. ഐഐടി മദ്രാസിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം അധ്യാപകനായിരുന്ന മലയാളിയായ ഡോ.വിപിൻ പി.വീട്ടിലിന്റെ അനുഭവം രാജ്യത്തിന്റെയാകെ ശ്രദ്ധനേടിയിരുന്നു. യുഎസിലെ പഠനത്തിനു ശേഷം 2019ൽ ഐഐടിയിൽ ചേർന്ന വിപിൻ ജാതിവിവേചനം മൂലം ജോലി വിടുകയാണെന്നു പ്രഖ്യാപിച്ചത് ഏറെ വാർത്താപ്രാധാന്യം നേടി. ബ്രാഹ്മണരല്ലാത്തവരെല്ലാം ഐഐടികളിൽ രണ്ടാതരം പൗരന്മാരാണെന്ന് ഉദാഹരണ സഹിതം അദ്ദേഹം തുറന്നടിച്ചു.
ഈ ‘രണ്ടാംകിട പൗരത്വം’ ഉൾക്കൊണ്ടു വിധേയപ്പെട്ടു ജീവിച്ചാൽ പ്രശ്നമില്ലെന്നും എതിർത്താൽ വലിയ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നും വിപിൻ അന്നു പറയുകയുണ്ടായി. സംവരണം വഴി വരുന്ന കുട്ടികൾക്കു മെറിറ്റില്ലെന്ന സവർണവാദത്തെ ചോദ്യം ചെയ്ത അദ്ദേഹം ഏതു പഠനത്തിന്റെ അടിസ്ഥാനത്തിൽ, എന്തു തെളിവുകളുടെ പിൻബലത്തോടെയാണ് ഈ വാദമെന്നു രാജ്യത്തെ ഐഐടികളിലെ അധ്യാപകർക്കയച്ച തുറന്ന കത്തിൽ ചോദിച്ചു. ഇന്നേവരെ ഈ ചോദ്യങ്ങൾക്കുത്തരം നൽകാനോ ദലിത്, പിന്നാക്ക വിദ്യാർഥികളുടെ പഠനനിലവാരത്തെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്താനോ ആരും മുന്നോട്ടുവന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
∙ ഇംഗ്ലിഷ് മതിലിൽത്തട്ടി...
ഇംഗ്ലിഷിലുള്ള പിന്നാക്കാവസ്ഥ കുട്ടികളിൽ വലിയ സമ്മർദത്തിനു കാരണമാകുന്നതായി പേരു വെളിപ്പെടുത്താത്ത ഒരു ഐഐടി അധ്യാപകൻ പറയുന്നു. ‘‘ആദ്യ ക്ലാസ് മുതലേ പിന്നിലായിപ്പോകുന്നതായി തോന്നുന്ന കാര്യം കുട്ടികൾ തുറന്നു പറയാറുണ്ട്. അക്കാദമികമായി മാത്രമല്ല, ക്യാംപസിലെ മറ്റു കാര്യങ്ങളിലും ഇതിന്റെ പേരിൽ വേർതിരിവുള്ളതായി ഫീൽ ചെയ്യുന്നതായും അവർ പറയുന്നു. ഐഐടിയുടെ പ്രവേശനപരീക്ഷ (ജെഇഇ പോലുള്ളവ) ഹിന്ദിയിൽ എഴുതാം. ഐഐടിയിൽ പഠനമാധ്യമം ഇംഗ്ലിഷ് മാത്രമാണ്. അതിനാൽ വിഷയം നന്നായി അറിയാവുന്ന കുട്ടികൾക്കു പോലും തുടക്കത്തിൽ പ്രയാസം അനുഭവപ്പെട്ടേക്കാം.
ഇംഗ്ലിഷിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെന്നു പറയുമ്പോൾ പൊതുവേ അവർ പിന്നാക്ക സമൂഹങ്ങളിലും ദലിത് വിഭാഗങ്ങളിലും പെടുന്നവരായിരിക്കും. ഇതല്ലാതെ, വീട്ടിലെയും മറ്റും നിർബന്ധംകൊണ്ട് ഐഐടി പോലുള്ള സ്ഥാപനങ്ങളിലെത്തിയവർക്കും ഐഐടി അക്കാദമിക ചുറ്റുപാട് കഠിനമായി തോന്നി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട്. ആത്മഹത്യ ചെയ്ത കുട്ടികളെ പൊതുവേ നോക്കുമ്പോൾ സാമ്പത്തികമായും അവർ പിന്നാക്കം നിൽക്കുന്നവരാണെന്നു കാണാം. ലോണെടുത്തും സ്ഥലം വിറ്റുമൊക്കെ പഠിക്കാൻ വന്നിട്ടു പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്നില്ലെന്ന സമ്മർദം അവരെ തളർത്തുന്നു’’– അദ്ദേഹം മലയാള മനോരമയോടു വ്യക്തമാക്കി.
∙ സാമൂഹിക പശ്ചാത്തലം പരിഗണിക്കണം
ഗ്രാമീണ മേഖലകളിൽനിന്നു വരുന്നവർക്കു പലപ്പോഴും അത്ര സുഖകരമായിരിക്കില്ല ഐഐടിയിലെ തുടക്കകാലം എന്നാണ് അനുഭവമെന്ന് ഐഐടി മദ്രാസ് പൂർവവിദ്യാർഥിയും സ്റ്റുഡന്റ്സ് കൗൺസലിങ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു പരിചയവുമുള്ള ബിയാസ് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ‘‘സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ, പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവർ എന്നിവർക്കും പലവിധ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നതാണു സ്ഥിതി. പഠനകാലത്തു വിദ്യാർഥികൾക്കിടയിൽ ഞങ്ങൾതന്നെ മുൻകയ്യെടുത്തു നടത്തിയ സർവേയിൽ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെ എത്തിക്കഴിഞ്ഞാൽ സ്വയം ‘പ്രൂവ്’ ചെയ്യാനുള്ള സമ്മർദം വിദ്യാർഥികൾ അനുഭവിക്കുന്നുണ്ട്. മാസങ്ങൾ നീണ്ടുനിൽക്കുന്ന ഗുരുതരമായ ഡിപ്രഷനിലൂടെ കടന്നുപോയ ഒട്ടേറെ വിദ്യാർഥികളെ കണ്ടിട്ടുണ്ട്. സമ്മർദം താങ്ങാനാകാതെ കോഴ്സ് അവസാനിപ്പിച്ചവരും സെമസ്റ്റർ ബ്രേക്ക് എടുത്തവരുമായ പരിചയക്കാരുണ്ട്. പ്രതിഭകളായ പല വിദ്യാർഥികളും ഇവിടുത്തെ രീതികൾ മൂലം പിന്തള്ളപ്പെട്ടുപോകുന്നു. വിദ്യാർഥികളുടെ സാമൂഹിക പശ്ചാത്തലം കൂടി പരിശോധിച്ചു നടപടികൾ സ്വീകരിക്കാൻ അധികൃതർക്കു കഴിയണം’’– ബിയാസ് ചൂണ്ടിക്കാട്ടുന്നു. ഐഐഐം കോഴിക്കോട് നൽകുന്ന മഹാത്മാഗാന്ധി നാഷനൽ ഫെലോഷിപ് നേടി ഇടുക്കിയിൽ നൈപുണ്യവികസന രംഗത്തു പ്രവർത്തിക്കുകയാണ് കായംകുളം സ്വദേശിയായ ബിയാസ്.
∙ എന്താണു പരിഹാരം?
കടുത്ത മത്സരമുള്ള ഇത്തരം പ്രീമിയർ സ്ഥാപനങ്ങളിൽ വേണ്ട 5 കാര്യങ്ങൾ ഇവയാണ്.
1) മാനസികാര്യോഗ്യ സർവേ നടത്തുക. വിദ്യാർഥികൾ നേരിടുന്ന വിവിധ സമ്മർദങ്ങൾ എന്തെന്നു മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും ഇതുവഴി സാധിക്കും. ഈ വർഷം തുടർച്ചയായി നാലു മരണങ്ങൾ നടന്നതോടെ തമിഴ്‌നാട് നാഷനൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്‌എം) നേതൃത്വത്തിൽ ഐഐടി മദ്രാസിൽ ഇത്തരത്തിൽ വെൽനസ് സർവേ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരുമായി 30ലധികം കൗൺസിലർമാർ സംസാരിക്കും. വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ 'ബി ഹാപ്പി' വെബ്‌സൈറ്റും ആരംഭിച്ചു.
2) മാനസികാര്യോഗ്യ സർവേയ്ക്കു പുറമേ സാമൂഹികനീതി സർവേ കൂടി നടത്തണം. വിദ്യാർഥികളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യം മനസ്സിലാക്കാനും അത് ഏതു തലത്തിലാണ് കുട്ടിയെ ബാധിക്കുന്നതെന്നു ബോധ്യപ്പെടാനും ഇതു സഹായിക്കും. പ്രത്യേകിച്ച് പാർശ്വവൽക്കൃത സമൂഹങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ കാര്യത്തിൽ ഇതു നിർണായകമാണ്. ഇത്തരം സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളെ ഉൾക്കൊണ്ടു പെരുമാറുന്നതിന് ക്യാംപസിനെ സജ്ജമാക്കാൻ ഇതു സഹായിക്കും.
3) അധ്യാപകർക്കും വിദ്യാർഥികൾക്കുമായി എംപതി ആൻഡ് മെന്റൽ വെൽ മൊഡ്യൂൾ ആവിഷ്കരിക്കുക. പ്രതിസന്ധികളെ അതിജീവിക്കുന്നത് എങ്ങനെയെന്നു ബോധ്യപ്പെടുത്താനും ഇൻസ്റ്റിറ്റ്യൂട്ട് കൂടെയുണ്ടെന്ന ആത്മവിശ്വാസം പകരാനും ഇതുവഴി സാധിക്കും. വിവിധ ചെറുഗ്രൂപ്പുകളായി തിരിച്ചുവേണം ഇത്തരം മൊഡ്യൂൾ നൽകാൻ.
4) ആത്മഹത്യ പോലുള്ള നിർഭാഗ്യകരമായ സംഭവങ്ങളുണ്ടാകുമ്പോൾ അതു മൂടിവച്ച് പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക. എന്തുകൊണ്ട് സംഭവിച്ചു? ഇനി സംഭവിക്കാതിരിക്കാൻ എന്തുവഴി എന്നതിനെപ്പറ്റി വ്യക്തത വരാൻ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടക്കണം. അതിനു സ്വതന്ത്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണം. മരണം മറ്റെന്തോ കാരണങ്ങളാലാണെന്നു വരുത്തിത്തീർക്കാനുള്ള വ്യഗ്രത അവസാനിപ്പിക്കണം. മരിച്ചവരോടും അതിനിടയാക്കിയ സാഹചര്യങ്ങളോടും അനുകമ്പാപൂർണമായ സമീപനം സ്വീകരിക്കണം.
5) ക്യാപംസ് കൂറേക്കൂടി വിദ്യാർഥിസൗഹാർദമാകണം. നിയമങ്ങളും നടപടിക്രമങ്ങളും അടിച്ചേൽപിക്കാതെ ചർച്ചകളിലൂടെ ഉണ്ടായി വരട്ടെ. ക്യാംപസിലെ വിവിധ കമ്മിറ്റികളിൽ സജീവമായ വിദ്യാർഥി പങ്കാളിത്തം ഉറപ്പാക്കണം.
അക്കാദമിക– നൈപുണ്യ മികവിൽ രാജ്യത്തിന്റെ അഭിമാനമായ ഇത്തരം സ്ഥാപനങ്ങളിൽ ഇനി ഇത്തരമൊരു ദുരന്തം ആവർത്തിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയുള്ള അടിയന്തര നടപടികൾ തന്നെയാണു പ്രായശ്ചിത്തം. അതിനു തുറന്ന മനസ്സോടെ വിദ്യാർഥികളെയും രക്ഷിതാക്കളെയും കേൾക്കാനും ജാതീയതയുടെ വേലിക്കെട്ടുകൾ മാറ്റിവച്ചു രാജ്യത്തിന്റെ എല്ലാതരത്തിലുമുള്ള വൈവിധ്യം ഉൾക്കൊള്ളാൻ ക്യാംപസിനെ സജ്ജമാക്കുകയും ചെയ്യാൻ അധികൃതർക്കു കഴിയണം.
English Summary: Why is the Suicide Rate High at India's Premier Education Institutions like IITs?