ഒരു വധത്തിന്റെ ഓർമ
അമേരിക്കൻ സഞ്ചാരത്തിനിടെ ഈയിടെ ടെക്സസിലെ ഡാലസ് നഗരത്തിലെത്തി. മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ഒരിടം വീണ്ടും കാണാൻ ആഗ്രഹം തോന്നി; ചരിത്രത്തിന്റെ ഒരോർമ പുതുക്കാൻ. ഇരുപതാം നൂറ്റാണ്ടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നു നടന്ന ഇടമാണത്: അമേരിക്കയുടെ 35ാം പ്രസിഡന്റ് ജോൺ എഫ്.കെന്നഡി
അമേരിക്കൻ സഞ്ചാരത്തിനിടെ ഈയിടെ ടെക്സസിലെ ഡാലസ് നഗരത്തിലെത്തി. മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ഒരിടം വീണ്ടും കാണാൻ ആഗ്രഹം തോന്നി; ചരിത്രത്തിന്റെ ഒരോർമ പുതുക്കാൻ. ഇരുപതാം നൂറ്റാണ്ടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നു നടന്ന ഇടമാണത്: അമേരിക്കയുടെ 35ാം പ്രസിഡന്റ് ജോൺ എഫ്.കെന്നഡി
അമേരിക്കൻ സഞ്ചാരത്തിനിടെ ഈയിടെ ടെക്സസിലെ ഡാലസ് നഗരത്തിലെത്തി. മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ഒരിടം വീണ്ടും കാണാൻ ആഗ്രഹം തോന്നി; ചരിത്രത്തിന്റെ ഒരോർമ പുതുക്കാൻ. ഇരുപതാം നൂറ്റാണ്ടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നു നടന്ന ഇടമാണത്: അമേരിക്കയുടെ 35ാം പ്രസിഡന്റ് ജോൺ എഫ്.കെന്നഡി
അമേരിക്കൻ സഞ്ചാരത്തിനിടെ ഈയിടെ ടെക്സസിലെ ഡാലസ് നഗരത്തിലെത്തി. മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ഒരിടം വീണ്ടും കാണാൻ ആഗ്രഹം തോന്നി; ചരിത്രത്തിന്റെ ഒരോർമ പുതുക്കാൻ. ഇരുപതാം നൂറ്റാണ്ടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നു നടന്ന ഇടമാണത്: അമേരിക്കയുടെ 35ാം പ്രസിഡന്റ് ജോൺ എഫ്.കെന്നഡി വധിക്കപ്പെട്ട ഡാലസിലെ ഡീലി പ്ലാസ. 1963 നവംബർ 22ന് അവിടെവച്ച് ലീ ഹാർവെ ഓസ്വൾഡിന്റെ വെടിയേറ്റു മരിക്കുമ്പോൾ കെന്നഡിക്ക് 46 വയസ്സ്. പ്രസിഡന്റ് സ്ഥാനം അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കി. യുവത്വവും വ്യക്തിത്വവും നേതൃശേഷിയുംകൊണ്ട് അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും അദ്ദേഹം ജനപ്രിയനായിരുന്നു.
സോവിയറ്റ് യൂണിയനും അമേരിക്കയും രണ്ടാം ലോക യുദ്ധത്തിനുശേഷം ലോകമെമ്പാടും സ്വന്തം സ്വാധീന സാമ്രാജ്യങ്ങൾ സൃഷ്ടിക്കാനായി നടത്തിയ ഒളിപ്പോർ (ശീതയുദ്ധം) കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലമായിരുന്നു അത്. ഒരു വർഷം മുൻപു മാത്രമാണ് റഷ്യ, അമേരിക്കയുടെ തൊട്ടയലത്ത് ക്യൂബയിൽ അണ്വായുധ മിസൈലുകൾ സ്ഥാപിച്ചതും അതുണ്ടാക്കിയ മൂന്നാം ലോകയുദ്ധ പ്രതിസന്ധി കെന്നഡിയുടെയും സോവിയറ്റ് മേധാവി ക്രൂഷ്ചേവിന്റെയും രമ്യതാനിലപാടുകളുടെ ഫലമായി അവസാനിച്ചതും.
സമാധാനകാംക്ഷിയായിരുന്ന കെന്നഡി ഒരുപക്ഷേ, ശീതയുദ്ധവും വിയറ്റ്നാം യുദ്ധവും അവസാനിപ്പിച്ചേക്കാമെന്ന സാധ്യതയെ അദ്ദേഹത്തിന്റെ മരണം തകർത്തു. ശീതയുദ്ധത്തിലെ പ്രതിദ്വന്തികളിലൊരാളായ രാഷ്ട്രത്തലവന്റെ വധത്തിലെ നിഗൂഢത വീണ്ടുമൊരു അണ്വായുധ യുദ്ധഭീഷണി ഉയർത്തി. ഓസ്വൾഡ് എന്ന ഇരുപത്തിനാലുകാരൻ എന്തിനു കെന്നഡിയെ വധിച്ചു എന്നത് അജ്ഞാതമാണ്; ഊഹാപോഹങ്ങൾ ധാരാളമുണ്ട്. വധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഏൾ വാറൻ ഗുഢാലോചനയുടെ സാധ്യത തള്ളിക്കളഞ്ഞു. ഓസ്വൾഡിന്റെ റഷ്യൻ ബന്ധം ചർച്ചാവിഷയമായിരുന്നു. അയാൾ പട്ടാളസേവനം കഴിഞ്ഞ് 1959ൽ 20ാം വയസ്സിൽ റഷ്യയിലേക്ക് ഒളിച്ചോടി അവിടെ താമസമാക്കി. റഷ്യൻ യുവതിയെ വിവാഹം ചെയ്തു. 1962ൽ അയാളും ഭാര്യയും കുഞ്ഞും അമേരിക്കയിലേക്കു മടങ്ങിവന്ന് ഡാലസിൽ ജീവിതമാരംഭിച്ചു.
ഓസ്വൾഡ് ഉറച്ച സോഷ്യലിസ്റ്റും മുതലാളിത്ത വിരുദ്ധനുമായിരുന്നു. അമേരിക്കയിലെ തീവ്രവലതുപക്ഷത്തിന്റെ ശത്രുവായിരുന്നു. കറുത്തവർക്കും തൊഴിലാളികൾക്കുംവേണ്ടി വാദിക്കുന്നവനായിരുന്നു. എന്നാൽ, ഈ വിശ്വാസങ്ങളാണ് കെന്നഡിയെ വധിക്കാൻ പ്രേരിപ്പിച്ചത് എന്നതിനു യാതൊരു തെളിവുമില്ല. അമേരിക്കയിലെ കെന്നഡി ശത്രുക്കൾ ഓസ്വൾഡിന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ കണ്ടെത്തി അയാളെ കൊലയ്ക്ക് ഉപയോഗിച്ചതാണെന്നു പറയപ്പെട്ടിരുന്നു. അതിനും െതളിവില്ല. ഇതേപോലെ വിശദീകരണമില്ലാത്തതാണ് കെന്നഡിവധത്തിന്റെ മൂന്നാം ദിവസം നടന്ന ഓസ്വൾഡിന്റെ കൊല. അയാളെ ജയിലിലേക്കു കൊണ്ടുപോകുംവഴി പൊലീസുകാരുടെയും പത്രറിപ്പോർട്ടർമാരുടെയും ആൾക്കൂട്ടത്തിന്റെയും മധ്യത്തിൽ, ജാക്ക് റൂബി എന്ന അൻപത്തിരണ്ടുകാരനായ നിശാക്ലബ് നടത്തിപ്പുകാരൻ തൊട്ടടുത്തെത്തി വയറ്റിൽ വെടിവച്ചു. കെന്നഡിയുടെ വധമുണ്ടാക്കിയ മനോവിഷമംകൊണ്ടാണ് ഓസ്വൾഡിനെ കൊന്നതെന്നാണ് റൂബി മൊഴി കൊടുത്തത്.
നാലു വർഷം കഴിഞ്ഞ്, ജയിൽവാസത്തിനിടെ കാൻസർ ബാധിച്ച് റൂബി മരിച്ചു. ഓസ്വൾഡിനെ റൂബി കൊന്നത് വികാരവിക്ഷോഭം കൊണ്ടായിരുന്നോ അതോ കെന്നഡിവധത്തെ സംബന്ധിച്ച സത്യം ഓസ്വൾഡ് വെളിപ്പെടുത്തിയേക്കാം എന്നു ഭയപ്പെട്ട ആരോ റൂബിയെ ഉപയോഗിച്ച് അയാളെ കൊന്നതാണോ എന്ന സംശയം നിലനിൽക്കുന്നു.
ഡീലി പ്ലാസയിലുള്ള ഒരു ഏഴുനില കെട്ടിടം വിതരണത്തിനുള്ള പാഠപുസ്തകങ്ങളുടെ സംഭരണകേന്ദ്രമായിരുന്നു. ഓസ്വൾഡ് അവിടെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിന്റെ ആറാം നിലയുടെ കോണിലുള്ള മുറിയുടെ ജനാലയിലൂടെയാണ് ഓസ്വൾഡ് വെടിവച്ചത്. ഡാലസ് സന്ദർശിക്കുകയായിരുന്ന കെന്നഡിയുടെ വാഹനസംഘം ആ സമയത്ത് പുസ്തകസംഭരണ കേന്ദ്രത്തിനു മുൻപിലെ റോഡിലൂടെ, ഇരുവശത്തും നിരന്നുനിന്ന ആളുകളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സാവധാനം നീങ്ങുകയായിരുന്നു. ഭാര്യ ജാക്വിലിനും ടെക്സസ് ഗവർണർ ജോൺ കോണലിയും ഭാര്യയും കെന്നഡിക്കൊപ്പമുണ്ടായിരുന്നു. തുറന്ന കാറിലാണ് അവർ ഇരുന്നത്. ഓസ്വൾഡ് മൂന്നു തവണ വെടിവച്ചു എന്നാണു പറയപ്പെടുന്നത്. ഒന്നാമത്തേതു പിഴച്ചു. രണ്ടാമത്തെ വെടിയുണ്ട കെന്നഡിയുടെ കഴുത്തുതുളച്ച് പുറത്തുചാടി. മൂന്നാമത്തേതു തലയുടെ വലതുഭാഗം തകർത്തു. നിശ്ചയദാർഢ്യം പൂണ്ടതായിരുന്നു ഓസ്വൾഡ് നടത്തിയ കൊല; ഗോഡ്സെയെ ഓർമപ്പെടുത്തുന്ന ഒന്ന്. അല്ലെങ്കിൽ, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഘാതകരെ.
പാഠപുസ്തക സംഭരണശാല പിന്നീടു കെന്നഡി മ്യൂസിയമായി. കുറച്ചുവർഷം മുൻപു ഞാൻ അവിടം സന്ദർശിക്കുമ്പോൾ വധദിവസം ഓസ്വൾഡ് ഒളിഞ്ഞിരുന്ന മുറിയിൽ അയാൾ ഉപയോഗിച്ചതുപോലെയൊരു തോക്കിന്റെ മാതൃക സൂക്ഷിച്ചിരുന്നു. അത് അയാൾ വച്ചിരുന്നതുപോലെ വധസ്ഥലത്തേക്കു ചൂണ്ടിയ സ്ഥിതിയിലായിരുന്നു. വിചിത്രമായ അനുഭവമായിരുന്നു ആ കാഴ്ച. ചരിത്രത്തിന്റെ അനിവാര്യതകളും പരമാധികാരങ്ങളുടെ പരിമിതികളും ഒരുനിമിഷം നമ്മെ വലയം ചെയ്യുന്നു. തീരുമാനമെടുത്ത ഘാതകന്റെ മുൻപിൽ എത്ര ശക്തിമാന്റെയും ഒരു സുരക്ഷാസന്നാഹവും ഫലപ്രദമല്ല എന്ന വാസ്തവം നമ്മെ അഭിമുഖീകരിക്കുന്നു. ഇന്ന് ആ തോക്ക് മ്യൂസിയത്തിലൊരു കണ്ണാടിപ്പെട്ടിയിലേക്കു മാറ്റിയിരിക്കുന്നു.
ഞാൻ മറ്റു സന്ദർശകർക്കൊപ്പം ജനാലയിലൂടെ റോഡിലേക്കു നോക്കിനിൽക്കുമ്പോൾ എന്റെയടുത്തു നിന്ന അമേരിക്കൻ കുടുംബത്തിലെ ഏഴെട്ടു വയസ്സുള്ള ആൺകുട്ടി ചൂണ്ടുവിരൽ തോക്കുപോലെ റോഡിലേക്കു ചൂണ്ടി വെടിവയ്ക്കുന്നതായി അഭിനയിച്ചു. അമ്മ പെട്ടെന്ന് അവനെ തടഞ്ഞു. കെന്നഡിക്കു വെടിയേറ്റപ്പോൾ അദ്ദേഹത്തിന്റെ കാർ ഉണ്ടായിരുന്ന സ്ഥലം റോഡിലൊരു വെളുത്ത ഗുണനചിഹ്നംകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. കുറച്ചു സന്ദർശകർ നടപ്പാതയിലുണ്ട്. അവർ ആ അടയാളത്തിലേക്കും തിരിഞ്ഞ് പുസ്തക സംഭരണശാലയുടെ ആറാംനിലയിലെ ജനാലയിലേക്കും മിഴിച്ചുനോക്കുന്നു. ഫോട്ടോ എടുക്കുന്നു. ചിലർ ചിന്താമഗ്നരായി നിൽക്കുന്നു. ദുരന്തമായും പ്രഹസനമായും താൻ ആവർത്തിക്കപ്പെടുന്നതു കാണുന്ന ചരിത്രത്തിന്റെ പൊട്ടിച്ചിരി ആരും കേൾക്കാതെ ചുറ്റും മുഴങ്ങുന്നു.
English Summary : Pendrive Column on John F.Kennedy's Murder