അനുരഞ്ജനത്തിന്റെ അതിർവരമ്പുകൾ
‘വിട്ടുവീഴ്ചയെന്നത് ഒന്നാന്തരം കുടയാണ്, പക്ഷേ മോശം മേൽക്കൂരയാണ്’. പറഞ്ഞത് അമേരിക്കൻ കാൽപനിക കവി ജെയിംസ് റസ്സൽ ലൊവൽ(1819–1891). ഇങ്ങനെ ചിന്തിക്കുന്നവർ കടുംപിടിത്തക്കാരാണോയെന്നു സംശയം തോന്നാം. ആരും ഇഷ്ടപ്പെടാത്തവരാണ് കടുംപിടിത്തക്കാരെന്നതും ഓർക്കാം. ആരു വലിച്ചാലും വലിയുന്ന റബർച്ചരടാവരുത് നാം; പക്ഷേ
‘വിട്ടുവീഴ്ചയെന്നത് ഒന്നാന്തരം കുടയാണ്, പക്ഷേ മോശം മേൽക്കൂരയാണ്’. പറഞ്ഞത് അമേരിക്കൻ കാൽപനിക കവി ജെയിംസ് റസ്സൽ ലൊവൽ(1819–1891). ഇങ്ങനെ ചിന്തിക്കുന്നവർ കടുംപിടിത്തക്കാരാണോയെന്നു സംശയം തോന്നാം. ആരും ഇഷ്ടപ്പെടാത്തവരാണ് കടുംപിടിത്തക്കാരെന്നതും ഓർക്കാം. ആരു വലിച്ചാലും വലിയുന്ന റബർച്ചരടാവരുത് നാം; പക്ഷേ
‘വിട്ടുവീഴ്ചയെന്നത് ഒന്നാന്തരം കുടയാണ്, പക്ഷേ മോശം മേൽക്കൂരയാണ്’. പറഞ്ഞത് അമേരിക്കൻ കാൽപനിക കവി ജെയിംസ് റസ്സൽ ലൊവൽ(1819–1891). ഇങ്ങനെ ചിന്തിക്കുന്നവർ കടുംപിടിത്തക്കാരാണോയെന്നു സംശയം തോന്നാം. ആരും ഇഷ്ടപ്പെടാത്തവരാണ് കടുംപിടിത്തക്കാരെന്നതും ഓർക്കാം. ആരു വലിച്ചാലും വലിയുന്ന റബർച്ചരടാവരുത് നാം; പക്ഷേ
‘വിട്ടുവീഴ്ചയെന്നത് ഒന്നാന്തരം കുടയാണ്, പക്ഷേ മോശം മേൽക്കൂരയാണ്’. പറഞ്ഞത് അമേരിക്കൻ കാൽപനിക കവി ജയിംസ് റസ്സൽ ലൊവൽ (1819–1891). ഇങ്ങനെ ചിന്തിക്കുന്നവർ കടുംപിടിത്തക്കാരാണോയെന്നു സംശയം തോന്നാം. ആരും ഇഷ്ടപ്പെടാത്തവരാണ് കടുംപിടിത്തക്കാരെന്നതും ഓർക്കാം. ആരു വലിച്ചാലും വലിയുന്ന റബർച്ചരടാവരുത് നാം; പക്ഷേ തെല്ലുപോലും വഴങ്ങാത്ത വാർപ്പിരുമ്പാകുന്നതും നന്നല്ല. മനുഷ്യബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്ത്, ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അനുരഞ്ജനത്തെ കൂട്ടുപിടിക്കേണ്ടിവരും. ‘ഞാൻ മാത്രം ശരി, മറ്റെല്ലാവരും തെറ്റ്’ എന്ന സമീപനം മറ്റുള്ളവരെ വേഗത്തിൽ അകറ്റും.
ജോലിയിലും മറ്റും സഹകരിച്ചു പ്രവർത്തിക്കേണ്ടവർ പലപ്പോഴും കടകവിരുദ്ധമായ അഭിപ്രായങ്ങൾ പുലർത്തിയെന്നുവരാം. കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ ഒത്തുതീർപ്പിന്റെ പാത സ്വീകരിച്ചേ മതിയാകൂ. ഇരുകൂട്ടർക്കും സമ്മതമുള്ള ഇടനിലക്കാരുടെ സേവനം ഇക്കാര്യത്തിൽ ഉപകരിച്ചേക്കാം.
വിരുദ്ധാഭിപ്രായങ്ങൾ അപഗ്രഥിച്ച് പൊതുഘടകങ്ങൾ കണ്ടെത്തുന്നതിലാവും തുടക്കം. മറ്റേയാൾ പറയുന്നത് കണ്ണടച്ച് എതിർക്കാതെ, അതിൽ വാസ്തവമുണ്ടോ എന്നു പരിശോധിക്കാനുള്ള സന്മനസ്സ് പ്രധാനമാണ്.
ഇവിടെ ഒരു കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. പലർക്കും ആ സന്മനസ്സില്ലാതെ പോകുന്നത് ‘ഞാനെന്ന ഭാവം’ കൊണ്ടത്രേ. നമ്മിലെ തിന്മയുടെ കാരണം ഞാനെന്ന ഭാവമാണ്. ഇതിനെ നാം അഹങ്കാരമെന്നും വിശേഷിപ്പിക്കാറുണ്ട്. വിനയത്തിന്റെ നേർവിപരീതവുമാണിത്. ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ പോരുകോഴിയെപ്പോലെ കൊത്തിനശിക്കുന്ന രാഷ്ട്രീയനേതാക്കളെ നോക്കുക.
പരസ്പരബഹുമാനമില്ലാതെ, എതിരാളി പറയുന്നത് അപ്പാടെ നിരാകരിച്ച്, അവരെ നിരന്തരം അപഹസിക്കുന്നവരുണ്ട്. ഇവർ ഒരു ചർച്ചയിലും വിജയിക്കില്ല. സന്മനസ്സുള്ള സഹപ്രവർത്തകരുടെ സഹായംകൊണ്ടു മാത്രം തടിതപ്പുന്നവരാണ് ഇവർ. രാഷ്്ട്രീയപ്പോരുകൾ നിൽക്കട്ടെ. ഒരേ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർ സന്മനസ്സില്ലാതെ, തീരെ അയയാതെ, വെറുതെ മുട്ടാപ്പോക്കു കാട്ടിയാൽ എതിർപ്പു തുടരുകയും അത് സ്ഥാപനത്തിന്റെ പുരോഗതി തടഞ്ഞ് ഇരുകൂട്ടർക്കും ദോഷകരമാകുകയും ചെയ്യും. അഭിമാനപ്രശ്നം എന്നത് ഉപേക്ഷിക്കുന്നത് പ്രായോഗികജീവിതത്തിൽ പ്രധാനമാണ്. രാജ്യാന്തരബന്ധങ്ങളിലും മറ്റും അഭിപ്രായസമന്വയം കണ്ടെത്താൻ വിദഗ്ധസേവനം വേണ്ടിവരും. മിക്കപ്പോഴും ഇതാവും നയതന്ത്രത്തിന്റെ കാതൽ.
എതിരഭിപ്രായങ്ങളുള്ള സാഹചര്യത്തിൽ ഇരുകൂട്ടരും ഇരുപാതകളിലൂടെ പോയാൽ ആരും എങ്ങും എത്തില്ല. ഇവിടെയാണ് മധ്യമാർഗത്തിന്റെ പ്രസക്തി. ഏതെങ്കിലും കാര്യം പറഞ്ഞാലുടൻ അത് കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്നു തീരുമാനിക്കേണ്ട, അവയ്ക്കിടയിൽ പലതരം കഠിനവർണങ്ങളും ലഘുവർണങ്ങളും ഉണ്ട്. അവയിലേതെങ്കിലുമാകാം ശരി. കുറെ ശരിയും കുറെ തെറ്റും ഏതിലും കണ്ടെത്താം. തെറ്റ് തീരെക്കുറവും ശരി ഏറെക്കൂടുതലുമായതിനെ നല്ലത് എന്നു ഗണിക്കാം. എതിരാളിയായി ഒരാളെ സങ്കൽപിക്കുകയും അയാൾ എന്തു പറഞ്ഞാലും അത് പരമാബദ്ധമാണെന്ന മുൻവിധിയോടെ പെരുമാറുകയും ചെയ്താൽ, ഒരിക്കലും കൂട്ടിമുട്ടാത്ത ഇരുധ്രവങ്ങളായി ഇരുകൂട്ടരും തുടരുകയേയുള്ളു.
ഇവിടെയാണ് ശ്രദ്ധിച്ചു കേൾക്കുന്നതിന്റെ പ്രസക്തി. ഇടയ്ക്ക് എതിരാളിയുടെ ഭാഗത്തു നിന്നുകൊണ്ട് പ്രശ്നത്തെ കാണാൻ ശ്രമിച്ചാൽ, നാം ചിന്തിക്കാത്ത ചില കാഴ്ചകളും കാണാനിടയുണ്ട്. നമ്മുടെ വീഴ്ചയും കൂട്ടത്തിൽ കണ്ടേക്കാം. ഇതു തിരിച്ചറിഞ്ഞാൽ നമുക്കു തിരുത്തലുകളിലേക്കു പോകാം. അതോടെ ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുകാനും മതി. വിട്ടുവീഴ്ചയാകാമെന്ന ചിന്തയുള്ളവർ പോലും ചിലപ്പോൾ അതിനെ ഭയപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് തന്റെ ദൗർബല്യമാകുമോയെന്ന ഭീതി. എന്നാൽ അതല്ല ശരി എന്നു മനസിലാക്കുക. വിട്ടുവീഴ്ചയ്ക്കു തയാറെടുക്കുന്നത് പക്വതയുടെയും ധീരതയുടെയും ലക്ഷണമാണെന്നതാണു വാസ്തവം.
ഇതൊക്കെയാണെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ആവശ്യമില്ലെന്നതും ഓർക്കാം – സത്യം, ദയ, കാരുണ്യം, വിനയം മുതലായ നമ്മുടെ അടിസ്ഥാനമൂല്യങ്ങളുടെ കാര്യത്തിൽ.
ഏറ്റവും മികച്ചതും എന്നാൽ ചെലവു കുറഞ്ഞതുമായ അഭിഭാഷകനാണ് അനുരഞ്ജനം എന്ന് പ്രശസ്ത സ്കോട്ടിഷ് സാഹിത്യകാരനായ റോബർട്ട് ലൂയിസ് സ്റ്റീവൻസൻ (1850–1894) പറഞ്ഞിട്ടുണ്ട്. ശ്രദ്ധേയനായ ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍ എഡ്മണ്ട് ബർക് (1729–1787) പറയുന്നത് ഇങ്ങനെ: ‘സർക്കാരുകളുടേതെന്നല്ല, മനുഷ്യന്റെ ഏതു സുഖസൗകര്യവും ഗുണവും വിവേകപൂർവമായ പ്രവർത്തനവും അനുരഞ്ജനത്തിന്റെയും മാറ്റക്കച്ചവടത്തിന്റെയും അടിത്തറയിലാണ് നിലകൊള്ളുന്നത്. അന്യരുടെ സന്തോഷത്തിനായി നാം അസൗകര്യങ്ങൾ പങ്കിടുന്നു, കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു. കലഹപ്രിയരാകുന്നതിനു പകരം സന്തുഷ്ടരായ പൗരന്മാരായി കഴിയുന്നു’. ഗാന്ധിജി പറഞ്ഞതാവട്ടെ, ‘അനുരഞ്ജന പരമ്പരയാണു ജീവിതം. പക്ഷേ സിദ്ധാന്തത്തിൽ ശരിയെന്നു തോന്നുന്നത് നടപ്പാക്കുന്നത് എപ്പോഴും എളുപ്പമാവില്ല’ എന്നും.
കൗമാരപ്രായക്കാരുടെ മാതാപിതാക്കൾ ഒഴിവാക്കാവുന്ന മനഃസംഘർഷത്തിൽ പലപ്പോഴും പെട്ടുപോകാറുണ്ട്. കൗമാരത്തിൽ ഞാൻ ജിവിച്ചത് ഇങ്ങനെയായിരുന്നു, അതുപോലെ നീയും ജീവിക്കണം എന്നു പറയുന്ന രക്ഷിതാവ്, കുട്ടിയുടെ മാനസികനില പഠിക്കാൻ തയാറാകുന്നില്ല. ഇതു തുടർന്നാൽ കുടുംബത്തിലെ സമാധാനം നഷ്ടമാകും. ‘ഇത്രയും കാലം കഷ്ടപ്പെട്ടു വളർത്തിയ കുട്ടി തനി ‘ധിക്കാരി’യായതിൽ ദുഃഖമുണ്ട്’ എന്ന മട്ടിൽ ചിന്തിക്കുകയും, കുട്ടി തൊട്ടതെല്ലാം കുറ്റമെന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യും.
ബിസിനസ് ഇടപാടുകളിലും രാജ്യാന്തരബന്ധങ്ങളിലും എന്നല്ല, പലരും ഇടപെടുന്ന ഏതു സ്ഥലത്തും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്. ബന്ധങ്ങൾ നിലനിർത്തി പ്രവർത്തനങ്ങൾ സ്വാഭാവികമായി മുന്നോട്ടുപോകണമെങ്കിൽ വിട്ടുവീഴ്ചയ്ക്കുള്ള സന്നദ്ധതയും പക്വതയും പരസ്പരബഹുമാനവും കൂടിയേ തീരൂ. അനുരഞ്ജനം നടത്തുന്നതിലും നടത്തിക്കുന്നതിലുമുള്ള വൈഭവം നേതൃത്വഗുണങ്ങളുടെ ഭാഗമാണ്. എന്തെങ്കിലും ഉപേക്ഷിക്കാനുള്ള മനഃസ്ഥിതി ഇരുകൂട്ടർക്കും വേണം. പക്ഷേ ഇരുകൂട്ടർക്കും എന്തെങ്കിലും ഗുണം കിട്ടി എന്ന തോന്നൽ ഉളവാക്കുന്നതും നല്ല അനുരഞ്ജനത്തിന്റെ ഭാഗമാണ്.
English Summary : Ulkazhcha Column on the Importance of Compromise