‘ഗ്രൂപ്പ് കംപാർട്മെന്റുകളിലാകരുത് ഇനി കോൺഗ്രസ് ചെറുപ്പക്കാരന്റെ ജീവിതം; ഭൂതകാല തടവറ വിട്ട് നേതാക്കൾ മാറണം’
തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പളളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ ഒരു യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ അംഗം കൂടിയായ എം.ലിജു.
തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പളളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ ഒരു യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ അംഗം കൂടിയായ എം.ലിജു.
തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പളളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ ഒരു യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ അംഗം കൂടിയായ എം.ലിജു.
തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ എം.ലിജു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴ ഡിസിസി പ്രസിഡന്റും എല്ലാം ആയി പ്രവർത്തിച്ചിട്ടുള്ള ലിജു ഇന്നു കെപിസിസിയുടെ നയ രൂപീകരണത്തിൽ കാര്യമായ പങ്കുവഹിക്കുന്ന നേതാവാണ്.
തൃക്കാക്കരയും പുതുപ്പള്ളിയും കോൺഗ്രസിനു നൽകിയിരിക്കുന്ന ചൈതന്യം എങ്ങനെ നിലനിർത്താനും മുന്നോട്ടു കൊണ്ടു പോകാനും കഴിയും എന്നതിനെക്കുറിച്ച് ലിജു സംസാരിക്കുന്നു. കോൺഗ്രസിന്റെ പ്രവർത്തനത്തിൽ അനിവാര്യമായ ശൈലി മാറ്റത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ എം.ലിജു നടത്തുന്ന സംഭാഷണം:
? തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും വലിയ വിജയങ്ങൾ കോൺഗ്രസിനു നൽകിയിരിക്കുന്ന ആത്മവിശ്വാസം എത്രത്തോളമാണ്
∙ രണ്ടിടത്തും വിജയിച്ചു എന്നതിന് അപ്പുറമായി കിട്ടിയ ഭൂരിപക്ഷം വലിയ ആത്മവിശ്വാസമാണ് കോൺഗ്രസിനു നൽകുന്നത്. എതിരാളികൾ വിചാരിക്കാത്ത മുന്നേറ്റം സാധിച്ചു. വലിയ തരംഗം തന്നെ രണ്ടു മണ്ഡലങ്ങളിലും ഉണ്ടായി.
? അതു സഹതാപ തരംഗമായിട്ടല്ലേ സിപിഎം വ്യാഖ്യാനിക്കുന്നത്? അതും ഒരു ഘടകമല്ലേ
∙ സഹതാപ തരംഗം കൊണ്ടു നേടാവുന്നതിലും വലിയ വിജയമാണല്ലോ രണ്ടിടത്തും ലഭിച്ചത്. പി.ടി.തോമസിനോടും ഉമ്മൻചാണ്ടിയോടും ഉള്ള ജനങ്ങളുടെ സ്നേഹവായ്പ് രണ്ടിടത്തും പ്രയോജനം ചെയ്തെന്നതു മാറ്റിനിർത്താനാകാത്ത കാര്യമാണ്. വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരവും രണ്ടു വിജയങ്ങൾക്കും പിന്നിലുണ്ട്. തൃക്കാക്കരയിൽ ഭരണത്തോടുള്ള പ്രതിഷേധം പ്രകടമായെങ്കിൽ പുതുപ്പള്ളിയിൽ അതു തീവ്രമായി പ്രവർത്തിച്ചു. എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകളെ തന്നെ അതു ബാധിച്ചു. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിയിലേക്കു വന്നതു കണക്കിലെടുക്കുമ്പോൾ അവരുടെ വോട്ട് ചോർന്നത് വളരെ പ്രകടമാണ്.
? രണ്ടിടത്തെയും യുഡിഎഫിന്റെ പ്രവർത്തനങ്ങളിൽ കണ്ട പ്രകടമായ മാറ്റങ്ങൾ എന്തെല്ലാമാണ്
∙ കൃത്യമായ സംഘടനാ പ്രവർത്തനവും തിരഞ്ഞെടുപ്പ് മാനേജ്മെന്റും നടന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പൂർണമായും ക്യാംപ് ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ നല്ല ശ്രദ്ധ ഉണ്ടായി. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.മുരളീധരൻ തുടങ്ങിയവരെല്ലാം വലിയ സംഭാവനകൾ നൽകി. മികച്ച ആസൂത്രണവും ടീം വർക്കുമാണ് രണ്ടു തിരഞ്ഞെടുപ്പുകളിലും കാണാനായത്. രണ്ടിടത്തേയും ഭൂരിപക്ഷം പോലും ഞങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. ഒരു ടാർഗറ്റ് നിശ്ചയിച്ച് അതിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഉണ്ടായത്.കോൺഗ്രസ് ഒരു വിന്നിങ് മെഷീനായി മാറി.
? ചെറുപ്പക്കാരായ നേതാക്കളുടെ ഒത്തൊരുമ രണ്ടിടത്തും പ്രകടമായിരുന്നല്ലോ
∙ കോൺഗ്രസിലെ യുവ നിരയുടെ ആരോഹണം സമീപകാലത്തെ ഏറ്റവും പോസിറ്റീവ് ആയ കാര്യമാണ്. ഞാനും പി.സി.വിഷ്ണുനാഥും മാത്യു കുഴൽ നാടനും ഒരുമിച്ചു പ്രവർത്തിച്ചവരും സഹപാഠികളുമാണ്. സി.ആർ. മഹേഷ്, എൽദോസ് കുന്നപ്പള്ളി, റോജി എം.ജോൺ തുടങ്ങിയ അതിനു ശേഷം വന്നവരുണ്ട്. ഷാഫി പറമ്പിൽ അതും കഴിഞ്ഞു വന്നയാളാണ്. ഇപ്പോൾ അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി.. കോൺഗ്രസിനുള്ളിലേക്ക് കൃത്യമായ ഇടവേളകളിൽ സമർഥരായ ചെറുപ്പക്കാരുടെ ഒഴുക്ക് കെഎസ്‌യുവിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും ഉണ്ടായി. ഞങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തയാറായി. വി.ടി.ബൽറാമിന്റെയും സരീന്റെയും നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ചു കൃത്യമായ ആസൂത്രണം നടന്നു.യുവാക്കളുടെ സംഘത്തിൽ വലിയ വിശ്വാസമാണ് കോൺഗ്രസ് നേതൃത്വം അർപ്പിക്കുന്നത്. അത് പാർട്ടിക്കാകെ ഊർജം പകരുന്ന ഘടകമാണ്.
? ആ യൂത്ത് ബ്രിഗേഡിൽ ഒരാളാണല്ലോ താങ്കളും. ഈ യുവ നിരയിലാണോ കോൺഗ്രസ് പ്രതീക്ഷ അർപ്പിക്കേണ്ടത്
∙ യുവാക്കളുടെയും പരിചയ സമ്പന്നരായ ആളുകളുടെയും മിശ്രണമാണ് വേണ്ടത്. യുവാക്കളുടെ ആവേശം നല്ലതാണ്. പരിചയ സമ്പന്നർ പകരുന്ന സമചിത്തതയും രാഷ്ട്രീയമായ അനുഭവസമ്പത്തും അതിനൊപ്പം തന്നെ പ്രധാനമാണ്.നേതൃനിരയിലേക്കു ചെറുപ്പക്കാർ വരുന്നതു നമ്മൾ പറഞ്ഞു. ആ ചെറുപ്പം പക്ഷേ എല്ലാ തലത്തിലും ഉണ്ടാകണം. കോൺഗ്രസ് പുനഃസംഘടനയിൽ അതിനുള്ള ശ്രമമാണ് നടക്കുന്നത്
? നിങ്ങൾ യുവ നേതാക്കൾക്കിടയിൽ ആശയ വിനിമയം എത്രത്തോളം നടക്കുന്നുണ്ട്? അതോ ഈഗോ വച്ചു പുലർത്തുകയാണോ
∙ ഒരു തരത്തിലും ഉള്ള ഈഗോ ഇല്ലെന്നു മാത്രമല്ല, പരസ്പരം സംഭാവനകൾ നൽകാനും ശ്രമിക്കാറുണ്ട്. ഞാനും പി.സി.വിഷ്ണുനാഥും യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാൻ പരസ്പരം മത്സരിച്ചിട്ടുണ്ട്. പക്ഷേ മത്സരം കഴിഞ്ഞ അന്നു മുതൽ സൗഹാർദം പങ്കിട്ടു നീങ്ങാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞാൻ പങ്കെടുക്കുന്ന ടെലിവിഷൻ ചർച്ചകൾക്കിടയിൽ ഇൻപുട്സ് കൈമാറാൻ കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനോ രാഹുലിനോ അബിനോ മടിയില്ല. സ്വന്തം കാര്യം മാത്രം നോക്കുന്നവരായല്ല ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഗ്രൂപ്പ്, വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പരസ്പരം ശക്തിപ്പെടുത്തി നീങ്ങിയാലേ കോൺഗ്രസിനു തിരിച്ചു വരാൻ കഴിയൂ എന്ന വികാരം ഞങ്ങൾക്കെല്ലാമുണ്ട്.
? രണ്ടിടത്തെയും വിജയങ്ങൾ ഉജ്വലമാണെങ്കിലും എല്ലാം തികഞ്ഞു എന്നു പറയാനാവില്ലല്ലോ. കണ്ട പോരായ്മകൾ എന്തെല്ലാമാണ്
∙ ആ രണ്ടു മണ്ഡലങ്ങളിലെ മാത്രം കാര്യമല്ല വിലയിരുത്തേണ്ടത്. പാർട്ടി എന്ന നിലയിൽ സിപിഎമ്മിനേക്കാൾ ധാർമിക ശക്തി ഇപ്പോൾ കോൺഗ്രസിനുണ്ട്. അഴിമതി ആരോപണങ്ങളുടെ ശരശയ്യയിലാണ് സിപിഎമ്മും സർക്കാരും. ഇത് ജനങ്ങൾക്കിടയിൽ ഒരു വൈകാരികമായ മേൽക്കൈ കോൺഗ്രസിനു നൽകുന്നുണ്ട്. എന്നാൽ വർഷങ്ങൾ നീണ്ട കേഡർ പ്രവർത്തനത്തിലൂടെ വലിയ സംഘടനാ ശക്തി സിപിഎം കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ പുതിയ കോൺഗ്രസ് നേതൃത്വം അതു തിരിച്ചറിഞ്ഞ് കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്താൻ കാര്യമായ ശ്രമം നടത്തുകയാണ്. പക്ഷേ താരതമ്യത്തിൽ ഞങ്ങൾ ഇപ്പോഴും പിന്നിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എപ്പോഴും കോൺഗ്രസിന് മേൽക്കൈ കിട്ടാറുണ്ട്. എന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോൾ സിപിഎമ്മിന്റെ സംഘടനാ ശക്തി അവർക്കു മേൽക്കൈ നേടിക്കൊടുക്കുന്നു. ഇതിലാണ് മാറ്റം വരേണ്ടത്.അതു മനസ്സിലാക്കി ആ ദൗർബല്യം തിരുത്താനുള്ള പ്രവർത്തനം നടക്കുന്നു എന്നത് ഇപ്പോൾ ഒരു വസ്തുതയും പ്രതീക്ഷ നൽകുന്ന മാറ്റവുമാണ്.
? സിപിഎമ്മിനൊപ്പം സംഘടനാ ശക്തി കൈവരിക്കുക എന്നത് എളുപ്പമാണോ
∙ അസാധ്യമാണെന്നു കരുതുന്നില്ല. രണ്ടിന്റെയും ഘടന വ്യത്യസ്തമാണ്. സിപിഎം സമ്പൂർണമായി സ്ഥാപനവൽക്കരിക്കപ്പെട്ട പാർട്ടിയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് തൊട്ടു ബ്രാഞ്ച് വരെ ഉള്ള കൃത്യമായ സംവിധാനം അവർക്കുണ്ട്. കോൺഗ്രസ് ഒരു സ്ഥാപനമല്ല. വൈകാരികതയും ഇഴയടുപ്പവുമാണ് ഇതിനെ നിലനിർത്തുന്നത്. സ്ഥാപനങ്ങൾക്കു കെട്ടുറപ്പ് കൂടും. മാറുന്ന പ്രവർത്തന ശൈലിയിലൂടെ കോൺഗ്രസിനും സംഘടനാപരമായ കെട്ടുറപ്പ് നേടാൻ കഴിയും. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആ നിലയ്ക്ക് ഒരു ആലോചനയും അതിനുള്ള ശ്രമവും നടത്തുന്നു എന്നതിന്റെ കൂടി തെളിവാണ് പുതുപ്പള്ളിയിലെയും തൃക്കാക്കരയിലെയും വലിയ വിജയങ്ങൾ.
? കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നവരിൽ ഒരാളാണ് താങ്കൾ. പക്ഷേ പലപ്പോഴും കോൺഗ്രസിന് ഒരു ചിന്താപദ്ധതി ഇല്ലാതെ പോകുന്നുണ്ട്. ആസൂത്രണത്തിലെ പാകപ്പിഴ, കൂട്ടായ ആലോചനകളുടെ അഭാവം... ഇതെല്ലാമില്ലേ
∙ കോൺഗ്രസിന് അതിന്റെ ദൗർബല്യങ്ങൾ എക്കാലത്തും ഉണ്ട്. മുൻകാലങ്ങളിൽ ഗ്രൂപ്പ് കേന്ദ്രീകൃതമായിരുന്നല്ലോ പ്രവർത്തനങ്ങൾ. ഇപ്പോൾ അതു മാറി കൂട്ടായ നേതൃത്വം ഉദയം ചെയ്യുന്നുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും വിജയിച്ച ശൈലി പരമാവധി മണ്ഡലങ്ങളിലേക്കു കൂടി പകർത്താൻ കഴിഞ്ഞാൽ വലിയ മാറ്റം വരും.
? ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി പാർട്ടി സ്വീകരിക്കേണ്ട സ്ട്രാറ്റജി എന്താണ്
∙ എഐസിസി തന്നെ ഇതിനായി കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗം എന്ന നിലയിൽ ഞാനും പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിദഗ്ധനായ സുനിൽ കനഗോലുവും അതിൽ ഉണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപു തന്നെ തയാറെടുപ്പ് ആരംഭിച്ചത് ശുഭോദർക്കമാണ്. കോൺഗ്രസും ചില കാര്യങ്ങൾ പ്ലാൻ ചെയ്തു നീങ്ങുന്നു എന്ന ആത്മവിശ്വാസം പങ്കെടുത്ത എല്ലാവർക്കും ലഭിച്ചു. ‘ഇന്ത്യ മുന്നണിയിലെ’ ഇന്ത്യ എന്ന പേരു തന്നെ എത്ര ശക്തിയാണ് പ്രതിപക്ഷത്തിന് നൽകുന്നത്. ഇതിൽ എല്ലാം ഒരു ചിന്ത പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങളുണ്ട്.
? പക്ഷേ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന നല്ല അന്തരീക്ഷത്തെ നേതാക്കൾ കളഞ്ഞു കുളിക്കുന്നില്ലേ? ഉന്നത നേതൃത്വത്തിലെ തർക്കങ്ങളല്ലേ പലപ്പോഴും രണ്ടാം നിരയെയും പ്രവർത്തകരെയും നിരാശരാക്കുന്നത്? പരസ്യ പ്രതികരണങ്ങൾക്കും വിവാദങ്ങൾക്കും അവസാനമില്ലല്ലോ
∙ പലപ്പോഴും ആ പ്രശ്നം ഉണ്ടാകുന്നുണ്ട്. മുതിർന്ന നേതാക്കളിൽ പലരും ഭൂതകാലത്തിന്റെ തടവറയിലാണ്. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിലിരുന്ന പ്രതാപനാളുകളിലെ അതേ സ്ഥിതിയിലാണ് അവരിൽ പലരും ചിന്തിക്കുന്നത്. ആ സമയത്തു പരസ്യ പ്രസ്താവനകൾ ആ നേതാക്കളുടെ ശക്തി വിളിച്ചോതിയിരുന്നു. ഇന്ന് കാലം അതല്ല. കോൺഗ്രസിന് പഴയ പ്രതാപമില്ല, പണ്ട് പറയുന്ന എല്ലാ കാര്യങ്ങളും അതേപടി ജനങ്ങൾക്ക് ഇടയിൽ എത്തില്ലായിരുന്നു. ഇന്ന് ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അതു പൂർണമായും പ്രചരിക്കപ്പെടുന്നു. പാർട്ടി വേദികളിൽ പറയേണ്ടതു പരസ്യമായി പറയുന്ന ശൈലി ഇന്നു ജനങ്ങളും പാർട്ടി പ്രവർത്തകരും ഇഷ്ടപ്പെടുന്നില്ല. പരസ്യ വിവാദങ്ങളിൽ ഏർപ്പെടുന്നത് പലരുടെയും മൂല്യം ഇടിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. അത് അവർ തിരിച്ചറിയണം.
? വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം താങ്കളും വി.പി.സജീന്ദ്രനും ചേർന്നുള്ള സമിതിയുടെ നേതൃത്വത്തിൽ ഗംഭീരമായി നടന്ന ശേഷം അതിൽ പ്രസംഗിക്കാൻ അവസരം കിട്ടിയില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവന ആ പരിപാടിയുടെ തന്നെ ശോഭ കെടുത്തി. അതു പോലെയുള്ള വിവാദങ്ങളാണോ ഉദ്ദേശിക്കുന്നത്
∙ വൈക്കത്ത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെജിയുടെ യാത്രാ ഷെഡ്യൂളൂമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് സംഭവിച്ചത്. അദ്ദേഹം എത്തിച്ചേരാൻ വൈകുകയും തിരിച്ചു പോകേണ്ട സമയം അതിക്രമിക്കുകയും ചെയ്തപ്പോൾ ചില പ്രസംഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. അതു പക്ഷേ കൃത്യമായി കെ.മുരളീധരനെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായി. അതാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണത്തിനു കാരണമായത്. പക്ഷേ അത് അദ്ദേഹം പരസ്യമാക്കിയപ്പോൾ പ്രധാന വാർത്തയേക്കാൾ പ്രാധാന്യം അതിനായി. ഇങ്ങനെ സംഭവിക്കുമ്പോൾ മെയിൻ കോഴ്സ് വിസ്മരിക്കപ്പെടുകയും സൈഡ് ഡിഷുകൾക്ക് പ്രാധാന്യം കൂടുകയും ചെയ്യും. അങ്ങനെ വേണോ എന്നു ചിന്തിക്കേണ്ടത് നേതൃത്വമാണ്. കെ.മുരളീധരന്റെ പ്രതികരണം അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടു മാത്രമായിരുന്നില്ല. ഒരു കമ്യൂണിക്കേഷൻ ഗ്യാപ് അതിനു കാരണമായി.
? പരസ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിൽ യുവ നിര പരമാവധി ശ്രദ്ധിക്കാറുണ്ട്. ചില മുതിർന്ന നേതാക്കൾ പുതിയ തലമുറയിൽ നിന്നു പാർട്ടി അച്ചടക്കം പഠിക്കേണ്ടതാണെന്ന് തോന്നുന്നുണ്ടോ
∙ പാർട്ടിക്ക് അകത്തെ തർക്കങ്ങളിൽ ഇടപെട്ടു കൊണ്ടല്ല യുവനിര അവരുടെ പ്രാധാന്യം തെളിയിക്കുന്നത്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പുറത്ത് അലക്കി മാധ്യമ ശ്രദ്ധ നേടാൻ ഞങ്ങൾ ആരും ശ്രമിക്കാറില്ല. മാത്യു കുഴൽനാടൻ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. സമചിത്തതയോടെയുള്ള പ്രതികരണങ്ങളാണ് പി.സി.വിഷ്ണുനാഥിന്റെ ഏറ്റവും വലിയ ശക്തി. നവമാധ്യമങ്ങളെ മികവോടെ ഉപയോഗിക്കുന്നയാളാണ് ബൽറാം. ജനകീയ പ്രവർത്തന ശൈലിയാണ് സി.ആർ. മഹേഷ് മുന്നോട്ടു വയ്ക്കുന്നത്. പരസ്യ പ്രസ്താവന നടത്തി മാർക്കറ്റ് ഉയർത്താൻ ആരും നോക്കുന്നില്ല. പറയേണ്ടതു പാർട്ടി വേദിയിലാണ് അവർ പറയുന്നത്. കോൺഗ്രസിനു പ്രയോജനം ചെയ്യുന്നതും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വിഷയങ്ങൾ പൊതുവേദിയിലും ഉയർത്തിക്കൊണ്ടുവരുന്നു. അത് അനുകരണീയമായ മാതൃക തന്നെയാണ്.
? കെപിസിസി പ്രസിഡന്റ് കെ.സുധാകരനു താങ്കളെ വലിയ വിശ്വാസമാണെന്നു കേൾക്കുന്നുണ്ടല്ലോ
∙ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന കാലഘട്ടം മുതൽ എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുണ്ട്. എന്തു പ്രശ്നവും അദ്ദേഹത്തിനു മുന്നിൽ ചെന്നു പറയാം. എല്ലാവരെയും പരമാവധി കേൾക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കൂടെ ഉണ്ടെന്നു എന്നു പറഞ്ഞു ധൈര്യം നൽകിയും പ്രചോദിപ്പിച്ചും എല്ലാവരെയും ചേർത്തു നിർത്താനുള്ള വലിയ കഴിവ് അദ്ദേഹത്തിനുണ്ട്. സുധാകരൻ വലിയ പരുക്കനാണ് എന്നതെല്ലാം പുറത്ത് പ്രചരിപ്പിക്കുന്നതാണ്. യഥാർഥത്തിൽ സ്നേഹവും സംരക്ഷണവും നൽകുന്ന ഒരു ജ്യേഷ്ഠ സഹോദരന്റെ രീതികളാണ് അദ്ദേഹത്തിന്റേത്. കെപിസിസി പ്രസിഡന്റ് പരിഗണിക്കുകയും പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നത് എനിക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. പക്ഷേ അത് അദ്ദേഹം ആ പദവിയിൽ എത്തിയ സമയത്തു മാത്രം തുടങ്ങിയ ബന്ധമല്ല.
? മുൻപ് രമേശ് ചെന്നിത്തലയുമായി അടുത്തു പ്രവർത്തിച്ചിരുന്ന ആളാണ് താങ്കൾ. ഐ ഗ്രൂപ്പിന്റെ ഭാഗവുമായിരുന്നു. ആ ബന്ധം ഇപ്പോഴില്ലേ
∙ ഞാൻ ഐ ഗ്രൂപ്പുകാരനായിരുന്നു. നേരത്തെ തിരുത്തൽ വാദി വിഭാഗത്തിലായിരുന്നു. എന്നാൽ ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയത് ഗ്രൂപ്പ് ക്വോട്ടയിൽ അല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ടാലന്റ് സെർച്ചിലൂടെയാണ് ആ പദവിയിൽ എത്തിയത്. അതേസമയം ഗ്രൂപ്പിന്റെ ഭാഗമായി തന്നെ ഞാൻ ഉണ്ടായിരുന്നു. പക്ഷേ ഒരു ഘട്ടത്തിലും ഞാൻ ഒരു ഗ്രൂപ്പ് തീവ്രവാദി ആയിട്ടില്ല. ഉമ്മൻചാണ്ടി സാറിന് എന്നെ ഇഷ്ടമായിരുന്നു. പാർട്ടിയാണ് ഒന്നാമത് എന്ന് കണ്ടാണ് എന്നും മുന്നോട്ടുപോയത്. ഇപ്പോൾ ഞാൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമല്ല. പക്ഷേ പഴയ വ്യക്തിബന്ധത്തിന് ഒരു കുറവും ഇല്ല. രമേശ് ചെന്നിത്തലയുമായി നല്ല സ്നേഹബന്ധത്തിലാണ്. കെ.സി.വേണുഗോപാലുമായും കെ.സുധാകരനുമായും വിഡി സതീശനുമായും എല്ലാം അടുത്ത ബന്ധത്തിലാണ്. ഏതെങ്കിലും ഒരു കംപാർട്മെന്റിൽ അടച്ചിടപ്പെടേണ്ടതല്ല ഒരു കോൺഗ്രസ് ചെറുപ്പക്കാരന്റെ ജീവിതം എന്നാണ് ഞാൻ കരുതുന്നത്.
? കെപിസിസി പ്രസിഡന്റ് താങ്കളെ രാജ്യസഭാംഗമാക്കാൻ ശ്രമിച്ചിട്ടു നടക്കാതെ പോയതിൽ നിരാശ തോന്നിയില്ലേ
∙ അന്നു സംഭവിച്ചതിനെക്കുറിച്ചു നല്ല ബോധ്യമുണ്ട്. കോൺഗ്രസ് എന്നും എനിക്ക് അവസരങ്ങൾ നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റും ഡിസിസി പ്രസിഡന്റും രാഷ്ട്രീയകാര്യസമിതി അംഗവുമായി. മൂന്നു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവസരം ലഭിച്ചു. പക്ഷേ ജയിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും രാജ്യസഭയിലേക്ക് എന്നെ പരിഗണിച്ചു. സീറ്റ് ലഭിച്ചിരുന്നെങ്കിൽ രാജ്യസഭയിൽ നല്ല ഇടപെടലുകൾ നടത്താൻ കഴിയുമെന്നു തോന്നിയിരുന്നു. പക്ഷേ ഞാൻ മാത്രമല്ല പരിഗണിക്കപ്പെട്ടത്. സതീശൻ പാച്ചേനിയുടെ പേരു കാര്യമായി വന്നു. പല പേരുകൾ ഉയർന്നപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ആളുകളെ ഒഴിവാക്കാം എന്ന പൊതു തീരുമാനമെടുത്തു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരു പുതുമുഖ വനിത വരട്ടെ എന്ന ചിന്തയും ഉടലെടുത്തു. ആ തീരുമാനത്തിന്റെ യുക്തിയും കാരണവും എനിക്കു ബോധ്യമായതുകൊണ്ട് നിരാശ തോന്നിയില്ല. എ.കെ.ആന്റണി സാറിന്റെ ഒഴിവിൽ എന്ന പരിഗണിച്ചത് അംഗീകാരമായി തോന്നി.
? താങ്കൾ ഉൾപ്പെടെയുള്ള നാൽവർ സംഘമാണ് കെപിസിസി പ്രസിഡന്റിനെയും കെപിസിസിയെയും നിയന്ത്രിക്കുന്നത് എന്ന വിമർശനമുണ്ടല്ലോ
∙ ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയാണ് ഞാൻ കാണുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ആൾ എന്ന നിലയിൽ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പോകുകയും പ്രവർത്തകരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ വിഭാഗം പ്രവർത്തകരെ എനിക്കു നേരിട്ടറിയാം. മുതിർന്ന നേതാക്കളുമായും പുതുതലമുറയിൽപെട്ടവരുമായും നല്ല ബന്ധം ഉണ്ട്. പാർട്ടി പുനഃസംഘടനാ പ്രക്രിയയിൽ ഇതെല്ലാം പ്രയോജനം ചെയ്യും. കെപിസിസി നേതൃത്വം എന്റെ ആ കഴിവാണ് പ്രയോജനപ്പെടുത്തുന്നത്. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഞാൻ ഒരു തരത്തിലും ഇടപെടാറില്ല. പക്ഷേ എല്ലാവരും ഇത് മനസ്സിലാക്കണമെന്നില്ല. അതുകൊണ്ടാകും മറിച്ചുള്ള പ്രചാരണം നടക്കുന്നത്.
? നാൽവർ സംഘത്തിലെ മറ്റുള്ളവരോ
∙ സംഘം ഉണ്ട് എന്നതു തന്നെ തെറ്റായ പ്രചാരണമാണ്. കെപിസിസി പ്രസിഡന്റിനെ അടുത്തു നിന്നു സഹായിക്കാനായി എല്ലാകാലത്തും ചിലർ ഉണ്ടാകാറുണ്ട്. കെപിസിസി പ്രസിഡന്റിന്റെ അറ്റാച്ച്ഡ് ജനറൽ സെക്രട്ടറി ആണ് കെ.ജയന്ത്. രാഷ്ട്രീയ വിശകലനങ്ങളിൽ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വിശകലനത്തിൽ വലിയ വൈദഗ്ധ്യം അദ്ദേഹത്തിനുണ്ട്. നല്ല രാഷ്ട്രീയ ധാരണയും ലോകവിവരവും ഉളള പോരാളിയായ യുവ നേതാവാണ് മാത്യു കുഴൽനാടൻ. എംഎൽഎ കൂടി ആയതിനാൽ ചില കാര്യങ്ങൾക്ക് അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാകും. പുതിയ തലമുറയുടെ പൾസും അഭിരുചിയും ചിന്തയും കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ആളാണ് വി.ടി.ബൽറാം. ഇവരുടെ എല്ലാം ശക്തി ഒരു നേതൃത്വം പ്രയോജനപ്പെടുത്തുന്നതിൽ എന്തു തെറ്റാണ് ഉളളത്? അതല്ലേ വേണ്ടത്? അതിന്റെ അർഥം എല്ലാം നിയന്ത്രിക്കുന്നത് അവരാണ് എന്നല്ല. പി.സി.വിഷ്ണുനാഥിന്റെ പക്വതയും വി.പി.സജീന്ദ്രന്റെ കഠിനാധ്വാനവും എല്ലാം പാർട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഏതാനും പേർ ചേർന്ന് എല്ലാം നിയന്ത്രിക്കുന്ന സ്ഥിതി ഇന്നു കോൺഗ്രസിൽ ഇല്ല.
? മനോഹരമായ ചിരിയാണ് ലിജുവിന്റേത്. പക്ഷേ ആ ചിരിയിൽ വോട്ടർമാർ വീഴാത്ത സ്ഥിതി ഉണ്ടോ? കാര്യപ്രാപ്തിയും ജനകീയതയും ഉള്ള യുവ നേതാവ് എന്ന പരിവേഷം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് വിജയം എന്തുകൊണ്ടാണ് മരീചികയാകുന്നത്
∙ ജി.സുധാകരനെതിരെയുള്ള ആദ്യ മത്സരത്തിൽ അമിത പ്രതീക്ഷ ഇല്ലായിരുന്നു. രണ്ടാമതു മത്സരിച്ച കായംകുളം ഇപ്പോൾ യുഡിഎഫിന് ഒട്ടും അനുകൂലമല്ല. കോൺഗ്രസ് വിജയിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കായംകുളത്ത് പിന്നോട്ടുപോകുകയാണ് ചെയ്യുന്നത്. ഇത്തവണ, പക്ഷേ അമ്പലപ്പുഴയിൽ വിജയം പ്രതീക്ഷിച്ചിരുന്നു. പരസ്യമായി പറയാൻ കഴിയാത്ത പല കാരണങ്ങൾ അതിനു വിപരീതമായി ഉണ്ടായി. വ്യക്തി എന്ന നിലയിൽ എന്തു ചെയ്യാനാകും? പരമാവധി സത്യസന്ധമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ആദ്യത്തേത്, വിഷയങ്ങളിൽ ആത്മാർഥമായി ഇടപെടുക എന്നതാണ് രണ്ടാമത്തെ കാര്യം. എന്നെ സമീപിക്കുന്ന മനുഷ്യരോട് ആർദ്രതയോടെ പെരുമാറാനും കഴിയും.
താങ്കൾ പറഞ്ഞ പോലെ ബലം പിടിക്കാതെ ചിരിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കും. ഇതൊക്കെ അല്ലേ എനിക്കു ചെയ്യാനാകൂ.ചില മേഖലകളിൽ ചിലപ്പോൾ ഞാൻ ഒരു പക്ഷേ ഇനിയും മെച്ചപ്പെടാനുണ്ടാകും. സോഷ്യൽ എൻജിനീയറിങ്ങിൽ ഞാൻ പിന്നിലാണെന്നു തോന്നിയിട്ടുണ്ട്. ‘ലിജു’ എന്ന പേരു കേൾക്കുമ്പോൾ ഏതു ജാതിയാണ്, മതമാണ് എന്നു പോലും പലർക്കും മനസ്സിലാകാറില്ല. ചില വീടുകളിൽ വോട്ട് തേടി ചെല്ലുമ്പോൾ അതു നമ്മുക്ക് മനസ്സിലാകും. എന്റെ പേരിൽ വ്യക്തിപരമായി ഞാൻ ദോഷം കാണുന്നില്ല. പക്ഷേ അത് എനിക്കെതിരെ സിപിഎം നന്നായി ഉപയോഗിച്ചിട്ടുണ്ട്.
? ഏതൊക്കെ മേഖലകളിലാണ് സ്വയം മെച്ചപ്പെടാനുള്ളത്
∙ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് വ്യക്തിപരമായ ആക്രമണങ്ങൾക്ക് ഒരു മയവും ഞാൻ കാണിച്ചിരുന്നില്ല. ഗാലറിയുടെ കയ്യടിക്കു വേണ്ടി ചിലപ്പോൾ ആളുകളെ അധിക്ഷേപിച്ചെന്നു വരെ വന്നിരുന്നു. ചാനൽ ചർച്ചകളിലെല്ലാം പറയാനുള്ളത് തീർത്തു പറയും. സമുദായ നേതൃത്വങ്ങളുടെ കാര്യത്തിലും അതേ സമീപനമായിരുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലും വിഷയങ്ങൾ വ്യക്തിപരമല്ല എന്നു ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. അതോടെ പഴയ ശൈലി തിരുത്തി. വ്യക്തികളെ വേദനിപ്പിച്ച് അവരുടെ കുറവുകൾ ചൂണ്ടിക്കാട്ടുന്നതിനു പകരം വിഷയങ്ങളിലേക്കു വന്നു. ഇനിയും പലതും തിരുത്താനുണ്ടാകും.
? അമ്പലപ്പുഴയിൽ പാർട്ടിയിലെ ഒരു വിഭാഗവും താങ്കൾക്കെതിരെ പ്രവർത്തിച്ചില്ലേ
∙ അന്നു നടന്ന വ്യക്തിഹത്യ വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണ്. വർഗീയ വാദിയായി ചിത്രീകരിച്ച് ബോർഡുകൾ വച്ചു, തീവ്രവാദിയാണ് എന്ന നിലയിൽ പ്രചാരണം നടത്തി. പാർട്ടിയിലെ ചിലരും അതിന്റെ ഭാഗമായി. ചിലർക്കെതിരെ അതിന്റെ പേരിൽ നടപടി ഉണ്ടായി. ഈ പ്രചാരണം ഉണ്ടാക്കിയ ധ്രുവീകരണവും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. വേണ്ടവിധം ഇതിനെ പ്രതിരോധിക്കാൻ എനിക്കും കഴിഞ്ഞില്ല. അത് എന്റെ വീഴ്ച കൂടിയാണ്. ഓരോ പാഠവും ഞാൻ ഉൾക്കൊള്ളാറുണ്ട്. തിരുത്താൻ ശ്രമിക്കാറുണ്ട്. ആ പ്രക്രിയയിലും കോൺഗ്രസ് എനിക്കൊപ്പമുണ്ട്.
English Summary: Politicians should learn Discipline from New-generation Party Members, Talk with M. Liju.