1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസമായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ. അടിയന്തരവാസ്ഥ നിലനിൽക്കെ, 1976 ൽ കൊണ്ടുവന്ന 42–ാം ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായി. അന്ന് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത രണ്ടു വാക്കുകളാണ് മതനിരപേക്ഷത (സെക്യുലറിസം), സ്ഥിതിസമത്വം (സോഷ്യലിസം) എന്നിവ. പുതിയ പാർലമെന്റിലേക്ക് പ്രവേശിച്ചപ്പോൾ എംപിമാർക്ക് നൽകിയ ഭരണഘടനാ പകർപ്പിന്റെ ആമുഖത്തിൽ ഈ രണ്ടു വാക്കുകളും ഒഴിവാക്കിയിരിക്കുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ അത് പുതിയ വിവാദത്തിനു തിരികൊളുത്തി. അന്ന് എന്തിനായിരിക്കും ഇന്ദിരാ ഗാന്ധി ഇത്തരമൊരു ഭരണഘടനാ ഭേദഗതിക്ക് തുനിഞ്ഞത്? എന്തു മാറ്റമാണ് ഈ രണ്ടു വാക്കുകൾ ഭരണഘടനയിൽ ഉണ്ടാക്കുന്നത്? എന്തുകൊണ്ടാണ് ഈ വാക്കുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഉദ്ദേശശുദ്ധി സംശയിക്കണമെന്ന് പ്രതിപക്ഷം, ‘ഒറിജിനൽ’ കാണിച്ചെന്ന് സർക്കാർ 

ഭരണഘടനയിലെ വാക്കുകൾ നീക്കിയെന്ന ആരോപണം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പാർലമെന്റിൽ ഉന്നയിക്കുന്നു. (VIDEO GRAB VIA SANSAD TV) (PTI Photo)

അർജുന്‍ റാം മേഘ്‌വാൾ (Photo: pib.nic.in)

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുന്നതാണു ഭരണഘടനയുടെ ആമുഖം (Preamble). പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയപ്പോൾ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പിലെ ആമുഖത്തിൽ സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകൾ ഒഴിവാക്കി എന്നാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചത്. ‘‘ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങളാണ് ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. 1976 ൽ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയതാണ് ഈ വാക്കുകളെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇന്ന്  ഭരണഘടന തരുമ്പോൾ ആ വാക്കുകൾ അതിൽ ഇല്ലെങ്കിൽ അത് ആശങ്കയുണ്ടാക്കുന്നതാണ്. സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്’’ എന്നാണ് ചൗധരി പറഞ്ഞത്. 

ADVERTISEMENT

‘‘അവരുടെ മനസ്സിലുള്ളതാണ് ഈ കാര്യങ്ങളിലൂടെ പുറത്തു വരുന്നത്. ഇപ്പോഴിതാ ഭരണഘടനയും അതിന്റെ ആമുഖവും അവർ ഭേദഗതി ചെയ്തിരിക്കുന്നു. അതിലെ പ്രധാനപ്പെട്ട രണ്ടു വാക്കുകൾ ആമുഖത്തിൽ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. എന്താണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇത് വളരെ ദൗർഭാഗ്യകരമാണ്’’ എന്ന് ഐഐസിസി സംഘടനാ ജനറൽ‌ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാലും പ്രതികരിച്ചു. എന്നാൽ അനാവശ്യ വിവാദമാണ് ഇതെന്നാണ് ബിജെപിയും സർക്കാരും അഭിപ്രായപ്പെട്ടത്. ‘‘ഭരണഘടന തയാറാക്കിയപ്പോൾ ഇങ്ങനെയായിരുന്നു ഉണ്ടായിരുന്നത്. (ആ വാക്കുകൾ) ഭേദഗതി ചെയ്ത് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. ഇതാണ് യഥാർഥ ഭരണഘടനയുടെ പകർപ്പ്’’, എന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ പ്രതികരിച്ചു. 

സിഖ് വിഘടനവാദികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയ സമയത്ത് പഞ്ചാബിലെ അമൃത്‌സറിൽ അംബേദ്‌കറുടെ പ്രതിമയ്ക്കു കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. 2023 മാർച്ചിലെ ചിത്രം (Photo by Narinder NANU / AFP)

വിവാദംതന്നെ അനാവശ്യമാണെന്നാണ് ബിജെപി എംപി സുശീൽ മോദി പറഞ്ഞത്. ‘‘ഇത് ഭേദഗതി ചെയ്ത പകർപ്പാണെന്ന് പറഞ്ഞിട്ടില്ല. ഭരണഘടന സ്വീകരിച്ചപ്പോൾ യഥാർഥത്തിൽ എങ്ങനെയായിരുന്നോ അതാണ് ഇതിലുള്ളത്. അതിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഇല്ല. സോഷ്യലിസ്റ്റ് എന്ന വാക്കിന് ഇന്നെന്തെങ്കിലും പ്രാധാന്യമുണ്ടോ? അനാവശ്യമായ വിവാദമാണിത്’’ എന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആദ്യത്തെ പതിപ്പുകളും 1976 ൽ ഭേദഗതി വരുത്തിയതിനു ശേഷമുള്ള പതിപ്പുകളും എംപിമാർക്കു വിതരണം ചെയ്തിരുന്നുവെന്നും കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ബിജെപി ആരോപിച്ചു. 

ഹൈദരാബാദിലെ അംബേദ്‌കർ പ്രതിമ (Photo by Noah SEELAM / AFP)
ADVERTISEMENT

∙ എന്തുകൊണ്ടാണ് ‘സെക്യുലറിസം’ അംബേദ്കർ ഒഴിവാക്കിയത്?

1950 ൽ ഭരണഘടന നിലവിൽ വരുമ്പോൾ ഇന്ത്യ ഒരു ‘പരമാധികാര, ജനാധിപത്യ റിപബ്ലിക്’ എന്നായിരുന്നു ഉണ്ടായിരുന്നത്. 1976 ൽ 42–ാം ഭരണഘടനാ ഭേദഗതിയായി ‘സോഷ്യലിസം, സെക്യുലറിസം’ എന്നിവ കൂട്ടിച്ചേർക്കുകയായിരുന്നു. അതിനു ശേഷം ഭരണഘടനാ ആമുഖത്തിൽ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്, ഒരു ‘പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപബ്ലിക്’ എന്നാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിനു ശേഷം അനേകം ഭേദഗതികളിലൂടെ അത് കടന്നു പോയിട്ടുണ്ട്. അതിനുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്ക്കർ അടക്കമുള്ളവർ. 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ ബോർഡിനു മുന്നിലൂടെ പോകുന്ന വിദ്യാർഥികൾ. മുംബൈയിൽനിന്നുള്ള ദൃശ്യം (Photo by AFP / Indranil MUKHERJEE)

1950 മുതൽ 2023 ഓഗസ്റ്റ് മാസം വരെ 127 ഭേദഗതികളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടായിട്ടുള്ളത്. 1789 ൽ നിലവിൽ വന്ന അമേരിക്കൻ ഭരണഘടനയിൽ ഇതുവരെ ഉണ്ടായിട്ടുള്ളത് 33 ഭേദഗതികൾ മാത്രവും. ഭരണഘടനയുടെ ആകെ സത്തയിൽ സോഷ്യലിസവും സെക്യുലറിസവും ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടാണ് അവ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്താത്തത് എന്ന് അംബേദ്കർ‌തന്നെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചയ്ക്കിടെ വ്യക്തമാക്കിയിട്ടുണ്ട്. 1976 ൽ ഭേദഗതി ചെയ്തതിനു ശേഷം ഈ വാക്കുകൾ പിന്നീട് രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങളിലും ഉൾപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ സെക്യുലറിസം, സോഷ്യലിസം എന്നിവ പിന്തുടരണം എന്ന് നിർദേശിക്കുന്ന ഭേദഗതി 1989 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി (File Photo by STAFF / INTERCONTINENTALE / AFP)

∙ ‘നയങ്ങൾ തീരുമാനിക്കേണ്ടത് ആര്, അതത് സമയത്തെ ജനങ്ങൾ’  

പൂക്കൾകൊണ്ട് അലങ്കരിച്ച ഇന്ത്യൻ ഭരണഘടനയുടെ ഇൻസ്റ്റലേഷൻ. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് മുംബൈയിൽ ഒരുക്കിയത്. 2022 നവംബറിലെ ചിത്രം (Photo by Indranil MUKHERJEE / AFP)

കോൺസ്റ്റിറ്റ്യുന്റ് അസംബ്ലി ചർച്ചയ്ക്കിടെയാണ് സോഷ്യലിസം, സെക്യുലറിസം തുടങ്ങിയ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നുവന്നത്. പ്രമുഖ സാമ്പത്തിക വിദഗ്ധനും സോഷ്യലിസ്റ്റുമായിരുന്ന കെ.ടി.ഷാ, കോൺഗ്രസ് നേതാവായിരുന്ന ബ്രജേശ്വർ പ്രസാദ് തുടങ്ങിയ അംഗങ്ങളാണ് ഇക്കാര്യം സഭയിൽ ഉന്നയിച്ചത്. അതിന് ഡോ. ബി.ആർ. അംബേദ്ക്കർ നൽകിയ മറുപടി ഇങ്ങനെയാണ്: 

‘എന്തായിരിക്കണം രാജ്യത്തിന്റെ നയം, സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകൾ എങ്ങനെയാണ് രൂപപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അതതു സമയവും സാഹചര്യവും അനുസരിച്ച് അവിടുത്തെ ജനങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ അത് ഭരണഘടനയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല, കാരണം, അത് ജനാധിപത്യത്തെ മുഴുവനായിത്തന്നെ നശിപ്പിക്കും’’. ഡോ. അംബേദ്ക്കർ ഒരുകാര്യം കൂടി പറഞ്ഞു: ‘‘ഇപ്പോൾ ഇവിടെ നിർദേശിച്ചിരിക്കുന്ന ഭേദഗതി ഭരണഘടനയുടെ കരട് ആമുഖത്തിൽ ഇതിനോടകംതന്നെ ഉൾച്ചേർന്നിട്ടുണ്ട് എന്നതുകൊണ്ടാണ് ഞാനതിനെ എതിർത്തത്’’.

സുപ്രീം കോടതി (ചിത്രം: രാഹുല്‍ ആർ. പട്ടം ∙ മനോരമ)

∙ സ്ഥിതി സമത്വം, മതനിരപേക്ഷത, നമ്മുടെ ഭരണഘടനയുടെ തത്വങ്ങൾ 

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചയ്ക്കിടെ ഇത്തരത്തിൽ പല അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. ഐറിഷ് ഭരണഘടനയിലേതു പോലെ ദൈവത്തിന്റെ പേര് ഭരണഘടനയിൽ ഉൾപ്പെടുത്തണം, മഹാത്മാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തണം തുടങ്ങി ഭരണഘടനാ നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉയർന്നു വന്നത് ഒട്ടേറെ വിഷയങ്ങൾ. എന്നാൽ ഇതിനെയെല്ലാം ക്രോഡീകരിച്ച്, എല്ലാ വശങ്ങളും പരിശോധിച്ച്, സ്വതന്ത്ര രാജ്യത്തെ സ്വതന്ത്രരായ പൗരന്മാര്‍ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം കൊടുക്കുകയായിരുന്നു. അതിന്റെ അന്തസ്സത്തയാണ് ഭരണഘടനയുടെ ആമുഖമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. 

ഡൽഹിയിലെ ഇന്ത്യൻ പ്രസിഡന്റ്സ് ഹൗസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഡിജിറ്റൽ രൂപം കാണുന്ന വിദ്യാർഥികൾ (Photo by CHANDAN KHANNA / AFP)

2019 നവംബർ 26ന് ഭരണഘടനാദിനത്തോടനുബന്ധിച്ചുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by AFP / Prakash SINGH)

വാക്കുകൾ എഴുതി വച്ചിട്ടില്ലെങ്കിൽ പോലും കൃത്യമായ ‘സ്ഥിതിസമത്വ’ പാത സർക്കാരുകൾ സ്വീകരിക്കണമെന്നാണ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ സമൂഹങ്ങൾക്കുമിടയിൽ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവ ഇതിന്റെ ഉദാഹരണമാണ്. അതുപോലെ, പൗരന്മാരുടെ മൗലികാവകാശമെന്ന നിലയിൽ ‘മതനിരപേക്ഷത’ അനേകം അനുച്ഛേദങ്ങളിലായി പറഞ്ഞു വച്ചിട്ടുണ്ട് എന്നും വിദഗ്ധർ പറയുന്നു. 

∙ 42–ാം ഭേദഗതി: ഇന്ദിരാ ഗാന്ധിയുടെ മനസ്സിൽ ഇക്കാര്യങ്ങൾ

1969 ലാണ് കോൺഗ്രസിൽ പിളർപ്പുണ്ടാകുന്നത്. അതിനുശേഷം ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട ജനങ്ങളെ ഒപ്പം നിർത്തുക എന്നതായിരുന്നു ഇന്ദിരാ ഗാന്ധി സ്വീകരിച്ചിരുന്ന ഭരണരീതി. ‘ദാരിദ്ര്യം ഇല്ലാതാക്കുക’ (ഗരീബി ഹഠാവോ) പോലുള്ള മുദ്രാവാക്യങ്ങൾ ഏറെ സ്വീകാര്യത നേടി. ഇതിനോടൊപ്പമാണ് ബാങ്കുകളുടെ ദേശസാൽക്കരണം, പ്രിവി പേഴ്സ് നിർത്തലാക്കൽ പോലുള്ളവ ഇന്ദിരാ ഗാന്ധി നടപ്പാക്കിയത്. എന്നാൽ വിവിധ വിഷയങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയര്‍ന്നതോടെ അവർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ നിലവിലുള്ളപ്പോഴായിരുന്നു 42–ാം ഭരണഘടനാ ഭേദഗതി ഉണ്ടാവുന്നത്. 

സോഷ്യലിസം, സെക്യുലറിസം തുടങ്ങിയ വാക്കുകൾ ഇന്ദിരാ ഗാന്ധി ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിന് പല വ്യാഖ്യാനങ്ങളും പറയപ്പെടുന്നുണ്ട്. അടിയന്തരാവസ്ഥ മൂലമുണ്ടായ പ്രതിച്ഛായ നഷ്ടം നികത്താനും താൻ ഇപ്പോഴും സോഷ്യലിസ്റ്റ് പാത തന്നെയാണ് പിന്തുടരുന്നത് എന്നത് വ്യക്തമാക്കാനുമാണ് ആ വാക്ക് കൊണ്ടുവന്നത് എന്നതാണ് അതിലൊന്ന്. തന്റെ മതനിരപേക്ഷ നിലപാടിൽ യാതാരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കാനും ഇന്ദിരാഗാന്ധി ഈ സന്ദർഭം ഉപയോഗിച്ചു എന്നതാണ് മറ്റൊരു വാദം.  

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റരുത് എന്ന കേശവാനന്ദ ഭാരതി കേസിലെ സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത് 1973ലാണ്. എടുത്തു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യലിസവും സെക്യുലറിസവും അതിന്റെ യഥാർഥ സത്തയിൽ പിന്തുടരുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം (Basic Structure Doctrine). 42–ാം ഭേദഗതി വഴി ഭരണഘടനയുടെ ആമുഖത്തിൽ ഈ രണ്ടു വാക്കുകളും ചേർത്തു കൊണ്ട് ഈ അടിസ്ഥാന സ്വഭാവത്തെ ഉറപ്പിക്കാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത് എന്നതാണ് മറ്റൊരു വാദം. അതിനൊപ്പം, രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പ് നൽകുന്നതിന്റെ ഭാഗം കൂടിയായും ഇത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 

മറ്റൊന്ന്, ജുഡീഷ്യറിക്കും മുകളിൽ നിയമനിർമാണ സഭകൾക്കാണ് അധികാരം എന്ന് ബോധ്യപ്പെടുത്താനും കൂടി അവർ ഈ അവസരം വിനിയോഗിച്ചു എന്നതാണ്. പാർലമെന്റ് പാസാക്കുന്ന ഭരണഘടനാ ഭേദഗതികൾ കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുള്ള മറ്റൊരു ഭേദഗതിയും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ 1980 ൽ സുപ്രീം കോടതി ഇത് റദ്ദാക്കുകയും പകരം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം നിലനിർത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി.ചന്ദ്രചൂഡായിരുന്നു ആ വിധി പറഞ്ഞത്.

∙ സോഷ്യലിസം വേണോ? കാലങ്ങൾ പിന്നിട്ട ചർച്ച

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം ഒഴിവാക്കണമെന്ന് സുപ്രീം കോടതിയിൽ നേരത്തേ ഒരു പൊതുതാൽപര്യ ഹ‍‍ര്‍ജി സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ 2008 ൽ സുപ്രീം കോടതി ഇത് തള്ളിക്കളഞ്ഞു. സോഷ്യലിസത്തെ എന്തിനാണ് ഇടുങ്ങിയ രീതിയിൽ മാത്രം കാണുന്നത് എന്നാണ് സുപ്രീം കോടതി അന്നു ചോദിച്ചത്. ‘‘വിശാലമായ അർഥത്തിൽ അതു പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതാണ്. അതും ജനാധിപത്യത്തിന്റെ ഒരു വശമാണ്. അതിന് നിയതമായ ഒരർഥമില്ല. ഓരോ സമയത്തും വ്യത്യസ്തമായ അർഥമായിരിക്കാം’’, ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായ ബഞ്ച് പറഞ്ഞതിങ്ങനെ. 

2015 ൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സർക്കാർ നൽകിയ പരസ്യത്തിൽ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അന്ന് അതിലും സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകൾ ഒഴിവാക്കിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ‌അന്ന് കേന്ദ്രമന്ത്രിയായിരുന്ന രവി ശങ്കർ പ്രസാദ് ഇങ്ങനെ ചോദിച്ചു. ‘‘നെഹ്റുവിന് സെക്യുലറിസത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നോ? ആ വാക്കുകൾ അടിയന്തരാവസ്ഥക്കാലത്ത് ചേർത്തതാണ്. അതിനെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തിയാൽ എന്താണ് പ്രശ്നം? ഭരണഘടനയുടെ യഥാർഥ ആമുഖം ഞങ്ങൾ രാജ്യത്തിനു മുൻപാകെ വയ്ക്കുകയായിരുന്നു’’. 

2015 ൽ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം രാകേഷ് സിൻഹ രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ‘‘ഒരു പ്രത്യേക ചിന്താഗതിയോട് നിങ്ങൾക്ക് ഒരു തലമുറയെ ചേർത്തു കെട്ടാൻ പറ്റില്ല’’ എന്നാണ് സോഷ്യലിസത്തോടുള്ള തന്റെ എതിർപ്പിന് സിൻഹ കാരണമായി പറഞ്ഞത്. 

∙ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റണോ? ചർച്ച തുടരുന്നു 

സെക്യുലറിസം, സോഷ്യലിസം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബറിൽ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചതാണ് ഈ വിഷയത്തിൽ ഇതിനു മുമ്പുണ്ടായിട്ടുള്ള വിവാദങ്ങളിലൊന്ന്. 1976 ൽ കൊണ്ടുവന്ന 42–ാം ഭേദഗതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരമൊരു ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നും ബി.ആർ.അംബേദ്ക്കർ ഈ രണ്ടു വാക്കുകളും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തിരുന്നതായും സ്വാമി തന്റെ ഹർജിയിൽ പറയുന്നു. 

സ്വാമിയുടെ ഹർജി പിഴ ചുമത്തി തള്ളണമെന്നും ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്നും ആവശ്യപ്പെട്ട് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വവും പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2023 ഓഗസ്റ്റ് ഏഴിനാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭയിൽ തന്റെ കന്നി പ്രസംഗം നടത്തിയത്. അതു തന്നെ വലിയ വിവാദമാവുകയും ചെയ്തു. രാജ്യത്തെ മുൻ സോളിസിറ്റർ ജനറൽ ടി.ആർ.അന്ത്യാരുജിന എഴുതിയ ഒരു പുസ്തകത്തിൽ കേശവാനന്ദ ഭാരതി കേസിെനക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് ജസ്റ്റിസ് ഗോഗോയി അക്കാര്യം പറഞ്ഞത്. 

ആ പുസ്തകം വായിച്ചു കഴിഞ്ഞാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നാം കൂടുതൽ ചിന്തിക്കും. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടതുണ്ട് എന്നാണ് തന്റെ കാഴ്ചപ്പാട് എന്നും അതിനാൽ കൂടുതലായി ഒന്നും പറയുന്നില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റണമെന്നാണ് ജസ്റ്റിസ് ഗോഗോയി ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. എന്നാൽ വിരമിച്ചു കഴിഞ്ഞാൽ ജഡ്ജിമാർ പറയുന്ന അഭിപ്രായങ്ങൾ അവരുടെ അഭിപ്രായം മാത്രമായി കണക്കാക്കണമെന്ന് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തൽക്കാലത്തേക്ക് വിവാദങ്ങൾക്ക് അറുതി വരുത്തുകയായിരുന്നു.

English Summary: Secular and Socialist: Why these terms in The Constitution Of India became Controversial - Explained