അന്ന് ചൈന ചതിച്ചു, ദുഃഖപുത്രിയായി ഷൈനി, ഉഷയെ മറികടക്കാനാളുണ്ടോ ? 'ഏഷ്യയിലെ' മലയാളിത്തിളക്കം
കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിൽ ഒരു പരിധിവരെ ഏഷ്യൻ ഗെയിംസ് മേളകൾ സഹായിച്ചിട്ടുണ്ട്. വിശ്വകായികമേളയായ ഒളിംപിക്സിൽ മലയാളികളുടെ വിജയകഥകൾ വിരലിലെണ്ണാവുന്നത് മാത്രം. 1972 മ്യൂണിക് ഒളിംപിക്സിൽ മാനുവൽ ഫ്രെഡറിക്സും 2022 ടോക്കിയോയിൽ പി.ആർ.ശ്രീജേഷും ഹോക്കിയിൽ നേടിയ വെങ്കല മെഡലുകളിൽ മലയാളിയുടെ ഒളിംപിക് നേട്ടം ഒതുങ്ങും.
കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിൽ ഒരു പരിധിവരെ ഏഷ്യൻ ഗെയിംസ് മേളകൾ സഹായിച്ചിട്ടുണ്ട്. വിശ്വകായികമേളയായ ഒളിംപിക്സിൽ മലയാളികളുടെ വിജയകഥകൾ വിരലിലെണ്ണാവുന്നത് മാത്രം. 1972 മ്യൂണിക് ഒളിംപിക്സിൽ മാനുവൽ ഫ്രെഡറിക്സും 2022 ടോക്കിയോയിൽ പി.ആർ.ശ്രീജേഷും ഹോക്കിയിൽ നേടിയ വെങ്കല മെഡലുകളിൽ മലയാളിയുടെ ഒളിംപിക് നേട്ടം ഒതുങ്ങും.
കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിൽ ഒരു പരിധിവരെ ഏഷ്യൻ ഗെയിംസ് മേളകൾ സഹായിച്ചിട്ടുണ്ട്. വിശ്വകായികമേളയായ ഒളിംപിക്സിൽ മലയാളികളുടെ വിജയകഥകൾ വിരലിലെണ്ണാവുന്നത് മാത്രം. 1972 മ്യൂണിക് ഒളിംപിക്സിൽ മാനുവൽ ഫ്രെഡറിക്സും 2022 ടോക്കിയോയിൽ പി.ആർ.ശ്രീജേഷും ഹോക്കിയിൽ നേടിയ വെങ്കല മെഡലുകളിൽ മലയാളിയുടെ ഒളിംപിക് നേട്ടം ഒതുങ്ങും.
കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിൽ ഒരു പരിധിവരെ ഏഷ്യൻ ഗെയിംസ് മേളകൾ സഹായിച്ചിട്ടുണ്ട്. വിശ്വകായികമേളയായ ഒളിംപിക്സിൽ മലയാളികളുടെ വിജയകഥകൾ വിരലിലെണ്ണാവുന്നത് മാത്രം. 1972 മ്യൂണിക് ഒളിംപിക്സിൽ മാനുവൽ ഫ്രെഡറിക്സും 2022 ടോക്കിയോയിൽ പി.ആർ.ശ്രീജേഷും ഹോക്കിയിൽ നേടിയ വെങ്കല മെഡലുകളിൽ മലയാളിയുടെ ഒളിംപിക് നേട്ടം ഒതുങ്ങും. ഇന്ത്യൻ ഗോൾ വലയം ഭദ്രമാക്കിയതിനാണ് ഇവർ ഇരുവർക്കും മെഡലുകൾ ലഭിച്ചത്. എന്നാൽ, സ്വർണ മെഡൽ തന്നെ നേടാൻ ഒരു ‘പാതി’ മലയാളിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഹോക്കി താരം അലൻ ഷെഫീൽഡ്. 1980ലെ മോസ്‌ക്കോ ഒളിംപിക്‌സിലായിരുന്നു അത്. ഇന്ത്യൻ പൗരത്വം സ്വീകരിച്ച അയർലൻഡ് പൗരൻ ഷെഫീൽഡ് സീനിയറിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റിൽ ഗ്രേസിന്റെയും മകനായ അലൻ ജനിച്ചത് കേരളത്തിലാണ്.
എന്നാൽ, ഏഷ്യയുടെ ഒളിംപിക്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യൻ ഗെയിംസിൽ മലയാളികൾ നേടിയ സുവർണനേട്ടങ്ങൾക്ക് തങ്കത്തേക്കാൾ തിളക്കമുണ്ട്. വിവിധ ഏഷ്യൻ ഗെയിംസ് മേളകളിൽ മലയാളികൾ കഴുത്തിലണിഞ്ഞ സ്വർണ മെഡലുകൾക്ക് കേരളത്തിന്റെ കായികക്കുതിപ്പിന് കരുത്തുപകർന്ന ചരിത്രമാണുള്ളത്.
∙ ഫുട്ബോളിൽ തങ്കമണിഞ്ഞ് പാപ്പനും സാലിയും, പിന്നാലെ ചന്ദ്രശേഖരനും
1951ൽ ഡൽഹിയിൽ അരങ്ങേറിയ പ്രഥമ ഏഷ്യൻ ഗെയിംസിൽ തന്നെ മലയാളി തന്റെ സജീവ സാന്നിധ്യം അറിയിച്ചു. ഫുട്‌ബോളിൽ തിരുവല്ല പാപ്പനും (തോമസ് മത്തായി വർഗീസ്) കോട്ടയം സാലിയും അത്‌ലറ്റിക്‌സിൽ എരോൾഡ് ഡിക്ലോസും മലയാളത്തിന്റെ പ്രതിനിധികളായി അരങ്ങേറ്റം കുറിച്ചു. ഫുട്‌ബോളിൽ ഇന്ത്യയ്‌ക്കായിരുന്നു അന്ന് സ്വർണം. അങ്ങനെ ആദ്യ മേളയിൽ തന്നെ രണ്ടു മലയാളികൾ സ്വർണ ജേതാക്കളായി. തിരുവല്ല പാപ്പനും കോട്ടയം സാലിയും. 400 മീറ്റർ ഹർഡിൽസിൽ ഡിക്ലോസ് മികച്ച പ്രകടനം നടത്തിയെങ്കിലും നാലാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രഥമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതോടെയാണ് ഇന്ത്യയുടെ ഫുട്ബോൾ ടീം ആദ്യമായി ഒരു രാജ്യാന്തര ടൂർണമെന്റിൽ വിജയം നേടുന്നത്. 1951 മാർച്ച് 10ന് നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ സുവർണനേട്ടം. ചരിത്രനേട്ടം കുറിച്ച ഇന്ത്യൻ ടീമിൽ പേരെടുത്ത ഒട്ടേറെ താരങ്ങൾ. നായകനായി ശൈലൻ മന്ന. മുന്നേറ്റ നിരയിൽ സന്തോഷ് നന്ദി, സാഹൂ മേവാലാൽ, പി. വെങ്കടേഷ്, അഹമ്മദ് ഖാൻ. ഇവർക്കൊമാണ് തിരുവല്ല പാപ്പനും കോട്ടയം സാലിയും കളത്തിലിറങ്ങിയത്.
∙ തിരുവല്ല പാപ്പൻ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മലയാളി ഒളിംപ്യൻ
1948ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോളിനെ പ്രതിനിധീകരിച്ച തിരുവല്ല പാപ്പൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മലയാളി ഒളിംപ്യനാണ്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1940– 50 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ. തിരുവല്ല എംജിഎം സ്കൂൾ മൈതാനത്താണു പാപ്പൻ ഫുട്ബോളിന് തുടക്കമിട്ടത്. തിരുവിതാംകൂർ പൊലീസ് ടീമിലേക്കു ക്ഷണിക്കപ്പെട്ടതു വഴിത്തിരിവായി.
തുടർന്ന് ബോംബെ ടാറ്റാസിന്റെ നായകനായി. 1945 മുതൽ 1956 വരെ സന്തോഷ് ട്രോഫിയിൽ ബോംബെയ്ക്കുവേണ്ടി കളിച്ചു. 1942 മുതൽ 1952 വരെ ഇന്ത്യൻ ടീമിൽ. സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്. വിരമിച്ചശേഷം പരിശീലകനായി. 1964ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്രയുടെ കോച്ച് ആയിരുന്നു. 1979ൽ ലോകത്തോടു വിട പറഞ്ഞു.
∙ പി.ബി. മുഹമ്മദ് സാലി എന്ന കോട്ടയം സാലി
കോട്ടയം പുളിമൂട് ജംക്‌ഷനു സമീപത്തുള്ള പുത്തൻപറമ്പിൽ വീട്ടിലാണ് പി.ബി. മുഹമ്മദ് സാലിയുടെ ജനനം. സിഎംഎസ് കോളജ് ടീമിലൂടെയും കോട്ടയത്തെ ആദ്യകാല ടീമുകളിലൊന്നായ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ (എച്ച്എംസി) ക്ലബ്ബിലൂടെയും കളിക്കളത്തിൽ സജീവമായി. സാലിയുടെ കളി കണ്ട കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ക്ലബ് അദ്ദേഹത്തെ പൊന്നും വിലയ്ക്കു സ്വന്തമാക്കി. 1945 മുതൽ 53 വരെ ഈസ്റ്റ് ബംഗാൾ മുന്നേറ്റനിരയിൽ കളിച്ച സാലി പിന്നീട് ടീമിന്റെ നായകനായി. അതോടെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ മലയാളി ക്യാപ്റ്റൻ എന്ന ബഹുമതി സാലിക്കു സ്വന്തമായി.
ഡ്യുറാൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ്, കൽക്കട്ട ലീഗ് എന്നിവയിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ലെഫ്റ്റ് വിങ്ങറായിരുന്നു സാലി. 1948ലെ ഒളിംപിക് ടീമിൽ സാലിയെ ഉൾപ്പെടുത്താതെ അവസാന നിമിഷം തഴഞ്ഞെങ്കിലും 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ പങ്കെടുത്തതോടെ ഒളിംപ്യൻ സാലിയായി. കളിയിൽനിന്നു വിരമിച്ച ശേഷം സാലിക്കു കൊൽക്കത്തയിൽ കസ്റ്റംസിൽ ജോലി ലഭിച്ചു. അവിടെ സീനിയർ സൂപ്രണ്ടായിരിക്കെ 1979 ജൂൺ 24ന് 52–ാം വയസ്സിലായിരുന്നു അന്ത്യം. നാട്ടിൽനിന്നു ട്രെയിനിൽ ജോലിസ്ഥലത്തേക്കു മടങ്ങും വഴി മദ്രാസിൽവച്ചായിരുന്നു മരണം.
∙ രണ്ടാം ഫുട്ബോൾ സ്വർണം ജക്കാർത്തയിൽ
ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യ പിന്നെയൊരു സ്വർണം നേടുന്നത് 1962 ജക്കാർത്ത ഗെയിംസിലാണ്. അന്ന് ടീമിൽ ഇരിങ്ങാലക്കുടക്കാരൻ ഒ.ചന്ദ്രശേഖരൻ എന്ന റൈറ്റ് ബാക്ക് ഉണ്ടായിരുന്നു. വിവാദങ്ങൾ നിറഞ്ഞ ഫൈനലിൽ ദക്ഷിണ കൊറിയയെ തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. 1960ലെ റോം ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. ചുനി ഗോസ്വാമിയും പി.കെ.ബാനർജിയും പീറ്റർ തങ്കരാജും ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറയുടെ കാലഘട്ടത്തിൽ വലതു വിങ് ബാക്കായി തിളങ്ങിയ താരം. 1964ൽ എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യ വെള്ളി നേടുമ്പോഴും കാവൽ നിരയിൽ ഉറപ്പോടെ ചന്ദ്രശേഖരന്റെ സാന്നിധ്യമുണ്ടായിരുന്നു. 1958 മുതൽ 66 വരെ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം മുംബൈ കാൾടെക്സ്, എസ്ബിഐ ടീമുകൾക്കു വേണ്ടിയും പന്തുതട്ടി. സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ആദ്യ മലയാളി ക്യാപ്റ്റനായിരുന്നു അദ്ദേഹം.
∙ റെക്കോർഡോടെ ഒരു ചാട്ടം, ചരിത്രമായി യോഹന്നാൻ
ഏഷ്യൻ ഗെയിംസിലെ വ്യക്‌തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി കൊല്ലം ജില്ലക്കാരൻ ടി.സി.യോഹന്നാൻ ആണ്. 1974ലെ ടെഹ്‌റാൻ ഗെയിംസിൽ ലോങ്‌ജംപിൽ 8.07 മീറ്റർ ഏഷ്യൻ റെക്കോർഡോടെ ചാടിയാണ് യോഹന്നാൻ സ്വർണം സ്വന്തമാക്കിയത്. അന്ന് വിക്‌ടറി സ്‌റ്റാൻഡിൽ മറ്റൊരു മലയാളിയും യോഹന്നാനൊപ്പം നിന്നു, മൂന്നാം സ്‌ഥാനക്കാരനായ സതീഷ് പിളള. ലോങ്‌ജംപിൽ 8 മീറ്റർ താണ്ടുന്ന ആദ്യ ഇന്ത്യക്കാരൻ യോഹന്നാനാണ്. ഏഷ്യൻ ഗെയിംസിലെ ഏഷ്യൻ റെക്കോർഡോടെയുളള സ്വർണ നേട്ടത്തിനാണ് അദ്ദേഹത്തെ അർജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
കേരളത്തിൽ നിന്ന് ട്രാക്ക് ആൻഡ് ഫീൽഡിൽ ആദ്യമായി അർജുന സ്വന്തമാക്കിയ താരവും യോഹന്നാനാണ്. ഏഷ്യൻ ഗെയിംസിൽ യോഹന്നാൻ കുറിച്ച റെക്കോർഡ് പിന്നീട് 20 വർഷത്തിനുശേഷമാണ് തകർക്കപ്പെട്ടത്. മോൺട്രിയോൾ ഒളിംപിക്‌സിലും യോഹന്നാൻ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു. കൊല്ലം എഴുകോൺ സ്വദേശിയായ യോഹന്നാൻ, പരുക്കിന്റെ പിടിയിലായതോടെ വളരെ മുൻകൂട്ടിത്തന്നെ കളിക്കളങ്ങളിൽ നിന്ന് വിരമിച്ചു. പ്രശസ്‌ത ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മകനാണ്.
∙ ലോങ് ജംപിൽ വീണ്ടും മലയാളി സ്വർണം
1978ലെ ബാങ്കോക്ക് മേളയിൽ യോഹന്നാന്റെ റെക്കോർഡ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും അതേ സ്‌ഥാനത്ത് മറ്റൊരു മലയാളി തലയെടുപ്പോടെ നിന്നു, യോഹന്നാന്റെ ജില്ലക്കാരൻ തന്നെയായ സുരേഷ്‌ബാബു. ലോങ് ജംപ് പിറ്റിൽ നിന്നായിരുന്നു സുരേഷ് ബാബുവിന്റെയും നേട്ടം (7.85 മീറ്റർ).
1972ലെ മ്യൂണിക് ഒളിംപിക്‌സിൽ സുരേഷ്ബാബു പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 19–ാം വയസ്സ് മാത്രമായിരുന്നു. ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റിക് താരമെന്ന വിശേഷണമാണ് അന്ന് അദ്ദേഹം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി താരവും ഇദ്ദേഹം തന്നെയാണ്.
1974 ടെഹ്റാൻ ഗെയിംസിൽ ഡെക്കാത്‌ലണിൽ വെങ്കലം, 1975ൽ സോൾ ഏഷ്യൻ മീറ്റിൽ ഡക്കാത്‌ലണിൽ വെങ്കലം, 78ലെ എഡ്‌മണ്ടൻ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപിൽ വെങ്കലം, 79ൽ ടോക്കിയോയിൽ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ലോങ് ജംപിൽ വെള്ളി എന്നവയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഹൈജംപിൽ തുടങ്ങി പിന്നീട് ലോങ് ജംപിലേക്കും ട്രിപ്പിൾ ജംപിലേക്കും ഡക്കാത്‌ലണിലേക്കും മാറുകയായിരുന്നു. ടി.സി.യോഹനാനും സുരേഷ് ബാബുവിനും പിൻഗാമിയായി അഞ്‌ജു ബോബി ജോർജ് ലോങ് ജംപിൽ സ്വർണം നേടിയത് 2002 ബുസാൻ ഗെയിംസിലാണ്
∙ വനിതാ ചരിതം, ഓമനകുമാരിയുടേയും
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽനേട്ടം കൈവരിച്ച ആദ്യ മലയാളി വനിത എന്ന നേട്ടം എയ്ഞ്ചൽ മേരി ജോസഫിന് സ്വന്തം. 1978 ബാങ്കോക്ക് മേളയിൽ പെന്റാത്‌ലണിലും ലോങ്ജംപിലും എയ്ഞ്ചൽ വെള്ളി നേടി മാലാഖയെപ്പോലെ വിക്ടറി സ്റ്റാൻഡിൽനിന്നു. ഏഷ്യൻ ഗെയിംസിലെ മലയാളി വനിതകളുടെ തുടക്കം ഇവിടെയായിരുന്നു.
എന്നാൽ തൊട്ടടുത്ത ന്യൂഡൽഹി മേളയിൽ (1982) ഇതിലും വലിയൊരു ബഹുമതി മലയാളി പെൺകുട്ടികൾ സ്വന്തം പേരിനോട് ചേർത്തുവച്ചു. അക്കുറി ഇന്ത്യൻ വനിതാവിഭാഗം ഹോക്കിയിൽ സ്വർണം നേടിയപ്പോൾ ഇന്ത്യൻ ടീമിൽ എസ്.ഓമനകുമാരി എന്ന ഹാഫ് ബാക്ക് ഉണ്ടായിരുന്നു. വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ഒരേയൊരു സുവർണ നേട്ടമായിരുന്നു അത്. 1986 സോൾ മേളയിൽ ഇന്ത്യ വെങ്കലം നേടിയപ്പോഴും ഓമനകുമാരി ടീമിലുണ്ടായിരുന്നു. കേരളത്തിനുവേണ്ടിയും മഹാരാഷ്‌ട്രയ്‌ക്കുവേണ്ടിയും റെയിൽവേയ്‌ക്കുവേണ്ടിയും ജഴ്‌സി അണിഞ്ഞിട്ടുണ്ട് അവർ.
റെയിൽവേ, കേരള ടീമുകളുടെ ക്യാപ്‌റ്റനായിരുന്നു. ഏഷ്യൻ ചാംപ്യൻഷിപ്, ലോകകപ്പ് (1983) എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. 1998ൽ അർജുന അവാർഡും സ്വന്തമാക്കി. തിരുവനന്തപുരം കുമാരപുഴ സ്വദേശിയാണ്. എന്നാൽ അതിലും മികച്ചൊരു നേട്ടം പിറ്റേ ദിവസം മറ്റൊരു മലയാളി വനിത സ്വന്തമാക്കി. 400 മീറ്റർ ഹർഡിൽസിൽ സ്വർണവും ഏഷ്യൻ ഗെയിംസ് റെക്കോർഡും തന്റെ പേരിൽ ചേർത്തു കണ്ണൂർകാരി എം. ഡി. വത്സമ്മ. 1982 നവംബർ 27ന് നടന്ന ഫൈനലിൽ 58.47 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണു വൽസമ്മ റെക്കോർഡ് പുസ്‌തകത്തിൽ ഇടം നേടിയത്.
മത്സരത്തിൽ ഉടനീളം ജപ്പാന്റെ യൂമിക്കോ ആവോയി (59.08 സെക്കൻഡ്), ചൈനയുടെ ഗൂയി ഹൂവ ല്യൂവിൻ (59.42 സെക്കൻഡ്) എന്നിവർ ശക്‌തമായ വെല്ലുവിളി ഉണർത്തിയെങ്കിലും അവസാന ഹർഡിലിനു ശേഷം വൽസമ്മ നടത്തിയ കുതിപ്പാണു സ്വർണത്തിലേക്കു നയിച്ചത്. അതോടെ തെന്നിന്ത്യയിൽനിന്ന് സ്വർണം നേടുന്ന ആദ്യ വനിതയായി വൽസമ്മ. (അതിനുമുൻപ് ഇന്ത്യയിൽ വ്യക്‌തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ വനിതകൾ മറ്റു രണ്ടു പേർ മാത്രം– കമൽജിത്ത് സന്ധുവും ഗീതാ സുഷ്‌തിയും).
∙ മെഡലുകൾ വാരിക്കൂട്ടി ഉഷ
1986ൽ സോളിൽ അരങ്ങേറിയ ഗെയിംസ് പയ്യോളി എക്‌സ്‌പ്രസ് പി.ടി.ഉഷ നാലിനങ്ങളിൽ സ്വർണത്തേരോട്ടം നടത്തി തന്റെ മേളയാക്കി മാറ്റി. 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 400 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 100 മീറ്ററിൽ ലിഡിയ ഡിവേഗയ്‌ക്ക് പിന്നിലായി വെള്ളിയും. ഈ മെഡൽ കൊയ്‌ത്താണ് ഒര് ഇന്ത്യക്കാരന്റെ പേരിലുളള ഏഷ്യാഡിലെ ഏറ്റവും മികച്ച നേട്ടം. 400 മീറ്റർ റിലേയിൽ അന്ന് ഉഷയ്‌ക്കൊപ്പം വിക്‌ടറിസ്‌റ്റാന്റിൽ നിൽക്കാൻ മറ്റ് രണ്ട് മലയാളികൾ കൂടിയുണ്ടായിരുന്നു, എം.ഡി. വത്സമ്മയും ഷൈനി ഏബ്രഹാമും. ഏറ്റവും കൂടുതൽ ഏഷ്യാഡ് മെഡൽ നേടിയ ഇന്ത്യൻ താരം എന്ന ബഹുമതി ഇന്നും ഉഷയുടെ പേരിലാണ്- അഞ്ച് മേളകളിൽനിന്നായി ആകെ 11 മെഡലുകൾ.
∙ ഹോക്കിയിലെ രാജാക്കൻമാർ
3 തവണ മാത്രമാണ് ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയിട്ടുള്ളത്. 1966, 1998, 2014. ഇതിൽ 1966ലെ ടീമിൽ മലയാളികൾ ആരും ടീമിലുണ്ടായിരുന്നില്ല. 1998ലെ ബാങ്കോക്ക് ഏഷ്യാഡിൽ സ്വർണം നേടിയ ഹോക്കി ടീമിൽ രണ്ടു മലയാളികളുണ്ടായിരുന്നു, സാബു വർക്കിയും അനിൽ ആൽഡ്രിനും. 2014ൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് പി.ആർ.ശ്രീജേഷാണ്. പരമ്പരാഗതവൈരികളായ പാക്കിസ്‌ഥാനായിരുന്നു ഫൈനലിൽ. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ നിർണായക നിമിഷത്തിൽ ശ്രീജേഷിന്റെ സാഹസികമായ സേവിങ്ങുകളിലൂടെയാണ് ഇന്ത്യ ജയം കൈവരിച്ചത്. 2018 ജക്കാർത്ത മേളയിൽ ഇന്ത്യയെ നയിച്ചത് ശ്രീജേഷാണ്. പക്ഷേ അക്കുറി ടീമിനെ വെങ്കലനേട്ടത്തിൽ എത്തിക്കാനേ സാധിച്ചുള്ളൂ.
∙ ബുസാൻ മുതൽ ജക്കാർത്തവരെ– മലയാളി നേട്ടങ്ങൾ
1986ന് ശേഷം ഒരു മലയാളിക്ക് വ്യക്‌തിഗത ഇനത്തിൽ സ്വർണം കഴുത്തിലണിയാൻ ബുസാൻ ഏഷ്യാഡ് വരെ കാത്തിരിക്കേണ്ടിവന്നു. 2002 ബുസാൻ മേള മലയാളിയെ നിരാശപ്പെടുത്തിയില്ല. പതിനാലാം ഏഷ്യൻ ഗെയിംസിന് തിരശീല വീണപ്പോൾ കേരള കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടു. ഏറ്റവും കൂടുതൽ മലയാളികൾ ഏഷ്യാഡ് സ്വർണം സ്വന്തമാക്കിയ മേള എന്ന ബഹുമതി ബുസാൻ ഗെയിംസിന് അവകാശപ്പെട്ടതാണ്.
വ്യക്‌തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലുമായി മൊത്തം 4 കേരളീയരാണ് ബുസാൻ ഗെയിംസിൽ സ്വർണം കഴുത്തിലണിഞ്ഞത്. ലോങ്‌ജംപിൽ അഞ്‌ജു ബോബി ജോർജ് സ്വർണം നേടി സി.യോഹന്നാനും സുരേഷ് ബാബുവിനും പിൻഗാമിയായി. തുടർന്ന് 800 മീറ്ററിൽ കെ.എം.ബീനാമോൾ ഒന്നാം സ്ഥാനത്ത്. സ്വർണം നേടിയ വനിതകളുടെ 400 മീറ്റർ റിലേയിൽ 2 മലയാളികൾ പങ്കെടുത്തു, ബീനാമോളും ജിൻസി ഫിലിപ്പും.
തീർന്നില്ല മലയാളത്തിന്റെ നേട്ടം. മലയാളിയായ ജെ. ഉദയകുമാർ പരിശീലിപ്പിച്ച കബഡി ടീമിൽ സ്വർണം മുത്താൻ കുമ്പളക്കാരൻ കെ.കെ.ജഗദീഷ് എന്ന പട്ടാളക്കാനുണ്ടായിരുന്നു. പുരുഷൻമാരുടെ ടെന്നിസ് ഡബിൾസിൽ ലിയാൻഡർ പെയ്‌സിനൊപ്പം സ്വർണം നേടിയ മഹേഷ് ഭൂപതിക്കുമുണ്ടൊരു മലയാളത്തിന്റെ മണം. പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടുകാരി മീരയുടെ മകനാണ് ഭൂപതി. 2006ൽ ടെന്നിസ് പുരുഷവിഭാഗം ഡബിൾസിൽ ലിയാൻഡർ പെയ്‌സിനൊപ്പം മഹേഷ് ഭൂപതിയുണ്ടായിരുന്നു. അക്കൊല്ലം സ്വർണം നേടിയ വനിതകളുടെ 4x400 മീറ്റർ റിലേ ടീമിൽ ഓടാൻ ചിത്ര കെ.സോമൻ എന്ന മലയാളി വനിതയുണ്ടായിരുന്നു.
2010ൽ ഗ്വാങ്‌ചൗവിൽ 10,000 മീറ്ററിൽ സ്വർണം നേടിയത് ഇടുക്കി രാജാക്കാട് സ്വദേശി പ്രീജ ശ്രീധരനാണ്. 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയത് ജോസഫ് ഏബ്രഹാമായിരുന്നു. ഇന്ത്യൻ വനിതകൾ സ്വർണം നേടിയ 4x400 മീറ്റർ റിലേയിൽ സിനി ജോസ് ഇന്ത്യയ്‌ക്കുവേണ്ടി ഓടി. ചിത്ര കെ. സോമൻ റിസർവ് ആയി അന്ന് ടീമിലുണ്ടായിരുന്നു. വനിതകളുടെ കബഡി മത്സരം ആദ്യമായി ഏർപ്പെടുത്തിയത് 2010ൽ ആണ്. അന്ന് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഒരു മലയാളി ഉണ്ടായിരുന്നു– കാസർകോട് ജില്ലയിൽനിന്നുള്ള ഷർമി ഉലഹന്നാൻ. തൊടുപുഴയിൽനിന്ന് കാസർകോട്ടെ കുടിയേറ്റ ഗ്രാമമായ കൊന്നക്കാട് എന്ന പ്രദേശത്തെത്തിയ കുടുംബത്തിലെ അംഗമാണ് ഷർമി. മെഡൽ നേടുമ്പോൾ കരമന എൻഎസ്‌എസ് കോളജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരുന്നു.
∙ കബഡി ടീമകളിൽ മലയാളികൾ കളിച്ചില്ല, പക്ഷേ കളിപ്പിച്ചു
2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചോണിൽ നടന്ന 17–ാമത് മേളയിൽ രണ്ടു മലയാളികൾക്കുമാത്രമാണ് സ്വർണം കഴുത്തിലണിയാനായത്. ഹോക്കി ഗോൾകീപ്പറായിരുന്ന പി. ആർ. ശ്രീജേഷും 4x400 മീറ്റർ റിലേയിൽ ടിന്റു ലൂക്കയും സ്വർണം നേടി. അത്തവണ 800 മീറ്ററിൽ വെള്ളി നേടിയ ടിന്റു തന്റെ ആകെ ഏഷ്യൻ ഗെയിംസ് മെഡലുകളുടെ എണ്ണം മൂന്നാക്കി. (2010ൽ ടിന്റു ഇതേ ഇനത്തിൽ വെങ്കലം നേടിയിട്ടുണ്ട്). അത്തവണ സ്വർണ മെഡലുകൾ നേടിയ പുരുഷ – വനിതാ കബഡി ടീമുകളിൽ മലയാളികൾ ഇല്ലായിരുന്നെങ്കിലും മലയാളിയായ ജെ. ഉദയകുമാർ പുരുഷ ടീമിന്റെയും ഭാസ്‌കരൻ വനിതാ ടീമിന്റെയും പരിശീലകരായിരുന്നു.
2018 ജക്കാർത്ത മേളയിൽ മലയാളികൾ കുറിച്ചത് സുവർണചരിത്രം. 1500 മീറ്ററിൽ തങ്കമണിഞ്ഞത് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസൻ ജോൺസൻ ആണ്. ഇതുകൂടാതെ 800 മീറ്റർ ഓട്ടത്തിലും ജിൻസൻ വെള്ളി നേടിയിരുന്നു. 4x400 മീറ്റർ വനിതാ റിലേയിൽ സ്വർണത്തിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിൽ മലയാളി താരം വി.കെ.വിസ്മയയും ഉണ്ടായിരുന്നു. നാലാം ലാപ്പിൽ ബഹ്റൈന്റെ ലോക ചാംപ്യൻ സൽവ നാസറിനു പിടികൊടുക്കാതെ, സമ്മർദത്തിൽ തളരാതെ, ഇന്ത്യയെ സ്വർണത്തീരത്തേക്കു നയിച്ച ‘ആങ്കറാ’യി വിസ്മയ റിലേ പൂർത്തിയാക്കി.
മലയാളിത്താരം വൈ.മുഹമ്മദ് അനസിനെ ഭാഗ്യം കടാക്ഷിച്ചത് 2 വർഷത്തിനു ശേഷമാണ്. ജക്കാർത്തയിൽ ഇന്ത്യൻ 4x400 മീറ്റർ മിക്സ്ഡ് റിലേ ടീം നേടിയ വെള്ളി മെഡൽ 2020ൽ സ്വർണമായി ‘ഉയരുകയായിരുന്നു’. ബഹ്റൈൻ അത്‌ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയതോടെയാണ് അനസ്, എം.ആർ.പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് എന്നിവർ ഉൾപ്പെട്ട റിലേ ടീമിന്റെ വെള്ളി പൊന്നായത്. ഇതുകൂടാതെ 400 മീറ്ററിൽ രണ്ടാം സ്ഥാനത്തും വെള്ളി നേടിയ 4x400 മീറ്റർ പുരുഷ ടീമിലും അനസ് ഉണ്ടായിരുന്നു.
∙ ഏഷ്യൻ ഗെയിംസിലെ കുടുംബമഹിമ
ഏഷ്യൻ ഗെയിംസിൽനിന്ന് മെഡലുകൾ സ്വന്തമാക്കിയ മലയാളി കുടുംബക്കാരുടെ കഥയും കായികചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ കേരളത്തിൽനിന്നുള്ള ആദ്യത്തെ താരദമ്പതികളാണ് മുരളിക്കുട്ടനും മേഴ്‌സി മാത്യു കുട്ടനും. ഇരുവരും വിവാഹിതരായത് 1981ൽ ആണ്. 1982ൽ ഡൽഹി ഏഷ്യാഡിലാണ് മേഴ്‌സി ലോങ് ജംപിൽ വെള്ളി നേടിയത്.
മുരളിക്ക് ഏഷ്യൻ ഗെയിംസിൽ ഒരു വെള്ളിയും ഒരു വെങ്കലവും ലഭിച്ചിട്ടുണ്ട്. 1978ലെ ബാങ്കോക്ക് ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ വെള്ളി, 400 മീറ്ററിൽ വെങ്കലം. ഏഷ്യാഡ് മെഡൽ ജേതാക്കളായ ആദ്യ മലയാളികൾ തങ്ങളാണെന്ന കാര്യം ആരെങ്കിലും ഓർമിക്കുന്നുണ്ടോ എന്നു മുരളി അഭിമുഖങ്ങളിൽ പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു. അർജുന അവാർഡ് നൽകി മേഴ്‌സിയെ രാജ്യം ആദരിച്ചെങ്കിലും മുരളിയെ മറന്നു. മെഡൽ നേട്ടത്തിൽ തന്നെക്കാൾ പിന്നിലുള്ളവർ അർജുന നേടിയപ്പോഴും മുരളി സങ്കടപ്പെട്ടില്ല. 2010ൽ മുരളി അന്തരിച്ചു.
പേരാവൂർ കുടക്കച്ചിറ ജോർജ് ജോസഫിന്റെയും മേരി ജോർജിന്റെയും 2 മക്കൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലുണ്ടായിരുന്നു. 1986 സോൾ മേളയിൽ ഇന്ത്യ വെങ്കലം നേടിയതിൽ ഇതിഹാസ താരം ജിമ്മി ജോർജിന്റെ പങ്ക് വലുതാണ്. ഇതുകൂടാതെ 1974, 78 മേളകളിലും ജിമ്മി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ജോസ് ജോർജ് 1978 മേളയിൽ ഇന്ത്യൻ വോളിബോൾ ടീമിലുണ്ടായിരുന്നു. 1974 മേളയിൽ ജോസ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹം സ്‌റ്റാൻഡ് ബൈയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇതേ കുടുംബത്തിലേക്ക് മരുമകളായി കടന്നുവരികയായിരുന്നു അഞ്ജു കെ. മാർക്കോസ്.
2000ൽ ജിമ്മിയുടെ ഇളയ സഹോദരനും കായികതാരവുമായ റോബർട്ട് ബോബി ജോർജിനെ വിവാഹം ചെയ്തതോടെ അഞ്ജു ബോബി ജോർജായി. അഞ്ജു ലോങ്ജംപിൽ നേടിയ ഒരു സ്വർണവും (2002) ഒരു വെള്ളിയും (2006) പേരാവൂർ കുടക്കച്ചിറയുടെ മെഡൽ പട്ടികയിലേക്ക് കൂട്ടാം. റോബർട്ടായിരുന്നു അഞ്ജുവിന്റെ പരിശീലകനും.
ഇടുക്കി കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി വീട്ടിൽ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മക്കൾ രചിച്ചതും ചരിത്രം. 2002 ബുസാൻ ഗെയിംസിൽ മധ്യദൂര ഓട്ടക്കാരി കെ.എം.ബീനാമോൾ നേടിയത് 2 സ്വർണവും (800 മീറ്റർ, 4x400 മീറ്റർ റിലേ) ഒരു വെള്ളിയും (400 മീറ്റർ.). അതേ മേളയിൽ സഹോദരൻ കെ.എം.ബിനു 400 മീറ്ററിൽ വെള്ളി നേടി ചരിത്രം കുറിച്ചു. തൊട്ടടുത്ത വർഷം 4x400 മീറ്റർ റിലേയിൽ ബിനു വെള്ളി നേട്ടം ആവർത്തിച്ചു. കേരളത്തിൽ സഹോദരങ്ങൾ അർജുന പുരസ്‌കാരം സ്വന്തമാക്കുന്നതും ആദ്യമായിരുന്നു.
ബീനാമോൾ 2000ൽ അർജുന പുരസ്‌കാരം നേടിയ താരമാണ്. ആ പാതപിൻപറ്റി അനുജൻ കെ.എം.ബിനു 2007ൽ അർജുന ഏറ്റുവാങ്ങി. അങ്ങനെ കേരളത്തിന്റെ കായിക ചരിത്രത്താളുകളിൽ ഇവർ സ്‌ഥാനംനേടി, കേരളത്തിലെ ആദ്യ അർജുന ജേതാക്കളായ സഹോദരങ്ങൾ എന്ന ബഹുമതിയോടെ. ഇതുകൂടാതെ ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന 2002-03ൽ ബീനാമോൾ സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യാഡ് മെഡൽ നേടിയശേഷം വിവാഹിതരമായ താരങ്ങളാണ് തൃശൂർ നാട്ടിക സ്വദേശി പി. രാമചന്ദ്രനും കോട്ടയം കോരുത്തോടുകാരി ജിൻസി ഫിലിപ്പും. 2003ൽ ആയിരുന്നു വിവാഹം. ബാങ്കോക്ക്, ബുസാൻ ഏഷ്യൻ ഗെയിംസുകളിൽ 4x400 മീറ്റർ റിലേയിൽ വെള്ളിയണിഞ്ഞ ചരിത്രമാണ് രാമചന്ദ്രന്റേത്. 1998ൽ വെള്ളി നേടിയ 4x400 മീറ്റർ റിലേ ടീമിലും 2002ൽ സ്വർണം നേടിയ ടീമിലും ജിൻസിയുണ്ടായിരുന്നു.
∙ ഷൈനി വിൽസൺ: ഇന്ത്യയുടെ ദുഃഖപുത്രി, കൈവിട്ടുപോയ സ്വർണ മെഡലുകൾ വേറെയും
1986 ഒക്‌ടോബർ ഒന്ന്, സോൾ ഏഷ്യാഡ്. വനിതകളുടെ 800 മീറ്റർ ഫൈനൽ നടക്കുകയാണ്. ട്രാക്കിലെ എട്ടാം ലെയ്‌നിൽ ഇന്ത്യയുടെ ഷൈനിങ് സ്‌റ്റാർ ഷൈനി ഏബ്രഹാം. വെടി മുഴങ്ങിയതും ഷൈനിയുടെ കുതിപ്പാണ് കണ്ടത്. ആദ്യ ലാപ്പിൽതന്നെ വ്യക്‌തമായ ലീഡ് നേടിയ ഷൈനി ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഒന്നാമതായിയെത്തി ടേപ്പ് തൊട്ടു.
ഉടൻതന്നെ ഇലക്‌ട്രോണിക് സ്‌കോർ ബോർഡിൽ പേരു തെളിഞ്ഞു: കുരിശിങ്കൽ ഏബ്രഹാം ഷൈനി. കൂട്ടുകാരുടെ അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ ഷൈനി വിശ്രമമുറിയിലേക്ക് പാഞ്ഞു. സ്വർണമെഡൽ കഴുത്തിലണിയുവാനായി വിജയപീഠത്തിൽ കയറുവാൻ നിമിഷങ്ങൾ മാത്രം. ഇന്ത്യൻ ക്യാംപിൽ ആഘോഷങ്ങൾ തുടങ്ങി. അപ്പോഴെക്കും ഒരു ട്രാക്ക് ഒഫീഷ്യൽ ഇന്ത്യൻ സംഘാടകരെ തേടി അവിടെയെത്തി. ദുരന്തദൂതുമായിയാണ് അയാൾ അവിടെയെത്തിയത്: ഷൈനിക്ക് അയോഗ്യത, സ്വർണം നഷ്‌ടപ്പെട്ടു. ആദ്യ 100 മീറ്റർ ഓടുന്നതിനിടയിൽ സ്വന്തം ട്രാക്ക് വിട്ട് തൊട്ടടുത്ത ചൈനക്കാരിയുടെ ട്രാക്കിലൂടെ അൽപദൂരം ഓടിയതാണ് പ്രശ്‌നമായത്. ചൈനക്കാരിയുടെ പരാതി പ്രകാരം വിഡിയോ പരിശോധിച്ച ഉദ്യോഗസ്ഥർ ഷൈനിക്ക് അയോഗ്യത കൽപിച്ചു.
മെഡൽ പ്രതീക്ഷയുമായി എത്തിയ ഷൈനി മുറിയിൽ പൊട്ടിക്കരഞ്ഞു. രണ്ടാം സ്‌ഥാനത്തെത്തിയ ദക്ഷിണ കൊറിയക്കാരി ലിം ചുൻ ഏയ് എന്നയാളെ സ്വർണ ജേതാവായി പ്രഖ്യാപിച്ചു. ഷൈനിയങ്ങനെ അത്തവണത്തെ ഏഷ്യാഡിന്റെ ദുഃഖപുത്രിയായി മാറി. എന്നാൽ അന്നത്തെ റയിൽവേ മന്ത്രി മാധവറാവു സിന്ധ്യ ഷൈനിക്കയച്ച സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങളെ സംബന്ധിച്ച് ഷൈനിയാണ് വിജയം കുറിച്ചത്, ആശംസകൾ’.
അതുപോലെ സ്വർണജേതാവിനുളള ആനുകൂല്യങ്ങളെല്ലാം ഷൈനിക്കും നൽകാൻ അന്നത്തെ ഇന്ത്യൻ സ്‌പോർട്‌സ് ഭാരവാഹികൾ സോളിൽവച്ചുതന്നെ തീരുമാനിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞുനടന്ന 400 മീറ്റർ മത്സരത്തിൽ ഉഷയ്‌ക്കു പിന്നിൽ രണ്ടാം സ്‌ഥാനം നേടുകയും 4x400 മീറ്റർ റിലേയിൽ ഉഷയോടൊപ്പം, ഇന്ത്യയെ സ്വർണത്തിലേക്ക് നയിച്ച് ഷൈനി പകരം വീട്ടി ഒരു പരിധിവരെ ആശ്വാസം കണ്ടു.
ഏഷ്യൻ ഗെയിംസ് ട്രാക്കിൽ മലയാളത്തിന്റെ താരങ്ങൾ നിരാശരായ ചരിത്രം വേറെയുമുണ്ട്. അത് 1982ലെ ഏഷ്യൻ ഗെയിംസിലായിരുന്നു. പുരുഷൻമാരുടെയും വനിതകളുടെയും 4x400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് പിഴവുപറ്റി. പുരുഷവിഭാഗത്തിൽ മൂന്നാംലാപ്പ് ഓടിയ പവിത്തർസിങ് മലയാളിയായ കെ. കെ. പ്രേമചന്ദ്രനു ബാറ്റൻ കൈമാറുമ്പോഴാണ് പിഴവുപറ്റിയത്. തുടക്കത്തിൽ ഇന്ത്യയായിരുന്നു മുന്നിൽ. ബാറ്റൻ കൈവിട്ടു ട്രാക്കിൽ വീണു. അതെടുത്ത് ഓടിയെങ്കിലും വെങ്കലം പോലും ലഭിച്ചില്ല. ഇന്ത്യ നാലാമതായി.
ഈ പിഴവിന്റെ പേരിൽ തുടരെ അപമാനിക്കപ്പെട്ടതുകൊണ്ട് രാജ്യം കണ്ട മികച്ച ഓട്ടക്കാരിലൊരാളുടെ കായിക ജീവിതം പെട്ടെന്ന് അവസാനിച്ചു. വനിതാ വിഭാഗത്തിലാകട്ടെ മൂന്നാം ലാപ്പിലാണ് പിഴവു പറ്റിയത്. അവസാന നിമിഷം ടീം അഴിച്ചുപണിതതാണ് പ്രശ്‌നം സൃഷ്‌ടിച്ചത്. ബാറ്റൺ കൈമാറുന്നതിലുണ്ടായ കാലതാമസമാണ് ഇന്ത്യയെ ചതിച്ചത്. സ്വർണപ്രതീക്ഷയുമായിറങ്ങിയ ഇന്ത്യയ്‌ക്ക് വെള്ളികൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. ആ ടീമിൽ രണ്ട് മലയാളികളുണ്ടായിരുന്നു: എം.ഡി.വൽസമ്മയും പത്മിനി തോമസും . ‘ബാറ്റൻ കൈമാറാൻ വേണ്ടത്ര പരിശീലനം ഞങ്ങൾക്ക് കിട്ടിയിരുന്നില്ല’– മത്സരശേഷം പത്മിനി പരിതപിച്ചു.