ശരീരമാകെ മുറിവ്, ഭാര്യയും മകളും കെട്ടിയിട്ട് പീഡിപ്പിച്ചു: ആ മകൻ പറഞ്ഞു, ഇനിയാർക്കും ഈ ഗതി വരരുത്; കശാപ്പല്ല, പോസ്റ്റ്മോർട്ടം
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്‌മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്‌മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്‌മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്‌മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ആവശ്യം.
50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ വിട്ടുനൽകിയ മൃതദേഹം ഗേറ്റിനു കുറുകെ വച്ചിരിക്കുകയാണ്. രോഷാകുലരായ ആൾക്കൂട്ടം, പോസ്റ്റ്‌മോർട്ടം ചെയ്തതിനെതിരെ വലിയ പ്രതിഷേധവുമായി പുറത്തുണ്ട്.
‘‘മരിച്ച നിലയിൽ കൊണ്ടുവന്നതുകൊണ്ട് പൊലീസിനെ അറിയിക്കേണ്ടതുണ്ട്. ഗുജ്റാൾ എന്നാണ് പൊലീസ് സർജന്റെ പേര്. നാളെ വന്ന് അദ്ദേഹത്തെ കണ്ടാൽ മതി, മൃതദേഹം വിട്ടുതരും’’ എന്നാണ് ആശുപത്രിയിൽ നിന്ന് അവരോട് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടം എന്ന പ്രക്രിയ ഇതിനിടയിൽ നടക്കേണ്ടതുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ല. ഇൻക്വസ്റ്റ് കഴിഞ്ഞ് മൃതദേഹം വിട്ടുതരുമെന്നു കരുതിയിടത്ത് പോസ്റ്റ്‌മോർട്ടം നടത്തിയെന്നറിഞ്ഞപ്പോൾ അവരുടെ രോഷം അണപൊട്ടിയതാണ്. വലിയ ദേഷ്യത്തിൽ ബന്ധുക്കൾ പലരും എന്നോട് സംസാരിച്ചു. രോഗിയായ സ്ത്രീയാണ്, വിശ്വാസപരമായ കാരണങ്ങളുണ്ട്. തീർച്ചയായും അവരുടെ മനോവിഷമം മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
ഞാനിതൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസ്സിലായപ്പോൾ അവരുടെ ദേഷ്യം തണുത്തു. പിന്നീട് ബന്ധുക്കളോട് വിശദമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഭിന്നശേഷിക്കാരിയായിരുന്ന അവർ വർഷങ്ങളായി രോഗിയാണ്. വൃക്കരോഗത്തിന് സ്ഥിരമായി ജില്ലാ ആശുപത്രിയിൽനിന്ന് ചികിത്സയെടുത്തിരുന്നു. ഡയാലിസിസിന് വേണ്ടി പലപ്പോഴും കൈകളിൽ താങ്ങിയെടുത്താണ് ഭർത്താവ് കൊണ്ടുവന്നിരുന്നത്. അത്രത്തോളം അടുപ്പത്തിൽ ചേർത്തുപിടിച്ചിരുന്ന ഭാര്യയെ താനറിയാതെ പോസ്റ്റ്‌മോർട്ടം ചെയ്തത് സഹിക്കാനാവാതെ വിതുമ്പിക്കരയുകയായിരുന്നു അയാൾ.
∙ എനിക്കുമുണ്ടായി ആ അനുഭവം
നിയമവും ആളുകളുടെ മനോവിഷമവും രണ്ട് തട്ടിലാവുന്ന ചില സന്ദർഭങ്ങളിലൊന്നാണിത്. ഒരാളെ മരിച്ചനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നാൽ, വിവരം പൊലീസിനെ അറിയിക്കേണ്ടതും മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടതും ഡോക്ടറുടെ ഉത്തരവാദിത്തമാണ്. പൊലീസ് ഇൻക്വസ്റ്റ് അനുസരിച്ച് മരണകാരണം അവ്യക്തമാണെങ്കിൽ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതായി വരും. പക്ഷേ, ഇൻക്വസ്റ്റ് സമയത്ത് മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തുന്ന കേസുകളിൽ പ്രത്യേകിച്ച് ദീർഘകാലമായി ചികിത്സയിലിരിക്കുന്നവരുടെ കാര്യത്തിൽ ഡോക്ടറുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മോർട്ടം ഒഴിവാക്കാം. ആ തീരുമാനം പറയേണ്ടത് പൊലീസാണ്.
അസ്വാഭാവികതയില്ലാത്ത മരണങ്ങളിൽ, പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹത്തിനായി കാത്തിരിക്കുക എന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്. മരിച്ചതിന്റെ വേദന, ഒന്നു കാണാൻ പറ്റാത്തതിന്റെ വേദന, മൃതദേഹം എപ്പോൾ കിട്ടുമെന്നറിയാത്ത കാത്തിരിപ്പ് ഒക്കെക്കൂടി മരിച്ചയാളുടെ ബന്ധുക്കൾ കടന്നുപോകേണ്ടത് വലിയ വിഷമാവസ്ഥയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ പെട്ടുപോവുമ്പോഴേ നമുക്കതിന്റെ വേദന മനസ്സിലാവൂ. അതിന്റെ വക്കോളം പോയിട്ടുള്ളതുകൊണ്ടു തന്നെ ഈ വിഷമാവസ്ഥയിൽ രോഷാകുലരാവുന്നവരെ എനിക്ക് ഉൾക്കൊള്ളാനാകും.
എന്റെ ഭാര്യാപിതാവിന്റെ മരണം വീട്ടിൽവച്ചായിരുന്നു. ഒരുപാട് അസുഖങ്ങളുടെ ഭാഗമായി ചികിത്സയിലായിരുന്ന അദ്ദേഹം 90 വയസ്സ് അടുപ്പിച്ചാണ് മരിക്കുന്നത്. ബന്ധുക്കളും അയൽക്കാരുമൊക്കെ വന്നശേഷം വിദേശത്ത് നിന്ന് മകൾ എത്താനുള്ളതുകൊണ്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനമായി. സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ മറ്റൊന്നും പറയാതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്ന് രാവിലെ മൃതദേഹം എടുക്കാൻ എത്തുമ്പോൾ പൊലീസ് റിപ്പോർട്ട് ഇല്ലാതെ വിട്ടുതരില്ല എന്നായി. പരിചയമുള്ള ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അന്ന് മരണത്തിൽ അസ്വാഭാവികതയില്ലെന്ന് തെളിയിച്ച് പോസ്റ്റ്‌മോർട്ടം ഒഴിവാക്കി ചടങ്ങുകൾ നടത്താനായത്.
∙ ‘‘ഇനിയാർക്കും ഈ ഗതി വരരുത്’’
ആഭ്യന്തര വകുപ്പിൽ നിന്നും ആരോഗ്യവകുപ്പിന് കൊടുത്തിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, മരിച്ച നിലയിൽ കൊണ്ടുവരുന്ന എല്ലാ കേസുകളിലും പോസ്റ്റ്‌മോർട്ടം ചെയ്തേ തീരൂ. പോസ്റ്റ്‌മോർട്ടം ചെയ്തത് കൊണ്ടുമാത്രം തെളിഞ്ഞിട്ടുള്ള കൊലപാതകങ്ങളും ഒരുപാടുണ്ട്. അടുത്തിടെ ചർച്ചയായ പരമ്പരക്കൊലയിലും നിർണായകമായത് മരിച്ചനിലയിൽ കൊണ്ടുവന്നയാളുടെ പോസ്റ്റ്‌മോർട്ടമായിരുന്നല്ലോ. ഇതെല്ലാം കൂടി നോക്കുമ്പോൾ പോസ്റ്റ്‌മോർട്ടം വേണ്ട എന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ മടിക്കും. ഇവിടെയാണ് കൃത്യമായ ഒരു മാർഗരേഖ പ്രസക്തമാകുന്നത്.
2013ൽ നടന്ന ഒരു സംഭവം ഓർക്കുകയാണ്. പ്രായമായ ഒരു സ്ത്രീക്ക് വീട്ടിൽ വച്ച് പെട്ടെന്ന് വയ്യാതെയാവുന്നു. ജോലിക്കാരിയാണ് ആ സമയത്ത് ഒപ്പമുണ്ടായിരുന്നത്. അടുത്തുള്ള ആളുകളെയൊക്കെ വിളിച്ചുകൂട്ടി അവർ ആശുപത്രിയിൽ എത്തിച്ചു. ഹൃദയസ്തംഭനമുണ്ടായതാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടേക്ക് പോകുന്ന വഴിയിലാണ് അവർ മരിക്കുന്നത്. മരിച്ചനിലയിൽ എത്തിച്ചതുകൊണ്ട് പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണല്ലോ നിയമവശം. വിദേശത്ത് നിന്നെത്തിയ അവരുടെ മകൻ ആകെ സങ്കടത്തിലായി. പോസ്റ്റ്‌മോർട്ടം നടത്തിയാൽ അമ്മയെ കുടുംബകല്ലറയിൽ അടക്കുന്നതിന് തടസ്സമുണ്ടത്രേ. എങ്ങനെയും പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നാണ് ആവശ്യം.
സാധാരണ ഇത്തരം കേസുകളിൽ, പുറമേയ്ക്ക് പരുക്കുകളില്ല, പ്രാഥമികമായ പരിശോധനയിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങളും കാണാനില്ല എന്നൊരു സർട്ടിഫിക്കറ്റ് ഞാൻ നൽകാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി അസ്വാഭാവികതയില്ലെന്ന് കത്ത് നൽകിയാൽ മൃതദേഹം കൈമാറുന്നതിന് തടസ്സമില്ല. പക്ഷേ, ഈ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, ‘‘സാറേ ഞാൻ വിരമിക്കാൻ ഇനി 4 മാസം കൂടിയേ ഉള്ളൂ. ഞാനിതെന്തായാലും വിട്ട് തരില്ല. പോസ്റ്റ്മോർട്ടത്തിന് അപേക്ഷ തരുകയാണ്’’ എന്ന്. അങ്ങനെയൊരു അപേക്ഷ കിട്ടിയാൽ മറ്റൊരു തീരുമാനങ്ങൾക്കും അവിടെ പ്രസക്തിയില്ല. അതൊരു സ്വാഭാവിക മരണമായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. അന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പോകുമ്പോൾ ആ മകൻ എന്നോട് പറഞ്ഞൂ, സാറേ ഇനിയാർക്കും ഈ ഗതി വരരുത് എന്ന്.
മരണകാരണം വ്യക്തമല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകൊടുക്കാനാവില്ലെന്നാണ് നിയമം. പക്ഷേ, ഒരു വീട്ടിൽവച്ച് മുതിർന്ന അംഗം അസുഖബാധിതനായി മരണപ്പെട്ടുവെന്നിരിക്കട്ടെ. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മരണപ്പെട്ടു എന്ന് മറ്റൊരംഗം പഞ്ചായത്തിൽ അറിയിച്ചാൽ മറ്റ് നടപടികൾ ഒന്നുമില്ലാതെ മരണസർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. അങ്ങനെയൊരു വൈരുധ്യവും നിയമത്തിലുണ്ട്. അന്ന് ആ മകന്റെ സങ്കടം എന്നെയും നോവിച്ചു.
പിന്നീട് തിരുവനന്തപുരത്ത് പോയപ്പോൾ ഒരു നിവേദനവുമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിനെ കണ്ടു. അദ്ദേഹം അത് മുഴുവൻ വായിച്ചുനോക്കിയ ശേഷം ചെറിയ ചിരിയോടെ പറഞ്ഞൂ, ‘‘ഞാനിത് നടപ്പിലാക്കില്ല. എന്നിട്ടുവേണം നാട്ടിലെ വയസ്സന്മാരെ മുഴുവൻ സ്വത്ത് അടിച്ചുമാറ്റാനായി കൊലപ്പെടുത്തി’’യെന്ന് പരാതി പറയാൻ എന്ന്. അത് ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്റെ ബുദ്ധിയാണ്. തീർച്ചയായും അങ്ങനെയൊരു വശവും കാണാതിരിക്കാനാവില്ല.
∙ പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയാൽ
അസ്വാഭാവിക മരണങ്ങളിൽ, പോസ്റ്റ്‌മോർട്ടം വേണോ വേണ്ടയോ എന്നത് അപ്രസക്തമായ ചോദ്യമാണ്. നിർബന്ധമായും പോസ്റ്റ്‌മോർട്ടം ചെയ്തിരിക്കണം. പക്ഷേ, അസ്വാഭാവികമോ സ്വാഭാവികമോ എന്ന് ഡോക്ടർമാർക്ക് തീരുമാനിക്കാനാവാത്ത സാഹചര്യങ്ങളുണ്ട്. മരണകാരണമായേക്കാവുന്ന ഒരസുഖത്തിന് ഒരുപാട് നാളായി ചികിത്സയിലിരിക്കുന്നവർ, മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് കൊണ്ടുവരുന്നവർ തുടങ്ങിയ കേസുകളിൽ ഒരന്വേഷണത്തിലൂടെ മരണത്തിൽ അസ്വാഭാവികതയില്ല എന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ പോസ്റ്റ്‌മോർട്ടം ഒഴിവാക്കാവുന്നതേയുള്ളൂ.
പക്ഷേ, അത്തരം കേസുകളിലും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മറ്റ് പരിശോധനകൾ നടത്താം. മരിച്ച ഉടനെതന്നെ ശരീരത്തിൽ നിന്ന് 100 എംഎൽ രക്തം എടുത്ത് രാസപരിശോധന നടത്തിയാൽ വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാവും. പുറമേയ്ക്ക് കാണാത്ത പരിക്കുകൾ ഉണ്ടാകാം പലപ്പോഴും. മരണകാരണമായേക്കാവുന്ന ആന്തരികമായ മുറിവുകൾ തലയിലോ വയറിലോ നെഞ്ചിലോ ഉണ്ടായിട്ടുണ്ടോയെന്ന് അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ എന്നിവയിലൂടെ കണ്ടെത്താം. അങ്ങനെയെന്തെങ്കിലുമൊന്ന് കണ്ടാൽ പോസ്റ്റ്‌മോർട്ടം നടത്തിയേ മതിയാവൂ. കാരണം, കേസ് കോടതിയിൽ എത്തുമ്പോൾ മരണകാരണം സ്ഥാപിക്കാൻ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും.
മഹാരാഷ്ട്രയിൽ നടന്ന ഒരു പഠനം പറയുന്നത്, 50 ശതമാനം പോസ്റ്റ്‌മോർട്ടങ്ങളും അനാവശ്യമാണ് എന്നാണ്. അസ്വാഭാവികമാണോ എന്ന് ഉറപ്പില്ലാത്ത മരണത്തിൽ പോസ്റ്റ്‌മോർട്ടം വേണോ വേണ്ടയോ എന്നതിൽ കൃത്യമായ ചട്ടങ്ങളോടെ ഒരു പ്രാഥമിക സ്ക്രീനിങ് നടന്നിരിക്കണം. സംശയത്തിന്റെ ആനുകൂല്യം നൽകി പരിശോധന ഒഴിവാക്കപ്പെടരുത്. പക്ഷേ, അസ്വാഭാവികതയില്ലെന്ന് അതുവഴി കണ്ടെത്താനായാൽ, ബന്ധുക്കളുടെ മനോവിഷമത്തിന് വലിയ പരിഹാരമാവും. വെർച്വൽ ഓട്ടോപ്സി എന്നൊരു സാങ്കേതികവിദ്യ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇപ്പോഴുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് പകരമാണ് അതെന്ന് പറയാനാവില്ല. ചിലവ് കൂടുതലായതുകൊണ്ടുതന്നെ എല്ലാ ജില്ലയിലും ഓരോന്ന് വീതമെങ്കിലും സ്ഥാപിക്കുക എന്നതും അത്ര എളുപ്പമായേക്കില്ല.
സ്വാഭാവികമെന്ന് കരുതപ്പെടുന്ന മരണങ്ങളിൽ പ്രാഥമികമായ ഒരു സ്ക്രീനിങ് എങ്ങനെ വേണമെന്നത് വിശദമായി ആലോചിച്ച് രൂപപ്പെടുത്തേണ്ടതാണ്. അസുഖത്തിന് ചികിത്സയിലിരിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയും ചെയ്യുന്നവർ, ആളുകളുടെ മുന്നിൽവച്ച് കുഴഞ്ഞുവീണു മരിക്കുന്നവർ തുടങ്ങിയ കേസുകൾ ഉദാഹരണമായെടുക്കാം. പരിശോധനഫലങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മരണത്തിൽ അസ്വാഭാവികതയില്ല എന്ന് ഉത്തമബോധ്യത്തോടെ, ഭയമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് മൃതദേഹം വിട്ടുകൊടുക്കാനാകുന്ന തരത്തിൽ വ്യക്തവും കൃത്യവുമായ ഒരു ചട്ടക്കൂടാണ് ആവശ്യം. എല്ലാമേഖലയിലുള്ളവരുമായി ചർച്ച ചെയ്ത് അങ്ങനെയൊന്ന് നടപ്പാക്കിയാൽ ഒരുപാട് പേർക്ക് ആശ്വാസമാവുന്ന തീരുമാനമായിരിക്കും അത്. ഇപ്പോൾ നടക്കുന്ന പോസ്റ്റ്‌മോർട്ടങ്ങളിൽ നല്ലൊരു ശതമാനം ഒഴിവാക്കാനും കഴിഞ്ഞേക്കും.
∙ പോസ്റ്റ്‌മോർട്ടത്തെ പേടിക്കേണ്ട
ഒരു ശസ്ത്രക്രിയ ചെയ്യുമ്പോൾ ശരീരത്തിൽ മുറിവുണ്ടാക്കുന്നതെങ്ങനെയാണോ അതേ രീതി തന്നെയാണ് പോസ്റ്റ്‌മോർട്ടത്തിലും ഉപയോഗിക്കുന്നത്. പോസ്റ്റ്‌മോർട്ടം എന്നത് കശാപ്പ് ചെയ്യുന്നതു പോലെ ശരീരം വെട്ടിക്കീറുകയാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്. പോസ്റ്റ്‌മോർട്ടത്തിനെതിരെ വലിയ എതിർപ്പുകൾ ഉണ്ടാകുന്നതിന്റെ കാരണവും അതാണ്. അതിനു പുറമേ വിശ്വാസപരമായ കാരണങ്ങളുമുണ്ട്. വിശ്വാസവും യുക്തിയും ഒരിക്കലും ഒന്നിച്ചുപോകില്ലല്ലോ. ഒരാളുടെ വിശ്വാസത്തെ മാനിക്കണം എന്നു തന്നെയാണ് ഭരണഘടന പറയുന്നത്. ഏതെങ്കിലും തരത്തിൽ വിശ്വാസം മറ്റൊരാളുടെ മനുഷ്യാവകാശങ്ങളെയോ മൗലികാവകാശങ്ങളെയോ നിയമ വ്യവസ്ഥയേയോ ലംഘിക്കുമ്പോഴാണ് നിയമപാലകർക്ക് ഇടപെടേണ്ടി വരുന്നത്.
അസ്വാഭാവിക മരണങ്ങളിൽ, ആ വ്യക്തി എങ്ങനെയാണ് മരിച്ചതെന്ന് നിയമത്തിന് അറിയേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളിൽ മറ്റൊന്നിന്റെ പേരിലും പോസ്റ്റ്‌മോർട്ടം ഒഴിവാക്കാനുമാവില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സമയത്ത് ലഭ്യമായ ശരീരഭാഗങ്ങളുടെയെല്ലാം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അവിടെ പോസ്റ്റ്മോർട്ടത്തിന്റെ ഉദ്ദേശം മരിച്ച ആളെ തിരിച്ചറിയുക എന്നതാണ്. മരണകാരണം, മരണസമയം, മരിച്ചതാര് എന്നീ ചോദ്യങ്ങൾക്കാണ് ഒരു പോസ്റ്റ്മോർട്ടം ഉത്തരം നൽകുന്നത്. അതേസമയം ബോട്ടപകടം പോലുള്ള സംഭവങ്ങളിൽ പോസ്റ്റ്‌മോർട്ടമില്ലാതെ മൃതദേഹം വിട്ടുനൽകിയിട്ടുമുണ്ട്. അവിടെ മരണകാരണത്തിൽ അവ്യക്തതയില്ലല്ലോ. ലഭ്യമായ തെളിവുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ മരണകാരണത്തിൽ വ്യക്തത വരുത്താനായാൽ, കൃത്യമായ പരിശോധനകളിലൂടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഉറപ്പിക്കാനായാൽ മാത്രം ഒഴിവാക്കാവുന്ന ഒന്നാണ് പോസ്റ്റ്മോർട്ടം.
∙ പോസ്റ്റ്മോർട്ടം ഉയർത്തുന്ന ചോദ്യങ്ങൾ
കുറച്ചുവർഷങ്ങൾക്കു മുൻപാണ്. വൈകുന്നേരം ഒരു ഏഴുമണി സമയത്ത് ഒരു വയോധികനുമായി അയാളുടെ ഭാര്യയും മകളും മകളുടെ സുഹൃത്തും ആശുപത്രിയിൽ എത്തുന്നു. വന്നപ്പോഴേക്കും ആൾ മരിച്ചിരുന്നു. പെട്ടെന്ന് സുഖമില്ലാതായി മരിച്ചു എന്നാണ് അവർ പറഞ്ഞത്. കയ്യിലും മറ്റും കണ്ട മുറിവുകൾ അത്യാഹിതവിഭാഗത്തിലെ ഡോക്ടറിൽ സംശയമുണ്ടാക്കി. മുറിവുകൾ പാല് കൊടുത്തപ്പോൾ സംഭവിച്ചതാണെന്നാണ് അവർ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം ചെയ്യാതെ ഭൗതികശരീരം വിട്ടുതരണം എന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ നൂറോളം മുറിവുകൾ കണ്ടെത്തി. ദിവസങ്ങളായി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു ആ മനുഷ്യനെ.
പോസ്റ്റ്മോർട്ടം വേണ്ട എന്ന് നിർബന്ധം പിടിക്കുന്ന കേസുകളിലും പ്രാഥമിക സ്ക്രീനിങ് നിർബന്ധമാക്കണം എന്ന് പറഞ്ഞതിന്റെ കാരണമിതാണ്. ബന്ധുക്കളുടെ വാശി കാരണം ആരുടെയെങ്കിലും ഒക്കെ സ്വാധീനഫലമായി ഒഴിവായിപ്പോകുന്ന ഒട്ടേറെ പോസ്റ്റ്മോർട്ടങ്ങൾ ഇപ്പോഴുമുണ്ട്. അത്തരം കേസുകളിലും പലരും രക്ഷപ്പെട്ട് പോകുന്നുണ്ടാകാം. അവർക്കും നീതി ഉറപ്പാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ.
24 മണിക്കൂറും പോസ്റ്റ്‌മോർട്ടം നടത്താമെന്ന് കേരള ഹൈക്കോടതി പറഞ്ഞത് അടുത്തിടെയാണ്. വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരും മറ്റ് സൗകര്യങ്ങളുമുണ്ടെങ്കിൽ അത് നടപ്പാക്കുന്നത് നല്ലതു തന്നെയാണ്. പക്ഷേ, നമ്മുടെ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിയമം നടപ്പായാൽ പല പാളിച്ചകളും ഉണ്ടാവാനിടയുണ്ട്. ഒരു കൊലപാതകകേസ് ആണെങ്കിൽ, ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനുമായി കാത്തിരിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അങ്ങനെയല്ലാത്ത ‘സ്വാഭാവിക’ മരണങ്ങളിൽ പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി ഒന്നോ രണ്ടോ ദിവസം കാത്തിരിക്കേണ്ടി വരുന്നത് ബന്ധുക്കൾക്ക് വലിയ ബുദ്ധിമുട്ടാക്കുന്നുണ്ട്.
വർഷങ്ങളായി കേൾക്കുന്ന ചില സങ്കടങ്ങളുണ്ട്. മരണശേഷവും ശരീരത്തിന് വേദന അറിയാനാവുമെന്നും പോസ്റ്റ്‌മോർട്ടം പ്രിയപ്പെട്ടവർക്ക് വലിയ വേദനയുണ്ടാക്കുമെന്നും കരുതുന്നവരുണ്ട്. മരണശേഷം 24 മണിക്കൂർ സമയത്തേക്ക് ആത്മാവ് ഒപ്പമുണ്ടാകുമെന്നും പോസ്റ്റ്‌മോർട്ടം ആത്മാവിനെ വിഷമിപ്പിക്കുമെന്നും കരുതുന്നവരുണ്ട്, അന്ത്യനാളിൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ ശരീരം അതേപോലെയുണ്ടാവണമെന്നും അത് പോസ്റ്റ്‌മോർട്ടം ഇല്ലാതാക്കുമെന്നും കരുതുന്നവരുണ്ട്. മുൻപ് പറഞ്ഞതുപോലെ വിശ്വാസവും യുക്തിയും ചേർന്നുപോകുന്നതല്ലല്ലോ. കൃത്യമായ മാർഗരേഖകളോടെ ഒരു പ്രാഥമിക സ്ക്രീനിങ് നടത്തിയാൽ ഒരുപാട് പോസ്റ്റ്‌മോർട്ടങ്ങൾ ഒഴിവാക്കാനാകും. ഒരുപാട് പേരുടെ വിശ്വാസങ്ങളെ മുറിവേൽപിക്കാതെയുമിരിക്കാം. പോസ്റ്റ്‌മോർട്ടം ഉയർത്തുന്ന നൈതികവും ധാർമികവും മാനുഷികവുമായ ഒരുപാട് ചോദ്യങ്ങളുണ്ട്. എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോഴും അതിന്റെ ലക്ഷ്യം ചെന്നുനിൽക്കേണ്ടത് പരേതന്റെ ബന്ധുമിത്രാദികൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുക എന്നതിലേക്കാവട്ടെ.