കൊച്ചിൻ ഷിപ്പ്‍യാർഡിന് 37,800 കോടിയുടെ പുതിയ ഓർഡർ പ്രതീക്ഷകൾ; ഓഹരികളിൽ ഉണർവ്
ഗാർഡൻ റീച്ചിന് നിലവിൽ 25,231 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഇതിൽ 90 ശതമാനവും കപ്പൽ നിർമാണത്തിനുള്ളതാണ്. 40,000 കോടി രൂപയുടേതാണ് നിലവിൽ മാസഗോൺ ഡോക്കിന്റെ ഓർഡർ മൂല്യം.
ഗാർഡൻ റീച്ചിന് നിലവിൽ 25,231 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഇതിൽ 90 ശതമാനവും കപ്പൽ നിർമാണത്തിനുള്ളതാണ്. 40,000 കോടി രൂപയുടേതാണ് നിലവിൽ മാസഗോൺ ഡോക്കിന്റെ ഓർഡർ മൂല്യം.
ഗാർഡൻ റീച്ചിന് നിലവിൽ 25,231 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഇതിൽ 90 ശതമാനവും കപ്പൽ നിർമാണത്തിനുള്ളതാണ്. 40,000 കോടി രൂപയുടേതാണ് നിലവിൽ മാസഗോൺ ഡോക്കിന്റെ ഓർഡർ മൂല്യം.
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന് 37,820 കോടി രൂപയുടെ അധിക ഓർഡർ പ്രതീക്ഷകൾ. ഇതിൽ 7,820 കോടി രൂപയുടേത് ഏറെക്കുറെ ഉറപ്പായെന്നാണ് സൂചനകൾ.
ഇതിൽ 6,500 കോടി രൂപയുടേത് വിദേശ ഉപയോക്താക്കൾക്ക് വെസ്സലുകൾ നിർമിച്ച് കൈമാറാനുള്ള കയറ്റുമതി ഓർഡറുകളായിരിക്കും. ആഭ്യന്തര ഉപയോക്താക്കൾക്ക് വെസ്സലുകൾ നിർമിച്ച് കൈമാറാനുള്ള 1,100 കോടി രൂപയുടെ ഓർഡറും ഉടൻ ലഭിക്കുമെന്ന് കരുതുന്നു. മറ്റൊന്ന് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന 220 കോടി രൂപയുടെ ഓർഡറാണ്. ഇതിന്റെ പ്രൊപ്പോസൽ നടപടികൾ പുരോഗമിക്കുന്നു.
30,000 കോടി രൂപയുടെ ഓർഡറുകളും ചർച്ചകളിലാണ്. ഇവയ്ക്ക് പുറമേ, ഇന്നത്തെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പ്രഖ്യാപിക്കുന്ന 1.2 ലക്ഷം കോടി രൂപയുടെ മെഗാ പദ്ധതികളുടെ പ്രയോജനവും കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.
നിലവിൽ കൈവശം 22,500 കോടി
നിലവിൽ കൊച്ചി കപ്പൽശാലയുടെ കൈവശം 22,500 കോടി രൂപയുടെ ഓർഡറുകളുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കമ്പനി സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിൽ നിന്നുള്ള പ്രതിരോധ ഓർഡറുകളാണ് ഇതിൽ 15,028 കോടി രൂപയുടേത് (മൊത്തം ഓർഡറിന്റെ 70%). ഇത് മുഖ്യമായും നാവികസേനയ്ക്ക് 15 വെസ്സല്ലുകൾ കൈമാറാൻ വേണ്ടിയുള്ളതാണ്.
ആഭ്യന്തര വാണിജ്യ ഉപയോക്താക്കളിൽ നിന്ന് 18 വെസ്സലുകൾക്കായി 1,225 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട് (6%). 14 വെസ്സലുകൾ നിർമിച്ച് കയറ്റുമതി ചെയ്യാനുള്ള 3,277 കോടി രൂപയുടെ (15%) ഓർഡറുകൾ വിദേശ ഉപയോക്താക്കളിൽ നിന്നും കിട്ടിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിന്റെ മാത്രം കൈവശമുള്ളത് 47 വെസ്സലുകൾക്കായി 19,530 കോടി രൂപയുടെ ഓർഡറുകൾ.
ഉപസ്ഥാപനങ്ങളുടെ കൈവശമാണ് മൊത്തം ഓർഡറിന്റെ 9% (2,057 കോടി രൂപ). ഇതിൽ 1,900 കോടി രൂപയുടെ ഓർഡറുകളും ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിനാണ്. 157 കോടി രൂപയുടെ ഓർഡറുകൾ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‍യാർഡിനും ലഭിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മൊത്തം സംയോജിത ഓർഡറുകളിൽ 1,000 കോടി രൂപയുടേത് കപ്പൽ അറ്റകുറ്റപ്പണികൾക്കുള്ളതാണ്.
മൊത്തം ഓർഡറുകളിൽ 59 ശതമാനവും ഹരിതോർജം ഇന്ധനമായുള്ള വെസ്സലുകൾ (Green Vessels) നിർമിക്കാനുള്ളതാണെന്നത് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ പ്രവർത്തനങ്ങളുടെ മികവാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രജൻ വെസ്സലുകൾ, ഇലക്ട്രിക് കറ്റാമാരൻ ഫെറി വെസ്സലുകൾ തുടങ്ങിയവ കൊച്ചിൻ ഷിപ്പ്‍യാർഡ് നിർമിക്കുന്നുണ്ട്.
പുതിയ പദ്ധതികളും സജീവം
കൊച്ചിൻ ഷിപ്പ്‍യാർഡ് 970 കോടി രൂപ ചെലവിട്ട് എറണാകുളം വില്ലിങ്ടൺ ഐലൻഡിൽ സജ്ജമാക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയിൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് കഴിഞ്ഞമാസം തുടക്കമിട്ടിരുന്നു. ഇവിടെ ആദ്യ അഥിതിയായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കപ്പലായ എച്ച്എസ്‍സി പരലിയാണ് എത്തിയത്. 1,800 കോടി രൂപ ചെലവിട്ട് തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഒക്ടോബറോടെ ഇവിടെയും പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പ്രതിരോധ ഓഹരികളിൽ ഉണർവ്
കഴിഞ്ഞ ഒരുവർഷത്തിനിടെ 300 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ കഴിഞ്ഞ ഒരുമാസമായി തളർച്ചയുടെ ഓളങ്ങളിലായിരുന്നു. ഒരുമാസത്തിനിടെ ഓഹരിവില 23% താഴേക്കുപോയി. ലാഭമെടുപ്പാണ് പ്രധാനമായും തിരിച്ചടിയായത്. ഇന്ന് ഓഹരി വില, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കവേ എൻഎസ്ഇയിൽ 4.84% കയറി 1,940.95 രൂപയിലാണുള്ളത്. ഒരുവേള വില ഇന്ന് 1,947.70 രൂപ വരെയും എത്തിയിരുന്നു.
കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ വിപണിമൂല്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും 50,000 കോടി രൂപയും കടന്നു. കഴിഞ്ഞ ജൂലൈ 8ന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ സർവകാല റെക്കോർഡ് ഉയരം. തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഓഹരിക്ക് തിരിച്ചടിയായത്.
പുതിയ ഓർഡർ പ്രതീക്ഷകളുടെ കരുത്തിലാണ് ഇന്ന് കപ്പൽശാലാ ഓഹരികൾ മുന്നേറുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗം നടക്കുന്നുണ്ട്. 1.2 ലക്ഷം കോടി രൂപയുടെ മെഗാ പദ്ധതികൾക്ക് യോഗം അംഗീകാരം നൽകിയേക്കും.
കൊച്ചിൻ ഷിപ്പ്‍യാർഡ്, മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ്, ബെമൽ, എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ് എന്നിവയ്ക്കാകും ഇതിന്റെ പ്രധാന പ്രയോജനം ലഭിച്ചേക്കുക. മസഗോൺ ഡോക്ക് എട്ട് ശതമാനവും ഗാർഡൻ റീച്ച് 7 ശതമാനവും നേട്ടത്തിലാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. മറ്റ് പ്രതിരോധ ഓഹരികളും ഇന്ന് മികച്ച ഉണർവിലാണ്.
ഗാർഡൻ റീച്ചിന് നിലവിൽ 25,231 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഇതിൽ 90 ശതമാനവും കപ്പൽ നിർമാണത്തിനുള്ളതാണ്. 40,000 കോടി രൂപയുടേതാണ് നിലവിൽ മാസഗോൺ ഡോക്കിന്റെ ഓർഡർ മൂല്യം. സബ്മറീനുകളുടെ നിർമാണത്തിൽ ശ്രദ്ധിക്കുന്ന മാസഗോൺ വൈകാതെ 27,000 കോടി രൂപ മൊത്തം മൂല്യം മതിക്കുന്ന മൂന്ന് സബ്മറീനുകളുടെ ഓർഡറുകൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. 26,000 കോടി രൂപയുടെ ഓർഡറുകൾ അടുത്തിടെ ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും (എച്ച്എഎൽ) വ്യക്തമാക്കിയിരുന്നു.