ആറാംനാളിൽ കുതിപ്പിലേറി ഓഹരി വിപണി; റിലയൻസ് ഓഹരിവില ഇന്ന് '50% കുറഞ്ഞത്' എന്തുകൊണ്ട്?
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില കഴിഞ്ഞ വാരാന്ത്യം 2,655 രൂപയായിരുന്നത് ഇന്ന് 1,338 രൂപയായി കുറഞ്ഞു!. യഥാർഥത്തിൽ ഇന്ന് വിലയിടിയുകയല്ല സംഭവിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില കഴിഞ്ഞ വാരാന്ത്യം 2,655 രൂപയായിരുന്നത് ഇന്ന് 1,338 രൂപയായി കുറഞ്ഞു!. യഥാർഥത്തിൽ ഇന്ന് വിലയിടിയുകയല്ല സംഭവിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില കഴിഞ്ഞ വാരാന്ത്യം 2,655 രൂപയായിരുന്നത് ഇന്ന് 1,338 രൂപയായി കുറഞ്ഞു!. യഥാർഥത്തിൽ ഇന്ന് വിലയിടിയുകയല്ല സംഭവിച്ചത്.
വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കും കമ്പനികളുടെ നിരാശനിറഞ്ഞ സെപ്റ്റംബർപാദ പ്രവർത്തനഫവും മൂലം കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങളിൽ തുടർച്ചയായി വൻ നഷ്ടം നേരിട്ട ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് കുതിച്ചുപായുന്നത് നേട്ടത്തിന്റെ ട്രാക്കിൽ. വ്യാപാരം അവസാനത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 762 പോയിന്റ് (+0.96%) നേട്ടവുമായി 80,164ൽ. നിഫ്റ്റി 215 പോയിന്റ് (+0.9%) ഉയർന്ന് 24,396ലുമെത്തി.
ഇന്നൊരുവേള സെൻസെക്സ് 1,100ഓളം പോയിന്റ് കുതിച്ച് 80,539 വരെയും നിഫ്റ്റി 300ലേറെ പോയിന്റ് ഉയർന്ന് 24,492 വരെയും എത്തിയിരുന്നു. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 6 ലക്ഷം കോടി രൂപയിലധികം ഉയർന്ന് 442 ലക്ഷം കോടി രൂപയും കടന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ മൂല്യം 436.98 ലക്ഷം കോടി രൂപയായിരുന്നു. ഐസിഐസിഐ ബാങ്ക് (+3.26%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+3.16%), അദാനി പോർട്സ് (+3.03%) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ആക്സിസ് ബാങ്ക് (-1.37%), കൊട്ടക് മഹീന്ദ്ര ബാങ്ക് (-1.27%), ടെക് മഹീന്ദ്ര (-0.66%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്.
നിഫ്റ്റിയിൽ 6.45% ഉയർന്ന് ശ്രീറാം ഫിനാൻസ് നേട്ടത്തിൽ ഒന്നാമതാണ്. അദാനി എന്റർപ്രൈസസ് 4.62% ഉയർന്ന് രണ്ടാമതുണ്ട്. കോൾ ഇന്ത്യ 3.29% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതാണ്. വിശാല വിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് പച്ചപ്പണിഞ്ഞു. ബാങ്ക് നിഫ്റ്റി 1.04% ഉയർന്നു. പൊതുമേഖലാ ബാങ്ക് സൂചികയാണ് 3.94% കുതിച്ച് നേട്ടത്തിൽ മുന്നിൽ. നിഫ്റ്റി മെറ്റൽ 2.84% നേട്ടത്തിലേറി. ഓഹരി നിക്ഷേപകർക്കിടയിൽ ആശങ്കമാറി ആവേശം തിരിച്ചുവരുന്നുവെന്ന് വ്യക്തമാക്കി, ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് 2.71% ഇടിഞ്ഞു.
നേട്ടത്തിന്റെ കാരണങ്ങൾ
ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എസ്ബിഐ, ടാറ്റാ മോട്ടോഴ്സ് എന്നിവ സ്വന്തമാക്കിയ മികച്ച നേട്ടമാണ് ഇന്ന് ഓഹരി സൂചികകളെ ആവേശത്തിലാക്കിയത്. പ്രതീക്ഷകളെ കവച്ചുവച്ച മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലമാണ് ഐസിഐസിഐ ബാങ്ക് ഓഹരികൾക്ക് ഊർജമായത്. ലാഭം 14.5 ശതമാനവും അറ്റ പലിശ വരുമാനം (എൻഐഐ) 9.5 ശതമാനവും ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ച വൻതോതിൽ തകർച്ച നേരിട്ട ഓഹരികളിൽ, വിലയിടിവ് മുതലെടുത്ത് ഇന്ന് വാങ്ങൽ താൽപര്യം വർധിച്ചതും ക്രൂഡോയിൽ വിലയിടിവും ഓഹരി വിപണിയുടെ നേട്ടത്തിന് കരുത്തുപകർന്നു.
റിലയൻസ് ഓഹരിവില 50% ഇടിഞ്ഞോ?
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില കഴിഞ്ഞ വാരാന്ത്യം 2,655 രൂപയായിരുന്നത് ഇന്ന് 1,338 രൂപയായി കുറഞ്ഞു!. യഥാർഥത്തിൽ ഇന്ന് വിലയിടിയുകയല്ല സംഭവിച്ചത്. ഓഹരികൾ ബോണസ് ഇഷ്യൂവിന് ശേഷം വില ക്രമീകരിച്ചത് കൊണ്ടാണ് ഇത്തരത്തിൽ പാതിയായി കുറഞ്ഞത്. ഫലത്തിൽ വില ഇടിഞ്ഞിട്ടില്ല. ഓഹരികളുടെ എണ്ണം ആനുപാതികമായി കൂടുകയാണ് ചെയ്തത്.
ഒരു ഓഹരിക്ക് ഒന്ന് (1:1) എന്ന അനുപാതത്തിലാണ് റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ബോണസ് ഓഹരി വിൽപന പ്രഖ്യാപിച്ചത്. അതായത്, നിലവിൽ നിങ്ങളുടെ കൈവശം റിലയൻസ് ഇൻഡ്സ്ട്രീസിന്റെ 10 ഓഹരികൾ ഉണ്ടെന്നിരിക്കട്ടെ. ഒന്നിനൊന്ന് വീതം 10 എണ്ണം കൂടി നിങ്ങൾക്ക് ബോണസ് ആയി ലഭിക്കും. അതോടെ നിങ്ങളുടെ കൈവശമുള്ള ഓഹരികൾ 20 ആകും. എന്നാൽ, മൂല്യത്തിൽ മാറ്റമുണ്ടാകില്ല. കാരണം, വില ആനുപാതികമായി ക്രമീകരിക്കും. അതുകൊണ്ടാണ് ഇന്ന് വില 50% കുറഞ്ഞതായി തോന്നുന്നത്.
നിലവിൽ വിപണിയിലുള്ള ഓഹരികളുടെ എണ്ണം ഉയർത്തി, ഓഹരി ലഭ്യത വർധിപ്പിക്കുന്ന നടപടിക്രമമാണ് ബോണസ് ഇഷ്യൂ. ഇത് കൂടുതൽ പേർക്ക് ഓഹരി നേടാൻ സഹായകവുമാകും. ഇതിനുമുമ്പ് 1980, 1983, 1997, 2009, 2017 വർഷങ്ങളിലും റിലയൻസ് ഇൻഡസ്ട്രീസ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)