മക്കൾക്കായുള്ള നിക്ഷേപം; ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി ഉപയോഗപ്പെടാതെ പോകുന്ന അവസ്ഥ പലർക്കും വരാറുണ്ട്. ശരിയായ പദ്ധതി കണ്ടെത്തി നേരത്തെ നിക്ഷേപം തുടങ്ങുന്നതടക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അവ ഒഴിവാക്കാനാകും. മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി നിക്ഷേപിക്കുമ്പോൾ മിക്ക മാതാപിതാക്കൾക്കും പറ്റുന്ന അബദ്ധങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിക്കുന്നത് മക്കളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കില്ല.
∙ സമയത്ത് പണം കിട്ടില്ല
മാസം കിട്ടുന്ന 30,000 രൂപയിൽനിന്ന് 5,000 രൂപ വീതം മനോജ് കുമാർ നിക്ഷേപിച്ചത് മകളുടെ പഠനത്തിനുള്ള പണത്തിന് ഓടി നടക്കേണ്ടിവരരുത് എന്നുറപ്പിച്ചാണ്. പെൺകുട്ടിയുടെ ഭാവി ആവശ്യങ്ങൾക്ക് ഉയർന്ന പലിശയും സർക്കാർ ഗാരന്റിയുമുള്ള മികച്ച നിക്ഷേപമായ സുകന്യ സമൃദ്ധി യോജനയിൽ ഏഴു വയസ്സുകാരിയുടെ പേരിൽ നിക്ഷേപവും ആരംഭിച്ചു. ഇഷ്ടകോഴ്സിന് അടുത്ത വർഷം അഡ്മിഷൻ എടുക്കേണ്ടതിനാൽ എത്ര രൂപ കിട്ടും എന്ന് ഈയിടെ അന്വേഷിച്ചപ്പോഴാണ് മനോജ് ഞെട്ടിയത്. അക്കൗണ്ടിൽ പലിശയടക്കം ഒൻപതു ലക്ഷത്തിലധികം രൂപയുണ്ടെങ്കിലും 4.5 ലക്ഷമേ എടുക്കാനാകൂ. കൃത്യമായി പ്ലാൻ ചെയ്തിട്ടും മൊത്തം നിക്ഷേപിച്ച ആറു ലക്ഷം രൂപപോലും എടുക്കാനാകില്ല.
∙ പോളിസിയിലെ കുരുക്ക്
പരിചയക്കാരനായ ഏജന്റിന്റെ നിർദേശമനുസരിച്ചാണ് മുഹമ്മദ് സലിം പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ ചൈൽഡ് പ്ലാൻ എടുത്തത്. മകന്റെ ഉപരിപഠനത്തിന് നല്ലൊരു തുക ഉറപ്പാക്കാമെന്നതായിരുന്നു പ്രേരണ. എന്നാൽ അപ്രതീക്ഷിതമായി സലിം മരിച്ചതോടെ ആ പോളിസി കുടുംബത്തിനു വലിയ ബാധ്യതയായി. കുട്ടിയുടെ പേരിലുള്ള പോളിസിയായതിനാൽ സലിമിന്റെ മരണാനന്തരം സം അഷ്വേർഡ് കിട്ടിയില്ല. മാത്രമല്ല, പ്രീമിയം വേവിയറോ റൈഡറോ ഇല്ലാത്തതിനാൽ പിതാവിന്റെ മരണാനന്തരവും പ്രീമിയം അടയ്ക്കേണ്ട ഗതികേടുമുണ്ടായി.
∙ പണപ്പെരുപ്പം പണി തരും
മകനെ ഐഐഎം–ൽ തന്നെ പഠിപ്പിക്കണം എന്നതുകൊണ്ടാണ് മാത്യു–ബീന ദമ്പതികൾ കുടുംബസ്വത്ത് വിറ്റുകിട്ടിയതിൽനിന്ന് നിലവിലെ ഫീസായ 17 ലക്ഷം രൂപ ബാങ്കിൽ എഫ്ഡി ഇട്ടത്. അഞ്ചു വർഷത്തിനകം പലിശയടക്കം 22 ലക്ഷം രൂപ ഉറപ്പായും കിട്ടും. പക്ഷേ, അന്ന് മകന്റെ പഠനത്തിന് അവർ ആറു ലക്ഷത്തോളം രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരും എന്നതാണ് വസ്തുത. കാരണം ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശ 6.8% ആണെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസച്ചെലവ് വർഷത്തിൽ 10–12% എങ്കിലും കൂടും.
∙ റിസ്കെടുത്താൽ ഉള്ളതും പോകാം
ഇതുവരെ സമാഹരിച്ച അഞ്ചു ലക്ഷം രൂപ കയ്യിലുണ്ട്. പക്ഷേ, ഒരു വർഷത്തിനകം മകളുടെ പഠനത്തിന് ആറു ലക്ഷമെങ്കിലും വേണം. എവിടെ നിക്ഷേപിച്ചാൽ അതൊപ്പിക്കാം എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് ഒരു വർഷംകൊണ്ട് 70ഉം 80ഉം ശതമാനം നേട്ടം കിട്ടിയ ഫണ്ടുകളെക്കുറിച്ചു പറഞ്ഞത്. മ്യൂച്വൽഫണ്ടിനെക്കുറിച്ച് അറിയില്ലെങ്കിലും നേട്ടം കിട്ടിയവരുടെ വാർത്തകൾ കേട്ടതിനാൽ മറ്റൊന്നും ചിന്തിച്ചില്ല. ഏറ്റവും നേട്ടം നൽകിയ ഫണ്ടിൽ അഞ്ചു ലക്ഷവും നിക്ഷേപിച്ചു. 30% കിട്ടിയാലും 6.5 ലക്ഷമാകുമല്ലോ എന്നായിരുന്നു ചിന്ത. പക്ഷേ, ഒരു വർഷത്തിനുശേഷം പിൻവലിച്ചപ്പോൾ മൊത്തം 3.5 ലക്ഷമാണ് തിരികെക്കിട്ടിയത്. ഒരു വർഷംപോലെ തീരെ കുറഞ്ഞ കാലയളവിൽ ഇക്വിറ്റിഫണ്ടിന് നഷ്ടസാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവിടെ നിക്ഷേപം നടത്തിയതാകട്ടെ റിസ്ക് ഏറ്റവും കൂടിയ സെക്ടർ ഫണ്ടിലും.
മുകളിൽ പറഞ്ഞിരിക്കുന്ന അബദ്ധങ്ങൾ പലർക്കും പറ്റിയിട്ടുള്ളതാണ്. അതൊഴിവാക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിക്കുന്നത് മക്കളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കില്ല
∙ വില്ലനാകും പണപ്പെരുപ്പം
മക്കൾ എന്തു പഠിക്കണം എന്ന ആഗ്രഹത്തിനൊപ്പം അതിനുള്ള പണം സമാഹരിക്കാനും പല മാതാപിതാക്കളും പ്ലാനിങ് നടത്തും. നിലവിലെ ഫീസടക്കമുള്ള ചെലവാകും അവർ അതിനായി സ്വരുക്കൂട്ടുക. പക്ഷേ, ഇന്ത്യയിൽ അവശ്യവസ്തുക്കളുടെ പണപ്പെരുപ്പം 6–7% ആണെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ പണപ്പെരുപ്പം 9മുതൽ 14%വരെയാണത്രേ. അതായത്, നിലവിലുള്ള ഫീസ് അഞ്ചുമുതൽ എട്ടുവർഷംകൊണ്ട് നേരെ ഇരട്ടിയാകാം. അതുപോലെ വിവാഹച്ചെലവിലും കുത്തനെയുള്ള വർധനവുണ്ട്. വിദ്യാഭ്യാസം, വിവാഹം എന്നിവയാണ് ഇന്നത്തെക്കാലത്ത് മക്കളുടെ പ്രധാന ഭാവി ആവശ്യങ്ങൾ. അതുകൊണ്ട് അവയ്ക്കായി പണം സമാഹരിക്കുമ്പോൾ മറക്കരുത് പണപ്പെരുപ്പം എന്ന വില്ലനെ, അതുമൂലമുണ്ടാകുന്ന പണച്ചോർച്ചയെ.
∙ പണം ഉണ്ട്, ഉപകാരമില്ല
മുൻകൂട്ടി പ്ലാൻചെയ്തു നിക്ഷേപിക്കുകയും പണം സമാഹരിക്കുകയും ചെയ്താലും ആവശ്യമുള്ള സമയത്ത് അത് എടുക്കാനാകില്ലെങ്കിലോ? മക്കൾക്കായുള്ള നിക്ഷേപം നടത്തുമ്പോൾ പല പദ്ധതികൾക്കും ലോക് ഇൻ പീരിയഡും വിത്ഡ്രോവൽ ലിമിറ്റുകളും ഉണ്ടെന്നത് മറക്കരുത്. കുട്ടിയുടെ പ്രായവും ഏതു സമയത്തു പണത്തിന് ആവശ്യം വരും എന്നതുംകൂടി വിലയിരുത്തി ആ സമയത്ത് നിക്ഷേപത്തിൽനിന്ന് ആവശ്യമുള്ളത് പിൻവലിക്കാനാകും എന്നുറപ്പാക്കണം.
∙ റിസ്കെടുക്കൽ പണിയാകും
നിലവിൽ, റിസ്കെടുത്താലേ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടവും ആവശ്യത്തിന് പണവും ഉറപ്പാക്കാനും കഴിയൂ. പക്ഷേ, റിസ്കെടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ചെയ്യുക. കുട്ടികൾക്കുവേണ്ടിയായതിനാൽ നേരത്തേ തുടങ്ങിയാൽ 15–20 വർഷമെങ്കിലും നിക്ഷേപിക്കാനാവും. അങ്ങനെയെങ്കിൽ ഏറ്റവും റിസക് കൂടിയ പദ്ധതികൾ ഉപയോഗപ്പെടുത്താനും സാധിക്കും.
എന്നാൽ രണ്ടോ, മൂന്നോ വർഷം മാത്രം മുന്നിലുള്ളപ്പോൾ റിസ്കുള്ളവ ഒഴിവാക്കുക. സുരക്ഷിത പദ്ധതികളിൽനിന്നും കൂടുതൽ നേട്ടം കിട്ടുന്നവ തിരഞ്ഞെടുക്കുക. ബാക്കി പണത്തിന് വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാമല്ലോ? അല്ലാതെ റിസ്കെടുത്തു പെട്ടെന്നു പണം നേടാം എന്നു ചിന്തിച്ചാൽ കയ്യിലുള്ളതുകൂടി പോകും. അതായത്, ഉത്തരത്തിലിരിക്കുന്നതു കിട്ടുകയുമില്ല; കക്ഷത്തിലിരിക്കുന്നതു പോവുകയും ചെയ്യും എന്ന അവസ്ഥയാകാം.
∙ പോളിസിയിൽ നിക്ഷേപിക്കും മുൻപ്
മക്കൾക്കായി ലൈഫ് പോളിസികളെ ആശ്രയിക്കുന്നവർ ഏറെയാണ്. മറ്റു പോളിസികളെക്കാളും ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാളും കൂടുതൽ ആദായം ചൈൽഡ് പ്ലാനുകൾക്കു കിട്ടുമെന്നതാണ് കാരണം. നിക്ഷേപവും ആദായവും സുരക്ഷിതമാണെന്നു മാത്രമല്ല, രക്ഷാകർത്താവ് അപ്രതീക്ഷിതമായി മരിച്ചാൽ തുടർ പ്രീമിയം അടയ്ക്കാതെതന്നെ ആനുകൂല്യങ്ങൾ നേടാം എന്നതും ഏറ്റവും വലിയ മികവാണ്. എന്നാൽ ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നേട്ടം കിട്ടില്ല. ചിലപ്പോൾ വലിയ ബാധ്യതയായി മാറുകയും ചെയ്യാം.
നിങ്ങളുടെ പേരിലുള്ള പോളിസിയാണെങ്കിൽ നിങ്ങൾ മരണപ്പെട്ടാൽ കുടുംബത്തിന് സം അഷ്വേർഡ് ലഭിക്കും. മറിച്ച് പോളിസി കുട്ടിയുടെ പേരിലാണെങ്കിൽ രക്ഷാകർത്താവ് മരിച്ചാൽ പണം കിട്ടാൻ കാലാവധി കഴിയുംവരെ കാത്തിരിക്കണം. അതിന് തുടർന്ന് പ്രീമിയം അടയ്ക്കുകയും വേണം. ഇപ്പോൾ പല ചൈൽഡ് പോളിസികളിലും ഇൻ ബിൽഡ് പ്രീമിയം വേവിയർ സംവിധാനമുണ്ട്. അവ തിരഞ്ഞെടുത്താൽ, രക്ഷാകർത്താവ് മരിച്ചാൽ പ്രീമിയം അടയ്ക്കാതെതന്നെ കാലാവധി കഴിയുമ്പോൾ ആനുകൂല്യം മുഴുവൻ കുട്ടിക്കു ലഭിക്കുകയും ചെയ്യും. ഇൻ ബിൽറ്റ് പ്രീമിയം വേവിയർ ഇല്ലാത്ത ചൈൽഡ് പോളിസിയാണെങ്കിൽ പ്രീമിയം വേവിയർ റൈഡർ എടുത്ത് പ്രീമിയം അടയ്ക്കാതെ തന്നെ പോളിസി ആനുകൂല്യങ്ങൾ ഉറപ്പാക്കാം. അതുപോലെ മാതാപിതാക്കൾ ആവശ്യമായ ടേംകവറേജ് സ്വന്തം പേരിൽ എടുത്തിരിക്കണം.
മനോരമ സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സംശയങ്ങളും പ്രതികരണങ്ങളും 9207749142 എന്ന നമ്പറിലേക്ക് വാടാസാപ് ചെയ്യുക. ഇമെയിൽ sampadyam@mm.co.in