ആരോപണങ്ങൾക്ക് കീഴടങ്ങാത്ത കരുത്ത്, കരടികളിൽ നിന്ന് കുതറിമാറി ഇന്ത്യന് ഓഹരി വിപണി
വെള്ളിയാഴ്ചത്തെ വൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ച ഇന്ത്യൻ വിപണി കരടികളുടെ കയ്യിൽ നിന്നും കുതറി മാറി. ഹിൻഡൻബെർഗ് ആരോപണങ്ങൾക്ക് കീഴടങ്ങാതെ കരുത്ത് തെളിയിച്ച ഇന്ത്യൻ വിപണിക്ക് മികച്ച പണപ്പെരുപ്പക്കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി കുതിപ്പ്
വെള്ളിയാഴ്ചത്തെ വൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ച ഇന്ത്യൻ വിപണി കരടികളുടെ കയ്യിൽ നിന്നും കുതറി മാറി. ഹിൻഡൻബെർഗ് ആരോപണങ്ങൾക്ക് കീഴടങ്ങാതെ കരുത്ത് തെളിയിച്ച ഇന്ത്യൻ വിപണിക്ക് മികച്ച പണപ്പെരുപ്പക്കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി കുതിപ്പ്
വെള്ളിയാഴ്ചത്തെ വൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ച ഇന്ത്യൻ വിപണി കരടികളുടെ കയ്യിൽ നിന്നും കുതറി മാറി. ഹിൻഡൻബെർഗ് ആരോപണങ്ങൾക്ക് കീഴടങ്ങാതെ കരുത്ത് തെളിയിച്ച ഇന്ത്യൻ വിപണിക്ക് മികച്ച പണപ്പെരുപ്പക്കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി കുതിപ്പ്
വെള്ളിയാഴ്ചത്തെ വൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ച ഇന്ത്യൻ വിപണി കരടികളുടെ കയ്യിൽ നിന്നും കുതറി മാറി. ഹിൻഡൻബെർഗ് ആരോപണങ്ങൾക്ക് കീഴടങ്ങാതെ കരുത്ത് തെളിയിച്ച വിപണിക്ക് മികച്ച പണപ്പെരുപ്പക്കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി കുതിപ്പ് നടത്തിയതും കഴിഞ്ഞ ആഴ്ചയിൽ അനുകൂലമായി.
മുൻ ആഴ്ചയിൽ 24367 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ചത്തെ 397 പോയിന്റിന്റെ കുതിപ്പോടെ 24541 പോയിന്റിലാണ് അവസാനിച്ചത്. ഇന്ത്യൻ വിപണിയിലെ സകല സെക്ടറുകളും മുന്നേറിയ വെള്ളിയാഴ്ച ഐടി സെക്ടറിന്റെ 2.9% മുന്നേറ്റമാണ് വിപണിക്ക് നിർണായകമായത്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഒന്നര ശതമാനം വീതം മുന്നേറിയപ്പോൾ മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും വെള്ളിയാഴ്ച 2%ൽ കൂടുതൽ മുന്നേറ്റം നേടി.
നീണ്ട കൺസോളിഡേഷന് ശേഷം മുന്നേറി 40000 പോയിന്റിന് മുകളിൽ തുടരുന്ന നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ മാസം കുറിച്ച റെക്കോർഡ് ഉയരമായ 41381 പോയിന്റ് അടുത്ത ആഴ്ചയിൽ വീണ്ടും തിരുത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു. ഫെഡ് നിരക്ക് കുറയ്ക്കലും, നാസ്ഡാകിന്റെ മുന്നേറ്റവും ഇന്ത്യൻ ഐടിക്ക് ‘കോവിഡ്-സ്റ്റിമുലസ്’ കാലഘട്ടത്തിന് ശേഷമുള്ള മികച്ച മുന്നേറ്റം നൽകിയേക്കാം.
ജാക്സൺ ഹോൾ ഇക്കണോമിക് പോളിസി സിമ്പോസിയം
ഈ മാസം 22 മുതൽ 24 വരെ നടക്കുന്ന ഫെഡ് റിസർവിന്റെ വാർഷിക നയരൂപീകരണ സമ്മേളനത്തിൽ ചെയർമാൻ ജെറോം പവൽ നിരക്ക് കുറക്കലിനെ കുറിച്ചുള്ള വ്യക്തമായ സൂചന നല്കുമെന്നുള്ള പ്രതീക്ഷയിലാണ് വിപണി. അമേരിക്കൻ പിപിഐയും, സിപിഐയും ജൂലൈ മാസത്തിൽ അനുമാനത്തിനെക്കാൾ കൂടുതൽ ഇറങ്ങിയതും ഒരു വർഷമായി 5.25-5.50% എന്ന ഉയർന്ന നിരക്കിൽ നില്കുന്ന അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന ധാരണക്ക് ആക്കം കൂട്ടി. സാമ്പത്തിക മാന്ദ്യസൂചനകൾ മയപ്പെട്ടതിനാൽ കുറഞ്ഞ നിരക്കിൽ മാത്രമാവും സെപ്റ്റംബറിലെ കുറയ്ക്കൽ എന്നതാണ് വിപണിയിലെ അടുത്ത ചർച്ച. ജാക്സൺ ഹോൾ സിമ്പോസിയത്തിന് തൊട്ട് മുൻപായി വരുന്ന ഫെഡ് മിനുട്സും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും വിപണിയെ സ്വാധീനിക്കും.
ഫെഡറൽ റിസർവ് ബാങ്ക് ഓഫ് കൻസാസ് സിറ്റിയാണ് വ്യോമിങ്ങിലെ ജാക്സൺ ഹോളിൽ വെച്ച് നടക്കുന്ന സിമ്പോസിയത്തിന് ആതിഥ്യമരുളുന്നത്. കേന്ദ്ര ബാങ്ക് നേതാക്കളും, പ്രമുഖ ഇക്കണോമിസ്റ്റുകളും പങ്കെടുക്കുന്ന യോഗം കേന്ദ്ര ബാങ്ക് നയങ്ങളുടെ ഫലപ്രാപ്തിയും, തുടർഗതികളും ചർച്ച ചെയ്യും. ഓഗസ്റ്റ് 23-നാണ് ഫെഡ് ചെയർമാൻ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ സംസാരിക്കുക.
ലോകവിപണിയിൽ അടുത്ത ആഴ്ച
വ്യാഴാഴ്ച മുതൽ ജാക്സൺ ഹോൾ സിമ്പോസിയം വിപണിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതിന് മുൻപ് ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ബുധനാഴ്ച വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങളായ ക്രിസ്റ്റഫർ വാലർ തിങ്കളാഴ്ചയും, റാഫേൽ ബോസ്റ്റിക്ക് ചൊവ്വാഴ്ചയും സംസാരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ച ജോബ് ഡേറ്റയും, വെള്ളിയാഴ്ച ഭവനവില്പനക്കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.
∙യൂറോ സോൺ സിപിഐ ഡേറ്റ ചൊവ്വാഴ്ചയും, ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ്, യൂറോ സോൺ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വ്യാഴാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.
∙പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലോൺ നിരക്കുകൾ ചൊവ്വാഴ്ചയാണ് വരുന്നത്.
∙ഇന്ത്യയുടെ മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകളും, ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
∙ഐടി ഓഹരികൾ കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച കുതിപ്പിന് തയ്യാറെടുക്കുന്നു എന്ന് വേണം കരുതാൻ. എച്ച്സിഎൽ ടെക്കിനും, ടിസിഎസ്സിനും പിന്നാലെ ഇൻഫോസിസും കോവിഡ് ഉയരം താണ്ടിക്കഴിഞ്ഞു.
∙ഇന്ത്യയുടെ റിന്യൂവബിൾ എനർജി മേഖലയിലെ സ്റ്റോറേജ് കപ്പാസിറ്റി 1ജിഗാ വാട്ടിൽ നിന്നും 2027ൽ ആറിരട്ടിയായി വളരുന്നത് ഇന്ത്യൻ ബാറ്ററി മേഖലക്ക് വളരെ അനുകൂലമാണ്. അമര രാജ, എച്ച്ബിഎൽ പവർ, എക്സൈഡ്, ടാറ്റ കെമിക്കൽ മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
∙പിഎം-സൂര്യ ഗർ മുഫ്ത് ബിജിലി യോജന പ്രകാരം ഒരു കോടി ഭവനങ്ങൾക്ക് വേണ്ടി സോളാർ പാനലുണ്ടാക്കുന്നതും, യൂറോപ്യൻ സോളാർ വിപണി കൂടി തുറന്ന് കിട്ടിയേക്കാവുന്നതും ഇന്ത്യൻ സോളാർ പാനൽ നിർമാതാക്കളുടെ ഉത്പാദനം വരും വർഷങ്ങളിൽ പലമടങ്ങായി വർധിപ്പിച്ചേക്കാം.
∙ആന്ധ്രാ പ്രദേശിലെ എല്ലാ സർക്കാർ മന്ദിരങ്ങൾക്ക് മുകളിലും സോളാർ പാനലുകൾ വിന്യസിക്കാൻ തീരുമാനമെടുത്തത് ഇന്ത്യ മുഴുവൻ വ്യാപിച്ചേക്കാമെന്നതും സോളാർ പാനൽ നിർമാതാക്കൾക്ക് അനുകൂലമാണ്.
∙ബെംഗളൂരു, പൂനെ മെട്രോകളുടെ അടുത്ത ഘട്ടങ്ങൾ അടക്കം കർണാടകയിലും മഹാരാഷ്ട്രയിലുമായി മൂന്ന് മെട്രോ പ്രൊജക്ടുകൾക്ക് കൂടി കേന്ദ്ര കാബിനറ്റ് അനുമതി നൽകിയത് റെയിൽ-ഇൻഫ്രാ സെക്ടറുകൾക്ക് അനുകൂലമാണ്. മൊത്തം അടങ്കൽ തുക 30675 കോടി രൂപയാണ്.
∙കൂടുതൽ ബ്രാൻഡുകൾ വരുന്നതും, ഐപിഓകൾ നടക്കാനിരിക്കുന്നതും ക്വിക്ക് കൊമേഴ്‌സ് മേഖലയെ വേഗത്തിൽ വളരുന്ന സെക്ടറായി മാറ്റിക്കഴിഞ്ഞു. സൊമാറ്റോയുടെ ലാഭം വർധിക്കുന്നതും, ഓലയുടെ ലിസ്റ്റിങ്ങും, സ്വിഗിയുടെ ഐപിഓ വരാനിരിക്കുന്നതും ശ്രദ്ധിക്കുക.
∙വിദേശ ഫണ്ടുകൾ ലക്ഷ്യമിട്ടത് പോലെ ഡിഫൻസ് ഓഹരികളുടെ വില താഴ്ന്ന് വന്നതും ശ്രദ്ധിക്കുക. എച്ച്എഎലും, മാസഗോൺ ഡോക്കും ആദ്യ പാദത്തിൽ മികച്ച റിസൾട്ടുകളാണ് പുറത്ത് വിട്ടത്.
∙മഹിന്ദ്രയുടെ ഥാർ റോക്സിന്റെ അവതരണം ഓഹരിക്ക് വെള്ളിയാഴ്ച മികച്ച തുടക്കം നൽകി. വരും പാദങ്ങളിൽ ഥാർ റോക്സിന്റെ അഞ്ച് വാതിലുള്ള മോഡലിന്റെ വില്പനയാകും കമ്പനിയുടെ വരുമാനത്തിന്റെ തോത് നിശ്ചയിക്കുക
∙എം&എമ്മിന്റെ ബൈക്ക് കമ്പനിയായ ബിഎസ്എ മോട്ടോർ സൈക്കിൾസ് ബിഎസ്എ ഗോൾഡ്സ്റ്റെർ വിപണിയിൽ അവതരിപ്പിച്ചതും അനുകൂലമാണ്.
ലിസ്റ്റിങ്ങിന് ശേഷം മികച്ച മുന്നേറ്റം നേടിയ ഓല ഇലക്ട്രിക് അനുകൂല പ്രഖ്യാപനങ്ങളുടെ പിൻബലത്തിൽ വെള്ളിയാഴ്ച വീണ്ടും 20%മുന്നേറ്റം സ്വന്തമാക്കി. ഓല ഇലക്ട്രിക് പുതിയ ബൈക്കുകളും ഇറക്കിയതിനൊപ്പം ക്വിക് സർവീസ് മേഖലയിലേക്ക് കടക്കുന്നതും, സെമി കണ്ടക്ടർ നിർമ്മാണം ഉദ്ദേശിക്കുന്നതും ഓഹരിയിൽ മികച്ച അവസരം ഒരുക്കുന്നു.
∙മികച്ച ആദ്യപാദ റിസൾട്ടിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നേടിയ ഐനോക്‌സ് വിൻഡ് തുടർന്നും നിക്ഷേപത്തിന് പരിഗണിക്കാം.
∙വേദാന്ത ഓഎഫ്എസ് വഴി ഹിന്ദുസ്ഥാൻ സിങ്കിന്റെ 3.17% ഓഹരികൾ 486 രൂപ നിരക്കിൽ വിൽക്കുന്നു. വെള്ളിയാഴ്ച ഹിന്ദ് സിങ്ക് ഓഹരി 9%ൽ കൂടുതൽ വീണിരുന്നു. തിങ്കളാഴ്ചയാണ് ഓഎഫ്എസിന്റെ അവസാന തീയതി.
∙ഹൈദരാബാദ് ആസ്ഥാനമായ പെന്ന സിമെന്റിനെ ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കിയത് അംബുജ സിമെന്റിന് അനുകൂലമാണ്.
∙ജെഎസ് ബ്ലിയു സിമന്റ് 4000 കോടി രൂപയുടെ ഐപിഓയ്ക്കായി വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു കഴിഞ്ഞത് സജ്ജൻ ജിൻഡാൽ ഓഹരികൾക്ക് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
വാർ പ്രീമിയം നഷ്‌ടമായ ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 1.80% വീണ് വീണ്ടും 80 ഡോളറിൽ ക്ളോസ് ചെയ്ത് കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു. ചൈനയുടെ സാമ്പത്തിക വളർച്ച സംശയത്തിലായ സാഹചര്യത്തിൽ തിങ്കളാഴ്ച ഒപെക് ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ കുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.
കൂടാതെ വ്യാഴാഴ്ച വന്ന കണക്ക് പ്രകാരം ജൂലൈ മാസത്തിൽ ചൈനയിലെ ഭവന വിലയും, വ്യവസായികോല്പാദനവും കുറയുകയും, തൊഴിലില്ലായ്മ വർധിക്കുകയും ചെയ്തതും ക്രൂഡ് ഓയിലിൽ തിരുത്തലിന് കാരണമായി.
സ്വർണം
വെള്ളിയാഴ്ച 2% മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണവില 2548 ഡോളർ എന്ന റെക്കോർഡ് വില കുറിച്ച ശേഷം 2546 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഫെഡ് റിസർവിന്റെ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ സജീവമായത് ഡോളറിനും, ബോണ്ട് യീൽഡിനും സമ്മർദ്ദകാരണമാകുമെന്നതും സ്വർണത്തിന്റെ കുതിപ്പിന് പിന്തുണ നൽകി.
ഐപിഓ
പ്രീ-എഞ്ചിനിയേർഡ് സ്റ്റീൽ ബിൽഡിങ് നിർമാതാക്കളായ ഇന്ററാക്ക് ബിൽഡിങ് പ്രോഡക്ട്സിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്നു. ഐബിപിഎലിന്റെ ഐപിഓ വിലനിലവാരം 850-900 രൂപയാണ്.
മുംബൈ ആസ്ഥാനമായ ഐടി കമ്പനിയായ ഓറിയന്റ് ടെക്‌നോളജീസിന്റെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്നു. ഐപിഓ വില 195-206 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക