ജാഗ്രതൈ! യു ആർ അണ്ടർ ‘വെർച്വൽ അറസ്റ്റ്’ സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങള്, പാലിക്കാം മുൻകരുതൽ
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
‘ഹലോ, ഡോ. ശ്രീകാന്ത്...’
‘യെസ്.’
‘അയാം എസ്പി ധൻരാജ്. മുംബൈ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?
നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’
‘ഇല്ല സാർ, എനിക്ക് അങ്ങനെ ഒരു പാർസൽ വന്നിട്ടില്ല.’
‘ലുക്ക് ഡോക്ടർ, പിന്നെ എങ്ങനെ നിങ്ങളുടെ ഡീറ്റെയ്‌ൽസ് ഞങ്ങൾക്കു കിട്ടും? പ്ലീസ് ഷോ യുവർ ആധാർ ആൻഡ് പാൻ കാർഡ്. വീ വാണ്ട് ടു വെരിഫൈ ദെം.’
ആധാർ കാർഡും പാൻകാർഡും കാണിക്കുന്നു.
‘ഒകെ. നിങ്ങൾ ഇപ്പോൾ മുതൽ വെർച്വൽ അറസ്റ്റിലാണ്. റൂംവിട്ട് പുറത്തുപോകരുത്. കോൾ കട്ട് ചെയ്യരുത്, പ്ലീസ് വെയ്റ്റ്. വാൺ ടു കോൺടാക്റ്റ് എൻഐഎ ഡൽഹി ഹെഡ് ക്വാർട്ടേഴ്‌സ്.’
കസ്റ്റംസ്, ആർബിഐ, എൻഐഎ, സിബിഐപോലുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് ഫോൺ കൈമാറുന്നുവെന്ന് വിശ്വസിപ്പിച്ച് മറ്റൊരാൾ സംഭാഷണം തുടങ്ങുന്നതാണ് രണ്ടാം ഘട്ടം.
ഇവരുടെ സ്ഥാനപ്പേരും ലോഗോയുമുള്ള വ്യാജ തിരിച്ചറിയൽ കാർഡും കാണിക്കും. അനുമതിയില്ലാതെ കോൾ കട്ടുചെയ്താൽ നിയമക്കുരുക്കിൽ പെടുമെന്നു ഭീഷണിപ്പെടുത്തും. തുടർ പരിശോധനകൾക്കെന്ന മട്ടിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിയും. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ അക്കൗണ്ടിലെ ബാലൻസ് സംഖ്യ ആർബിഐയുടെ വെരിഫിക്കേഷൻ അക്കൗണ്ടിലേക്കു മാറ്റാൻ ആവശ്യപ്പെടും. ഇങ്ങനെ പണം കൈകളിലെത്തുന്നതോടെ വെർച്വൽ അറസ്റ്റ് എന്ന നാടകം അവസാനിക്കും. തട്ടിപ്പു തിരിച്ചറിഞ്ഞ് ഈ നമ്പറിലേക്കു തിരിച്ചുവിളിച്ചാൽ കിട്ടുകയുമില്ല.
ഇതു കേരള പൊലീസിന്റെ ബോധവൽക്കരണ വിഡിയോയിൽനിന്നാണ്. കേന്ദ്ര ഏജൻസികളുടെ പേരിൽ നടത്തുന്ന സമാന തട്ടിപ്പിനിരയായവർ കേരളത്തിലും ഒട്ടേറെയുണ്ട്.
വലവിരിച്ച് തട്ടിപ്പുസംഘം
യാക്കോബായസഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഡോ. വർഗീസ് മാർകൂറിലോസിൽനിന്ന് 15 ലക്ഷം രൂപയാണ് ‘വെർച്വൽ അറസ്റ്റി’ലൂടെ തട്ടിയെടുത്തത്. ഒറ്റപ്പാലത്ത് രണ്ടു ഡോക്ടർമാരിൽനിന്നും ഒരു വ്യവസായിയിൽനിന്നുമായി 40 ലക്ഷം രൂപയും കൈക്കലാക്കി.
കബളിപ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് പൊലീസിനെ സമീപിച്ചതോടെ നാലുപേർ തട്ടിപ്പുകാരുടെ വലയിൽനിന്നു രക്ഷപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇരകളെ കടുത്ത മാനസിക സമർദത്തിലാക്കി തട്ടിപ്പുസംഘം കൊണ്ടുപോകുന്നതു കോടികളാണ്. 5,000 രൂപമുതൽ ഒരു കോടി രൂപവരെ തട്ടിച്ച നിരവധി പരാതികളാണ് നാഷനൽ സൈബർ ക്രെം റിപ്പോർട്ടിങ് പോർട്ടൽ(NCRP)വഴി പൊലീസിനു ലഭിച്ചത്. ദുരഭിമാനം മൂലം പൊലീസിനെ സമീപിക്കാത്തവർ ഒട്ടേറെയുണ്ട്.
ഇല്ല ‘വെർച്വൽ അറസ്റ്റ്’
വെർച്വൽ കസ്റ്റഡി എന്നത് ഇന്ത്യയിലെ ഒരു നിയമസംവിധാനത്തിന്റെ കീഴിലുമില്ല. തട്ടിപ്പുകാർ തന്ത്രവുമായി അടുക്കുമ്പോൾ പരിഭ്രാന്തരാകാതെ യുക്തിപൂർവം ചിന്തിക്കുകയാണു വേണ്ടത്. ഇത്തരം കോളുകൾ വന്നാൽ അവയോടു പ്രതികരിക്കാതിരിക്കുക. ഉടൻ കോൾ കട്ട് ചെയ്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. സൈബർ തട്ടിപ്പുകാർ പ്രധാനമായും നോട്ടമിടുന്നത് മധ്യവയസ്കരെയും റിട്ടയർ ചെയ്തവരെയും ആണ്. ഫോൺ സന്ദേശത്തിലോ, കോളിലോ സംശയം തോന്നിയാൽ ഉടനെ മക്കളെയോ മറ്റു വിശ്വസ്തരെയോ വിവരം അറിയിച്ച് അവരുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകുക. ഒരായുഷ്കാലംകൊണ്ടു സമ്പാദിച്ചത് ഒരു നിമിഷത്തെ പരിഭ്രാന്തികൊണ്ടു നഷ്ടപ്പെടുത്താതിരിക്കുക. യഥാർഥ ജീവിതത്തിൽ പുലർത്തുന്നതിനെക്കാൾ ജാഗ്രതയും സൂക്ഷ്മതയും സൈബർ ലോകത്തു പെരുമാറുമ്പോൾ വേണം.
1930: ഈ നമ്പർ ഓർത്തിരിക്കുക
സൈബർ തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ കേന്ദ്രസർക്കാരിന്റെ cybercrime.gov.in ൽ പരാതിപ്പെടാം. സൈബർ ക്രൈം ടോൾ ഫ്രീ നമ്പറായ 1930ലും പരാതി അറിയിക്കാം. തട്ടിപ്പിനിരയാൽ എത്രയും പെട്ടെന്നു വിവരം കൈമാറുക. തട്ടിപ്പുകാരിൽനിന്നും ലഭിച്ച വ്യാജരേഖകളുടെ സ്ക്രീൻഷോട്ട് പ്രിന്റെടുത്ത് പൊലീസിൽ പരാതി നൽകാനും മറക്കരുത്. താമസിക്കുന്തോറും നിങ്ങളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്കും ബിറ്റ്കോയിനിലേക്കും മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ പണം നഷ്ടപ്പെടുന്നത് ഏറക്കുറെ തടയാം.
മകൻ കസ്റ്റഡിയിൽ!
യുകെയിലുള്ള മകൻ അവിടെ പൊലീസ് കസ്റ്റഡിയിലാണ്, വിട്ടുകിട്ടാൻ ഉടൻ 50,000 രൂപ അയയ്ക്കണം എന്നായിരുന്നു കോഴഞ്ചേരി സ്വദേശിക്കു വിഡിയോ കോൾ സന്ദേശം. പാക്കിസ്ഥാൻ നമ്പറിൽനിന്നുള്ള കോളിൽ ഹിന്ദിയിലെ സംസാരം. സംശയം തോന്നി ഉടനെ മകനെ ഫോണിൽ വിളിച്ചു. തട്ടിപ്പാണെന്നു മനസ്സിലാക്കിയതോടെ ആ നമ്പറിലേക്കു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ മറ്റൊരു നമ്പറിൽനിന്നു ടെലികോം സെന്ററിൽനിന്നാണെന്നും ഫോൺ കണക്‌ഷൻ ഉടൻ വിച്ഛേദിക്കാതിരിക്കാൻ 9 എന്ന അക്കം അമർത്താൻ ആവശ്യപ്പെട്ടു. തട്ടിപ്പു മനസ്സിലാക്കിയതോടെ ഫോൺ കട്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ഇ–ചലാന്റെ പേരിൽ
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന ഇ–ചലാന്റെ പേരിലും വ്യാജ മെസേജുകളിൽ പണം നഷ്ടപ്പെടുന്നവരും കുറവല്ല. ഇ–ചലാന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ചാൽ ഉപഭോക്തൃ സേവനവിഭാഗത്തെ അറിയിക്കണം എന്നും അധികൃതർ മുന്നറിയിപ്പുനൽകുന്നു
ഫോൺ: 01204925505
വെബ്സൈറ്റ്: https://echallan.parivahan.gov.in
ഇ.മെയിൽ: helpdesk-echallan@gov.in
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ്കോളജ് വിദ്യാർഥിനിയായ മകളെ ലഹരി മരുന്നുമായി പിടികൂടിയെന്നും സിബിഐ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്താൻ പണം തരണമെന്നുമാണ് ചങ്ങനാശ്ശേരിയിലെ വീട്ടമ്മയ്ക്കു കോൾവന്നത്. ഫോണിൽ പെൺകുട്ടിയുടേതെന്നു തോന്നിക്കുന്ന കരച്ചിലും. മറ്റാരെയും ബന്ധപ്പെടരുതെന്ന ഭീഷണി വകവയ്ക്കാതെ വീട്ടമ്മ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും വീണ്ടും വിളിയെത്തി. ഫോണെടുത്തത് സ്ഥലം എസ്ഐ. ഇതു മനസ്സിലായതോടെ ഫോൺ കട്ട്ചെയ്ത് തട്ടിപ്പുകാർ വലിഞ്ഞു.
വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പുകൾ
വ്യാജ ഓൺലൈൻ ഓഹരി ട്രേഡിങ്‌വഴി തിരുവനന്തപുരം സ്വദേശിക്കു നഷ്ടമായത് രണ്ടരക്കോടി. വാട്സാപ്പിലൂടെ ലഭിച്ച ആപ്പിലൂടെയാണ് പണം നിക്ഷേപിച്ചത്. നിക്ഷേപ സംഖ്യയ്ക്കു തുല്യമായ ഓഹരികൾ വാങ്ങി അക്കൗണ്ടിൽ നിക്ഷേപിച്ചതും അതിന്റെ മൂല്യം ഉയരുന്നതും ആപ്പു തുറന്നാൽ കാണാം. ഇങ്ങനെ വിശ്വാസ്യത വളർത്തിയതോടെ നിക്ഷേപം തുടർന്നു.
പണം തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അതിനു കൂടുതൽ തുക ആവശ്യപ്പെട്ടതോടെ തട്ടിപ്പു ബോധ്യമായി പൊലീസിനെ സമീപിച്ചു. അത്യാഗ്രഹം കൊണ്ട്, ആരെങ്കിലും അയച്ചുതരുന്ന ലിങ്കിൽ പ്രവേശിച്ച് ട്രേഡിങ് നടത്തിയാൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. സെബി റജിസ്റ്റേർഡ് ബ്രോക്കർമാരിലൂടെ മാത്രം ഓഹരി ഇടപാട് നടത്തുക.
ആപ്പാകുന്ന ലോൺ ആപ്പുകൾ
10,000 രൂപവരെ വായ്പ നൽകുന്ന ലോൺ ആപ്പുകൾ ഇന്നു സുലഭമാണ്. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾത്തന്നെ ഉപയോക്താവിന്റെ ഫോണിലുള്ള കോണ്ടാക്ട് വിവരങ്ങൾ, ഗാലറിയിലുള്ള ഫോട്ടോകൾ, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ തട്ടിപ്പുകാരുടെ കയ്യിലാകും. തുടർന്ന് എടുത്ത വായ്പ അടച്ചുതീർത്താലും കൂടുതൽ പണം ചോദിക്കുകയും കൊടുത്തില്ലെങ്കിൽ ഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരം വ്യാജ ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കെണി ടാക്സ് റീഫണ്ട് കാത്തിരിക്കുന്നവർക്കും
ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ച് റിട്ടേൺ കാത്തിരിക്കുന്നവർക്കും വ്യാജ സന്ദേശം വരുന്നുണ്ട്. ഉദാഹരണമായി 10,000 രൂപയുടെ റീഫണ്ട് യോഗ്യത നേടിയെന്നും ലിങ്കിൽ കയറി അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യണമെന്നുമുള്ള വ്യാജ സന്ദേശമാകാം വരുന്നത്. ഈ ലിങ്കിൽ ക്ലിക് ചെയ്തു തട്ടിപ്പിൽ വീഴരുതെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു. incometax.gov.in ലൂടെ റീഫണ്ട്നില പരിശോധിക്കാം. എൻഎസ്ഡിഎൽ (നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വെബ്സൈറ്റ് വഴിയും റീഫണ്ട് സ്റ്റാറ്റസ് അറിയാനാകും. എന്നിരിക്കെ എന്തിന് വ്യാജ ലിങ്കുകൾക്കു പിന്നാലെ പോകുന്നു .
തട്ടിപ്പിന് AIയും ഡീപ് ഫെയ്ക്കും വരെ
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്കും ആപ്പുകൾക്കും പിന്നാലെ പോയാണ് പലർക്കും പണം നഷ്ടപ്പെടുന്നത്. ഹിഡൻ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടാം. വിവിധ സേനകളിലെ ഉദ്യോഗസ്ഥരാണെന്നും പെട്ടെന്നു ട്രാൻസ്ഫറായതിനാൽ വാഹനങ്ങളും ഫർണിച്ചറുകളും തുച്ഛമായ വിലയ്ക്കു വിൽക്കുകയാണെന്നും കാണിച്ചുള്ള പരസ്യങ്ങളും സന്ദേശങ്ങളും സൂക്ഷിക്കുക.
യൂണിഫോമിലുള്ള ഐഡന്റിറ്റി കാർഡുകൾ, ഫോട്ടോ എന്നിവ അയച്ച് വിശ്വാസം നേടിയ ശേഷമാകും തട്ടിപ്പ് അരങ്ങേറുക. നേരത്തെ ബാങ്ക് കാർഡുകളും പിൻ നമ്പറും ഒടിപിയും സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്ഫെയ്ക്കും വരെയുള്ള മോഡേൺ ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഇരകളെ വലയിലാക്കുന്നത്. അടുത്ത സുഹൃത്തിന്റെ ശബ്ദത്തിൽപോലും സംസാരിച്ച് പണം കൈക്കലാക്കുന്ന കാലം!
ഓൺലൈൻ തട്ടിപ്പിനു പുതിയ രീതികൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ സൈബർ ഇടങ്ങളിലെ കള്ളന്മാരെ കരുതിയിരിക്കുകയേ മാർഗമുള്ളൂ. ഫോൺ കോളായാലും മെസേജ് ആയാലും രണ്ടുവട്ടം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക.
സെപ്റ്റംബർ ലക്കം സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്