തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ– ശ്രീലങ്ക ട്വന്റി20; കാണാം അനന്ത‘പൂരം’

തിരുവനന്തപുരം ∙ കേരളത്തിന്റെ പുതിയ ക്രിക്കറ്റ് തലസ്ഥാനമാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു. കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിനു നാലര മാസം ബാക്കിയുണ്ടെങ്കിലും ബിസിസിഐ തീരുമാനം വന്നതോടെ ഒരുക്കങ്ങളുടെ വേഗം വർധിപ്പിക്കാനുള്ള തീരുമാനത്തിലാണു കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യ–ശ്രീലങ്ക ട്വന്റി20ക്കുള്ള വേദിയായയാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. 

29 വർഷങ്ങൾക്കു ശേഷമാണ് തലസ്ഥാനത്തു രാജ്യാന്തരമൽസരം വിരുന്നെത്തുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിന്റെ അരങ്ങേറ്റത്തിനു ടെസ്റ്റ് മൽസരം ലഭിക്കുമെന്നായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതരുടെ പ്രതീക്ഷ. കിട്ടിയത് ആവേശത്തിന്റെ അമിട്ടിനു തീ കൊളുത്തുന്ന ട്വന്റി20. 

കഴിഞ്ഞ മേയിലാണ് തലസ്ഥാനത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കു ചിറകുനൽകി കാര്യവട്ടം സ്റ്റേഡിയത്തിനു ബിസിസിഐ അംഗീകാരം ലഭിച്ചത്. തുടർന്ന് അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയം, കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം എന്നിവ രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾക്കു പരിഗണിക്കണമെന്ന ശുപാർശ ബിസിസിഐ ഐസിസിക്കു നൽകി. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ സംബന്ധിച്ച ഐസിസി വിദഗ്ധസംഘത്തിന്റെ പരിശോധന ഉടൻ നടക്കും. 

ഐസിസി മാനദണ്ഡപ്രകാരം ക്യാമറ, സ്ക്രീൻ എന്നിവയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾക്കു ബിസിസിഐ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഔട്ട്ഫീൽഡ് ലെവലിങ്ങും പുല്ല് വെട്ടിയൊരുക്കുന്നതും പുരോഗമിക്കുകയാണ്. പിച്ച് പരിശോധനാ റിപ്പോർട്ട് കഴിഞ്ഞമാസം തന്നെ ബിസിസിഐ ഐസിസിക്കു സമർപ്പിച്ചിരുന്നു. 

കാര്യവട്ടം സ്റ്റേഡിയത്തെ കെസിഎയുടെ ഹോം ഗ്രൗണ്ട് ആയി നേരത്തേ നിശ്ചയിച്ചിരുന്നു. കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കെസിഎയും കഴിഞ്ഞവർഷമാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ടെസ്റ്റിനും ഏകദിനത്തിനും ട്വന്റി 20ക്കും അനുയോജ്യമായ വിധം അഞ്ചു പിച്ചുകളാണു തയാറാക്കിയിട്ടുള്ളത്.

കായികതാരങ്ങൾക്കു താമസിക്കാൻ ഫൈവ്സ്റ്റാർ സൗകര്യത്തോടെയുള്ള ക്ലബ് ഹൗസും ജിംനേഷ്യവും അവസാനഘട്ട മിനുക്കുപണിയിലാണ്. സ്വിമ്മിങ് പൂൾ, ഇൻഡോർ കോർട്ടുകൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ ജിംഖാന ക്ലബ് 27 മുതൽ പ്രവർത്തനം തുടങ്ങുകയാണ്. അനിൽ കുംബ്ലെയ്ക്കു പങ്കാളിത്തമുള്ള ടെൻവിക് സ്പോർട്സ് അക്കാദമി ഉൾപ്പെടെയുള്ളവ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നുണ്ട്.  

കാര്യവട്ടത്തെ കേരള സർവകലാശാലയുടെ 36 ഏക്കർ ഭൂമിയിൽ 2015ലാണ് 375 കോടി രൂപ മുടക്കി സ്റ്റേഡിയം നിർമിച്ചത്.  ഇതിൽ 160 കോടി രൂപയാണു സംസ്ഥാന സർക്കാർ വിഹിതമായി നൽകാമെന്ന് ഏറ്റിട്ടുള്ളത്. 

ദേശീയ ഗെയിംസ് ഉദ്ഘാടന, സമാപനച്ചടങ്ങുകളും സാഫ് ഗെയിംസ് ഫുട്ബോളും ഉൾപ്പെടെയുള്ളവ സ്റ്റേഡിയത്തിൽ നടന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏതാനും പരിശീലനമൽസരങ്ങൾക്കും സ്റ്റേഡിയം വേദിയായി.

നിലവിലുള്ള സൗകര്യങ്ങൾ സംരക്ഷിച്ച് പുതിയ നിർമാണപ്രവർത്തനം നടത്തുന്ന പദ്ധതികൾക്കു പൊതുവേ പറയുന്ന ഗ്രീൻഫീൽഡ് എന്ന വാക്കു ചേർത്തു പറഞ്ഞുതുടങ്ങിയതോടെയാണ് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്ന പേരുവീണത്.