ന്യൂഡൽഹി ∙ ഐപിഎല്ലിൽ നിന്നു പുറത്താക്കിയതിനു കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഐപിഎൽ ജനറൽ കൗൺസിൽ യോഗത്തിൽ തത്വത്തിൽ തീരുമാനമായി. 850 കോടി രൂപയാണ് ടസ്കേഴ്സ് ടീമുകൾ ബിസിസിഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിൽ തർക്കപരിഹാര കോടതി നിർദേശിച്ച തുകയാണിത്. നഷ്ടപരിഹാര തുക സംബന്ധിച്ച് ടസ്കേഴ്സ് മാനേജ്മെന്റുമായി ഒത്തുതീർപ്പിനു ശ്രമിക്കുമെന്നു ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു.
കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് 2011ലാണ് ടസ്കേഴ്സിനെ ഐപിഎല്ലിൽ നിന്നു പുറത്താക്കിയത്. ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പ് വകവയ്ക്കാതെ അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറുടേതായിരുന്നു തീരുമാനം.
തുടർന്ന് 300 കോടി നഷ്ടപരിഹാരം തേടി ടീമുകൾ രംഗത്തെത്തിയെങ്കിലും അവിടെയും ശശാങ്ക് മനോഹർ പിടിവാശി കാട്ടി. ബിസിസിഐയിലെ ചിലരുടെ ധാർഷ്ട്യമാണ് നഷ്ടപരിഹാര തുക 850 കോടിയിലേക്കെത്തിച്ചതെന്ന് ബിസിസിഐ അംഗങ്ങളിലൊരാൾ പറഞ്ഞു.