ഇൻഡോർ∙ രഞ്ജി ട്രോഫി ഫൈനൽ പോരാട്ടത്തിൽ ആധിപത്യം വിദർഭയ്ക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 528 റൺസെന്ന നിലയിലാണ് രഞ്ജി ഫൈനലിലെ കന്നിക്കാരായ വിദർഭ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വഡ്കറിന്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് വിദർഭയുടെ മുന്നേറ്റം. അക്ഷയ് വഡ്കറും (243 പന്തിൽ 133) സിദ്ധേഷ് നേരലും (92 പന്തിൽ 56) പുറത്താകാതെ നിൽക്കുന്നു.
മൂന്നാം ദിനം നാലിന് 206 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയുടെ മൂന്നു വിക്കറ്റുകൾ മാത്രമാണ് ഡൽഹി ബോളർമാർക്ക് വീഴ്ത്താനായത്. അക്ഷയ് വഖാർ (26 പന്തിൽ 17), അർധസെഞ്ചുറി നേടിയ വാസിം ജാഫർ (150 പന്തിൽ 78), ആദിത്യ സർവതെ (154 പന്തിൽ 79) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വീണത്. അക്ഷയ് വഖാറിനെയും ആദിത്യ സര്‍വതെയെയും വിക്കറ്റ് കീപ്പർ റിഷിഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ വസീം ജാഫറിനെ നവ്ദീപ് സൈനി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ചരിത്രമെഴുതി രജനീഷ് ഗുർബാനി
ഹാട്രിക്ക് നേടിയ രജനീഷ് ഗുർബാനിയുടെ ബോളിങ് മികവിലാണ് കരുത്തരായ ഡൽഹിയെ ഒന്നാം ഇന്നിങ്സിൽ 295 റൺസിന് വിദര്‍ഭ പുറത്താക്കിയത്. രഞ്ജി ട്രോഫി ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഗുർബാനി. 1972–73 കാലഘട്ടത്തിൽ തമിഴ്നാടിന്റെ കല്യാണസുന്ദരമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 24.4 ഓവറിൽ 59 റൺസ് വഴങ്ങി ഗുർബാനി ആറു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ധ്രുവ് ഷോറെയുടെ സെഞ്ചുറി മികവിലാണ് (294 പന്തില്‍ 145) ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്.
അര്‍ധ സെഞ്ചുറി നേടിയ ഹിമ്മത് സിങ്ങിനു മാത്രമാണ് ഷോറെയ്ക്കു പുറമെ ഡൽഹി നിരയിൽ തിളങ്ങാനായത്. 72 പന്തുകൾ നേരിട്ട ഹിമ്മത് സിങ് 66 റൺസെടുത്തു പുറത്തായി. ആറു വിക്കറ്റിന് 271 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഡൽഹിക്ക് കൂടുതൽ അവസരങ്ങളൊന്നും നൽകാതെ വിദർഭ ബോളർമാർ ആധിപത്യം പുലർത്തുകയായിരുന്നു. ആദിത്യ താക്കറെ രണ്ടു വിക്കറ്റും സിധേഷ് നെരാൾ, അക്ഷയ് വഖാർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.