തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഇന്നു മുതൽ മധ്യപ്രദേശിനെതിരെ കളിക്കുമ്പോൾ കേരള ബോളർമാർ ഉന്നം വയ്ക്കുന്ന ഒരു ബാറ്റ്സ്മാന്റെ പേര് മലയാളികൾക്കും കേട്ടു പരിചയമുണ്ടാകും–ആര്യമാൻ ബിർല. ആദിത്യ ബിർല ഗ്രൂപ്പ് ഉടമ കുമാർ മംഗലം ബിർലയുടെ മകൻ. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പിൻഗാമിയാണെങ്കിലും അതു വിട്ടു ക്രിക്കറ്റിന്റെ വഴി സ്വമേധയാ തിരഞ്ഞെടുത്തു വിജയങ്ങൾ വെട്ടിപ്പിടിച്ചുതുടങ്ങിയ താരം.
മുംബൈ വിട്ട് മധ്യപ്രദേശത്തിലെത്തിയ ബിർലയുടെ കുടുംബത്തിലെ ഏക ആൺതരിക്ക് ചെറുപ്പം തൊട്ട് ക്രിക്കറ്റിലായിരുന്നു കമ്പം. മധ്യപ്രദേശിനു വേണ്ടി അണ്ടർ 23 ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇടംകയ്യൻ ബാറ്റ്സ്മാൻ ആയ ആര്യമാന്റെ (21) സമയം തെളിഞ്ഞു. കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ടീമിൽ ഇടം നേടിയെങ്കിലും ഒരു മൽസരത്തിൽ മാത്രമേ കളിക്കാനായുള്ളൂ.തൊട്ടുപിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമംഗമായെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. പക്ഷേ, ടീമിനൊപ്പമുള്ള പരിശീലനം ഗുണം ചെയ്തു.
ഇത്തവണ, രഞ്ജി ട്രോഫിയിലെ മൂന്നാമത്തെ മൽസരത്തിൽ ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ ഉജ്വല സെഞ്ചുറി. ആര്യമാനിൽ നിന്ന് മധ്യപ്രദേശ് ഇപ്പോൾ ഒട്ടേറെ പ്രതീക്ഷിക്കുന്നു.
ബിർല എന്ന പേര് അവസരമല്ലെന്നും ഉത്തരവാദിത്തമാണെന്നുമാണ് ആര്യമാന്റെ നിലപാട്. രഞ്ജി ടീമിൽ ഇടം നേടിയത് അണ്ടർ 23 ടീമിൽ നന്നായി കളിച്ചതുകൊണ്ടുമാത്രമാണെന്നും ആര്യമാൻ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബിസിനസ് വിട്ടു ക്രിക്കറ്റിലേയ്ക്കു തിരിഞ്ഞത് ഒരു ദിവസം കൊണ്ടെടുത്ത തീരുമാനമല്ല. സ്വന്തം സ്വപ്നത്തിന്റെ പിന്നാലെയാണു സഞ്ചരിച്ചത്. ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗിക്കാനാണു ശ്രമമെന്നും അതു വിജയിച്ചാൽ മറ്റു നേട്ടങ്ങളിലെത്തുമെന്നും കരുതുന്ന യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉടമ കൂടിയാണ് ആര്യമാൻ.