കോഹ്‌ലിയെ കാലം മയപ്പെടുത്തും, റിച്ചാർഡ്സും ഇതുപോലെ ആയിരുന്നു: ഹോൾഡിങ്

മൈക്കൽ ഹോൾഡിങ്, വിരാട് കോഹ്‌ലി

ജൊഹാനസ്ബർഗ് ∙ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ പെരുമാറ്റ രീതികൾ പലപ്പോഴും അപക്വമാണെന്നും എന്നാൽ പരിചയ സമ്പത്തു കൈവരിക്കുന്നതോടെ മയപ്പെടുമെന്നും വെസ്റ്റ് ഇൻഡീസിന്റെ ബോളിങ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. വിരാട് കോഹ്‌ലിയും വിവിയൻ റിച്ചാർഡ്സും തമ്മിൽ ഇക്കാര്യത്തിൽ ഒട്ടേറെ സാമ്യങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

‘‘ഇപ്പോൾ യുവനായകനാണു കോഹ്‌ലി. നായകമികവുകൾ കോഹ്‌ലി പഠിച്ചുവരുന്നതേയുള്ളു. ചിലപ്പോൾ അമിതാവേശക്കാരനും വികാരജീവിയുമായി കോഹ്‌ലി മാറുന്നുണ്ട്. ഈ രീതി എതിർ ടീമിനെ മാത്രമല്ല, സ്വന്തം ടീമിലുള്ളവരെപ്പോലും അസ്വസ്ഥതപ്പെടുത്തുന്നു. കോഹ്‌ലിയെയും റിച്ചാർഡ്സിനെയും താരതമ്യപ്പെടുത്തേണ്ടതു ബാറ്റിങ്ങിന്റെ പേരിൽ മാത്രമല്ല, ക്യാപ്റ്റൻസിയുടെ കാര്യത്തിൽക്കൂടിയാണ്. റിച്ചാർഡ്സ് ക്യാപ്റ്റനായപ്പോഴും സമാനമായിരുന്നു കാര്യങ്ങൾ. കാലം കടന്നതോടെ റിച്ചാർഡ്സ് ശാന്തനായി. ആ സ്വഭാവം ടീമിനും ലഭിച്ചു. അതോടെ അനുകൂല ഫലങ്ങൾ എത്തിത്തുടങ്ങി. വിരാടിനും ആ മട്ടിലുള്ള ഒരു പഠനകാലമാണിതെന്നു ഞാൻ കരുതുന്നു.’’– ഹോൾഡിങ് പറഞ്ഞു.

കോഹ്‌ലി നായകനായ ശേഷമുള്ള 35 ടെസ്റ്റുകളിലും ടീമിൽ ഒരു മാറ്റമെങ്കിലും വരുത്തിയ രീതിയുടെ ഏറ്റവും വലിയ വിമർശകനുമാണ് ഹോൾഡിങ്. വിവിധ രാജ്യങ്ങളിൽ വിവിധ സ്വഭാവമുള്ള പിച്ചുകളിൽ കളിക്കുമ്പോൾ ടീമിൽ മാറ്റം സ്വാഭാവികമാണ്. കൂടാതെ കളിക്കാർക്ക് ആവശ്യത്തിനു വിശ്രമത്തിനും അവസരമൊരുങ്ങും. എന്നാൽ മാറ്റങ്ങൾ പതിവാക്കുന്നത് അനാരോഗ്യകരമാണ്. മികച്ച വിജയങ്ങൾ നേടിയ ടെസ്റ്റ് ടീമുകൾ പരിശോധിക്കൂ. അവർ ടീമിൽ മാറ്റം വരുത്താറുണ്ട്. എല്ലാ ടെസ്റ്റിലുമില്ല. കളിക്കാർക്കു ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത നിലയുണ്ടാക്കരുത്. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ടീമിലെത്തില്ലെന്ന പരിഭ്രമം താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. – ഹോൾഡിങ് പറഞ്ഞു.