Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയ്ക്ക് ‘മനസ്സിലാകുന്നില്ല’, ഇന്ത്യയുടെ ‘സ്പിൻ ബ്രോസി’നെ!

Chahal-Kuldeep-Rohit ചാഹലും കുൽദീപും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം.

സെഞ്ചൂറിയൻ ∙ ഓരോ മൽസരം പിന്നിടുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ കൂടുതൽ നിഗൂഢത ഒളിപ്പിക്കുന്നവരായി മാറുകയാണ് ഏകദിനത്തിലെ ഇന്ത്യയുടെ പുതിയ കണ്ടെത്തലായ ‘സ്പിൻ ബ്രോസ്’. സ്വതവേ പേസ് ബോളർമാർക്ക് അനുകൂലമായ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും നടത്തുന്ന വിക്കറ്റ് വേട്ട കണ്ണിനിമ്പമുള്ള മികച്ചൊരു ക്രിക്കറ്റ് കാഴ്ചയുമാകുന്നു.

ഡർബനിൽ നടന്ന ആദ്യ ഏകദിനത്തില്‍ത്തന്നെ കുൽദീപും ചാഹലും വരവറിയിച്ചിരുന്നു. പേസ് ബോളർമാർക്ക് അനുകൂലമായ പിച്ചിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ താരങ്ങളെ വെള്ളം കുടിപ്പിച്ചു. സ്പിന്നിനെതിരെ കളിക്കുന്നതിൽ സ്വതവേ മികവു കാട്ടാറുള്ള ഡിക്കോക്കിനെ ചാഹലും ജെ.പി. ഡുമിനിയെ കുൽദീപ് യാദവുമാണ് പുറത്താക്കിയത്.

മൽസരത്തിലാകെ ഇരുവരും സ്വന്തമാക്കിയത് അഞ്ച് വിക്കറ്റ്; കുൽദീപ് മൂന്നും ചാഹൽ രണ്ടും. ഇരുവരും ചേർന്ന് 20 ഓവറിൽ വഴങ്ങിയതാകട്ടെ 79 റൺസ് മാത്രം. ദക്ഷിണാഫ്രിക്കയുടെ റൺ നിരക്ക് നിയന്ത്രിച്ചുനിർത്തുന്നതിൽ ഇരുവരുടെയും പ്രകടനം തുണയായി. ഇതേ മണ്ണിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിന് വിക്കറ്റൊന്നും നേടാനായുമില്ലെന്നോർക്കണം. 

സെഞ്ചൂറിയനിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതാണ് കണ്ടത്. കഴിഞ്ഞ തവണ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് വിജയകരമായി തടയിട്ട ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ അഭാവത്തിൽ ചാഹലും കുൽദീപും കൂടുതൽ അപകടകാരികളായി. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറിന് പുറത്താക്കിയത് ഇരുവരുടെയും മികവുതന്നെ.

പരമ്പരാഗതമായി പേസ് ബോളർമാരെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയന്‍ സ്പോർട്പാർക്കിൽ ഇരുവരും അക്ഷരാർഥത്തിൽ നിറഞ്ഞാടി. മൽസരത്തിലാകെ എട്ടു വിക്കറ്റുകളാണ് ഇരുവരും ചേർന്ന് പോക്കറ്റിലാക്കിയത്. ചാഹൽ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ, കുൽദീപ് മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നൽകി.

8.2 ഓവർ ബോൾ ചെയ്ത ചാഹൽ 22 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഏകദിന കരിയറിൽ ചാഹലിന്റെ ഏറ്റവും മികച്ച പ്രകടനം. ആറ് ഓവർ ബോൾ ചെയ്ത കുൽദീപ് യാദവ് 20 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. തുടർച്ചയായ രണ്ടാം മൽസരത്തിലും ക്വിന്റൺ ഡികോക്ക് ചാഹലിനു മുന്നിൽ കീഴടങ്ങി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ഡുമിനി, അരങ്ങേറ്റ താരം സോൻഡോ എന്നിവരെ മടക്കിയതും ചാഹൽ തന്നെ. മോർക്കൽ, മോറിസ് എന്നിവരെയും പവലിയനിലെത്തിച്ച ചാഹൽ കീശനിറച്ചാണ് സെഞ്ചൂറിയനിൽനിന്ന് തിരിച്ചുകയറിയത്.

സെഞ്ചൂറിയനിലെത്തിയപ്പോൾ കയ്യാളുടെ റോളിലേക്ക് മാറിയ കുൽദീപ് ക്യാപ്റ്റൻ എയ്‍ഡൻ മർക്രം, അപകടകാരിയായ ഡേവിഡ് മില്ലർ, കഗീസോ റബാഡ എന്നിവരെയാണ് കൂടാരം കയറ്റിയത്. വരും മൽസരങ്ങളിലും ഇവർ മികവു തുടർന്നാൽ പരമ്പരയിൽ ലീഡെടുത്തു കഴിഞ്ഞ ഇന്ത്യയ്ക്ക് അനാസായം പരമ്പര സ്വന്തമാക്കാം.

related stories