Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർ ഭയന്ന ആ ‘ഭീഷണി’ കോഹ്‍ലിയല്ല; അവൻ പിന്നാലെ വരുന്നുണ്ട്!

Prithvi-Sha

മുംബൈ∙ പൃഥ്വി ഷാ; വരുംകാലത്തും ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭകൾക്കു പഞ്ഞമുണ്ടാകില്ലെന്ന് അണ്ടർ 19 ലോകകപ്പിലെ പ്രകടനത്തിലൂടെ തെളിയിച്ച താരം. കോഹ്‍ലിക്കൊത്ത പിൻഗാമിയിതാ വളർന്നുവരുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച താരം. ഷാ മാത്രമല്ല, രാജ്യത്തിനു പ്രതീക്ഷ വയ്ക്കാവുന്ന ഒരുപിടി യുവതാരങ്ങളെയാണ് ന്യൂസീലൻഡിൽ സമാപിച്ച അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് രാജ്യത്തിനു സമ്മാനിച്ചിരിക്കുന്നത്. 

താരോദയങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും തിളങ്ങിയ ക്യാപ്റ്റൻ ഷായിൽനാളത്തെ ധോണിയും കോഹ്‍ലിയുമുണ്ടെന്നാണ് വിദഗ്ധമതം. ഓപ്പണറായി കളിക്കുന്ന ഈ വലംകയ്യൻ താരം രണ്ട് അർധ സെഞ്ചുറികൾ മാത്രമാണ് അണ്ടര്‍ 19 ലോകകപ്പില്‍ നേടിയതെങ്കിലും രഞ്ജിയിലും ലിസ്റ്റ് എയിലെയും പ്രകടനങ്ങൾ നൽകുന്ന പ്രതീക്ഷ വലുതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിതാരമാണ് ഈ പതിനെട്ടുകാരനെന്നതിൽ യാതൊരു തർക്കവുമില്ല. സച്ചിന്റെ റെക്കോർഡുകൾക്ക് ഭീഷണിയായി കോഹ്‍ലി മാറുമെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ അഭിപ്രായം മാറ്റുകയാണ്. ആ ഭീഷണി കോഹ്‍ലിയല്ല, അത് പൃഥ്വി ഷാ ആണത്രേ!

ഐപിഎല്ലിലും താരമാകാൻ ഒരുങ്ങുകയാണ് ഷായെന്നതാണ് പുതിയ വിശേഷം. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഡൽഹി ഡെയർഡെവിൾസാണ് ഷായെ ടീമിലെടുത്തത്. 1.2 കോടി രൂപയ്ക്കാണ് ഷായെ ഡൽഹി പോക്കറ്റിലാക്കിയത്.

മൂന്നാം വയസ്സിൽ തുടങ്ങി, ക്രിക്കറ്റ് ചങ്ങാത്തം!

ഇന്നും ഇന്നലെയുമല്ല, മൂന്നാം വയസ്സുമുതൽ തന്നെ ഇന്ത്യയുടെ ഈ ഭാവി നായകൻ ക്രിക്കറ്റിന്റെ ഓരം ചേർന്ന് നടക്കാൻ ആരംഭിച്ചിരുന്നു. മുംബൈയ്ക്കു സമീപമുള്ള വിരാർ എന്ന നഗരത്തിൽ നിന്നാണു പൃഥ്വി ഷായുടെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ ചിറകു മുളയ്ക്കുന്നത്. 

വളരെ യാദൃശ്ചികമായാണ് ആദ്യ ക്രിക്കറ്റ് പരിശീലകൻ സന്തോഷ് പിങ്‍ലൂക്കർ ഷായിലെ പ്രതിഭയെ കണ്ടെത്തുന്നത്. ഔറാംഗബാദിൽ നിന്നു വിരാറിലേക്കുള്ള യാത്രയ്ക്കിടെയാണ് സമീപത്തെ മൈതാനത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചു ഷായിൽ പിങ്‌ലൂക്കറിന്റെ കണ്ണുടക്കുന്നത്. ഷായിൽ പ്രതിഭയുടെ മിന്നലാട്ടം കണ്ട പിങ്‌ലൂക്കർ ഷായുടെ പിതാവിനെ കണ്ട് താരത്തെ ‘കളത്തിലിറക്കാൻ’ അനുമതി തേടി.

വിവിധ ക്രിക്കറ്റ് അക്കാദമികളിലും ക്ലബ്ബുകളിലും ഷാ ക്രിക്കറ്റ് പരിശീലനത്തിനെത്തിയെങ്കിലും ‘കൊച്ചുപയ്യൻ’ എന്നു പറഞ്ഞ് തിരിച്ചയച്ചു. ചേട്ടൻമാരുടെ വേഗമേറിയ പന്തുകൾ ഈ പയ്യൻ എങ്ങനെ നേരിടുമെന്നായിരുന്നു പരിശീലകരുടെ സംശയം. ഒടുവിൽ പിങ്‍ലൂക്കർ‌ തന്നെ അതിനുള്ള പരിഹാരവും കണ്ടെത്തി. പിങ്‌ലൂക്കർ പുതുതായി തുടങ്ങിയ ഗോൾഡൻ സ്റ്റാർ ക്രിക്കറ്റ് അക്കാദമിയിലേക്കു അദ്ദേഹം ഷായെയും കൊണ്ടുപോയി. അക്കാദമിയില്‍ റജിസ്റ്റർ ചെയ്ത ആദ്യ താരം കൂടിയായിരുന്നു പൃഥ്വി ഷാ. ഇതോടെ വിരാറിലുള്ള നാഷണൽ സ്കൂളിൽ നിന്നു പഠനം മുംബൈയിലെ റിസ്‍വി സ്കൂളിലേക്കു മാറ്റി.

ജീവിതത്തിൽ നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ആഗ്രഹിച്ച ഇടത്തിലേക്ക് പൃഥ്വിഷാ മുന്നേറുന്നത്. സൂറത്തിൽ  നിന്നും മുംബൈയിലേക്ക് തുണിയെത്തിച്ചു വിൽപ്പന നടത്തുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റെ അച്ചന്. സാമ്പത്തിക ചുറ്റുപാടുകളും മോശം. നാലാം വയസിൽ ഷായുടെ അമ്മ മരിച്ചു. സങ്കടത്തിന്റെ കയ്പുനീർ കുടിച്ച നാളുകൾ.

വൈകുന്നേരങ്ങളിലായിരുന്നു ഷായുടെ ക്രിക്കറ്റ് പരിശീലനം. എന്നാൽ മുംബൈയിൽ നിന്നു ട്രെയിൻ കയറി വീട്ടിലെത്തുമ്പോഴേക്കും സമയം വൈകും. ഇതോടെ പൃഥ്വി ഷായും കുടുംബവും താമസവും മുംബൈയിലേക്കു മാറ്റി. പത്താം വയസിൽ മുംബൈ അണ്ടർ 14 ടീമിൽ അവസരം ലഭിച്ചു. അന്ന് കൊച്ചു ഷായ്ക്ക് പ്രായം 10 വയസ്സു മാത്രം. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നിരവധി അവസരങ്ങളും ഷായെ തേടിയെത്തി. പ്രാദേശിക ടൂർണമെന്റുകളിലും എംഐജി ടീമിലും തിളങ്ങി. മുംബൈ അണ്ടർ 16, 19 ടീമുകളിലും അവസരം ലഭിച്ചു. പിന്നാലെ അണ്ടർ 19 ദേശീയ ടീമിലേക്കും. പിന്നീടു നടന്നത് ചരിത്രം...

ഷായുടെ പരിശീലകനായിരുന്ന സന്തോഷ് പിങ്‍ലൂക്കറിന്റെ വാക്കുകൾ – 'ഒരു നാൾ പൃഥ്വി ഷാ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി കളിക്കുമെന്ന കാര്യം ഉറപ്പാണ്. രാഹുൽ ദ്രാവിഡിനെപ്പോലൊരു കോച്ചിന്റെ കീഴിലെത്തിയത് ഷായുടെ ഭാഗ്യമാണ്. ദ്രാവിഡിന്റെ കീഴിൽ അദ്ദേഹത്തിന് ലഭിച്ച അവസരങ്ങൾ അത്രയേറെയാണ്.’

സ്കൂൾ ക്രിക്കറ്റിലെ ഉയർന്ന സ്കോർ

14–ാം വയസിൽ മുംബൈയിലെ റിസ്‍വി സ്കൂളിനു വേണ്ടി റെക്കോർഡ് പ്രകടനം നടത്തിയാണ് ഷാ ദേശീയ ശ്രദ്ധയിലെത്തുന്നത്. 2013ൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ 330 പന്തുകളിൽ നിന്ന് 546 റൺസാണ് ഷാ അടിച്ചുകൂട്ടിയത്. 85 ഫോറുകളും അഞ്ചു സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അന്നത്.

2016ൽ പൃഥ്വി ഷായുൾപ്പെട്ട അണ്ടർ 19 ടീം ശ്രീലങ്കയിൽ നടന്ന യൂത്ത് ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കി. രണ്ടു മാസത്തിനു ശേഷം രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി തമിഴ്നാടിനെതിരെ അരങ്ങേറ്റം കുറിച്ചു. സെമിയിലെ ആദ്യ ഇന്നിങ്സിൽ നാലു റൺസ് മാത്രം നേടി പുറത്താകാനായിരുന്നു വിധിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ഷാ സെഞ്ചുറി കുറിച്ചു. 

ഒൻപത് ഫസ്റ്റ് ക്ലാസ് മൽസരം, അഞ്ച് സെഞ്ചുറിയും!

അരങ്ങേറ്റ മൽസരത്തിൽ തന്നെ സെഞ്ചുറി കുറിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള വരവ് പൃഥ്വി ഷാ ഗംഭീരമാക്കിയത്. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ 175 പന്തുകളിൽ 120 റൺസാണ് സ്വന്തമാക്കിയത്. ഫൈനലിൽ ഗുജറാത്തിനെതിരെ 71, 44 എന്നീ സ്കോറുകളും നേടി. പക്ഷേ, 2016–17 സീസണിലെ ഫൈനലിൽ മുംബൈ ഗുജറാത്തിനോട് തോറ്റു. 2017–18 സീസണിലും മുംബൈയ്ക്കു വേണ്ടി ഷാ നിര്‍ണായക പ്രകടനം നടത്തി.

രഞ്ജിയിൽ നാലു സെഞ്ചുറികളാണ് ഷായ്ക്കു സ്വന്തമാക്കാനായത്. മൂന്നു തവണ അർധസെഞ്ചുറിയും നേടിയിട്ടുണ്ട് ഈ പതിനെട്ടു വയസ്സുകാരൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 961 റൺസാണ് പൃഥ്വി ഷായുടെ സമ്പാദ്യം. 2017 ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പൃഥ്വി ഷാ പേരിലാക്കി. തകർന്നുവീണത് സാക്ഷാൽ സച്ചിന്റെ റെക്കോർഡ്. ഇന്ത്യ റെഡിനു വേണ്ടി നേടിയ ആ 154 റൺസാണ് പൃഥ്വി ഷായുടെ ഉയർന്ന സ്കോർ.

പൃഥ്വി ഷായുടെ സെഞ്ചുറി പ്രകടനങ്ങൾ (രഞ്ജി)

2016–17 സീസൺ

∙ 175 പന്തിൽ 120 (തമിഴ്നാട്)

2017–18 സീസൺ

∙ 155 പന്തിൽ 123 (തമിഴ്നാട്)

∙ 153 പന്തിൽ 105 (ഒഡീഷ)

∙ 173 പന്തിൽ 114 (ആന്ധ്രപ്രദേശ്)

അണ്ടർ 19 ലോകകപ്പിലെ പ്രകടനം

∙ 100 പന്തിൽ 94 (ഓസ്ട്രേലിയ)

∙ 36 പന്തിൽ 57 (പാപുവ ന്യൂഗിനി)

∙ 54 പന്തിൽ 40 (ബംഗ്ലദേശ്)

∙ 42 പന്തിൽ 41 (പാക്കിസ്ഥാൻ)

∙ 41 പന്തില്‍ 29 (ഓസ്ട്രേലിയ)

related stories