Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് ജയിക്കാൻ 2 റൺസ്, 9 വിക്കറ്റും 186 പന്തും ബാക്കി; അംപയർമാർ പറഞ്ഞു, ഉണ്ടിട്ടു വരൂ!

Lunch-Break-IND-vs-SA ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ട് റൺസ് വേണ്ടപ്പോൾ അംപയർമാർ ലഞ്ച് ബ്രേക്ക് വിളിച്ചപ്പോൾ. (വിഡിയോ ദൃശ്യം)

സെഞ്ചൂറിയൻ ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മൽസരത്തിന് അസമയത്ത് ഉച്ചഭക്ഷണ ഇടവേള നൽകിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജയിക്കാൻ ഇന്ത്യ രണ്ടു റൺസ് മാത്രം അകലെ നിൽക്കെയാണ് അംപയർ അലീം ദാറും അഡ്രിയാൻ ഹോൾഡ്സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റും കൂടി 40 മിനിറ്റ് ഇടവേളയ്ക്കു തീരുമാനിച്ചത്. ടിവി കമന്റേറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ഈ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു.

രണ്ടാം ഏകദിനത്തിൽ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനു വിട്ട ഇന്ത്യ അവരെ വെറും 118 റൺസിനു പുറത്താക്കിയിരുന്നു. പിന്നീട് 18 ഓവറിൽ ഒരു വിക്കറ്റിന് 117 റൺസിൽ ഇന്ത്യ നിൽക്കെ അംപയർമാർ കളി നിർത്തിവച്ചു. പ്രീ ലഞ്ച് സെഷൻ മൂന്ന് ഓവറോളം ദീർഘിപ്പിച്ച ശേഷമായിരുന്നു ഈ അസാധാരണ തീരുമാനം.

‘അസംബന്ധം’ എന്നാണ് വെസ്റ്റ് ഇൻഡീസിന്റെ മുൻ ബോളിങ് ഇതിഹാസം മൈക്കൽ ഹോൾഡിങ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ‘ഉച്ചഭക്ഷണം കഴിഞ്ഞുവരൂ’ എന്നു ബാങ്കുകൾ ഇടപാടുകാരോടു പറയുന്നതു പോലെയാണ് അംപയർമാരുടെ പെരുമാറ്റമെന്നു വീരേന്ദർ സേവാഗ് പരിഹസിച്ചു. ഇരു ടീമിലെയും താരങ്ങൾക്കും അസമയത്തെ ഈ ബ്രേക്ക് ഇഷ്ടമായില്ല. 

കുറ്റപ്പെടുത്താനാവില്ല

∙ കെ.എൻ.രാഘവൻ (മുൻ രാജ്യാന്തര അംപയർ) 

അംപയർമാരെ കുറ്റപ്പെടുത്താനാവില്ല. കാരണം നിയമ പ്രകാരം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഉച്ചഭക്ഷണ സമയത്തിൽ മാറ്റം വരുത്താൻ അവർക്ക് അവകാശമുള്ളത് ആദ്യ ഇന്നിങ്സ് ഉച്ചഭക്ഷണ സമയത്തിനു മുൻപുള്ള അരമണിക്കൂറിനുള്ളിൽ തീർന്നാൽ മാത്രമാണ്. അങ്ങനെയെങ്കിൽ മുൻകൂട്ടി ലഞ്ച് ബ്രേക്ക് നൽകാം. അര മണിക്കൂറിനു മുൻപേ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ഇന്നിങ്സ് അവസാനിച്ചാൽ രണ്ടാം ടീമിന്റെ ഇന്നിങ്സ് തുടങ്ങി നിശ്ചിത സമയത്തു മാത്രമായിരിക്കും ഉച്ചഭക്ഷണ ഇടവേള. ഇനി മഴ കാരണമോ മറ്റേതെങ്കിലും തരത്തിലോ കളി തടസ്സപ്പെട്ടാൽ ആവശ്യമെങ്കിൽ ക്യാപ്റ്റൻമാരുമായി ആലോചിച്ച് ഇടവേള സമയം മാറ്റാനോ കുറയ്ക്കാനോ അംപയർമാർക്കു കഴിയും.

ഇന്നലെ ഇന്ത്യക്കു ജയിക്കാൻ രണ്ടു റൺസ് മാത്രമുള്ളപ്പോൾ അംപയർമാർ ഉച്ചഭക്ഷണ ഇടവേള നൽകി എന്നതാണല്ലോ വിവാദം. ആ രണ്ടു റൺസ് ഉടൻതന്നെ ഇന്ത്യ നേടും എന്നെങ്ങനെ ഉറപ്പിച്ചുപറയാനാവും. അടുത്ത ഓവറിൽ തുടർച്ചയായി വിക്കറ്റ് വീണാലോ? കളി നീണ്ടുപോകാം. അതിനാൽ അംപയർക്ക് അങ്ങനെയേ തീരുമാ നിക്കാനാവുമായിരുന്നുള്ളൂ. പിന്നെ ഉച്ചഭക്ഷണ, ചായ ഇടവേളകളെല്ലാം ടിവി സംപ്രേഷണവുമായി ബന്ധപ്പെട്ടു കൂടിയാണു തീരുമാനിക്കുന്നത്. ആ സമയത്തെ പരസ്യവരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിനു പിന്നിലുണ്ട്. അതു മറികടക്കാൻ അംപയർമാർക്കു കഴിയില്ല. 

related stories