Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു കളിയിൽ 40 റൺസ്, ഉയർന്ന സ്കോർ 20; ഈ സെഞ്ചുറിക്കു മധുരം കൂടും!

Rohit-Century രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിന മൽസരത്തിനിടെ.

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിന് തയാറെടുക്കുമ്പോൾ ഇന്ത്യയുടെ ആശങ്കയേറെയും രോഹിതിനെ ചൊല്ലിയായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും മുൻപ് നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയം സമ്മാനിച്ച അതേ താൽക്കാലിക ക്യാപ്റ്റനെച്ചൊല്ലി. വൻ വിസ്ഫോടനശേഷിയുള്ള രോഹിതിന്റെ ബാറ്റ് ദക്ഷിണാഫ്രിക്കയിൽ പതിവിലേറെ നിശബ്ദമായത് ആരാധകർക്ക് സമ്മാനിച്ച ആശങ്ക ചില്ലറയല്ല. ടീമിന് സമ്മാനിച്ച അസ്ഥിരതയും.

ഏകദിനത്തിലെ മൂന്നാം ഇരട്ടസെഞ്ചുറി നേടിയതിന്റെ ചൂടാറും മുൻപാണ് രോഹിത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനെത്തുന്നത്. ടെസ്റ്റിൽ തീർത്തും മോശം ഫോമിലായിരുന്ന രോഹിതിനെ പിൻവലിച്ച ശേഷമാണ് ടീം വിജയവഴിയിൽ പോലുമെത്തിയത്. ഏകദിനത്തിലും വ്യത്യസ്തമായില്ല കാര്യങ്ങൾ. നാല് ഏകദിനങ്ങളിൽനിന്നുള്ള രോഹിതിന്റെ സംഭാവന ടീമിനെ സംബന്ധിച്ച് തുലോം തുച്ഛമായിരുന്നു. പരമ്പരയിൽ അസാധ്യ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഏറ്റവും ചെറിയ സ്കോർ പുറത്താകാതെ നേടിയ 46 റൺസായിരുന്നെങ്കിൽ, അഞ്ചാം ഏകദിനത്തിന് ഇറങ്ങുംവരെ നാലു മൽസരങ്ങളിൽനിന്ന രോഹിത് ആകെ നേടിയത് 40 റൺസായിരുന്നു.

ആദ്യ മൽസരത്തിൽ നേടിയ 20 റൺസായിരുന്നു പരമ്പരയിൽ രോഹിതിന്റെ ഏറ്റവും ഉയർന്ന സ്കോർ. തുടർന്നുള്ള മൽസരങ്ങളിലെ പ്രകടനമാകട്ടെ 15, പൂജ്യം, അഞ്ച് എന്നിങ്ങനെയും. എല്ലാം കൊണ്ടും കടുത്ത സമ്മർദ്ദം നേരിടുന്ന ഘട്ടത്തിലാണ് സെന്റ് ജോർജ് പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയയ്ക്കപ്പെട്ട സന്ദർശകർക്കായി രോഹിത് ബാറ്റുമായി ക്രീസിലെത്തിയത്.

പതിവുപോലെ നിലയുറപ്പിക്കാൻ സമയമെടുത്തു രോഹിത്. മറുവശത്ത് ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മേൽ സമ്പൂർണാധിപത്യം പുലർത്തി ധവാൻ മുന്നേറുമ്പോൾ, രോഹിത് തുടക്കത്തിൽ തപ്പിത്തടഞ്ഞു. നിലയുറപ്പിച്ച് കത്തിക്കയറുന്ന സ്വതസിദ്ധമായ ആ ശൈലിയിലേക്ക് പൂർണമായി എത്തിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനമായിരുന്നു രോഹിതിന്റേത്. കൃത്യം 50 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ രോഹിത് കുറച്ചുകൂടി സാവകാശത്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്.

96ൽ നിൽക്കെ റബാഡയുടെ പന്ത് പുൾ ചെയ്ത ബൗണ്ടറി കടത്താനുള്ള ശ്രമം തേർഡ് മാനിൽ ടെബ്രായിസ് ഷംസിയുടെ കൈകളിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും ആ  ക്യാച്ച് ഷംസി കൈവിട്ടതും രോഹിതിനെ തുണച്ചു. ഒടുവിൽ നേരിട്ട 107–ാം പന്തിൽ ഏകദിനത്തിലെ 17–ാം സെഞ്ചുറിയും രോഹിത് കുറിച്ചു. 10 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയായിരുന്നു ഇത്. ഒടുവിൽ 126 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 115 റൺസെടുത്താണ് രോഹിത് പുറത്തായത്. ലുങ്കി എൻഗിഡിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസൻ ക്യാച്ചെടുത്ത്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ 12–ാം ഏകദിനം കളിക്കുന്ന രോഹിതിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. 2011ലായിരുന്നു രോഹിതിന്റെ ആദ്യ മൽസരം. ഇതിനു മുൻപ് ദക്ഷിണാഫ്രിക്കയിൽ രോഹിതിന്റെ ഉയർന്ന സ്കോറാകട്ടെ ഇരുപത്തിമൂന്നും റൺ ശരാശരി 11.45ഉം. എന്തായാലും ആശങ്കകളൊക്കെ കഴുകിക്കളഞ്ഞൊരു ഇന്നിങ്സുമായി പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ രോഹിത് അവതരിച്ചിരിക്കുന്നു. 

related stories