Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ആരാധകർക്കറിയാം, ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന്...!

Indian-Cricket-Team-1

പോർട്ട് എലിസബത്ത്∙ കാൽനൂറ്റാണ്ടിലധികം നീണ്ടുനിന്ന കാത്തിരിപ്പിനുശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര, പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ ആദ്യ ഏകദിന വിജയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാലാം ഏകദിന വിജയം, ഏകദിനത്തിലെ ഒന്നാം റാങ്ക്... പോർട്ട് എലിസബത്ത് ഏകദിനത്തിലെ തകർപ്പൻ ജയത്തിൽ ഇന്ത്യൻ ആരാധകർക്ക് അഭിമാനിക്കാനുള്ള വക ഏറെയുണ്ട്. ആതിഥേയരുടെ പോരാട്ടവീര്യത്തെ ബാറ്റിങ്ങിലെയും ബോളിങ്ങിലെയും മേധാവിത്തം കൊണ്ട് കോഹ്‍ലിപ്പട കീഴടക്കുമ്പോൾ, സെന്റ ജോർജ് പാർക്കിൽ പിറവിയെടുത്തത് ചരിത്രമാണ്. ഇതിഹാസ താരങ്ങൾ പലരും പിറവിയെടുത്ത ഇന്ത്യൻ ക്രിക്കറ്റിന് ഇന്നുവരെ പിടികൊടുക്കാതിരുന്ന ദക്ഷിണാഫ്രിക്കൻ മണ്ണ്, ഒടുവിൽ കോഹ്‍ലിയുടെയും സംഘത്തിന്റെയും കാൽക്കീഴിലായിരിക്കുന്നു.

ഒരു മൽസരം മാത്രമേ ആ കാത്തിരിപ്പ് നീണ്ടുള്ളൂ. വാണ്ടറേഴ്സിൽ കൈവിട്ട ജയം പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ കൈപ്പിടിയിലൊതുക്കിയ ഇന്ത്യയ്ക്ക് ഏറെ നാൾ ഓർത്തിരിക്കാം ഈ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് 73 റൺസ് ജയം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ചതെന്നു പറയാവുന്ന ഈ റൺ മാർജിനേക്കാൾ ടീം ജയിച്ച രീതിയും ആരാധകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്!

‍ഡർബനിൽ ആറു വിക്കറ്റിനും സെഞ്ചൂറിയനിൽ ഒൻപതു വിക്കറ്റിനും കേപ്ടൗണിൽ 124 റൺസിനും ജയിച്ച ഇന്ത്യ അഞ്ചാം ഏകദിനത്തിൽ 73 റൺസ് ജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. മഴ കളിച്ച നാലാം ഏകദിനത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പരാജയപ്പെട്ട ഒരേയൊരു മൽസരം മാത്രമാണ് അൽപം നിരാശ പകർന്നത്.

പരമ്പരയിലുടനീളം തുടർന്നുവന്ന മോശം ഫോം ഒറ്റ മൽസരം കൊണ്ട് മറവിയിലേക്കു തള്ളിവിട്ട രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും, കൈവിട്ടോ എന്ന് ആരാധകർ ഒരുവേള ആശങ്കപ്പെട്ട കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ ദ്വയം, അസാമാന്യ ആക്രമണത്വരയോടെ മുന്നിൽനിന്ന് നയിച്ച വിരാട് കോഹ്‍ലി, തോൽപ്പിക്കാം, കൊല്ലാനാവില്ലെന്ന പ്രഖ്യാപനത്തോടെ ക്രീസിൽ നിൽക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്ന ശിഖർ ധവാൻ ... പോർട്ട് എലിസബത്ത് ഏകദിനം ബാക്കി വയ്ക്കുന്ന സുന്ദരമായ ക്രിക്കറ്റ് കാഴ്ചകൾക്ക് അറുതിയില്ല.

രോഹിതിന്റെ രാജകീയ മടങ്ങിവരവ്

അഞ്ചാം ഏകദിനത്തിന് തയാറെടുക്കുമ്പോൾ ഇന്ത്യയുടെ ആശങ്കയേറെയും രോഹിതിനെ ചൊല്ലിയായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും മുൻപ് നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയം സമ്മാനിച്ച അതേ ‘ക്യാപ്റ്റൻ രോഹിതി’നെച്ചൊല്ലി. വൻ വിസ്ഫോടനശേഷിയുള്ള രോഹിതിന്റെ ബാറ്റ് ദക്ഷിണാഫ്രിക്കയിൽ പതിവിലേറെ നിശബ്ദമായത് ആരാധകർക്ക് സമ്മാനിച്ച ആശങ്ക ചില്ലറയല്ല. ടീമിന് സമ്മാനിച്ച അസ്ഥിരതയും. എന്നാൽ, സകല ആശങ്കകളും അസ്ഥാനത്താണെന്നു തെളിയിച്ച രോഹിതിന്റെ അവതാരപ്പിറവിയാണ് സെന്റ് ജോർജ് പാർക്കിൽ കണ്ടത്.

Rohit Sharma

അസാമാന്യ ഫോമിൽ കളിച്ചുവന്ന ശിഖർ ധവാൻ പതിവിലും നേരത്തെ മടങ്ങിയശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം രോഹിത് കളിച്ച ഇന്നിങ്സ് എത്ര സുന്ദരമായിരുന്നു. കളിയുടെ സൗന്ദര്യത്തേക്കാൾ സന്ദർഭത്തിനനുസരിച്ച് പെരുമാറാൻ രോഹിത് തയാറായി എന്നതായിരുന്നു ആരാധകരുടെ സന്തോഷം. ഹിറ്റ്മാന്റെ ഏറ്റവും സുന്ദരമായ ഇന്നിങ്സൊന്നുമായിരുന്നില്ല അത്. ചില തപ്പിതടച്ചിലുകൾ ആ ഇന്നിങ്സിൽ ആവോളമുണ്ടായിരുന്നു താനും. എന്നിരിക്കിലും, ആ സെഞ്ചുറി വന്ന രീതിയും സന്ദർഭവും രോഹിതിന്റെ ഇന്നിങ്സിനെ നെഞ്ചോടു ചേർക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

പോർട്ട് എലിസബത്തിൽ അഞ്ചാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ആദ്യ മൽസരത്തിൽ നേടിയ 20 റൺസായിരുന്നു പരമ്പരയിൽ രോഹിതിന്റെ ഏറ്റവും ഉയർന്ന സ്കോർ. തുടർന്നുള്ള മൽസരങ്ങളിലെ പ്രകടനമാകട്ടെ 15, പൂജ്യം, അഞ്ച് എന്നിങ്ങനെയും. ഫോമില്ലായ്മയുടെ പേരിൽ കേൾപ്പിച്ച സകല പേരുദോഷങ്ങളും ഒറ്റ ഇന്നിങ്സുകൊണ്ടുതന്നെ രോഹിത് മായിച്ചു കളഞ്ഞെന്നതാണ് സത്യം. സെഞ്ചുറി കുതിപ്പിനിടെ പതിവില്ലാത്ത വിധം ക്യാപ്റ്റൻ കോഹ്‍ലിയും അജിങ്ക്യ രഹാനെയും റണ്ണൗട്ടായിട്ടും സമനില വിടാതെ കളിച്ചാണ് രോഹിത് സെഞ്ചുറിയിലെത്തിയത്.

പതിവുപോലെ നിലയുറപ്പിക്കാൻ സമയമെടുത്തു രോഹിത്. മറുവശത്ത് ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മേൽ സമ്പൂർണാധിപത്യം പുലർത്തി ധവാൻ മുന്നേറുമ്പോൾ, രോഹിത് തുടക്കത്തിൽ തപ്പിത്തടഞ്ഞു. നിലയുറപ്പിച്ച് കത്തിക്കയറുന്ന സ്വതസിദ്ധമായ ആ ശൈലിയിലേക്ക് പൂർണമായി എത്തിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനമായിരുന്നു രോഹിതിന്റേത്. കൃത്യം 50 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ രോഹിത് കുറച്ചുകൂടി സാവകാശത്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്.

Rohit-Sharma

96ൽ നിൽക്കെ റബാഡയുടെ പന്ത് പുൾ ചെയ്ത ബൗണ്ടറി കടത്താനുള്ള ശ്രമം തേർഡ് മാനിൽ ടെബ്രായിസ് ഷംസിയുടെ കൈകവിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും ആ ക്യാച്ച് ഷംസി കൈവിട്ടതും രോഹിതിനെ തുണച്ചു. ഒടുവിൽ നേരിട്ട 107–ാം പന്തിൽ ഏകദിനത്തിലെ 17–ാം സെഞ്ചുറിയും രോഹിത് കുറിച്ചു. 10 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയായിരുന്നു ഇത്. ഒടുവിൽ 126 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 115 റൺസെടുത്താണ് രോഹിത് പുറത്തായത്. ലുങ്കി എൻഗിഡിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസൻ ക്യാച്ചെടുത്ത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ 12–ാം ഏകദിനം കളിക്കുന്ന രോഹിതിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

കൂട്ടുകെട്ടിന്റെ രാജാവ് അഥവാ കോഹ്‍ലി

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അസാധ്യ ഫോമിൽ കളിച്ചുവന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും സെന്റ് ജോർജ് പാർക്കിൽ ബാറ്റിങ്ങിൽ പതിവു താളത്തിലായിരുന്നില്ല. രോഹിത് ഫോം വീണ്ടെടുക്കുന്ന കാഴ്ചയ്ക്ക് മറുഭാഗത്തു സാക്ഷ്യം വഹിച്ച കോഹ്‍ലി, ഇക്കുറി പിന്തുണക്കാരന്റെ റോളിലായിരുന്നു. മോശം പന്തുകളെ മാത്രം ശിക്ഷിച്ചു മുന്നേറിയ കോഹ്‍ലി, ഒരിക്കൽക്കൂടി കൂട്ടുകെട്ടിന്റെ രാജകുമാരനായി.

രോഹിത് ശർമയ്ക്കൊപ്പം 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോഹ്‍ലി, അഞ്ചാം ഏകദിനത്തിൽ പരമ്പരയിലെ നാലാം സെഞ്ചുറി കൂട്ടുകെട്ടിലാണ് പങ്കാളിയായതെന്ന വിശേഷവുമുണ്ട്. കോഹ്‍ലി സെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകാതെ പോയ ഒരേയൊരു മൽസരം സെഞ്ചൂറിയനിലെ രണ്ടാം ഏകദിനം മാത്രമാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 118 റൺസിൽ അവസാനിച്ച ആ മൽസരത്തിൽ കോഹ്‍ലി–ധവാൻ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും മൽസരം അവസാനിച്ചതാണ് അതിനു കാരണം.

Dhawan-Kohli

മറ്റെല്ലാ മൽസരങ്ങളിലും കോഹ്‍ലി സെഞ്ചുറി കൂട്ടുകെട്ടുകളുടെ ഭാഗമായി. ഡർബനിൽ നടന്ന ഒന്നാം ഏകദിനത്തിൽ അജിങ്ക്യ രഹാനെയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 189, കേപ്ടൗണിൽ നടന്ന മൂന്നാം ഏകദിനത്തിൽ ശിഖർ ധവാനൊപ്പം രണ്ടാം വിക്കറ്റിൽ 140, വാണ്ടറേഴ്സിൽ നടന്ന നാലാം ഏകദിനത്തിൽ ധവാനൊപ്പം തന്നെ രണ്ടാം വിക്കറ്റിൽ 158, പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ രോഹിത് ശർമയ്ക്കൊപ്പം 105... സമാനതകളില്ലാത്ത ഈ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാൻ.

ഇതിനു പുറമെ രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ അഞ്ചു മൽസരങ്ങളിൽനിന്ന് കോഹ്‍ലി ഇതുവരെ സ്വന്തമാക്കിയത്. 429 റൺസാണ്. വ്യക്തിഗത മികവിലും കോഹ്‍ലി അസാധ്യ ഫോമിലാണെന്നു ചുരുക്കം.

ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ച് പാണ്ഡ്യ

പരമ്പരയുടെ താരമാകുമെന്ന് വിശ്വസിച്ച ആരാധകരെ തീർത്തും നിരാശപ്പെടുത്തി ടീമിന് ബാധ്യതയായി മാറിയ ഹാർദിക് പാണ്ഡ്യയായിരുന്നു ആദ്യ നാലു മൽസരങ്ങളിലെ കാഴ്ച. പോർട്ട് എലിസബത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഹാർദിക് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്യാച്ച് സമ്മാനിച്ച് സംപൂജ്യനായി മടങ്ങിയ പാണ്ഡ്യ, ആരാധകരുടെ മനസ്സിൽ തീകോരിയിട്ടാണ് പുറത്തായത്.

എന്നാൽ, ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചതോടെ ചിത്രം മാറി. ഒൻപത് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 51 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 10–ാം ഓവറിലായിരുന്നു. ജസ്പ്രീത് ബുംമ്രയുടെ പന്തിൽ വിരാട് കോഹ്‍ലിക്ക് ക്യാച്ച് സമ്മാനിച്ച് ആദ്യം പുറത്തായത് ക്യാപ്റ്റൻ എയ്ഡൻ മര്‍ക്രം. 32 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 32 റൺസായിരുന്നു മർക്രത്തിന്റെ സമ്പാദ്യം.

Pandya-Kohli

ദക്ഷിണാഫ്രിക്ക പക്ഷേ, അപ്പോഴും ആശ്വാസത്തിലായിരുന്നു. ഡുമിനി, ഡിവില്ലിയേഴ്സ്, മില്ലർ ഉൾപ്പെടെയുള്ളവരൊന്നും അപ്പോഴും ക്രീസിലെത്തിയിരുന്നില്ല. എക്കാലത്തെയും വിശ്വസ്ത താരം ഹാഷിം അംലയാകട്ടെ മറുവശത്ത് മികച്ച ഫോമിലുമായിരുന്നു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. ആദ്യ ബോളിങ് മാറ്റവുമായി 11–ാം ഓവർ ബോൾ ചെയ്യാനെത്തിയ ഹാർദിക് പാണ്ഡ്യ, നിമിഷനേരം കൊണ്ട് ഒരിക്കൽക്കൂടി ആരാധകർക്കിടയിൽ താരമായി. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അപകടകാരിയായ ഡുമിനിയെ സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ ഏറ്റവും അപകടകാരിയായ ഡിവില്ലിയേഴ്സിനെയും മടക്കി. ഏഴു പന്തിൽ ആറു റൺസുമായി അപകടകാരിയായി വളരുകയായിരുന്ന ഡിവില്ലിയേഴ്സിനെ ധോണിയുടെ കൈകളിലെത്തിച്ചാണ് പാണ്ഡ്യ വരവറിയിച്ചത്. പാണ്ഡ്യ ഉഴുതുമറിച്ച ഈ മണ്ണിലാണ് കുൽദീപ്–ചാഹൽ സഖ്യം വിളവെടുത്തത്.

അവിടം കൊണ്ടും നിർത്തിയില്ല പാണ്ഡ്യ. ഇന്ത്യൻ ഫീൽഡർമാർ രണ്ടു വട്ടം കൈവിട്ടു സഹായിച്ചതിനു പിന്നാലെ അർധസെഞ്ചുറിയുമായി കുതിക്കുകയായിരുന്നു ഹാഷിം അംലയെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടുമാക്കി അദ്ദേഹം. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസെടുത്ത അംലയെ പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോ പുറത്താക്കുന്ന കാഴ്ച ഈ മൽസരത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നുമായിരുന്നു.

മാന്ത്രികത വീണ്ടെടുത്ത് കുൽദീപ്–ചാഹൽ ദ്വയം

വാണ്ടറേഴ്സിൽ നടന്ന നാലാം ഏകദിനം തോറ്റപ്പോൾ ആ പരാജയത്തേക്കാളേറെ ഇന്ത്യൻ ആരാധകരെ സങ്കടപ്പെടുത്തിയത് കുൽദീപ്–ചാഹൽ സഖ്യത്തെ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ നിലം തൊടാതെ പറത്തിയ കാഴ്ചയായിരുന്നു. ആദ്യ മൂന്ന് ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്കു മുന്നിൽ നിഗൂഢതയുടെ ആവരണങ്ങളുമായി അവതരിച്ച ഇരുവരെയും വാണ്ടറേഴ്സിൽ മില്ലറിന്റെയും ക്ലാസന്റെയും ഫെലൂക്‌വായോയുടെയും നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക അടിച്ചോടിച്ചു.

വാണ്ടറേഴ്സിൽ 11.3 ഓവർ ബോൾ ചെയ്ത ഇരുവരും 119 റൺസ് വഴങ്ങിയെന്നു മാത്രമല്ല, നേടാനായത് മൂന്നു വിക്കറ്റുകൾ മാത്രം. 33 പന്തിൽ 68 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹലിന്റെയും 36 പന്തിൽ 51 റൺസ് വഴങ്ങിയ കുൽദീപിന്റെയും സ്പിൻ മാന്ത്രികതയ്ക്ക് എന്തു സംഭവിച്ചുവെന്ന് ആശങ്കപ്പെട്ട ആരാധകർക്ക് പോർട്ട് എലിസബത്തിൽ മറുപടി ലഭിച്ചു. ഇക്കുറിയും റൺ വഴങ്ങുന്നതിൽ പതിവിലേറെ ധാരാളിത്തം കാട്ടിയെങ്കിലും നിർണായക സമയത്ത് നിർണായക വിക്കറ്റുകൾ വീഴ്ത്തി കുൽദീപും ചാഹലും വരവറിയിച്ചു.

Chahal-Kuldeep

കുൽദീപ് 10 ഓവറിൽ 57 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ചാഹൽ 9.2 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും പോക്കറ്റിലാക്കി. ഹെൻറിക് ക്ലാസൻ, ഫെലൂക്‌വായോ, റബാഡ, ഷംസി എന്നിവർ കുൽദീപിനു മുന്നിലും ഡേവിഡ് മില്ലർ, മോണി മോർക്കൽ എന്നിവർ ചാഹലിനു മുന്നിലും കീഴടങ്ങി. 42–ാം ഓവറിൽ റബാഡ, ക്ലാസൻ , ഷംസി എന്നിവരെ പുറത്താക്കിയ കുൽദീപിന്റെ ട്രിപ്പിൾ പ്രഹരമാണ് മൽസരം ഇത്രയേറെ അനായാസം സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്. പരമ്പരയിൽ കുൽദീപ് ഇതുവരെ 16 വിക്കറ്റുകൾ നേടിയപ്പോൾ ചാഹലിന്റെ പേരിൽ 14 വിക്കറ്റുകളുണ്ട്.

ക്ലാസനെ പേടിക്കണം

സെന്റ് ജോർജ് പാർക്കിൽ അനായാസം വിജയത്തിലെത്തിയെങ്കിലും ഇന്ത്യൻ സ്പിന്നർമാരെ നേരിടാനുള്ള മരുന്നൊക്കെ തന്റെ കൈവശമുണ്ടെന്ന് തെളിച്ചുപറഞ്ഞിട്ടാണ് ഹെൻറിച്ച് ക്ലാസൻ എന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ കണ്ടുപിടിത്തം പവലിയനിലേക്കു മടങ്ങിയത്. കുൽദീപിന്റെ ഒരു ഓവറിൽ രണ്ടു സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ തകർത്തടിച്ച ക്ലാസൻ തന്റെ ക്ലാസ് തെളിയിച്ചുകൊണ്ടിരിക്കെയാണ് കുൽദീപിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത് പുറത്തായത്.

ഇന്ത്യൻ ഫീൽഡർമാർ രണ്ടുതവണ ജീവൻ നൽകിയ ഹാഷിം അംല ആതിഥേയരുടെ ടോപ് സ്കോററായി. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസായിരുന്നു അംലയുടെ സമ്പാദ്യം. ക്ലാസൻ 42 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും ഉൾപ്പെടെ 39 റൺസെടുത്തു. ക്യാപ്റ്റൻ എയ്‍ഡൻ മർക്രം (40 പന്തിൽ 32), ഡേവിഡ് മില്ലർ (56 പന്തിൽ 36) എന്നിവരും ചെറുത്തുനിന്നെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

CRICKET-RSA-IND-ODI

ജെ.പി. ഡുമിനി (ഏഴു പന്തിൽ ഒന്ന്), എബി ഡിവില്ലിയേഴ്സ് (എട്ടു പന്തിൽ ആറ്), കഴിഞ്ഞ കളിയിലെ ഹീറോ ആൻഡിൽ ഫെലൂക്‌വായോ (നാലു പന്തിൽ പൂജ്യം), കഗീസോ റബാഡ (26 പന്തിൽ മൂന്ന്), മോണി മോർക്കൽ (എട്ടു പന്തിൽ ഒന്ന്), ടെബ്രായിസ് ഷംസി (രണ്ടു പന്തിൽ പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ലുങ്കി എൻഗിഡി നാലു റൺസുമായി പുറത്താകാതെ നിന്നു.

ആശങ്കപ്പെടാനും കാരണങ്ങൾ

തകർപ്പൻ വിജയത്തോടെ പരമ്പര കൈപ്പിടിയിലൊതുക്കിയെങ്കിലും ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്ന നിമിഷങ്ങളുമുണ്ട് മൽസരത്തിൽ. 300നും 350നും ഇടയ്ക്കുള്ള സ്കോർ ഉറപ്പിച്ച് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായ രണ്ടു റണ്ണൗട്ടുകൾ തിരിച്ചടിയാകുന്നതും സെന്റ് ജോർജ് പാർക്കിൽ കണ്ടു. 31.4 ഓവറിൽ രണ്ടിന് 176 റൺസെന്ന നിലയിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‍ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെയാണ് ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞ കോഹ്‍ലിയും നിരാശപ്പെടുത്തി. 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലിയെ ഡുമിനി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കുകയായിരുന്നു.

Indian-Cricket-Team

മുൻനിര നൽകുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര ഇക്കുറിയും തകർന്നതും ആശങ്കയ്ക്കു വക നൽകുന്നതുതന്നെ. രോഹിതിനും 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലി, 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കും ശേഷം ഇന്ത്യൻ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടാനായത് ശ്രേയസ് അയ്യർക്കു മാത്രം. അയ്യർ 37 പന്തിൽ രണ്ടു ബൗണ്ടറികളോടെ 30 റൺസെടുത്തു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ധോണി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ നേരിട്ട ആദ്യ പന്തിൽത്തന്നെ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി തികഞ്ഞ പരാജയമായി.

നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ 20 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത് പുറത്താകാതെ നിന്നു. കുൽദീപ് യാദവ് നാലു പന്തിൽ രണ്ടു റൺസോടെ കൂട്ടുനിന്നു.

related stories