Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റിങ് മറന്ന് രഹാനെ, ധോണി, പാണ്ഡ്യ ...; മധ്യനിരയില്ലാതെ എത്രനാൾ തുടരും ഈ കുതിപ്പ്?

Dhoni-Rahane-Pandya ധോണി, രഹാനെ, പാണ്ഡ്യ

ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര ജയത്തിന്റെ ആവേശം ആവോളം മനസ്സിൽ സൂക്ഷിക്കുമ്പോഴും, ടീം ഇന്ത്യയ്ക്ക് ആശങ്കപ്പെടാനും വക നൽകുന്നുണ്ട് പോർട്ട് എലിസബത്ത് ഏകദിനം. മധ്യനിര വെറും സങ്കൽപ്പമായി മാറുന്ന സങ്കടക്കാഴ്ചയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തുടർച്ചയായ അഞ്ചാം ഏകദിനത്തിലും ആസാധകരെ ആശങ്കപ്പെടുത്തുന്നത്. മുൻനിരയിൽ ഓപ്പണർമാരായ ശിഖർ ധവാൻ, രോഹിത് ശർമ, വൺ ഡൗണായെത്തുന്ന വിരാട് കോഹ്‍ലി എന്നിവരിൽ തീരുകയാണ് ഇന്ത്യയുടെ പോരാട്ടം. അവിടുന്നങ്ങോട്ട് ലോട്ടറി അടിക്കും പോലെ വല്ലപ്പോഴും നല്ലൊരു ഇന്നിങ്സ് വന്നാലായി. മികച്ച സ്കോറിനുള്ള അടിത്തറയിട്ടശേഷം മിക്ക മൽസരങ്ങളിലും ഇന്ത്യ മോശം സ്കോറിലൊതുങ്ങിയതിനു കാരണം മധ്യനിരയുടെ ആഴമില്ലായ്മയാണ്.

പോർട്ട് എലിസബത്തിലും ഇന്ത്യ സമാനമായ പ്രശ്നം അഭിമുഖീകരിച്ചു. ഒരു ഘട്ടത്തിൽ 300–350 റേഞ്ചിലേക്ക് കുതിക്കുമെന്നു കരുതിയ ഇന്ത്യൻ സ്കോർ 274ൽ അവസാനിക്കുന്നത് ഒട്ടൊക്കെ സങ്കടത്തോടെയാണ് ആരാധകർ കണ്ടിരുന്നത്. 15 ഓവറോളം ബാക്കി നിൽക്കെ 200 കടന്ന ഇന്ത്യയ്ക്ക് പിന്നീട് നേടാനായത് വെറും 74 റൺസ് മാത്രം. 

രോഹിതിനും 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലി, 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കും ശേഷം ഇന്ത്യൻ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടാനായത് ശ്രേയസ് അയ്യർക്കു മാത്രം. അയ്യർ 37 പന്തിൽ രണ്ടു ബൗണ്ടറികളോടെ 30 റൺസെടുത്തു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ധോണി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ നേരിട്ട ആദ്യ പന്തിൽത്തന്നെ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി തികഞ്ഞ പരാജയമായി.

നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ 20 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത് പുറത്താകാതെ നിന്നു. കുൽദീപ് യാദവ് നാലു പന്തിൽ രണ്ടു റൺസോടെ കൂട്ടുനിന്നു.

താരം തിരിച്ച് കണക്കെടുത്താൽ ഇങ്ങനെ

ആദ്യ ഏകദിനത്തിൽ 79 റൺസെടുത്തതിൽ ഒതുങ്ങുന്നു പരമ്പരയിൽ ഇതുവരെ അജിങ്ക്യ രഹാനെയുടെ ശ്രദ്ധേയമായ സംഭാവന. ആ മൽസരത്തിൽ കോഹ്‍ലിക്കൊപ്പം 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർത്തശേഷം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രഹാനെ പിന്നീട് പുറത്തെടുത്തത്. 11, എട്ട്, എട്ട് എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിൽ രഹാനെയുടെ പ്രകടനം.

പരമ്പര തുടങ്ങുമ്പോൾ മുതൽ കേൾക്കുന്നതാണ് ധോണി 10,000 റൺസ് എന്ന നാഴികക്കല്ലിന് തൊട്ടടുത്ത് എന്ന്. പരമ്പരയിലെ അഞ്ച് മൽസരങ്ങൾ പൂർത്തിയാകുമ്പോഴും നാഴികക്കല്ലിൽ തൊടാൻ ധോണിക്കായിട്ടില്ല. ഇന്ത്യ തോറ്റ നാലാം ഏകദിനത്തിൽ 43 പന്തിൽ പുറത്താകാതെ നേടിയ 42 റൺസാണ് ധോണിയുടെ ഉയർന്ന സ്കോർ. പുറത്താകാതെ നാല്, 10, 13 എന്നിങ്ങനെയാണ് മറ്റു മൽസരങ്ങളിൽ ധോണിയുടെ പ്രകടനം.

പോർട്ട് എലിസബത്തിൽ ബോളുകൊണ്ടും ഫീൽഡിങ് മികവുകൊണ്ടും കയ്യടി നേടിയ ഹാർദിക് പാണ്ഡ്യയും ബാറ്റിങ്ങിന്റെ കാര്യത്തിൽ സമ്പൂർണ പരാജയമായി. പുറത്താകാതെ മൂന്ന്, 14, ഒൻപത്, പൂജ്യം എന്നിങ്ങനെയാണ് ബാറ്റിങ്ങിന് അവസരം ലഭിച്ച നാലു മൽസരങ്ങളിൽ പാണ്ഡ്യയുടെ പ്രകടനം. 

ലോകകപ്പിനു മുന്നോടിയായി ഏഴാം നമ്പരിൽ ഇന്ത്യ ഉറപ്പിച്ചുവച്ചിരിക്കുന്ന കേദാർ ജാദവിന്റെ പ്രകടനവും ഒട്ടും ഭേദമല്ല. മൂന്നാം ഏകദിനത്തിൽ മാത്രം അവസരം ലഭിച്ച ജാദവ് അന്ന് ഒരു റണ്ണെടുത്താണ് പുറത്തായത്. നാല്, അഞ്ച് ഏകദിനങ്ങളിൽ അവസരം ലഭിച്ച ശ്രേയസ് അയ്യർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് റൺ നിരക്കുയർത്താൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. 18, 30 എന്നിങ്ങനെയാണ് അയ്യരുടെ പ്രകടനം. സമ്പൂർണ പരാജയമായ മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് അയ്യരുതന്നെ.

300നും 350നും ഇടയ്ക്കുള്ള സ്കോർ ഉറപ്പിച്ച് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായ രണ്ടു റണ്ണൗട്ടുകൾ തിരിച്ചടിയാകുന്നതും സെന്റ് ജോർജ് പാർക്കിൽ കണ്ടു. 31.4 ഓവറിൽ രണ്ടിന് 176 റൺസെന്ന നിലയിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‍ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെയാണ് ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞ കോഹ്‍ലിയും നിരാശപ്പെടുത്തി. 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലിയെ ഡുമിനി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കുകയായിരുന്നു.

related stories