Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും 2–3 ഐപിഎൽ സീസണിൽ ഞാനുണ്ടാകും: യുവരാജിലെ പോരാളി അസ്തമിക്കുന്നില്ല!

Yuvraj Singh

ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വാതിലുകൾ ഒന്നൊന്നായി അടയുമ്പോഴും ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജ് സിങ് ഇപ്പോഴും പ്രതീക്ഷയിലാണ്. ഇന്ത്യൻ ടീമിന്റെ വാതിൽ തനിക്കു മുന്നിൽ തുറക്കുന്ന നാളുകൾ വീണ്ടും വരുമെന്നു പറയുമ്പോൾ യുവിക്ക് ആത്മവിശ്വാസം വേണ്ടുവോളമുണ്ട്. ഇനിയും രണ്ടോ മൂന്നോ ഐപിഎൽ സീസണുകളിൽ കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നും യുവി പറയുമ്പോൾ ആ നിശ്ചയദാർഢ്യം അടുത്തറിയാവുന്ന ആരാധകർ പ്രതീക്ഷയിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആ ഇടംകൈ സൗന്ദര്യം ഇനിയും ക്രിക്കറ്റ് മൈതാനങ്ങളിൽ സൗരഭ്യം പടർത്തി ഒഴുകിപ്പരക്കുന്നത് അവർ സ്വപ്നം കാണുന്നു.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം 2017 ജനുവരിയിൽ യുവി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയതാണ്. തുടർന്ന് ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ 11 ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചു. തുടർന്നു നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പിന്നാലെ യുവി വീണ്ടും ടീമിൽനിന്ന് തഴയപ്പെട്ടു. അതിനുശേഷം നടന്ന ദുലീപ് ട്രോഫിയിൽ ഒരു ടീമിലും യുവിയെ ഉൾപ്പെടുത്താൻ സിലക്ടർമാർ തയാറായില്ല. യുവിക്കു മുന്നിൽ ദേശീയ ടീമിന്റെ വാതിലുകൾ അടയുന്നുവെന്ന വ്യക്തമായ സൂചനയാണിതെന്നു വരെ വ്യാഖ്യാനങ്ങളുണ്ടായി.

എന്നാൽ, ദേശീയ ടീമിലേക്കുള്ള മടക്കമെന്ന സ്വപ്നം യുവരാജ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഏപ്രിലിൽ ആരംഭിക്കുന്ന ഐപിഎൽ സീസണിനായുള്ള തയാറെടുപ്പിലാണ് ഈ പഞ്ചാബി താരം. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബാണ് യുവിയെ ഇക്കുറി സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് പഞ്ചാബ് ടീം യുവിയെ ടീമിലെടുത്തത്.

കളി നിർത്തേണ്ട സമയമായെന്ന് തോന്നുമ്പോൾ കളി നിർത്താനാണ് തനിക്ക് ഇഷ്ടമെന്ന് യുവി പറയുന്നു. എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി നൽകിക്കഴിഞ്ഞു എന്ന് തോന്നുമ്പോൾ, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോൾ ഞാൻ കളി മതിയാക്കും. അതുവരെ എന്നെ ക്രിക്കറ്റ് മൈതാനത്ത് കാണാം – യുവി പറഞ്ഞു.

ഇപ്പോഴും കളി ആസ്വദിക്കാൻ കഴിയുന്നതിനാലാണ് ഞാൻ കളത്തിൽ തുടരുന്നത്. അല്ലാതെ ഇന്ത്യൻ ടീമിൽ കളിക്കാൻ വേണ്ടിയോ ഐപിഎൽ കളിക്കേണ്ടതുണ്ടതുകൊണ്ടോ അല്ല. കളിക്കുന്നതിന്റെ പ്രചോദനം തീർച്ചയായും ഇന്ത്യൻ ടീമിലേക്കുള്ള പുനഃപ്രവേശനമാണ്. ഇനിയും രണ്ടോ മൂന്നോ ഐപിഎൽ സീസണുകളിൽ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

എന്നും വെല്ലുവിളികൾ നേരിടാൻ ഇഷ്ടപ്പെടുന്ന ഒരു പോരാളിയായിരുന്നു ഞാൻ. ആളുകൾക്ക് ബലം നൽകുന്ന വ്യക്തിയായി നിൽക്കാനാണ് എനിക്കിഷ്ടം. അർബുദം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലുള്ള സാഹചര്യങ്ങൾ നേരിടുന്നവർക്കും ബലം കൊടുത്ത് കൂടെ നിൽക്കണം. എക്കാലവും പോരാടിയ വ്യക്തിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം.

ഇന്ത്യയ്ക്കായി കളിക്കാനായാലും ഇല്ലെങ്കിലും എന്റെ കഴിവിന്റെ 100 ശതമാനം ഞാൻ കളത്തിൽ പുറത്തെടുക്കും. ഭാവിയിൽ അർബുദ രോഗികൾക്കിടയിലാകും എന്റെ പ്രവർത്തനം. കൊച്ചുകുട്ടികള്‍ക്ക് പ്രോത്സാഹനം നൽകി അവർക്കൊപ്പം നിൽക്കാൻ എനിക്കിഷ്ടമാണ്. യുവതലമുറയുമായി സംവദിക്കുന്നതും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. പരിശീലക ജോലിയും എന്റെ മനസ്സിലുണ്ട്. വേണ്ടത്ര അവസരം ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി അവരെ വളർത്തിയെടുക്കുന്നതിലാകും എന്റെ ശ്രദ്ധ – യുവരാജ് പറഞ്ഞു.

കരിയറിൽ കൂടുതൽ ടെസ്റ്റ് മൽസരങ്ങൾ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്ന താരമാണ് താനെന്നും യുവരാജ് പറഞ്ഞു. വളരുന്ന സമയത്ത് ഒരുപാട് ദ്വിദിന, ത്രിദിന മൽസരങ്ങള്‍ ഞാൻ കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി20 മൽസരങ്ങൾ കളിക്കുന്നത് കൂടുതൽ എളുപ്പമായതിനാൽ ടെസ്റ്റ് കളിക്കാനായിരുന്നു എനിക്കു താൽപര്യം. എന്നാൽ, ടീമിൽ ഇടം കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്നും യുവി പറഞ്ഞു.

ടീമിൽ ഇടം കണ്ടെത്താൻ ഞാൻ മൽസരിച്ചിരുന്നത് സൗരവ് ഗാംഗുലി, ലക്ഷ്മൺ തുടങ്ങിയ താരങ്ങളുമായിട്ടായിരുന്നു. 2004ൽ ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയിൽ ഞാൻ ടെസ്റ്റ് ഓപ്പൺ ചെയ്തിട്ടുണ്ട്. അന്ന് ആദ്യ ഇന്നിങ്സിൽ എട്ടു റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഏഴു റൺസിൽ നിൽക്കെ മഴ പെയ്ത് മൽസരം തടസ്സപ്പെട്ടു. അങ്ങനെ ആ അവസരം നഷ്ടമായി. തുടർന്ന് ഞാൻ മധ്യനിരയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് ഗാംഗുലി വിരമിച്ചപ്പോഴാണ് സ്ഥിരമായൊരു സ്ഥാനം കിട്ടിയത്. തൊട്ടുപിന്നാലെ എനിക്ക് അർബുദം ബാധിച്ചതായി കണ്ടെത്തി. ഏറ്റവും നിർണായക ഘട്ടത്തിൽ അർബുദം ബാധിച്ചത് കരിയറിനെ ബാധിച്ചു. ഈ സമയത്ത് എനിക്ക് 29 വയസ്സായിരുന്നു പ്രായം. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ 80ൽ അധികം ടെസ്റ്റ് കളിക്കാൻ എനിക്കു സാധിക്കുമായിരുന്നു. എങ്കിലും എനിക്കു ഖേദമില്ല – യുവി കൂട്ടിച്ചേർത്തു.

related stories