സിക്സോടു സിക്സ്; ട്വന്റി20യിലെ ഏറ്റവും വലിയ റൺ ചേസിനൊടുവിൽ ഓസീസ് നേടി

ഡാർസി ഷോട്ടിന്റെ ബാറ്റിങ്.

ഓക്‌ലൻഡ്∙ രണ്ട് ഇന്നിങ്സുകളിലുമായി 32 സിക്സറുകൾ കാഴ്ചവിരുന്നായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കു ചരിത്രവിജയം. ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ചപ്പോൾ ചരിത്രം വഴിമാറി. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിങ്ങാണ് ഓസ്ട്രേലിയ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസീലൻഡ് നേടിയ 243 റൺസ് ഏഴു പന്തുകൾ ബാക്കിനിൽ‌ക്കേ ഓസ്ട്രേലിയ അടിച്ചെടുക്കുമ്പോൾ കയ്യിൽ അഞ്ചു വിക്കറ്റുകൾ ബാക്കി. 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ 244 റൺസായിരുന്നു ട്വന്റി20യിലെ മികച്ച ചേസിങ്. 

സ്കോർ: ന്യൂസീലൻഡ്–20 ഓവറിൽ ആറു വിക്കറ്റിന് 243. ഓസ്ട്രേലിയ–18.5 ഓവറിൽ അഞ്ചുവിക്കറ്റിന് 245. ന്യൂസീലൻഡ് 18 ഉം ഓസ്ട്രേലിയ 14 ഉം സിക്സറുകൾ പറത്തി! 

ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലിന്റെയും കോളിൻ മൺറോയുടെയും കിടിലൻ പ്രകടനമാണ് ആതിഥേയരായ ന്യൂസീലൻഡിനെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഗപ്ടിൽ 105 റൺസെടുത്തപ്പോൾ മൺറോ 76 റൺസെടുത്തു. ഓസീസ് ഓപ്പണർമാരും മികച്ച ബാറ്റിങ് നടത്തിയതോടെ കളി എങ്ങോട്ടും തിരിയാമെന്ന നിലയായി. ക്യാപ്റ്റൻ ഡേവിഡ് വാർണർ 59ഉം മാൻ ഓഫ് ദ് മാച്ച് ഡാർസി ഷോട്ട് 76ഉം റൺസെടുത്തു. ഈഡൻ പാർക്കിലെ ചെറിയ ബൗണ്ടറിയും ഉപദ്രവമില്ലാത്ത പിച്ചും ബാറ്റ്സ്മാൻമാരുടെ കളിയെ കനിഞ്ഞനുഗ്രഹിച്ചു. 

49 പന്തിൽ ഗപ്ടിൽ നേടിയ സെഞ്ചുറി ഒരു ന്യൂസീലൻഡ് താരത്തിന്റെ വേഗമേറിയ ട്വന്റി20 സെഞ്ചുറിയാണ്. ന്യൂസീലൻഡിന്റെ ഏറ്റവും ഉയർന്ന ടോട്ടലിനൊപ്പമെത്തുകയും ചെയ്തു 243. നാളത്തെ ഇംഗ്ലണ്ട് – ന്യൂസീലൻഡ് കളിയിലെ വിജയികളാകും ഫൈനലിൽ ഓസീസിന്റെ എതിരാളികൾ. 

ബാറ്റ്സ്മാൻമാരുടെ റിയാലിറ്റി ഷോ ആയി മാറിയ പോരാട്ടത്തിൽ ന്യൂസീലൻഡ് താരം മാർക് ചാപ്മാന്റെ പുറത്താകൽ നിർഭാഗ്യകരമായി. ബില്ലി സ്റ്റാൻലേക്കിന്റെ പന്ത് ചാപ്മാന്റെ ഹെൽമറ്റിലിടിച്ചു സ്റ്റംപിലേക്ക് ഉരുണ്ടുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ രണ്ടു നോബോളുകളെറിഞ്ഞ ന്യൂസീലൻഡ് ബോളർ ബെൻ വീലറെ തുടർന്നു ബോൾ ചെയ്യുന്നതിൽനിന്ന് അംപയർമാർ വിലക്കുകയും ചെയ്തു. 3.1 ഓവർ എറിഞ്ഞ വീലർ വഴങ്ങിയതാകട്ടെ, 64 റൺസും! 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ആദ്യവിക്കറ്റിൽ കുറിച്ചതു 132 റൺസ്. ഒൻപതു സിക്സറുകളും ആറു ഫോറുകളും അടങ്ങിയതായിരുന്നു ഗപ്ടിലിന്റെ ഇന്നിങ്സ്. മൺറോ 33 പന്തുകളിൽനിന്നാണ് 76 റൺസിലെത്തിയത്. വാർണറും ഷോട്ടും ചേർന്ന് ഒന്നാം വിക്കറ്റിൽ 121 റൺസെടുത്തതോടെ ഓസീസിന്റെ തിരിച്ചടിക്കുള്ള അടിത്തറയുറച്ചു.  20 പന്തിൽ അർധസെഞ്ചുറി തികച്ച വാർണറെ 59 റൺസിൽ ഇഷ് സോധി ക്ലീൻബോൾ ചെയ്തു. ഡാർസി ഷോട്ടാകട്ടെ, മികച്ച ഫോമിലായിരുന്നു. 44 പന്തു നേരിട്ടാണു ഷോട് 76 റൺസിലെത്തിയത്. ഗ്ലെൻ മാക്‌സ്‌വെൽ 31ഉം ആരൺ ഫിഞ്ച് പുറത്താകാതെ 36ഉം റൺസെടുത്തു. 

ഓസീസ് താരം ടൈ നാല് ഓവറിൽ 64 റൺസ് വഴങ്ങിയപ്പോൾ ന്യൂസീലൻഡ് താരങ്ങളിൽ 3.1 ഓവറിൽ 64 റൺസ് വഴങ്ങിയ വീലർ തന്നെ ഒന്നാമൻ!

മാർട്ടിൻ ഗപ്ടിൽ

ഗപ്ടിൽ ഒന്നാമൻ

രാജ്യാന്തര ട്വന്റി20യിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനക്കാരനായി മാർട്ടിൻ ഗപ്ടിൽ. 54 പന്തിൽ നേടിയ 105 റൺസ് അടക്കം ആകെ 2188 റൺസാണു ഗപ്ടിലിന്റെ പേരിൽ. സഹതാരം ബ്രണ്ടൻ മക്കല്ലത്തിന്റെ 2140 റൺസാണു രണ്ടാംസ്ഥാനത്തേക്കു മാറിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണു (1956) മൂന്നാം സ്ഥാനത്ത്.