Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിച്ചു ഇന്ത്യ! 17 വർഷത്തിനിടെ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ വലിയ തോൽവി

Jasprit Bumrah റൺസെടുക്കാനുള്ള ശ്രമത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കൽ ഇന്ത്യൻ ബോളർ ജസ്പ്രിത് ബുമ്രയുമായി കൂട്ടിയിടിച്ചപ്പോൾ.

സെഞ്ചൂറിയൻ∙ ഇല്ല, ഇനിയൊന്നും ബാക്കിയില്ല. ഇന്നിങ്സിലെ അവസാന പന്തും സിക്സറടിച്ച ബാറ്റ്സ്മാനെപ്പോലെ ഇന്ത്യ. ആറാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. 96 പന്തിൽ 129 റൺസുമായി, ക്രീസിൽ നെഞ്ചുവിരിച്ചു തകർത്താടിയ ക്യാപ്റ്റ്യൻ വിരാട് കോഹ്‌ലിക്ക് ഏകദിനത്തിലെ 35–ാം സെഞ്ചുറി. വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരമ്പര വിജയം. കളിയിലെ കേമനും പരമ്പരയിലെ കേമനും കോഹ്‌ലിയല്ലാതെ മറ്റാര്?! 

ദക്ഷിണാഫ്രിക്കയ്ക്ക്, 17 വർഷത്തിനിടെ സ്വന്തം മണ്ണിൽ ഏറ്റവും നാണംകെട്ട പരമ്പര തോൽവി. ആ തോൽവിയുടെ കുഴിമാടത്തിൽ പൂശിയ അവസാനത്തെ തുള്ളി കുമ്മായമായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ വിജയം. 2001–02ൽ ഓസ്ട്രേലിയയോട് 5–1നു തോറ്റതായിരുന്നു ഇതിനു മുൻപത്തെ ദക്ഷിണാഫ്രിക്കയുടെ വൻ തോൽവി. 

ഭുവനേശ്വർ കുമാറിനു പകരക്കാരനായി, പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ പേസ് ബോളർ ശാർദൂൽ താക്കൂർ ആദ്യം ആതിഥേയരെ അരിഞ്ഞിട്ടു. താക്കൂർ നേടിയ നാലുവിക്കറ്റിന്റെ മുന്നിൽ തല തകർന്ന ദക്ഷിണാഫ്രിക്ക 204 റൺസിനു പുറത്ത്. മറുപടി ‘ആക്രമണത്തിൽ’ വിരാട് കോഹ്‌ലി ഏതാണ്ട് ഒറ്റയ്ക്ക് വിജയലക്ഷ്യത്തിന്റെ മൂന്നിലൊന്നും പേരിലാക്കി. ഓപ്പണർമാരായ ശിഖർ ധവാനും  രോഹിത് ശർമയും പുറത്തായിക്കഴിഞ്ഞ് അജിൻക്യ രഹാനെയ്ക്കൊപ്പം ചേർന്നായിരുന്നു കോഹ്‌ലിയുടെ അപരാജിത ഇന്നിങ്സ്. ഇമ്രാൻ താഹിറിലെ സ്ട്രൈറ്റ് ഡ്രൈവ് ചെയ്ത് കോഹ്‌ലിയുടെ 35–ാം സെഞ്ചുറി; വെറും 82 പന്തുകളിൽ.  പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ മൂന്നാം സെഞ്ചുറി. 19 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. 

ക്രിസ് മോറിസിനെതിരെയുള്ള കവർ ഡ്രൈവിലായിരുന്നു കോഹ്‌ലിയുടെ തുടക്കം. പിന്നീടാരെയും ഇന്ത്യൻ താരം വെറുതെ വിട്ടില്ല. ആദ്യ രണ്ടു വിക്കറ്റുകൾ നേടിയ ലുങ്കി എംഗിഡി ഉൾപ്പെടെ മുഴുവൻ ദക്ഷിണാഫ്രിക്കൻ ബോളർമാരും കോഹ്‌ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യവിക്കറ്റിൽ ഹാഷിം അംലയും എയ്ഡൻ മർക്രവും ചേർന്ന് എടുത്തത് 23 റൺസ്. അംലയെ പത്തു റൺസിൽ പുറത്താക്കി താക്കൂർ വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടു.  21–ാം ഓവറിൽ ഡിവില്ലിയേഴ്സിനെ ചാഹൽ ‍ക്ലീൻ ബോൾ ചെയ്തു.  ഹെൻറിക് ക്ലാസ്സനുമൊത്ത് സോൻഡോ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർ 58 പന്തു നേരിട്ടാണു 30 റൺസ് കൂട്ടിച്ചേർത്തത്. പിങ്ക് ഏകദിനത്തിലെ ഹീറോ ക്ലാസ്സൻ (22) പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളും കൂടാരം കയറി.  ഇന്ത്യൻ നിരയിൽ ജസ്പ്രിത് ബുമ്രയും യുസ്‌വേന്ദ്ര ചാഹലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

സ്കോർ ബോർഡ്

∙ ദക്ഷിണാഫ്രിക്ക: മർക്രാം സി അയ്യർ ബി താക്കൂർ –24, അംല സി ധോണി ബി താക്കൂർ–10, ഡിവില്ലിയേഴ്സ് ബി ചാഹൽ– 30, സോൺഡോ സി പാണ്ഡ്യ ബി ചാഹൽ–54, ക്ലാസെൻ സി കോഹ്‌ലി ബി ബുംമ്ര–22, ബെഹാർദീൻ സി ബുംമ്ര ബി താക്കൂർ– ഒന്ന്, മോറിസ് സി ധവാൻ ബി യാദവ് – നാല്, ഫെലുക്‌വായോ സി ആൻഡ് ബി താക്കൂർ –34, മോർക്കൽ സി അയ്യർ ബി പാണ്ഡ്യ –20, ഇമ്രാൻ താഹിർ സി കോഹ്‌ലി ബി ബുംമ്ര – രണ്ട്, എൻഗിഡി നോട്ടൗട്ട് പൂജ്യം. എക്സ്ട്രാസ് – മൂന്ന് , ആകെ– 46.5 ഓവറിൽ 204 ഓൾഔട്ട്. 

വിക്കറ്റു വീഴ്ച: 1-23, 2-43, 3-105, 4-135, 5-136, 6-142, 7-151, 8-187, 9-192. 

india വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ബോളിങ്: താക്കൂർ: 8.5-0-52-4, ബുംമ്ര: 8-1-24-2, പാണ്ഡ്യ: 10-0-39-1, യാദവ്: 10-0-51-1, ചാഹൽ: 10-0-38-2.

∙ ഇന്ത്യ: ധവാൻ സി സോൻഡോ ബി എൻഗിഡി – 18, രോഹിത് ശർമ സി ക്ലാസെൻ ബി എൻഗിഡി – 15, കോഹ്‌ലി നോട്ടൗട്ട് – 129, രഹാനെ നോട്ടൗട്ട് – 34. എക്സ്ട്രാസ് – 10, ആകെ 32.1 ഓവറിൽ രണ്ടിന് 206. വിക്കറ്റു വീഴ്ച: 1–19, 2–80. 

ബോളിങ്: മോർക്കൽ: 7-0-42-0, എൻഗിഡി: 8-1-54-2, മോറിസ്: 6-0-36-0, ഫെലുക്‌വായോ: 4-0-27-0, താഹിർ: 7.1-0-42-0.

related stories