ന്യൂഡൽഹി ∙ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമിൽ സിലക്ടർമാർ അവസരം നൽകാതിരുന്നത് വേദനിപ്പിച്ചെന്ന് വെറ്ററൻ താരം സുരേഷ് റെയ്ന. അവസാനം കളിച്ച രാജ്യാന്തര ട്വന്റി20യിൽ 63 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച റെയ്നയെ പിന്നീട് ടീമിലേക്കു പരിഗണിച്ചിരുന്നില്ല. ഏതാണ്ട് ഒരു വർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ട്വന്റി20 മൽസരത്തിലാണ് സിലക്ടർമാർ റെയ്നയ്ക്ക് അവസരം നൽകിയത്. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
താരങ്ങളുടെ ദേശീയ ടീം പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ച ഫിറ്റ്നസ് ടെസ്റ്റായ യോ–യോ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും റെയ്നയെ തഴയാൻ ഇടയാക്കിയത്. യോ–യോ ടെസ്റ്റ് പാസായി വീണ്ടും ടീമിേലക്കു മടങ്ങിയെത്തുമ്പോൾ താൻ കൂടുതൽ കരുത്തനായിട്ടുണ്ടെന്ന് റെയ്ന പറഞ്ഞു.
ടീമിൽനിന്ന് തുടർച്ചയായി അവഗണിക്കപ്പെട്ടെങ്കിലും, രാജ്യത്തിനായി കളിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും റെയ്ന പറഞ്ഞു. ഈ പരീക്ഷണ കാലഘട്ടമാണ് തന്നെ കൂടുതൽ കരുത്തനാക്കിയതെന്നും റെയ്ന വെളിപ്പെടുത്തി. ടീം ഇന്ത്യയ്ക്ക് ഇപ്പോഴും മികച്ചൊരു താരത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത നാലാം നമ്പരിൽ തനിക്കു തിളങ്ങാനാകുമെന്ന ആത്മവിശ്വാസവും റെയ്ന പ്രകടിപ്പിച്ചു.
ഇവിടംകൊണ്ട് നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയ്ക്കായി സാധിക്കുന്നത്ര കാലം കളിക്കണമെന്നാണ് ആഗ്രഹം. 2019ലെ ഏകദിന ലോകകപ്പിലും കളിക്കണമെന്നാണ് ആഗ്രഹമെന്നും റെയ്ന പറഞ്ഞു. ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ താൻ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും റെയ്ന ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് റെയ്ന പറഞ്ഞു.
ഇന്ത്യയ്ക്കായി 223 ഏകദിനങ്ങളും 65 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു അരങ്ങേറ്റക്കാരന്റെ മനസ്സാണ് തനിക്കെന്നും മുപ്പത്തിയൊന്നുകാരനായ റെയ്ന പറഞ്ഞു. ‘ശരിയാണ്, എനിക്ക് 31 വയസ്സായി. പ്രായം വെറും നമ്പർ മാത്രമാണെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം കളിക്കുള്ള ജഴ്സി ലഭിച്ചപ്പോൾ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നുവെന്ന വികാരമാണ് എനിക്കുണ്ടായത്. എന്തായാലും ഇതു വളരെ ഹൃദ്യമായൊരു അനുഭവമാണ്’ – റെയ്ന പറഞ്ഞു.