Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം കവർന്ന് ആ ‘അഡാറ്’ പ്രകടനം; ‘മാണിക്യമലരായ കോഹ്‍ലീ....’

Dhoni-Kohli

സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര പോർട്ട് എലിസബത്ത് ഏകദിനത്തിലെ വിജയത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയ വിവരം വിരാട് കോഹ്‍ലിയെന്ന ഇന്ത്യൻ നായകൻ മറന്നുപോയതായിരിക്കുമോ? സെഞ്ചൂറിയൻ സൂപ്പർസ്പോർട് പാർക്കിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഇന്നലെ കോഹ്‍ലി കാട്ടിയ ‘ഉത്സാഹം’ കണ്ടവർ അങ്ങനെ സംശയിച്ചാലും കുറ്റം പറയാനില്ല. ക്രിക്കറ്റ് ചരിത്രത്തിലിന്നേവരെ ഇന്ത്യയ്ക്ക് പിടികൊടുക്കാതെ കുതറിനിന്ന ദക്ഷിണാഫ്രിക്കൻ മണ്ണ്, വഴങ്ങിക്കൊടുത്ത ആദ്യ അവസരത്തിൽത്തന്നെ ഇന്ത്യയുടെ നെഞ്ചോട് ചേർന്നുനിന്നു. കോഹ്‍ലിയും സംഘവും ബലമായിത്തന്നെ ചേർത്തുനിർത്തി എന്നും പറയാം. കളിയിലെ കേമനും പരമ്പരയുടെ താരവും ഇന്ത്യൻ ക്യാപ്റ്റൻ തന്നെ.

എന്തായാലും, പരമ്പരയിലെ ആദ്യ അഞ്ച് ഏകദിനങ്ങൾ പൂർത്തിയായപ്പോൾത്തന്നെ 4–1ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ആറാം ഏകദിനത്തിലും അൽപം പോലും മയം കാട്ടിയില്ല. ടോസ് നേടിയതു മുതൽ സൂപ്പർസ്പോർട് പാർക്കിൽ നേടിയെടുത്ത മേധാവിത്തം മൽസരത്തിന്റെ അവസാന നിമിഷം വരെ കൂടെ ചേർത്തുനിർത്തിയ ഇന്ത്യയ്ക്ക് ക്രിക്കറ്റ് ഓർമകളിൽ എന്നെന്നും താലോലിക്കാൻ ഒരു ചരിത്രവിജയം. നാലാം ഏകദിനത്തിൽ ആതിഥേയർ നേടിയ ഏകവിജയം ‘ഡക്ക്‌വർത്തിന്റെയും ലൂയിസിന്റെയും’ അപാരമായ സഹായത്തോടുകൂടിയുള്ളതായിരുന്നെന്ന് വെളിവാക്കിയാണ് ഇന്ത്യ 5–1ന് പരമ്പര സ്വന്തം പേരിലാക്കിയത്.  വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരമ്പര വിജയമാണിത്. ഇതുവരെ പിടിതരാതിരുന്ന മണ്ണിൽത്തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ പരമ്പരജയം! 

ദക്ഷിണാഫ്രിക്കയ്ക്ക്, 17 വർഷത്തിനിടെ സ്വന്തം മണ്ണിൽ ഏറ്റവും നാണംകെട്ട പരമ്പര തോൽവി. ആ തോൽവിയുടെ കുഴിമാടത്തിൽ പൂശിയ അവസാനത്തെ തുള്ളി കുമ്മായമായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ വിജയം. 2001–02ൽ ഓസ്ട്രേലിയയോട് 5–1നു തോറ്റതായിരുന്നു ഇതിനു മുൻപത്തെ ദക്ഷിണാഫ്രിക്കയുടെ വൻ തോൽവി. 

കീഴടങ്ങാത്ത ഭൂമി കീഴടക്കി ഇന്ത്യ

ഇന്ത്യയ്ക്ക് ഇതുവരെ പിടികൊടുക്കാത്ത മണ്ണെന്നായിരുന്നു ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ആരാധകരുടെ നെഞ്ചിലുള്ള സ്ഥാനം. ടെസ്റ്റിലോ, ഏകദിനത്തിലോ ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ തോൽപ്പിച്ച് പരമ്പര നേടാനായിട്ടില്ലെന്ന ‘ക്ഷീണ’ത്തോടെയാണ് ഇക്കഴിഞ്ഞ ക്രിസ്മസിനു പിന്നാലെ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

ടീം സിലക്ഷനിലെ പാളിച്ചകൾ, സന്നാഹ മൽസരങ്ങളുടെ കുറവ് തുടങ്ങി തന്റേതായതും അല്ലാത്തതുമായ കാരണങ്ങളാൽ ടെസ്റ്റ് പരമ്പരയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കോഹ്‍ലിക്കും സംഘത്തിനുമായില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിനേടിയ ആവേശ ജയമായിരുന്നു ഏക ആശ്വാസം.

ഈ ജയത്തിന്റെ അലയൊലികൾ അടങ്ങും മുൻപേയാണ് ആദ്യ ഏകദിനത്തിനായി ടീം ഇന്ത്യ ഇറങ്ങുന്നത്. പിന്നീടു പിറന്നത് ചരിത്രമെന്നല്ലാതെ എന്തു പറയാൻ!

‘ഞങ്ങടെ’ ദക്ഷിണാഫ്രിക്ക ഇങ്ങനല്ല!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരിക്കൽക്കൂടി ഇന്ത്യൻ ബോളർമാർക്കു മുന്നിൽ ‘ചൂളുന്ന’ കാഴ്ചയാണ് സൂപ്പർസ്പോർട് പാർക്കിൽ കണ്ടത്. ബോളിങ്ങിന്റെ മുഖമായ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ച് ആദ്യമായി കളത്തിലിറങ്ങാൻ അവസരം ലഭിച്ച ശാർദുൽ താക്കൂറായിരുന്നു ഇന്നലെ ബോളിങ്ങിലെ ഹീറോ. പരമ്പരയിലാദ്യമായി ലഭിച്ച അവസരം മുതലാക്കാൻ ശാർദുൽ തീരുമാനിച്ചപ്പോൾ വലഞ്ഞത് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയാണ്.

ഓപ്പണർമാരായ എയ്ഡൻ മർക്രത്തെയും ഹാഷിം അംലയേയും മടക്കി താക്കൂർ സമ്മാനിച്ച ഉജ്വല തുടക്കമാണ് ആതിഥേയരെ താരതമ്യേന ചെറിയ സ്കോറിൽ തളച്ചിടാൻ ഇന്ത്യയെ പ്രാപ്തരാക്കിയത്. 19 പന്തിൽ രണ്ടു ബൗണ്ടറികളോടെ 10 റൺസെടുത്ത അംലയും 30 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 24 റൺസെടുത്ത മർക്രവും കൂടാരം കയറിയശേഷം തിരിച്ചുവരാൻ ദക്ഷിണാഫ്രിക്ക ആവതു ശ്രമിച്ചതാണ്.

ഡിവില്ലിയേഴ്സ് വരും എല്ലാം ശരിയാകും...

മൂന്നാം വിക്കറ്റിൽ പുതുമുഖ താരം ഖായ സോണ്ടോയെ കൂട്ടുപിടിച്ച് 62 റൺസ് കൂട്ടിച്ചേർത്ത എബി ഡിവില്ലിയേഴ്സ് പോരാട്ടത്തിന്റെ ലക്ഷണങ്ങൾ കാട്ടുകയും ചെയ്തു. കൈക്കുഴ സ്പിന്നിന്റെ മാന്ത്രികതയുമായി ബോൾ ചെയ്യാനെത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെ പദ്ധതി മറ്റൊന്നായിരുന്നു. ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലെ സഹതാരത്തെ മികച്ചൊരു ബോളിൽ കുറ്റിതെറുപ്പിച്ച് പുറത്താക്കിയ ചാഹൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. ‘ഡിവില്ലിയേഴ്സ്  വരും എല്ലാം ശരിയാകും’ എന്നു വിശ്വസിച്ച ദക്ഷിണാഫ്രിക്കൻ ആരാധകരുടെ നെഞ്ചു തകർത്ത ബോളായിരുന്നു ഇത്. 34 പന്തിൽ നാലു ബൗണ്ടറികളോടെ 30 റൺസായിരുന്നു എബിയുടെ സമ്പാദ്യം.

മൂന്നാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന ഖയ സോണ്ടോയും ഹെൻറിച്ച് ക്ലാസനുമായിരുന്നു തുടർന്ന് ആതിഥേയരുടെ പിടിവള്ളി. സ്കോര്‍ 135ൽ എത്തിയതും ക്ലാസനെ പുറത്താക്കി ജസ്പ്രീത് ബുംമ്ര വഴി അടുത്ത പ്രഹരം. 40 പന്തിൽ മൂന്നു ബൗണ്ടറികവോടെ നേടിയ 22 റൺസായിരുന്നു ക്ലാസന്റെ സമ്പാദ്യം. പരമ്പരയിലാദ്യമായി അവസരം ലഭിച്ച ബെഹാർദീൻ അഞ്ചു പന്തിൽ ഒരു റണ്ണോടെയും ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ക്രിസ് മോറിസ് എട്ടു പന്തിൽ നാലു റൺസെടുത്തും പുറത്തായതോടെ ഇന്ത്യ പിടിമുറുക്കി.

പിന്നാലെ കരിയറിലെ ആദ്യ ഏകദിന അർധസെഞ്ചുറിയുമായി സോണ്ടോയും മടങ്ങി. 74 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 22 റൺസായിരുന്നു സോണ്ടോയുടെ സമ്പാദ്യം. കൂട്ടത്തകർച്ചയ്ക്കിടെ വമ്പനടികളിലൂടെ സ്കോറുയർത്തിയ ഫെലൂക്‌വായോയും മോർക്കലുമാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 42 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 34 റൺസെടുത്ത ഫെലൂക്‌വായോയെ മടക്കിയ താക്കൂർ നാലു വിക്കറ്റ് തികച്ചപ്പോൾ മോർക്കലിനെ അയ്യരുടെ കൈകളിലെത്തിച്ച് പാണ്ഡ്യ ആദ്യ വിക്കറ്റ് പോക്കറ്റിലാക്കി. പിന്നാലെ ഇമ്രാൻ താഹിറിനെയും (എട്ടു പന്തിൽ 10) ബുംമ്ര ആതിഥേയരെ ചുരുട്ടിക്കെട്ടി.

പകരക്കാരൻ അഥവാ ‘പകരം വയ്ക്കാനില്ലാത്തവൻ’

അഞ്ചാം ഏകദിനത്തിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ സ്ഥിതിക്ക് ഇതുവരെ അവസരം ലഭിക്കാത്തവർക്ക് ആറാം ഏകദിനത്തിൽ അവസരം നൽകിയേക്കുമെന്ന് മൽസരത്തിനു മുൻപേ തന്നെ കോഹ്‍ലി സൂചന നൽകിയിരുന്നു. ഇതനുസരിച്ച് കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും ടീം പ്രഖ്യാപിച്ചപ്പോൾ അവസരമൊരുങ്ങിയത് ഒരേയൊരാൾക്ക്. ശാർദുൽ താക്കൂറിന്. 

അതുവരെ രണ്ട് രാജ്യാന്തര ഏകദിനങ്ങളിൽ മാത്രം കളിച്ചിട്ടുള്ള താക്കൂറിന്റെ വിക്കറ്റ് നേട്ടം വെറും ഒന്നായിരുന്നു! എന്നാൽ, സെഞ്ചൂറിയനിൽ കളി മാറി. ഇക്കുറി ഇന്ത്യൻ ബോളിങ്ങിന്റെ അമരക്കാരനാകാനുള്ള കോഹ്‍ലിയുടെ ക്ഷണം സ്വീകരിച്ച താക്കൂർ, ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി. ഓപ്പണർമാരായ എയ്ഡൻ മർക്രം, ഹാഷിം അംല എന്നിവരെ പുറത്താക്കി മികച്ച തുടക്കം സമ്മാനിച്ച താക്കൂർ, 8.5 ഓവറിൽ 52 റൺസ് വഴങ്ങി നാലു വിക്കറ്റാണ് വീഴ്ത്തിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ഇക്കുറിയും തൊട്ടതെല്ലാം പിഴച്ചു. പരമ്പരയിലാദ്യമായി അവസരം നൽകിയ ഫർഹാൻ ബെഹാർദീൻ ബാറ്റിങ്ങിൽ തികഞ്ഞ പരാജയമായി. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത ബെഹാർദീൻ താക്കൂറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്.

ഇന്ത്യയ്ക്ക് ഒറ്റ മറുപടി, വിരാട് കോഹ്‍ലി!

ദക്ഷിണാഫ്രിക്ക ഉയർത്തിയ 205 റൺസ് വിജയലക്ഷ്യത്തിന് ഇന്ത്യയ്ക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ആ മറുപടിയാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അതുപക്ഷേ, ഒരു ഒന്നൊന്നര മറുപടി ആയിരുന്നു. സ്കോർ 19ൽ നിൽക്കെ ഓപ്പണർ രോഹിത് ശർമ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ കോഹ്‍ലി ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച ആത്മവിശ്വാസം കൂടി കെടുത്തിക്കളഞ്ഞു.

13 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 15 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. ലുങ്കി എൻഗിഡിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസനു ക്യാച്ച് സമ്മാനിച്ചായിരുന്നു രോഹിതിന്റെ മടക്കം. സ്കോർ 80ൽ എത്തിയപ്പോൾ ധവാനും മടങ്ങി. 34 പന്തിൽ രണ്ടു ബൗണ്ടറികളോടെ 18 റൺസെടുത്ത ധവാനെ എൻഗിഡി തന്നെ മടക്കി. പിന്നീടായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച കോഹ്‍ലി–രഹാനെ കൂട്ടുകെട്ട്.

ഏറ്റവും ആയാസരഹിതമായി റൺസ് കണ്ടെത്തിയ കോഹ്‍ലി ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് യാതൊരു ദാക്ഷിണ്യവും നൽകിയില്ല. ക്രിസ് മോറിസിനെതിരെയുള്ള കവർ ഡ്രൈവിലായിരുന്നു തുടക്കം. പിന്നീടാരെയും ഇന്ത്യൻ താരം വെറുതെ വിട്ടില്ല. ആദ്യ രണ്ടു വിക്കറ്റുകൾ നേടിയ ലുങ്കി എംഗിഡി ഉൾപ്പെടെ മുഴുവൻ ദക്ഷിണാഫ്രിക്കൻ ബോളർമാരും കോഹ്‌ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇമ്രാൻ താഹിറിലെ സ്ട്രൈറ്റ് ഡ്രൈവ് ചെയ്ത് കോഹ്‌ലിയുടെ 35–ാം സെഞ്ചുറി; വെറും 82 പന്തുകളിൽ.  പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ മൂന്നാം സെഞ്ചുറി. 19 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. രഹാനെ 50 പന്തിൽ മൂന്നു ബൗണ്ടറികളോടെ 34 റൺസെടുത്ത് വിജയത്തിലേക്ക് ക്യാപ്റ്റനു തുണനിന്നു.

സെഞ്ചൂറിയനിലും സെഞ്ചൂറിയൻ, ഈ കോഹ്‍ലി

സ്വപ്നസമാനമായ ഫോം എന്നൊക്കെ ഭംഗിക്കെഴുതുന്നത് അതിന്റെ സമ്പൂർണ സൗന്ദര്യത്തോടെ കളത്തിൽ അവതരിച്ച ദിനമായിരുന്നു ഇന്നലെ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ, പ്രത്യേകിച്ച് ഏകദിനത്തിലെ തകർപ്പൻ ഫോം സെഞ്ചൂറിയനിലും കോഹ്‍ലി തുടർന്നു.

പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറി സ്വന്തം പേരിലാക്കിയ കോഹ്‍ലി, രാജ്യാന്തര ഏകദിന സെഞ്ചുറികളുടെ എണ്ണം 35 ആയി ഉയർത്തി. ആറു കളികളിൽനിന്ന് 558 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ അക്കാര്യത്തിലും റെക്കോർഡിട്ടു. രണ്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഏകദിന പരമ്പരയിൽ 500 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാണ് കോഹ്‍ലി. 2013–14 സീസണിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ 491 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡും കോഹ്‍ലിയുടെ വിസ്മയക്കുതിപ്പിൽ പിന്നിലായി.

ഇന്നലെ ഉൾപ്പെടെ മൂന്ന് മൽസരങ്ങളിൽ പുറത്താകാതെ നിന്ന കോഹ്‍ലിയുടെ ശരാശരിയാകട്ടെ 186! ഇതിനിടെ ഏകദിനത്തിൽ 9,500 റൺസെന്ന നാഴികക്കല്ലും കോഹ്‍ലി പിന്നിട്ടു.

രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം 61 റൺസ് കൂട്ടിച്ചേർത്ത കോഹ്‍ലി, സെഞ്ചുറി കൂട്ടുകെട്ടു തീർക്കും മുൻപേ ധവാൻ പുറത്തായിതിന്റെ ക്ഷീണം മൂന്നാം വിക്കറ്റിൽ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചു തീർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 126 റൺസ്! 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുമായി ഇന്ത്യൻ വിജയക്കുതിപ്പിന് തുടക്കമിട്ട കോഹ്‍ലിയും രഹാനെയും മറ്റൊരു ഉജ്വല സെഞ്ചുറി കൂട്ടുകെട്ടിലൂടെ പരമ്പരയ്ക്ക് തിരശീലയുമിട്ടു. പരമ്പരയിൽ കോഹ്‍ലി പങ്കാളിയായ അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണിത്. (ദക്ഷിണാഫ്രിക്ക 118 റൺസിന് പുറത്തായ രണ്ടാം ഏകദിനത്തിൽ കോഹ്‍ലി–ധവാൻ സഖ്യം പിരിയാതെ 93 റൺസ് കൂടി കൂട്ടിച്ചേർത്തിരുന്നു എന്നുകൂടി ഓർമിക്കുക)

related stories