Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ് മൽസരം, 558 റൺസ്, നാലു സെഞ്ചുറി, അഞ്ച് സെഞ്ചുറി കൂട്ടുകെട്ട്; അടങ്ങാതെ റൺദാഹം

Kohli-Batting

സെഞ്ചൂറിയനിൽ വീണ്ടുമൊരു തകർപ്പൻ വിജയവുമായി 5–1ന്റെ തകർപ്പൻ ലീഡോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ, തല ഉയർത്തിപ്പിടിച്ച് മുന്നിലുണ്ട് ടീം ഇന്ത്യയുടെ കപ്പിത്താൻ, വിരാട് കോഹ്‍ലി. 4–1ന് പരമ്പര സ്വന്തമാക്കിയെങ്കിലും അടുത്ത മൽസരവും ജയിച്ച് 5–1ന്റെ ലീഡു നേടുകയാണ് ലക്ഷ്യമെന്ന് പോർട്ട് എലിസബത്ത് ഏകദിനത്തിനു പിന്നാലെ തന്നെ കോഹ‍്‌ലി പ്രഖ്യാപിച്ചതാണ്. ആ വാക്കുകൾക്ക് ജീവൻ വയ്ക്കുന്ന കാഴ്ചയാണ് സെഞ്ചൂറിയൻ ഏകദിനം ആരാധകർക്കു സമ്മാനിച്ചത്.

ആദ്യം ബാറ്റു ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 205 റൺസ് വിജയലക്ഷ്യത്തിന് ഇന്ത്യയുടെ പക്കൽ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ആ മറുപടിയുടെ പേരാണ് വിരാട് കോഹ്‍ലി. അതുപക്ഷേ, ഒരു ഒന്നൊന്നര മറുപടി ആയിരുന്നു. ക്രിസ് മോറിസിനെതിരെയുള്ള കവർ ഡ്രൈവിലായിരുന്നു തുടക്കം. പിന്നീടാരെയും ഇന്ത്യൻ താരം വെറുതെ വിട്ടില്ല.

ആദ്യ രണ്ടു വിക്കറ്റുകൾ നേടിയ ലുങ്കി എംഗിഡി ഉൾപ്പെടെ മുഴുവൻ ദക്ഷിണാഫ്രിക്കൻ ബോളർമാരും കോഹ്‌ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇമ്രാൻ താഹിറിലെ സ്ട്രൈറ്റ് ഡ്രൈവ് ചെയ്ത് കോഹ്‌ലിയുടെ 35–ാം സെഞ്ചുറി; വെറും 82 പന്തുകളിൽ.  പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ മൂന്നാം സെഞ്ചുറി. 19 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.

പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറി സ്വന്തം പേരിലാക്കിയ കോഹ്‍ലി, രാജ്യാന്തര ഏകദിന സെഞ്ചുറികളുടെ എണ്ണം 35 ആയി ഉയർത്തി. ആറു കളികളിൽനിന്ന് 558 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ അക്കാര്യത്തിലും റെക്കോർഡിട്ടു. രണ്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഏകദിന പരമ്പരയിൽ 500 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാണ് കോഹ്‍ലി. 2013–14 സീസണിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ 491 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡും കോഹ്‍ലിയുടെ വിസ്മയക്കുതിപ്പിൽ പിന്നിലായി. ഇന്നലെ ഉൾപ്പെടെ മൂന്ന് മൽസരങ്ങളിൽ പുറത്താകാതെ നിന്ന കോഹ്‍ലിയുടെ ശരാശരിയാകട്ടെ 186! ഇതിനിടെ ഏകദിനത്തിൽ 9,500 റൺസെന്ന നാഴികക്കല്ലും കോഹ്‍ലി പിന്നിട്ടു.

രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം 61 റൺസ് കൂട്ടിച്ചേർത്ത കോഹ്‍ലി, സെഞ്ചുറി കൂട്ടുകെട്ടു തീർക്കും മുൻപേ ധവാൻ പുറത്തായിതിന്റെ ക്ഷീണം മൂന്നാം വിക്കറ്റിൽ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചു തീർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 126 റൺസ്! 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുമായി ഇന്ത്യൻ വിജയക്കുതിപ്പിന് തുടക്കമിട്ട കോഹ്‍ലിയും രഹാനെയും മറ്റൊരു ഉജ്വല സെഞ്ചുറി കൂട്ടുകെട്ടിലൂടെ പരമ്പരയ്ക്ക് തിരശീലയുമിട്ടു. പരമ്പരയിൽ കോഹ്‍ലി പങ്കാളിയായ അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണിത്.

ആറ് ഏകദിനങ്ങളിൽനിന്നായി ഇന്ത്യൻ താരങ്ങൾ ആകെ പടുത്തുയർത്തിയത് അഞ്ച് സെഞ്ചുറി കൂട്ടുകെട്ടുകളും നാല് അർധസെഞ്ചുറി കൂട്ടുകെട്ടുകളുമാണ്. ഇതിൽ അഞ്ച് സെഞ്ചുറി കൂട്ടുകെട്ടുകളിലും മൂന്ന് അർധസഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയാണ് കോഹ്‍ലി. പോർട്ട് എലിസബത്ത് ഏകദിനത്തിൽ രോഹിത്–ശ്രേയസ് അയ്യർ കൂട്ടുകെട്ട് തീർത്ത 60 റൺസ് കൂട്ടുകെട്ടിൽ മാത്രമാണ് കോഹ്‍ലി സ്പർശമില്ലാത്തത്.

കോഹ്‍ലി സെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകാതെ പോയ ഒരേയൊരു മൽസരം സെഞ്ചൂറിയനിലെ രണ്ടാം ഏകദിനം മാത്രമാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 118 റൺസിൽ അവസാനിച്ച ആ മൽസരത്തിൽ കോഹ്‍ലി–ധവാൻ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും മൽസരം അവസാനിച്ചതാണ് അതിനു കാരണം.

കോഹ്‍ലി സ്ഥാപിച്ച മറ്റു ചില റെക്കോർഡുകൾ

∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 17,000 റൺസ് പൂർത്തിയാക്കുന്ന താരമായും കോഹ്‍ലി മാറി.

∙ ഏകദിനത്തിൽ ഏറ്റവും വേഗം 9,500 റൺസ് പൂർത്തിയാക്കുന്ന താരവുമായി കോഹ്‍ലി. 200–ാം ഇന്നിങ്സിലാണ് കോഹ്‍ലി ഈ നേട്ടം പിന്നിട്ടത്. 215 ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം സ്വന്തമാക്കിയ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് പഴങ്കഥയായത്.

∙ ഇതിനു പുറമെ ഏകദിനത്തിൽ 100 ക്യാച്ചുകൾ തികയ്ക്കാനും കോഹ്‍ലിക്കായി. ജസ്പ്രീത് ബുംമ്രയുടെ പന്തിൽ ഇമ്രാൻ താഹിറിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയാണ് കോഹ്‍ലി ഫീൽഡിങ്ങിലും താരമായത്. ഏറ്റവും കുറവ് ഏകദിനങ്ങളിൽനിന്ന് 100 ക്യാച്ച് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും കോഹ്‍ലിക്കു സ്വന്തം. ഏകദിനത്തിൽ 100 ക്യാച്ച് പൂർത്തിയാക്കുന്ന 30–ാം താരം കൂടിയാണ് കോഹ്‍ലി. സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, വിവിയൻ റിച്ചാർഡ്സ് എന്നിവരുടെ പേരിലും 100 ക്യാച്ചു വീതമുണ്ട്.

related stories