ജൊഹാനസ്ബർഗ്∙ ബോളർമാരെ വെല്ലുവിളിക്കുന്ന പിച്ചിനെയും സുന്ദരമായ സ്വിങ് ബോളിങ്ങിൽ ഉണർത്താമെന്നു ഭുവനേശ്വർ കുമാർ തെളിയിച്ചു. ബാറ്റ്സ്മാന്മാരുടെ പറുദീസയിൽ അഞ്ചു വിക്കറ്റു വേട്ടയുമായി ഭുവി മിന്നിക്കത്തിയപ്പോൾ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 28 റൺസിന്റെ വിജയം. ഏകദിന പരമ്പരയിലെ തകർപ്പൻ വിജയങ്ങളുടെ ആവേശം അതേപടി തുടർന്ന ഇന്ത്യ ശിഖർ ധവാന്റെ അർധ സെഞ്ചുറി(72) മികവിൽ അഞ്ചു വിക്കറ്റിന് 203 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ഒൻപതു വിക്കറ്റിന് 175 റൺസിൽ അവസാനിച്ചു. നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ് മാച്ച്. 21ന് സെഞ്ചൂറിയനിൽ രണ്ടാം മൽസരം.
ബാറ്റ്സ്മാന്മാരെ ആശ്ലേഷിക്കാൻ കാത്തുകിടക്കുകയായിരുന്നു വാൻഡറേഴ്സിലെ പിച്ച്. ആദ്യ ഓവറിൽത്തന്നെ രണ്ടു തവണ പന്ത് അതിർത്തിക്കു മുകളിലൂടെ പറത്തി രോഹിത് ശർമ പിച്ചിന്റെ സ്നേഹം ആസ്വദിച്ചു. പരിചയ സമ്പത്തും മികവും സമാസമം ചേർത്ത് ഇന്ത്യയും ചോരത്തിളപ്പിന്റെ യുവത്വത്തിൽ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബാറ്റിങ് യുദ്ധത്തിൽ വിധി നിർണയിച്ചതു സമ്മർദ്ദ നിമിഷങ്ങളെ നേരിടാനുള്ള മികവ്. വിക്കറ്റ് നഷ്ടമായപ്പോഴും റൺറേറ്റ് താഴാതെ കാത്ത ഇന്ത്യ സ്കോർ 200 കടത്തിയപ്പോൾ മികച്ച തുടക്കങ്ങൾ സാഹചര്യ സമ്മർദ്ദത്തിൽ തുലച്ച ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് അനിവാര്യ വിധി.
നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേതും. സ്മട്സും(14), ഹെൻഡ്രിക്സും(70) ചേർന്നു 2.5 ഓവറിൽ 29 റൺസ് നേടിയ ശേഷമാണു വേർപിരിഞ്ഞത്. 50 പന്തുകളിൽ എട്ടു ബൗണ്ടറിയും ഒരു സിക്സറുമായി തകർത്തടിച്ചു ഹെൻഡ്രിക്സിനു പറ്റിയ പങ്കാളിയെ ലഭിക്കാതിരുന്നതു ദക്ഷിണാഫ്രിക്കൻ കുതിപ്പിനു തടയിട്ടു. ബെഹർദീൻ(27 പന്തുകളിൽ 39 റൺസ്) മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. ക്ലാസൻ 16 റൺസിനും ഫെഹ്‌ലുക്വായോ 13 റൺസിനും പുറത്തായി. ബോളിങ് കൃത്യതയെക്കാളുപരി റൺറേറ്റിന്റെ സമ്മർദ്ദത്തിൽ സാഹസിക ഷോട്ടുകൾക്കു മുതിർന്നായിരുന്നു മിക്കവരും പുറത്തായത്. ഭുവനേശ്വർ കുമാർ മാത്രം റൺസിൽ പിശുക്കു കാണിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ നാലോവറിൽ വിട്ടുകൊടുത്തത് 45 റൺസ്. ഉനദ്കട് നാലോവറിൽ 33 റൺസ് നൽകിയപ്പോൾ ചാഹൽ നാലോവറിൽ വിട്ടുകൊടുത്തതു 39 റൺസ്.
നേരത്തെ ശിഖർ ധവാന്റെ നാലാം അർധ സെഞ്ചുറിയുടെ മികവിലാണു ഇന്ത്യ മികച്ച സ്കോറിലേക്കു കുതിച്ചത്. 39 പന്തുകളിൽ 10 ബൗണ്ടറിയും രണ്ടു സിക്സറുമായി ധവാൻ 72 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 20 പന്തുകളിൽ 26 റൺസും മനീഷ് പാണ്ഡെ 27 പന്തുകളിൽ 29 റൺസും നേടി. ഒൻപതു പന്തുകളിൽ 21 റൺസടിച്ചു രോഹിത് ശർമ നൽകിയ ആവേശത്തിൽ നിന്നായിരുന്നു ഇന്ത്യൻ കുതിപ്പ്.
ആദ്യ 11 പന്തുകളിൽ ഇന്ത്യൻ ഓപ്പണിങ് സഖ്യം നേടിയതു 23 റൺസ്. പിച്ചിലെ ബൗൺസ് മുതലെടുത്ത് രോഹിത് സിക്സറുകൾ നേടിയപ്പോൾ പുറത്തായത് അപ്പർകട്ടിനുള്ള ശ്രമത്തിനിടെ. മൂന്നാം നമ്പരിലെത്തിയ സുരേഷ് റെയ്ന അതിവേഗം 15 റൺസ് നേടി മടങ്ങി. ധവാൻ– റെയ്ന സഖ്യം 13 പന്തുകളിൽ 26 റൺസെടുത്തു. ഒരു തവണ ക്യാച്ചിൽ നിന്നു രക്ഷപ്പെട്ട കോഹ്‌ലിയും ധവാനും ചേർന്നു 25 പന്തുകളിൽ 50 റൺസടിച്ചപ്പോൾ ഒൻപതാം ഓവറിൽ ഇന്ത്യ 100 കടന്നു. പിന്നീട് ഇന്ത്യൻ സ്കോറിങ്ങിനു വേഗം കുറഞ്ഞെങ്കിലും വൻസ്കോറിന്റെ ലക്ഷ്യമുയർത്താനായി.
സ്കോർബോർഡ്
ഇന്ത്യ : രോഹിത് ശർമ സി ക്ലാസൻ ബി ജാലെ –21, ധവാൻ സി ക്ലാസൻ ബി ഫലുക്വായൊ –72, സുരേഷ് റെയ്ന സി ആൻഡ് ബി ഡാലെ –15, വിരാട് കോഹ്‍ലി എൽബി ബി ഷംസി –26, മനീഷ് പാണ്ഡെ നോട്ടൗട്ട് –29, എം.എസ്. ധോണി ബി ക്രിസ് മോറിസ് –16, ഹാർദിക് പാണ്ഡ്യ നോട്ടൗട്ട് –13.
എക്സ്ട്രാസ് 11, ആകെ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 203
ബോളിങ്: ഡാനി പാറ്റേർസൺ 4–0–48–0, ജൂനിയർ ഡാലെ 4–0–47–2, ക്രിസ് മോറിസ് 4–0–37–1, ഷംസി 4–0–37–1, ജെജെ സ്മുട്സ് 2–0–14–0, ഫലുക്വായൊ 2–0–16–1
ദക്ഷിണാഫ്രിക്ക : സ്മട്സ് സി ധവാൻ ബി ഭുവനേശ്വർ– 14, ഹെൻഡ്രിക്സ് സി ധോണി ബി ഭുവനേശ്വർ– 70, ഡുമിനി സി റെയ്ന ബി ഭുവനേശ്വർ– മൂന്ന്, ഡേവിഡ് മില്ലർ സി ധവാൻ ബി പാണ്ഡ്യ– ഒൻപത്, ബെഹർദീൻ സി പാണ്ഡ്യ ബി ചാഹൽ– 39 ക്ലാസൻ സി റെയ്ന ബി ഉനദ്കട്– 13, ക്രിസ് മോറിസ് സി റെയ്ന ബി ഭുവനേശ്വർ– പൂജ്യം, പാറ്റേഴ്സൺ റണ്ണൗട്ട്– ഒന്ന്, ഡാല നോട്ടൗട്ട്– രണ്ട്, ഷംസി നോട്ടൗട്ട്– പൂജ്യം
എക്സ്ട്രാസ്– എട്ട്
ആകെ 20 ഓവറിൽ ഒൻപതു വിക്കറ്റിന് 175
വിക്കറ്റുവീഴ്ച: 1–29, 2–38, 3–48, 4–129, 5–154, 6–158, 7–158, 8–159, 9–175
ബോളിങ്: ഭുവനേശ്വർ 4–0–24–5, ഉനദ്കട് 4–0–33–1, ബുമ്ര 4–0–32–0, പാണ്ഡ്യ 4–0–45–1, ചാഹൽ 4–0–39–1
പരുക്ക്; ഡിവില്ലിയേഴ്സ് ട്വന്റി20 പരമ്പരയ്ക്കില്ല
ജൊഹാനസ്ബർഗ്∙ കാൽമുട്ടിനു പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും പുറത്ത്. പരുക്കു മൂലം ആദ്യ മൂന്ന് ഏകദിനങ്ങളിൽ നിന്നു വിട്ടു നിന്ന ഡിവില്ലിയേഴ്സിന് അഞ്ചാം ഏകദിനത്തിനു മുൻപ് വീണ്ടും പരുക്കേൽക്കുകയായിരുന്നു. അവസാന രണ്ട് ഏകദിനങ്ങളിലും കളിച്ചെങ്കിലും പരുക്ക് വീണ്ടും വഷളായി. അതോടെ ഇന്നലെ ആദ്യ ട്വന്റി20ക്കു മുൻപ് പരിശീലനത്തിനിറങ്ങിയില്ല. മാർച്ച് ഒന്നിന് ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനു മുൻപ് പൂർണമായും സജ്ജനാകാൻ ഡിവില്ലിയേഴ്സിന് വിശ്രമം അനുവദിക്കുകയാണെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.