ന്യൂഡൽഹി∙ റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പേര് വീണ്ടും റെക്കോർഡ് ബുക്കിൽ. 27 വർഷത്തിനിടെ ഏകദിന റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന താരമായാണ് ഇക്കുറി കോഹ്‍ലിയുടെ വിസ്മയക്കുതിപ്പ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റാങ്കിങ് പ്രകാരം കോഹ്‍ലിയുടെ പേരിലുള്ളത് 909 റേറ്റിങ് പോയിന്റാണ്. ഏകദിനത്തിലും ടെസ്റ്റിലും ഒരേസമയത്ത് 900ൽ അധികം പോയിന്റു നേടുന്ന രണ്ടാമത്തെ മാത്രം താരം കൂടിയാണ് കോഹ്‍ലി. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ ഒന്നാമൻ.
ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് കോഹ്‍ലിക്ക് റാങ്കിങ്ങിലെ കുതിപ്പിൽ സഹായകമായത്. ആറു മൽസരങ്ങളിൽനിന്ന് മൂന്നു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 558 റൺസാണ് കോഹ്‍ലി നേടിയത്. ഇതോടെ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ 500ൽ അധികം റൺസ് നേടുന്ന ആദ്യ താരമായും കോഹ്‍ലി മാറിയിരുന്നു.
ടെസ്റ്റ്, ഏകദിന, ട്വന്റി20 റാങ്കിങ്ങുകളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ഏക താരം കോഹ്‍ലിയാണ്. ഏകദിനത്തിൽ ഒന്നാം റാങ്കിലുള്ള കോഹ്‍ലി, ടെസ്റ്റിൽ രണ്ടാമതും ട്വന്റി20യിൽ മൂന്നാമതുമാണുള്ളത്. 909 പോയിന്റുമായാണ് ഏകദിനത്തിൽ കോഹ്‍ലിയുെട കുതിപ്പ്. ടെസ്റ്റിൽ 947 പോയിന്റുള്ള ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു പിന്നിലാണ് 912 പോയിന്റുള്ള കോഹ്‍ലിയുടെ സ്ഥാനം. ട്വന്റി20യിൽ പാക്ക് താരം ബാബർ അസം (786 പോയിന്റ്), ആരോൺ ഫിഞ്ച് (784) എന്നിവർക്കു പിന്നിലായാണ് കോഹ്‍ലി മൂന്നാമതുള്ളത്. 776 പോയിന്റാണ് ട്വന്റി20യിൽ കോഹ്‍ലിയുെട സമ്പാദ്യം.
1991ൽ ഓസീസ് താരം ഡീൻ ജോൺസ് 918 പോയിന്റ് നേടി ഒന്നാമതെത്തിയ ശേഷം ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റു നേടുന്ന താരം കൂടിയാണ് കോഹ്‍ലി. ഏകദിന റാങ്കിങ്ങിൽ 900 പോയിന്റ് കടക്കുന്ന ആദ്യ ഇന്ത്യൻ താരവും കോഹ്‍ലി തന്നെ. അതേസമയം, രാജ്യാന്തര താരങ്ങളിൽ കോഹ്‍ലിയേക്കാൾ റേറ്റിങ് പോയിന്റ് നേടിയ ആറു താരങ്ങളുണ്ട്. വിവിയൻ റിച്ചാർഡ്സ് (1985ൽ 935 പോയിന്റ്), സഹീർ അബ്ബാസ് (1983ൽ 931), ഗ്രെഗ് ചാപ്പൽ (1981ൽ 921), ഡേവിഡ് ഗോവർ (1983ൽ 919), ഡീൻ ജോൺസ് (918), ജാവേജ് മിയാൻദാദ് (1987ൽ 910) എന്നിവരാണ് കോഹ്‍ലിക്കു മുന്നിലുള്ളത്.
1993ൽ 908 പോയിന്റു േനടിയ ബ്രയാൻ ലാറയും കോഹ്‍ലിക്കു പിന്നിലായി. ഇവർക്കു പുറമെ എബി ഡിവില്ലിയേഴ്സ് (2015ൽ 902), ഹാഷിം അംല (2012ൽ 901), ഗാരി കിർസ്റ്റൻ (1996ൽ 900), ഹെയ്ൻസ് (1985ൽ 900) എന്നിവരും 900 പോയിന്റ് കടന്നവരാണ്.
ഇന്ത്യക്കാരിൽ സച്ചിനുൾപ്പെടെയുള്ളവർ കോഹ്‍ലിക്കും ബഹുദൂരം പിന്നിലാണ്. 1998ൽ 887 പോയിന്റ് നേടിയതാണ് സച്ചിന്റെ പേരിലുള്ള ഏറ്റവും കൂടിയ റേറ്റിങ്.