ആ ഷോട്ട് ബോളറുടെ തലയിൽ തട്ടി ഉയർന്നുപൊങ്ങി നേരെ സിക്സ്! – വിഡിയോ

റാവലിന്റെ ഷോട്ട് എല്ലിസിന്റെ തലയിലിടിച്ച് തെറിച്ചപ്പോൾ. (വിഡിയോ ദൃശ്യം)

ന്യൂസീലൻഡിന്റ ഇന്ത്യൻ വംശജനായ താരം ജീത് റാവൽ കഴിഞ്ഞ ദിവസം നേടിയ ഒരു സിക്സാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാവിഷയം. ന്യൂസീലൻഡിലെ ഫോർഡ് ട്രോഫി ടൂർണമെന്റിൽ കാന്റർബറിക്കെതിരായ മൽസരത്തിലാണ് ഓക്‌ലൻഡ് താരമായ ജീത്ത് റാവൽ രസകരമായ സിക്സ് നേടിയത്. റാവലിന്റെ സ്ട്രൈറ്റ് ഡ്രൈവ് ബോളറുടെ തലയിലിടിച്ച് ലോങ് ഓഫിൽ ബൗണ്ടറിക്കപ്പുറത്തു പോയി പതിക്കുകയായിരുന്നു.

കാന്റർബറിയുടെ മിഡിയം പേസ് ബോളർ ആൻഡ്രൂ എല്ലിസിന്റെ പന്തിലായിരുന്നു റാവലിന്റെ പ്രകടനം. എല്ലിസിന്റെ പന്ത് മുന്നോട്ടു കയറിയെത്തിയ റാവൽ ബൗണ്ടറി ലക്ഷ്യമാക്കി അടിച്ചെങ്കിലും നേരെ പോയ പന്ത് എല്ലിസിന്റെ ശിരസ്സിലിടിച്ചു.

റാവൽ ഉൾപ്പെടെയുള്ളവർ ഓടിയെത്തി എല്ലിസിന് എന്തു പറ്റിയെന്ന് പരിശോധിക്കുന്നതിനിടെയാണ് രസകരമായ ആ സത്യം എല്ലാവരും അറിഞ്ഞത്. എല്ലിസിന്റെ ശിരസിൽ തട്ടി ഉയർന്ന പന്ത് ലോങ് ഓഫിലൂടെ ബൗണ്ടറിക്കും അപ്പുറത്തു പോയാണ് വീണത്. ഇതോടെ അംപയർ സിക്സ് അനുവദിക്കുകയും ചെയ്തു. റാവലിന്റെ ശക്തമായ ഷോട്ട് തലയിൽ തട്ടിയെങ്കിലും എല്ലിസിന് പരുക്കൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

എന്തായാലും ലിസ്റ്റ് എ മൽസരങ്ങളിൽ തന്റെ ഉയർന്ന സ്കോർ കണ്ടെത്തിയ റാവലിന്റെ മികവിൽ ഓക്‌ലൻഡ് കാന്റർബറിയെ 107 റൺസിന് തകർത്ത് ഫോർഡ് ട്രോഫി ഫൈനലിൽ കടന്നു. 153 പന്തുകൾ നേരിട്ട റാവൽ 10 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 149 റൺസെടുത്തു.