ക്രൈസ്റ്റ്ചർച്ച്∙ തകർപ്പൻ പ്രകടനത്തിലൂടെ ശ്രീലങ്കൻ ബാറ്റിങ് നിരയുടെ ബോൾട്ടൂരി ന്യൂസീലൻഡ് ഫാസ്റ്റ് ബോളർ ട്രെന്റ് ബോൾട്ട്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 15 പന്തുകളിൽനിന്ന് നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ ശ്രീലങ്ക 104 റൺസിന് പുറത്തായി. ന്യൂസീലൻഡിന് 74 റൺസിന്റെ ലീഡും മൽസരത്തിൽ ലഭിച്ചു.
രണ്ടാം ദിനം വെറും 40 മിനിറ്റ് സമയമെടുത്താണ് ബോൾട്ട് ശ്രീലങ്കൻ മധ്യനിരയെയും വാലറ്റത്തെയും കൂടാരം കയറ്റിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമായത്. മൂന്നാം പന്തിൽ പുറത്തായത് റോഷൻ സിൽവ. അവസാന അഞ്ച് വിക്കറ്റുകൾ വീണതു വെറും നാല് റൺസ് മാത്രം എടുക്കുന്നതിനിടെയാണ്. ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്റെയും ഏറ്റവും മോശം പ്രകടനമാണിത്.
മൽസരത്തിന്റെ ആദ്യദിനം പത്ത് ഓവര്‍ എറിഞ്ഞ ബോൾട്ടിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. രണ്ടാം ദിനത്തിലെ പ്രകടനത്തിലൂടെ ആ പോരായ്മയ്ക്കു പരിഹാരം കണ്ടു ട്രെന്റ് ബോൾട്ട്. മൽസരത്തിൽ 15 ഓവറിൽ 30 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയതു താരത്തിന്റെ ടെസ്റ്റ് കരിയറിലെ തന്നെ മികച്ച പ്രകടനമാണ്. മാർച്ചിൽ ഈഡൻ പാർക്കിൽ ഇംഗ്ലണ്ടിനെതിരെ 32 റൺസ് വിട്ടുകൊടുത്തു താരം ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
29 കാരനായ ട്രെന്റ് ബോൾട്ട് ടെസ്റ്റിൽ ഇതുവരെ 230 വിക്കറ്റുകളാണു നേടിയിട്ടുള്ളത്. ന്യൂസീലൻഡ്‍ താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ അഞ്ചാമതാണ് താരം. സർ റിച്ചാർഡ് ഹാഡ‍്‍ലി (431) ഡാനിയൽ വെറ്റോറി (361), ക്രിസ് മാർട്ടിൻ (233), ടിം സൗത്തീ (235) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ശ്രീലങ്ക–ന്യൂസീലൻഡ് ഒന്നാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചിരുന്നു.