Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 പന്തിൽ 64 റൺസ് വഴങ്ങി ചാഹൽ; 28 പന്തിൽ 52 റൺസുമായി മിന്നിയ ‘മഹേന്ദ്രജാലം’ പാഴായി

Henrich-Classan അർധസെഞ്ചുറി നേടിയ ഹെൻറിച് ക്ലാസന്റെ ആഹ്ലാദം. (ഐസിസി, ട്വിറ്റർ)

സെഞ്ചൂറിയൻ ∙ ഈ ക്ലാസനെക്കൊണ്ടു തോറ്റു. കൈക്കുഴ സ്പിന്നർമാരെന്ന വജ്രായുധങ്ങളുമായി ദക്ഷിണാഫ്രിക്കയിൽ സ്വപ്നസമാനമായ കുതിപ്പു തുടർന്നുവന്ന ഇന്ത്യയെ എത്രയെളുപ്പമാണ് ക്ലാസൻ ക്ലോസാക്കിയത്. അതും ട്വന്റി20യിൽ മികച്ചതെന്ന് ഉറപ്പിച്ചു പറയാവുന്ന സ്കോർ ഉയർത്തിയശേഷം. ഏറെക്കാലത്തിനുശേഷം ആരാധക ഹൃദയങ്ങളെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് (സ്റ്റംപിനു പിന്നിലെയല്ല) ആവേശഭരിതരാക്കിയ ആ മഹേന്ദ്രജാലം പോലും ക്ലാസന്റെ പ്രകടനത്തിനു മുന്നിൽ നിറം മങ്ങിയില്ലേ! ട്വന്റി20 കരിയറിലെ ഏറ്റവും ഉജ്വലമായ പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത യുവതാരം മനീഷ് പാണ്ഡെയുടെ പ്രകടനത്തിനും ശോഭ കുറഞ്ഞുപോയില്ലേ! എന്തായാലും ഇരു ടീമുകളും ഓരോ മൽസരം ജയിച്ചതോടെ ശനിയാഴ്ച നടക്കുന്ന മൂന്നാം മൽസരം കൂടുതൽ ആവേശഭരിതമാകും എന്ന ആശ്വാസം മാത്രമുണ്ട് ബാക്കി.

ഹെൻറിച്ച് ക്ലാസനൊപ്പം ക്യാപ്റ്റന്റെ ക്ലാസോടെ കളിച്ച ജെപി ഡുമിനിയുടെ ബാറ്റിങ്ങും വിജയത്തിൽ നിർണായകമായെന്നു പറയാതെ വയ്യ. ഇന്ത്യയുയർത്തിയ 189 റൺസ് വിജയലക്ഷ്യം വിജയകരമായി മറിടകടക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ എട്ടു പന്തുകൾ ബാക്കിയായിരുന്നു. ക്ലാസൻ 69 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഡുമിനി 64 റൺസോടെ പുറത്താകാതെ നിന്നു. സ്കോർ ഇന്ത്യ 20 ഓവറിൽ നാലിന് 188, ദക്ഷിണാഫ്രിക്ക 18.4 ഓവറിൽ നാലിന് 189. ക്ലാസനാണ് മാൻ ഓഫ് ദ് മാച്ച്.

189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറുകളിൽ മികച്ച പ്രകടനമായിരുന്നു ഭുവനേശ്വറിന്റേതും ഷാർദുൽ താക്കൂറിന്റെതും. സ്കോർ ബോർഡിൽ 24 റൺസുള്ളപ്പോൾ സ്മട്സ് പുറത്തായി. ഒൻപതു പന്തിൽ രണ്ടു റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സ്കോർ 38ൽ നിൽക്കെ രണ്ടാം ഓപ്പണർ ഹെൻഡ്രിക്സും പുറത്തായി. 17 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 26 റൺസെടുത്ത ഹെൻഡ്രിക്സിനെ ഷാർദുൽ താക്കൂറാണ് മടക്കിയത്.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ ജീവവായുവായി മാറിയ കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. അഞ്ചാം ഓവറിൽ രണ്ടിന് 38 എന്ന നിലയിലായിരുന്ന ആതിഥേയരെ മൂന്നാം വിക്കറ്റിൽ ക്ലാസനും ഡുമിനിയും ചേർന്നു നേടിയ 93 റൺസാണ് കരകയറ്റിയത്. ഇന്ത്യൻ ബോളർമാരെ കണക്കിനു ശിക്ഷിച്ച ഇരുവരും അനായാസം റൺസ് വാരിക്കൂട്ടി. 30 പന്തിൽ മൂന്നു ബൗണ്ടറിയും ഏഴു പടുകൂറ്റൻ സിക്സുകളും നേടിയ ക്ലാസനായിരുന്നു കൂടുതൽ അപകടകാരി. ജയത്തിന് തൊട്ടടുത്ത് ക്ലാസനും പിന്നാലെ മില്ലറും വീണെങ്കിലും ബെഹാർദീനെ കൂട്ടുപിടിച്ച് ഡുമിനി ആതിഥേയരെ വിജയത്തിലെത്തിച്ചു. ഡുമിനി 40 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് പുറത്താകാതെ നിന്നു. ബെഹാർദീൻ 10 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 16 റൺസെടുത്തും പുറത്താകാതെ നിന്നു. ആറു പന്തിൽ അഞ്ച് റൺസെടുത്ത മില്ലറിനെ പാണ്ഡ്യ പുറത്താക്കി.

പരമ്പരയിലിതുവരെ ഇന്ത്യൻ വിജയക്കുതിപ്പിന് കടിഞ്ഞാൻ പിടിച്ച ബോളർമാർ ഇന്നലെ തീർത്തും നിറംമങ്ങി. നാലോവറെറിഞ്ഞ യുസ്‍വേന്ദ്ര ചാഹൽ വഴങ്ങിയത് 64 റൺസ്. ഭുവനേശ്വറിനും ഷാർദുൽ താക്കൂറിനും വിക്കറ്റു നേടാനായില്ല. രണ്ടു വിക്കറ്റു പിഴുത ജയ്ദേവ് ഉനദ്കട് പക്ഷേ നന്നായി തല്ലുവാങ്ങി. അവസാന രണ്ടോവറിൽ ജയിക്കാൻ 16 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ഉനദ്കടിന്റെ നാലു പന്തുകൾക്കുള്ളിൽ ചടങ്ങുതീർത്തു. 

ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ബാറ്റിങ് ഇന്ത്യ

ഏറെക്കാലത്തിനുശേഷം വിശ്വരൂപം പുറത്തെടുത്ത മഹേന്ദ്രസിങ് ധോണിയുടെയും യുവതാരം മനീഷ് പാണ്ഡെയുടെയും അർധസെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലുയർത്തിയത് 189 റൺസ് വിജയലക്ഷ്യം. പാണ്ഡെ 79 റൺസോടെയും ധോണി 52 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അ‍ഞ്ചാം വിക്കറ്റിൽ ഇരുവരും 98 റൺസ് കൂട്ടിച്ചേർത്തു. ഇരുവരുടെയും രണ്ടാം ട്വന്റി20 അർധസെഞ്ചുറിയാണിത്. മനീഷ് പാണ്ഡെയുടെ ട്വന്റി20യിലെ ഉയർന്ന സ്കോറും ഇതുതന്നെ.

തകർച്ചയോടെ തുടക്കം, പിന്നെ പിടിച്ചുകയറ്റം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ ഓപ്പണർ രോഹിത് ശർമ പുറത്തായി. ജൂനിയർ ഡാലയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രോഹിത് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒരുമിച്ച ധവാൻ–സുരേഷ് റെയ്ന സഖ്യം ഇന്ത്യൻ ഇന്നിങ്സിന് അടിസ്ഥാനമിട്ടു. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറിൽ റണ്ണൊന്നും നേടാനാകാതെ പതറിനിന്ന ധവാൻ, റെയ്ന കൂട്ടിനെത്തിയതോടെ ആക്രമണകാരിയായി. ജൂനിയർ ഡാല എറിഞ്ഞ നാലാം പന്തിൽ ബൗണ്ടറി കണ്ടെത്തിയ റെയ്ന, സഹതാരത്തിനും ആത്മവിശ്വാസമേകി. മോറിസിന്റെ അടുത്ത ഓവറിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും സഹിതം ധവാൻ നേടിയത് 20 റൺസ്.

പാറ്റേഴ്സൻ എറിഞ്ഞ അടുത്ത ഓവറിൽ റെയ്നയും മോശമാക്കിയില്ല. മൂന്നു ബൗണ്ടറി സഹിതം ആ ഓവറിൽ പിറന്നത് 12 റൺസ്. ഇതോടെ റണ്ണൊഴുക്കു നിയന്ത്രിക്കാൻ പന്തുമായി ക്യാപ്റ്റൻ ഡുമിനിയെത്തി. രണ്ടാം പന്തിൽ ധവാനെ മിഡ് ഓണിൽ ബെഹാർദീന്റെ കൈകളിലെത്തിച്ച് ഡുമിനി ആതിഥേയർക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 14 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 24 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

നാലാമനായെത്തിയ കോഹ്‍ലിയെ ക്ലാസന്റെ കൈകളിലെത്തിച്ച് ജൂനിയർ ഡാല ആഞ്ഞടിച്ചതോടെ ഇന്ത്യ വീണ്ടും പതറി. അഞ്ചു പന്തിൽ ഒരു റണ്ണു മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യ കളി പതുക്കെയാക്കി. ബൗണ്ടറികളുടെയും സിക്സുകളുടെയും പ്രവാഹവും ഇതോടെ നിലച്ചു. 10–ാം ഓവറിൽ ടെബ്രായിസ് ഷംസിയെ രണ്ട് സിക്സും ബൗണ്ടറിക്കും ശിക്ഷിച്ച പാണ്ഡെ ടോപ് ഗിയറിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ഓവറിൽ റെയ്നയെ മടക്കി ഫെലൂക്‌വായോ തിരിച്ചടിച്ചു. 24 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 31 റൺസെടുത്ത റെയ്നയെ ഫെലൂക്‌വായോ എൽബിയിൽ കുരുക്കി.

തകർത്തടിച്ച് പാണ്ഡെ, ധോണി

ഇതോടെ മൽസരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനും അരങ്ങൊരുങ്ങി. മികച്ച ഫോമിലായിരുന്ന പാണ്ഡെ അനായാസം റൺസ് കണ്ടെത്തിയതോടെ ധോണിക്കും ആത്മവിശ്വാസമായി. തകർത്തടിച്ച ഇരുവരും 56 പന്തിൽ കൂട്ടിച്ചേർത്തത് 98 റൺസ്. 48 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ പാണ്ഡെ 79 റൺസോടെയും 28 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ ധോണി 52 റൺസോടെയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയർ ഡാല രണ്ടു വിക്കറ്റ് വീഴ്ത്തി.

ബുംമ്രയ്ക്കു പകരം താക്കൂർ

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ജെ.പി. ഡുമിനി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംമ്രയ്ക്കു പകരം ഇന്ത്യൻ നിരയിൽ ശാർദുൽ താക്കൂർ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക കഴിഞ്ഞ മൽസരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി.

related stories