Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാണ്ഡ്യ ആദ്യം ബാറ്റിങ് കൂടുതൽ നന്നാക്കട്ടെ, താരതമ്യങ്ങൾ പിന്നെ: കപിൽ ദേവ്

Kapil-Hardik കപിൽ ദേവ്, ഹാർദിക് പാണ്ഡ്യ

മൊണാക്കോ∙ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് മുതൽക്കൂട്ടാണെങ്കിലും ബാറ്റ്സ്മാനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ കൂടുതൽ വളരേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ നേടിയ 93 റൺസിനു ശേഷം മറ്റു മൽസരങ്ങളിലൊന്നും ബാറ്റുകൊണ്ട് കാര്യമായ സംഭാവനകൾ നൽകാൻ ഹാർദിക്കിനു സാധിക്കാതെ പോയ സാഹചര്യത്തിലാണ് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഉപദേശവുമായി കപിൽ രംഗത്തെത്തിയത്.

ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന ഹാർദ്ദിക്കിനെ കപിൽ ദേവുമായി താരതമ്യപ്പെടുത്തിയും രണ്ടാം കപിൽ ദേവായി വിശേഷിപ്പിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ താരങ്ങളും പിന്നാലെയെത്തി. ഇതിനിടെയാണ് ബാറ്റിങ് മെച്ചപ്പെടുത്താൻ ഹാർദിക് കഠിനാധ്വാനം ചെയ്യണമെന്ന കപിലിന്റെ ഉപദേശം.

സമ്മർദ്ദം കൂടാതെ കളിക്കാൻ പാണ്ഡ്യയ്ക്ക് സാധിക്കണമെന്നും ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയിട്ടുള്ള താരമാണ് പാണ്ഡ്യ. അദ്ദേഹത്തിന് കഴിവുണ്ട്. ആരുമായും അനാവശ്യ താരതമ്യങ്ങൾ നടത്തി അയാളെ സമ്മർദ്ദങ്ങൾക്കു വിട്ടുകൊടുക്കരുത്. പാണ്ഡ്യ ആസ്വദിച്ച് കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം – കപിൽ പറഞ്ഞു.

ഓൾറൗണ്ടർമാർക്ക് ബാറ്റിങ്, ബോളിങ് മേഖലകളിൽ മികവു വേണമെങ്കിലും ഒരു മേഖലയിൽ കൂടുതൽ മികവു കാട്ടണമെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഹാർദിക് പാണ്ഡ്യ പ്രഥമദൃഷ്ട്യാ ഒരു ബാറ്റിങ് ഓൾറൗണ്ടറാണ്. അതുകൊണ്ടുതന്നെ ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്താൻ അയാൾ കഠിനാധ്വാനം ചെയ്യണം. ബാറ്റിങ്ങിൽ കുറച്ചുകൂടി ശ്രദ്ധകൊടുക്കാനായാൽ യുവതാരത്തിന്റെ ബോളിങ്ങും സ്വാഭാവികമായി മെച്ചപ്പെടുമെന്ന് കപിൽ പറഞ്ഞു.

പാണ്ഡ്യ തീരെച്ചെറുപ്പമാണെന്നും കപിൽ ഓർമിപ്പിച്ചു. എല്ലാവരും അയാളിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുകയാണ്. പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള കഴിവ് പാണ്ഡ്യയ്ക്കുണ്ട്. ടീമിലെ ഏറ്റവും മികച്ച അത്‍ലീറ്റുകളിൽ ഒരാൾ കൂടിയാണ് പാണ്ഡ്യ. ഓൾറൗണ്ടറെന്ന നിലയിൽ കൂടുതൽ വളരാൻ കുറച്ചുകൂടി കഠിനാധ്വാനം വേണമെന്നേയുള്ളൂ – കപിൽ അഭിപ്രായപ്പെട്ടു.

അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കിരീടം ചൂടാൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ആക്രമണത്വരയും മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ശാന്തതയും ടീമിന് ആവശ്യമാണെന്നും കപിൽ ചൂണ്ടിക്കാട്ടി. ഇതുപൊലുള്ള രണ്ടുപേർ ടീമിലുള്ളത് വളരെ നല്ലതാണ്. ഈ കോമ്പിനേഷന് ടീമിനായി അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നും കപിൽ പറഞ്ഞു.

ആദ്യ രണ്ടു ടെസ്റ്റുകളിൽ തോറ്റശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീം ഇന്ത്യ നടത്തിയ തിരിച്ചുവരവിനെയും കപിൽ അനുമോദിച്ചു. പരിമിത ഓവർ മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കയെ തീർത്തും നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു നമ്മുടേത്. അത്തരം പ്രകടനം നടത്താൻ മുൻപു നമുക്കു സാധിച്ചിട്ടില്ല.

ഈ വിജയത്തിൽ കോഹ്‍ലിയുടെ സംഭാവനകൾ എടുത്തുപറയേണ്ടതു തന്നെയാണ്. എന്നാൽ, കൈക്കുഴ സ്പിന്നർമാരുടെ പ്രകടനം കാണാതെ പോകുന്നതും ശരിയല്ല. ഒരു വർഷം മുൻപുവരെ അശ്വിനും ജഡേജയുമായിരുന്നു നമ്മുടെ പ്രധാന സ്പിന്നർമാർ. ഇന്ന് അവർക്ക് അവസരം പോലും ലഭിക്കുന്നില്ല. അത്രയ്ക്ക് ശക്തമാണ് ഇന്ത്യൻ ക്രിക്കറ്റെന്നും കപിൽ ചൂണ്ടിക്കാട്ടി.

സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, ലക്ഷ്മണ്‍ തുടങ്ങിയ പരിചയസമ്പന്നർ കൂട്ടത്തോടെ വിരമിച്ചശേഷവും അവരുടെ അഭാവം അറിയിക്കാത്ത തരത്തിലുള്ള പ്രകടനമാണ് ടീം പുറത്തെടുക്കുന്നതെന്നും കപിൽ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന വളർച്ചയാണിത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടക്കുന്ന പര്യടനങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള ശേഷി ഈ ടീമിനുണ്ടെന്നും കപിൽ പറഞ്ഞു.

related stories