മുംബൈ∙ ഏകദിന, ട്വന്റി20 പരമ്പരകളിൽ ചരിത്രവിജയം സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ടീം ഇന്ത്യയിലെ ഒരു യുവതാരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ വിമാനമിറങ്ങിയശേഷം ലോക്കൽ ട്രെയിൻ പിടിച്ച് വീട്ടിലേക്കു പോയ ഈ യുവതാരത്തെ സഹയാത്രികർ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന് വൻ പ്രചാരം ലഭിച്ചത്. ഏകദിന, ട്വന്റി20 പരമ്പരകളിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ശാർദുൽ താക്കൂറാണ് ഈ ‘വാർത്താ താരം’.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഈ നിമിഷങ്ങൾ താക്കൂർ ഓർത്തെടുത്തു. ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഞാൻ അന്ധേരിയിലെത്തി ലോക്കൽ ട്രെയിനിൽ കയറിയാണ് വീട്ടിലേക്കു പോയത്. എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു ഞാൻ. വലിയ ഹെഡ്ഫോൺ എന്റെ കാതിലുണ്ടായിരുന്നു. എന്നാൽ, ആളുകൾ എന്നെ ശ്രദ്ധിക്കുന്ന കാര്യം പിന്നെയാണ് തിരിച്ചറിഞ്ഞത്. ഇത് ‘ശരിക്കും’ ശാർദുൽ താക്കൂർ തന്നെയാണോ എന്ന സംശയത്തിലായിരുന്നു അവർ – താക്കൂർ പറഞ്ഞു.
ലോക്കൽ ട്രെയിനിൽ ഇന്ത്യൻ താരത്തെ കണ്ട് ചിലർ അമ്പരപ്പ് പ്രകടിപ്പിച്ചതായും താക്കൂർ പറഞ്ഞു. ചില കോളജ് താരങ്ങൾ എത്ര ശ്രമിച്ചിട്ടും ഇതു ഞാൻ തന്നെയാണെന്ന് ഉറപ്പിക്കാനായില്ല. ഉടനെ അവർ ഗൂഗിളിൽ എന്റെ ചിത്രം തിരയുന്നത് കാണാമായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ അവർ സെൽഫിയെടുക്കാനായി അടുത്തെത്തി – രസകരമായ നിമിഷങ്ങൾ താക്കൂർ ഓർത്തെടുത്തു.
ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം തങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിന്റെ കൗതുകവും ചിലരിൽ കണ്ടു. വർഷങ്ങളായി ഇതേ ട്രെയിനിൽ സഞ്ചരിക്കുന്നയാളെന്ന നിലയിൽ മുൻപ് എന്നെ ഇവിടെ കണ്ടിട്ടുള്ള കാര്യം പ്രായമായ ചിലർ ഓർമിച്ചെടുക്കുന്നതും കണ്ടു. ഇതൊന്നും തന്നെ കാര്യമായി ബാധിച്ചില്ലെന്നും നിലത്ത് കാൽ ഉറപ്പിച്ചുതന്നെ മുന്നോട്ടുപോകാനാണ് ഇഷ്ടമെന്നും താക്കൂർ പറഞ്ഞു. കഠിനാദ്ധ്വാനത്തിലൂടെയാണ് ഈ നിലയിൽ എത്തിയതെന്ന് പറയാനും അദ്ദേഹം മറന്നില്ല.
പാൽഗർ സ്വദേശിയായ താക്കൂർ, നേരത്തെ മുതൽ ഒന്നര മണിക്കൂറോളം ദിനംപ്രതി യാത്ര ചെയ്താണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. ഇന്ത്യൻ താരമായി മാറിയ ശേഷം ഇതേ ട്രെയിനിലെ കന്നിയാത്ര ലോകം അറിയുകയും െചയ്തു.