രഹാനെയ്ക്കും സൂര്യകുമാറിനും 7 ലക്ഷം; രോഹിതിന് 6 ലക്ഷവും; ഇങ്ങനെയുമൊരു ട്വന്റി20 ലീഗ് വരുന്നു!

മുംബൈ∙ കുട്ടിക്ക്രിക്കറ്റിന്റെ ചെറുപൂരമായ ഇന്ത്യൻ പ്രീമിയർ ലീഗിന് അരങ്ങുണരാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, മുംബൈയിലൊരു ‘സാമ്പിൾ വെടിക്കെട്ടിന്’ വേദിയൊരുങ്ങുന്നു. ഇന്ത്യൻ ദേശീയ ടീമിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി താരപ്പകിട്ടോടെ ട്വന്റി20 മുംബൈ ലീഗ് പ്രഖ്യാപിച്ചു. സച്ചിൻ തെൻഡുൽക്കർ ബ്രാൻഡ് അംബാസഡറായെത്തുന്ന ലീഗ് മാർച്ച് 11 ന് ആരംഭിച്ച് 21ന് അവസാനിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി. പ്രോബബിലിറ്റി സ്പോർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ലീഗ് സംഘടിപ്പിക്കുന്നത്.

ആറു ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ താരലേലം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നു. രോഹിത് ശർമ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, അഭിഷേക് നായർ തുടങ്ങിയവർ ലീഗിന്റെ ഭാഗമാകും. മുൻ ഇന്ത്യൻ‌ താരം വിനോദ് കാംബ്ലി, സന്ദീപ് പാട്ടീൽ ഉൾപ്പെടെയുള്ളവർ മെന്റർ റോളിലും ലീഗിന്റെ ഭാഗമാണ്.

മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. മുംബൈ നോർത്ത് ഐക്കൺ താരമായി തിരഞ്ഞെടുത്ത ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, മുംബൈ നോർത്ത് ഈസ്റ്റ് ഐക്കൺ താരമായി തിരഞ്ഞെടുത്ത സൂര്യകുമാർ യാദവ് എന്നിവരാണ് താരലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച താരങ്ങൾ.

രോഹിത് ശർമ (മുംബൈ നോർത്ത് വെസ്റ്റ്, ആറു ലക്ഷം), ശ്രേയസ് അയ്യർ (മുംബൈ നോർത്ത് സെൻട്രൽ, അഞ്ച് ലക്ഷം), അഭിഷേക് നായർ (മുംബൈ സൗത്ത്, നാലു ലക്ഷം), സിദ്ധേഷ് ലാഡ് (മുംബൈ സൗത്ത് സെൻട്രൽ, നാലു ലക്ഷം) എന്നിവരാണ് മറ്റു ടീമുകളുടെ ഐക്കൺ താരങ്ങൾ. ഇന്ത്യൻ അണ്ടർ 19 ടീം നായകൻ പൃഥ്വി ഷായെ മുംബൈ നോർത്ത് 2.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. മുൻ ഇന്ത്യൻ പേസ് ബോളർ ധവാൽ കുൽക്കർണി 1.50 ലക്ഷം രൂപയ്ക്ക് മുംബൈ നോർത്ത് ഈസ്റ്റിലുമെത്തി. താരലേലത്തിന് സമർപ്പിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ നിന്ന് ഓരോ ടീമും ഐക്കൺ താരങ്ങളെയും ടീമിലെ അഞ്ച് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇവർക്കു പുറമെ പ്രാദേശിക താരങ്ങൾക്കും ലീഗിൽ അവസരം ലഭിക്കും.

മുൻ ഇന്ത്യൻ ടീം സിലക്ടർ സന്ദീപ് പാട്ടീലാണ് രഹാനെ നയിക്കുന്ന മുംബൈ നോർത്തിന്റെ മെന്റർ. ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ നോർത്ത് സെന്ററിന്റെ മെന്റർ റോളിലെത്തുന്നത് മുൻ ഇന്ത്യൻ താരം സമീർ ഡീഗെയാണ്. സിദ്ധേഷ് ലാഡ് ഐക്കൺ താരമാകുന്ന മുംബൈ സൗത്ത് സെൻട്രലിന്റെ മെന്ററായി വിനോദ് കാംബ്ലിയും സൂര്യകുമാർ യാദവിന്റെ മുംബൈ നോർത്ത് ഈസ്റ്റിന്റെ മെന്ററായി ലാൽചന്ദ് രാജ്പുട്ടുമെത്തും.