ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ താരങ്ങൾ തമ്മിൽ കയ്യാങ്കളി - വിഡിയോ

ഡർബൻ ∙ മാന്യത മറന്നു താരങ്ങള്‍ തമ്മില്‍ പോരട‌ിച്ചതോടെ ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ചത് നാണക്കേട്. നാലാം ദിനം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ ഓസീസ് താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡിക്കോക്കും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യം പുറത്തുവന്നു. ചായയ്ക്കു പിരിഞ്ഞ സമയത്തായിരുന്നു അനിഷ്ട സംഭവങ്ങള്‍. പ്രകോപിതനായി ഡിക്കോക്കിനു നേരെ തിരിഞ്ഞ വാര്‍ണര്‍ കൈചൂണ്ടി അസഭ്യവാക്കുകൾ പ്രയോഗിച്ചു.

ഓസീസ് താരങ്ങള്‍ ചേര്‍ന്നു വാർണറെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. പിന്നാലെ നേഥന്‍ ലയണും ഡിക്കോക്കും തമ്മിലും വാക്കേറ്റമുണ്ടായി. ഡിക്കോക്ക് വ്യക്തിപരമായി അധിക്ഷേപിച്ചതിനെത്തുടർന്നാണു വാർണർ പ്രകോപിതനായതെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. 

അതിനിടെ വിക്കറ്റ് ആഘോഷത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെ ദേഹത്തേക്കു പന്തെറിഞ്ഞ നേഥന്‍ ലയണിനെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിക്കും. നാലാം ദിവസം ക്രിസീലെത്തുന്നതിനു മുന്‍പേ ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയ ലയണ്‍ ക്രീസില്‍ വീണുകിടന്ന താരത്തിന്റെ ദേഹത്തേക്കു പന്തെറിഞ്ഞശേഷമാണു വിക്കറ്റ് നേട്ടം ആഘോഷിക്കാനോടിയത്. സംഭവത്തിനു പിന്നാലെ ഓസീസ് സ്പിന്നര്‍ മാപ്പുചോദിച്ചെങ്കിലും പെരുമാറ്റച്ചട്ട പ്രകാരം ലെവല്‍ വണ്‍ കുറ്റമാണു ലയണ്‍ നടത്തിയതെന്ന് ഐസിസി വ്യക്തമാക്കി. മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ഈടാക്കിയേക്കും.

ഓസീസ് കൂറ്റൻ ജയം

ഒരു വിക്കറ്റിന്റെ അൽപായുസ്സുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കഥകഴിക്കാൻ ഓസീസിനു വേണ്ടിവന്നത് 22 പന്തുകൾ! അഞ്ചാം ദിനം അഞ്ചു റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഓൾഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 118 റൺസിന്റെ തോൽവി. ഒൻപതിന് 293 എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു നാലാം ഓവറിൽ ക്വിന്റൻ ഡിക്കോക്കിനെയാണ് (83) നഷ്ടമായത്. ജോഷ് ഹേസിൽവുഡിനാണ് വിക്കറ്റ്. സ്കോർ: ഓസ്ട്രേലിയ 351, 227. ദക്ഷിണാഫ്രിക്ക 162, 298.