ഇസ്‍ലാമാബാദ്∙ ക്രിക്കറ്റ് കളത്തിലെ ‘വഴക്കാളി താര’ങ്ങളിൽ ഒരാളാണ് പാക്കിസ്ഥാന്റെ സൂപ്പർതാരം ഷാഹിദ് അഫ്രീദി. എതിർ ടീമിലെ താരങ്ങളെ പ്രകോപിപ്പിക്കുന്ന പെരുമാറ്റവും വാക്കുകളുമായി അഫ്രീദി പലകുറി വാർത്തകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ദേശീയ ടീമിൽനിന്ന് വിരമിച്ചിട്ടും, പ്രായം നാൽപതിനോട് അടുക്കുമ്പോഴും അഫ്രീദിയുടെ ആവേശത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം.
മുൾട്ടാൻ സുൽത്താൻസിനെതിരെ നടന്ന മൽസരത്തിലാണ് കറാച്ചി കിങ്സിന്റെ താരമായ അഫ്രീദിയുടെ പെരുമാറ്റം ശ്രദ്ധിക്കപ്പെട്ടത്. മൽസരത്തിൽ മുൾട്ടാനെതിരെ 63 റൺസിന്റെ വിജയം നേടിയ കറാച്ചി ടീമിനായി അഫ്രീദി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറിൽ 18 റൺസ് വഴങ്ങിയ താരം മൂന്നു വിക്കറ്റുകളാണ് പിഴുതത്.
വമ്പൻ അടികൾക്കു കെൽപ്പുള്ള വിൻഡീസ് താരം കീറൻ പൊള്ളാർഡും അഫ്രീദി പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. പൊള്ളാർഡിനു പിന്നാലെ പാക്കിസ്ഥാൻകാരനായ യുവതാരം സെയ്ഫ് ബദറിനെ പുറത്താക്കിയപ്പോഴാണ് അഫ്രീദി ‘വിശ്വരൂപം’ പുറത്തെടുത്തത്. കറാച്ചിക്കായി 10–ാം ഓവർ ബോൾ ചെയ്യാനെത്തിയതാണ് അഫ്രീദി. 10 പന്തിൽ 13 റൺസുമായി നിന്ന ബദറിനെ അഫ്രീദി അഞ്ചാം പന്തിൽ പുറത്താക്കി. പിന്നാലെ പവലിയനിലേക്കു കൈചൂണ്ടി പത്തൊൻപതു വയസ്സു മാത്രം പ്രായമുള്ള ബദറിനോടായി പ്രകോപനപരമായി എന്തോ പറയുകയും ചെയ്തു.
എന്തായാലും, മൽസരം കറാച്ചി വിജയിച്ചതിനു പിന്നാലെ ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ഒട്ടേറെപ്പേരാണ് ഇതു ഷെയർ ചെയ്തത്. ട്വിസ്റ്റ് അതൊന്നുമല്ല. മൽസരത്തിനു പിന്നാലെ ഈ വിഡിയോ ഷെയർ ചെയ്ത സെയ്ഫ് ബദർ ‘നിങ്ങളെ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു’ എന്ന കുറിപ്പോടെ ഈ വിഡിയോ ഷെയർ ചെയ്തു.
ബദറിന്റെ ഈ പ്രവൃത്തി കണ്ട അഫ്രീദിക്കു വെറുതെ ഇരിക്കാനാകുമോ? തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് അഫ്രീദിയുടെ മറുപടി ഉടനെത്തി. അതു മൽസരത്തിനിടെ സംഭവിച്ചുപോയതാണെന്ന് വ്യക്തമാക്കിയ അഫ്രീദി, താൻ യുവതാരങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ബദറിന് ആശംസകളും നേർന്നാണ് അഫ്രീദി കുറിപ്പ് അവസാനിപ്പിക്കുന്നത്.