ഏകദിനം കൊച്ചിയിൽ നടത്താൻ ധാരണ; ജിസിഡിഎ – ബ്ലാസ്റ്റേഴ്സ് ചർച്ച നാളെ

കൊച്ചി ജിസിഡിഎ സ്റ്റേഡിയം. (ഫയൽ ചിത്രം)

കൊച്ചി∙ നവംബർ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചിയിൽ സംഘടിപ്പിക്കാൻ കലൂർ ജവാഹർ ലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഉടമകളായ ജിസിഡിഎ സമ്മതം അറിയിച്ചു. കെസിഎ-ജിസിഡിഎ ചർച്ചയിലാണു ധാരണ. അതേസമയം ആ സമയത്തു നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മൽസരങ്ങളും തടസ്സമില്ലാതെ ഇവിടെ സംഘടിപ്പിക്കുന്നതു സംബന്ധിച്ചു കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായി നാളെ ചർച്ച നടത്തും.

ഏകദിന ക്രിക്കറ്റ് മൽസരം നടത്തുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നു ജിസിഡിഎ ചെയർമാൻ സി.എൻ.മോഹനനും കൊച്ചിയിൽ മൽസരത്തിനുവേണ്ടി പിച്ച് വീണ്ടും നിർമിക്കുന്നതുൾപ്പെടെയുള്ള  തയാറെടുപ്പുകൾക്ക് ആവശ്യത്തിനു സമയമുണ്ടെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജും വ്യക്തമാക്കി. ക്രിക്കറ്റും ഐഎസ്എല്ലും കൊച്ചിയിൽ നടത്തണമെന്ന  നിലപാടാണു ജിസിഡിഎക്ക്. 2014ൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരമാണു കൊച്ചി വേദിയായ അവസാന രാജ്യാന്തര മൽസരം.

അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ക്രിക്കറ്റ് പിച്ചും ഇളക്കി മാറ്റിയതിനാൽ പ്രാദേശികതലത്തിലുള്ള ക്രിക്കറ്റ് മൽസരങ്ങൾപോലും സംഘടിപ്പിക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മൽസരം ഇവിടെ നടത്താൻ ജിസിഡിഎ അനുമതി നൽകിയത്. എന്നാൽ അടുത്ത ജനുവരിയിൽ  യുഎഇയിൽ നടക്കുന്ന ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിനായി  ഐഎസ്എല്ലിന്  ഇടവേള നൽകേണ്ടിവരുമെന്നതിനാൽ  അടുത്ത ഐഎസ്എൽ സീസൺ ഒക്ടോബറിൽ  തന്നെ ആരംഭിക്കാൻ സാധ്യതയേറെയാണ്.  അങ്ങനെയെങ്കിൽ  അതിനിടെ ഇവിടെ ക്രിക്കറ്റ് മൽസരവും നടത്താനുള്ള ശ്രമം വെല്ലുവിളിയാവും. 

∙ 'മനോഹരമായി നിർമിച്ച പന്തുകളി പ്രതലം ക്രിക്കറ്റിനുവേണ്ടി കുഴിക്കേണ്ടിവരും. ക്രിക്കറ്റ് തിരുവനന്തപുരത്തിനു നൽകൂ. നിർത്തൂ, നശീകരണപ്രവർത്തനം.' - എൻ.എസ്.മാധവൻ

∙ 'ക്രിക്കറ്റിനോട് അനാദരവില്ല. തിരുവനന്തപുരത്ത് ക്രിക്കറ്റിനുള്ള ഗ്രൗണ്ട് ഉണ്ടല്ലോ. ഒരു മാച്ചിനു മാത്രമായി കലൂർ സ്റ്റേഡിയത്തിലെ കളിക്കളം പൊളിക്കേണ്ടതുണ്ടോ? രാജ്യത്തെതന്നെ മികച്ച ഫുട്ബോൾ പ്രതലങ്ങളിലൊന്നാണത്. ഒരൊറ്റ ഫുട്ബോൾ മാച്ചിനായി ഈഡൻ ഗാർഡൻസ് കളിക്കളം പൊളിക്കുമോ?' - ഇയാൻ ഹ്യൂം

∙ 'അണ്ടർ 17 ലോകകപ്പിന്റെ ഫലമായി കിട്ടിയ കളിക്കളത്തെ കൊല്ലരുത്. സർക്കാർ ഇത് അനുവദിക്കരുത്. പൊതുജനത്തിന്റെ പണം പാഴാക്കി വീണ്ടുംവീണ്ടും ഫുട്ബോൾ കളിക്കളം ഉണ്ടാക്കാൻ ഇടവരുത്തരുത്.' - ഷാജി പ്രഭാകരൻ ((ഡൽഹി സോക്കർ അസോസിയേഷൻ പ്രസിഡന്റ്)