സ്വിങ്ങുകൾക്കുമുണ്ട് സീക്രട്ട്

പന്ത് വായുവിലൂടെ പോകുമ്പോൾ പരുത്ത പ്രതലം വായുവിലുരസി പന്തിന് ഉലച്ചിൽ വരുന്നു. പന്ത് വായുവിലൂടെ പോകുമ്പോൾ മിനുസമുള്ള പ്രതലം വായുവിൽ അധികം ഉരസാത്തതിനാൽ ചലനമില്ലാതെ സഞ്ചരിക്കുന്നു.

ഒരു ക്രിക്കറ്റ് ബോളിന്റെ വായുവിലൂടെയുള്ള ചലനം അതിന്റെ മധ്യഭാഗത്തുള്ള അൽപം ഉയർന്ന തുന്നൽ അഥവാ സീം, സഞ്ചരിക്കുന്ന ദിശയും സീമും തമ്മിലുള്ള വ്യതിയാനം, പന്തിന്റെ വശങ്ങളിലുള്ള തേയ്മാനം, സഞ്ചാരവേഗം, ബോളറുടെ ആക്‌ഷൻ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഒരു ഫാസ്റ്റ് ബോളർ സാധാരണ സീം നടുവിരലുകൾകൊണ്ട് അൽപം ചരിച്ചു പിടിച്ച് ശരീരം ഒരു പ്രത്യേക കോണിൽ ആക്കിയാണ് എറിയുക. ശരീരത്തിന്റെ പ്രത്യേകതകൾ ചിലരെ ഔട്ട് സ്വിങ്ങർമാരും ചിലരെ ഇൻസ്വിങ്ങർമാരും ആക്കുന്നു. പന്തിനെ വിട്ടു പോകുന്ന വായുവിനെ വേക്ഫീൽഡ് എന്നു വിളിക്കുന്നു. ഇതാണു പന്ത് എങ്ങോട്ടു തിരിയണമെന്നു തീരുമാനിക്കുക.

കോൺട്രാസ്റ്റ് സ്വിങ്

പുതിയ പന്തിൽ ഇരുവശവും ഒരേപോലെ മിനുസമുള്ളതാണെങ്കിൽ പ്രത്യേകിച്ചു സഞ്ചാരപാതയിൽ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല. എന്നാൽ, പതിയെ പന്തിന്റെ മിനുസം നഷ്ടപ്പെടുകയും അതു പന്തിന്റെ സഞ്ചാരപാതയെ സ്വാധീനിക്കുകയും ചെയ്യുന്നു. വളരെ വേഗത്തിൽ സീം നേരെ പിടിച്ച് എറിഞ്ഞാൽ വശങ്ങളിൽനിന്നുള്ള മർദം പന്തിനെ ഇരുവശങ്ങളിലേക്കും തിരിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്വിങ്ങിനെ കോൺട്രാസ്റ്റ് സ്വിങ് എന്നു വിളിക്കുന്നു. ഇതു സാധാരണ മണിക്കൂറിൽ 113 കിലോമീറ്ററിൽ (മണിക്കൂറിൽ 70 മൈൽ) അധികം വേഗത്തിൽ എറിഞ്ഞാൽ പന്ത് പരുപരുത്ത വശത്തേക്കും അതിൽ കുറഞ്ഞ വേഗമാണെങ്കിൽ മിനുസമുള്ള വശത്തേക്കും തിരിയുന്നു.

സ്വിങ്ങിന്റെ രഹസ്യം

മിനുസമുള്ള വശം ബാറ്റ്സ്മാന്റെ നേരെ വരുന്ന വിധത്തിൽ സ്ലിപ്പിൽ നിൽക്കുന്ന ഫീൽഡറുടെ നേരെ സീം ചരിച്ചു പിടിച്ച് എറിഞ്ഞാൽ പന്ത് ബാറ്റ്സ്മാനിൽനിന്ന് അകന്ന് സ്ലിപ്പിനു നേരേ നീങ്ങുമ്പോൾ ഔട്ട് സ്വിങ്ങർ എന്നു വിളിക്കുന്നു. മിനുസമുള്ള വശത്തു വായു വളരെ സ്മൂത്ത് ആയി വേഗത്തിൽ നീങ്ങുകയും പരുപരുത്ത വശത്തു വായു കൂടുതൽ നേരം ബോളുമായി സമ്പർക്കത്തിലുണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ബോൾ മിനുസമുള്ള വശത്തിനു നേരേ വിപരീത ദിശയിലേക്കു തിരിയാൻ വേക്ഫീൽഡ് മർദം സഹായിക്കുന്നു. ഇതിന്റെ വിപരീത ഫലമാണ് 1970കളിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ കണ്ടെത്തിയ റിവേഴ്സ് സ്വിങ്. ഇതിൽ പന്തിന്റെ പരുപരുത്ത വശം ബാറ്റ്സ്മാനു നേരെ പിടിച്ച് ഔട്ട് സ്വിങ്ങറിന്റെ അതേ ആക്‌ഷനോടുകൂടി എറിയുന്നു.

ഇതു വളരെ ഉയർന്ന വേഗത്തിൽ (ഏകദേശം 145 കിലോമീറ്ററിനു മേൽ) എറിയുന്നവർക്കു സാധിക്കുന്നതാണെങ്കിലും വിയർത്ത കൈകൊണ്ടു പന്തിന്റെ ഒരു വശം പിടിച്ച് എറിയുമ്പോൾ സാധാരണ സ്വിങ് ഉണ്ടാവേണ്ടതിന്റെ എതിർദിശയിലേക്കു പന്തു തിരിയുകയും ബാറ്റ്സ്മാൻ ഒട്ടും പ്രതീക്ഷിക്കാതെ ഔട്ട് ആവുകയും ചെയ്യുന്നു. ഇതു പക്ഷേ എല്ലാ ബോളർമാർക്കും സാധിക്കുന്ന കാര്യമല്ല, നല്ല വൈദഗ്ദ്യം വേണ്ടിവരും. ഇതു രണ്ടു രീതിയിൽ സാധിക്കാം - ഒന്നാമത്തേത് പന്തു പഴകുമ്പോൾ രണ്ടു വശത്തിന്റെയും മിനുസം പോകുമ്പോൾ വൈദഗ്ദ്യം ഉപയോഗിച്ച്. രണ്ടാമത്തേത് പന്തിൽ കൃത്രിമം കാട്ടി ഒരു വശത്തിന്റെ മിനുസം കളഞ്ഞ്. ഇങ്ങനെ ചെയ്യുമ്പോൾ റിവേഴ്സ് സ്വിങ്ങിന് ആവശ്യമുള്ള നിർണായകവേഗം താഴ്ത്താമെന്നു പഠനങ്ങൾ കാണിക്കുന്നു.

നിയമവും കുറ്റവും

സാധാരണ പന്തിൽ സ്വിങ് ഉണ്ടെങ്കിൽ മികച്ച ബാറ്റ്സ്മാന്മാർ സീമിന്റെ സ്ഥാനവും എറിയുന്ന ആളിന്റെ ആക്‌ഷനും നോക്കി അതു കൃത്യമായി മനസ്സിലാക്കാൻ കഴിവുള്ളവരാണ്. കളിക്കാർ ബോളിന്റെ ഒരു വശം തുപ്പൽ, വിയർപ്പ് എന്നിവയിലേതെങ്കിലും പുരട്ടി ഉണങ്ങിയ ടവ്വലിലോ ധരിക്കുന്ന വസ്ത്രത്തിന്റെ ഒരു ഭാഗത്തോ ഉരച്ചു മിനുക്കുന്നതു സാധാരണ കാഴ്ചയാണ്. ഇത് ഐസിസി റൂൾ 41 പ്രകാരം അനുവദനീയമാണെങ്കിലും ബോൾ നിലത്തോ കഠിനമായ പ്രതലങ്ങളിലോ ഉരസുന്നത് അനുവദനീയമല്ല. ബോളിൽ എന്തു ചെയ്താലും അത് അംപയർമാരുടെ ദൃഷ്ടി പതിയുന്ന വിധത്തിൽ ആവണമെന്നും നിയമം അനുശാസിക്കുന്നു.

ബബിൾ ഗം പോലെയുള്ളവ ചവച്ച തുപ്പൽ, ശരീരത്തിൽ പുരട്ടുന്ന സൺ സ്ക്രീൻ ക്രീം എന്നിവയൊക്കെ ഉപയോഗിച്ചും പന്തിന്റെ സ്വിങ് വ്യതിയാനം വരുത്താമെന്നതിനാൽ അവയും അനുവദനീയമല്ല. ബോൾ ടാംപറിങ് നടത്തുന്നവർ സാധാരണ ചെയ്യുന്നത് പന്തിന്റെ തുന്നൽ ഇളക്കുക, കല്ലോ കുപ്പിയുടെ അടപ്പോ ഉപയോഗിച്ച് ഒരു വശം പരുപരുത്തതാക്കുക എന്നിങ്ങനെയുള്ള പണികളാണ്. ഒരു ടേപ്പിൽ നിലത്തുനിന്നുള്ള മൺതരികൾ ഉപയോഗിച്ച ഓസ്ട്രേലിയൻ ടീമിന്റെ ഉദ്ദേശ്യം അവരുടെ ബോളർമാർക്കു ബാറ്റ്സ്മാൻ പ്രതീക്ഷിക്കാത്ത റിവേഴ്സ് സ്വിങ് നൽകുക എന്നതായിരുന്നെന്നു കരുതാം.

ക്രിക്കറ്റ് നിയമം പറയുന്നതിങ്ങനെ

ക്രിക്കറ്റ് നിയമത്തിലെ സബ് സെക്‌ഷൻ മൂന്നിലെ 41–ാം നിയമത്തിലാണു പന്തിൽ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചു പറയുന്നത്. ഇതനുസരിച്ച് എന്തെങ്കിലും പദാർഥം ഉപയോഗിക്കാതെ പന്ത് വൃത്തിയാക്കാം, ടൗവൽ കൊണ്ടു പന്തുണക്കാം, ചെളി പറ്റിയിട്ടുണ്ടെങ്കിൽ അംപയർമാരുടെ മേൽനോട്ടത്തിൽ വൃത്തിയാക്കാം. ഇതല്ലാതെ പന്തിൽ മറ്റെന്തു ചെയ്യുന്നതും നിയമവിരുദ്ധമാണ്.