കൺകെട്ടുവിദ്യ പോലെയാണ് പന്തിൽ കൃത്രിമം കാണിക്കൽ. പിടിക്കപ്പെടാതിരുന്നാൽ അതൊരു കലയാണ്. പിടിക്കപ്പെട്ടാലോ കള്ളത്തരവും. ക്രിക്കറ്റിലെ ഏറ്റവും സർവസാധാരണമായ തട്ടിപ്പുകളിലൊന്നാണ് ഇത്. പല കാലങ്ങളായി പലരും അതിനു വ്യത്യസ്ത പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നു മാത്രം. അതെല്ലാംവച്ച് ഒരു സ്റ്റേഷനറിക്കട വരെ തുടങ്ങാം.
വാസെലിൻ, സൺക്രീം
പന്തിൽ കൃത്രിമം കാണിക്കാൻ സർവസാധാരണമായി ഉപയോഗിക്കുന്ന പദാർഥം. 1977ൽ ഇംഗ്ലിഷ് ബോളർ ജോൺ ലിവർ ഇന്ത്യയ്ക്കെതിരെയുള്ള മൽസരത്തിൽ വാസെലിൻ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം തേച്ചുമിനുക്കിയതാണ് ആദ്യത്തെ സംഭവം. പന്ത് മണത്തുനോക്കിയാൽ അംപയർമാർക്ക് ഒരു പരിധി വരെ ഇതു കണ്ടുപിടിക്കാനാകും.
നഖങ്ങൾ
പന്ത് സ്വാഭാവികമായി പാന്റ്സിലുരസുമ്പോൾ മറുഭാഗത്ത് നഖങ്ങൾകൊണ്ട് പോറലേൽപ്പിക്കുന്നതും ഒരു ‘കൃത്രിമ തന്ത്രം’. പ്രധാന സീമിനോടു ചേർന്നുള്ള ക്വാർട്ടർ സീമിലാണ് ഇതു പ്രധാനമായും ചെയ്യുക. പന്തിലെ തുകൽപ്പാളി ചെറുതായി അടർത്തിയെടുക്കുകയുമാകാം.
സാൻഡ് പേപ്പർ
പന്തിൽ കൃത്രിമം കാണിക്കാനുള്ള ഏറ്റവും പുതിയതും ഫലപ്രദവുമായ മാർഗം. കയ്യിൽ ചുറ്റിയ ബാൻഡേജിനിടയിലോ അല്ലെങ്കിൽ ഓസ്ട്രേലിയൻ താരങ്ങൾ ചെയ്തതുപോലെ കീശയിലോ ഇതു സൂക്ഷിക്കാം. പന്ത് ഉമിനീർ ഉപയോഗിച്ച് തേച്ചുമിനുക്കുമ്പോൾ മാജിക്കു പോലെ അപ്പുറം സാൻഡ് പേപ്പർകൊണ്ട് പരുക്കനാക്കുകയുമാകാം.
ചെളി, മണ്ണ്
1994ൽ ഇംഗ്ലിഷ് ക്രിക്കറ്റർ മൈക്കൽ ആതർട്ടനാണ് പന്ത് ചെളികൊണ്ടു തേച്ചുമിനുക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തത്. പാന്റ്സിന്റെ പോക്കറ്റിലാണ് ആതർട്ടൻ ചെളി സൂക്ഷിച്ചത്. പിടികൂടിയപ്പോൾ താൻ കൈ ഉണക്കാൻ കൊണ്ടുനടക്കുന്ന ചെളിയാണ് എന്നായിരുന്നു ആതർട്ടന്റെ വാദം.
ബോട്ടിൽ അടപ്പ്
റിവേഴ്സ് സ്വിങ്ങിന്റെ സുൽത്താൻമാരായ പാക്കിസ്ഥാൻ ബോളർമാരായ വഖാർ യൂനിസും വാസിം അക്രമും 1992ൽ ബോട്ടിൽ അടപ്പ് ഉപയോഗിച്ച് പന്തിന്റെ സീം അടർത്തിയെടുത്തെന്നു പറയപ്പെടുന്നു.
പാന്റ്സിന്റെ സിപ്പ്
പന്തിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ഒന്നിലേറെ തവണ പിടിക്കപ്പെട്ടിട്ടുണ്ട് ദക്ഷിണാഫ്രിക്കൻ താരമായ ഫാഫ് ഡുപ്ലെസി. 2013ൽ പാക്കിസ്ഥാനെതിരെ ദുബായ് ടെസ്റ്റിൽ പാന്റ്സിന്റെ സിപ്പിലുരസിയാണ് ഡുപ്ലെസി പന്ത് പരുക്കനാക്കിയത്.