ഒറ്റ പന്തിന്റെ ഒറ്റ് !

ട്രെവർ ചാപ്പലിന്റെ അണ്ടർ ആം ബോളിങ് (ഫയൽ ചിത്രം)

സിഡ്നി ∙ മുപ്പത്തിയേഴു വർഷം മുൻപു ന്യൂസീലൻഡ് ജയിക്കാതിരിക്കാൻ, ക്യാപ്റ്റൻകൂടിയായ ചേട്ടൻ ഗ്രെഗ് ചാപ്പലിന്റെ വാക്കു കേട്ട് ഒരേയൊരു അണ്ടർ ആം ബോൾ എറിഞ്ഞെന്ന തെറ്റേ ട്രെവർ ചാപ്പൽ ചെയ്തുള്ളൂ. പക്ഷേ, അതു ധാരാളമായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ അന്തസ്സു കളഞ്ഞ കളിക്കാരൻ എന്ന ദുഷ്പേരും ചുമന്ന് ഇപ്പോഴും ജീവിക്കുന്ന അറുപത്തഞ്ചുകാരൻ ട്രെവർ പറയുന്നു: എന്റെ അതേ അവസ്ഥയാണ് ഇവരെയും (സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ്) കാത്തിരിക്കുന്നത്. ഞാൻ കടന്നുപോയ അതേ തീച്ചൂളകളിൽ അവരും വേവിക്കപ്പെടും, ആളുകൾ പുച്ഛിക്കും, ബന്ധുക്കൾ ഉപേക്ഷിച്ചുപോകും, മരിക്കുംവരെ നാണക്കേട് കൂടെയുണ്ടാകും!

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റിൽ പന്തിൽ കള്ളത്തരം കാണിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ വാർത്ത സജീവമായപ്പോഴാണു മാധ്യമങ്ങൾ പഴയ വില്ലൻ ട്രെവർ ചാപ്പലിനെ അന്വേഷിച്ചു ചെന്നത്. കുട്ടികൾക്കു ക്രിക്കറ്റ് പരിശീലനവും ഗോൾഫ് കളിയുമൊക്കെയായി ജീവിതത്തിന്റെ ഓരംപറ്റി കഴിയുകയാണിപ്പോൾ ട്രെവർ.

1981ലെ വേൾഡ് സീരിസ് കപ്പിൽ ന്യൂസീലൻഡിനെതിരെ നടന്ന മൽസരമാണു ട്രെവറിനെ വില്ലനാക്കിയത്. അവസാന പന്തിൽ കിവീസിനു ജയിക്കാൻ വേണ്ടത് ആറു റൺസ്. വാലറ്റക്കാരൻ ബ്രിയൻ മെക്കിഷിൻ 90 മീറ്റർ ദൂരമുള്ള ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തടിച്ചു സിക്സർ നേടാതിരിക്കാൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലാണ് അനിയൻ ട്രെവറിനു തന്ത്രം പറഞ്ഞുകൊടുത്തത് – പന്ത് കുത്തിപ്പൊങ്ങാതിരിക്കാൻ അണ്ടർ ആം (കൈ മടങ്ങാതെ പന്തു താഴെക്കൂടി ഉരുട്ടി വിടുന്ന രീതി) ബോളെറിയുക. ട്രെവർ അത് അനുസരിച്ചു. ഉരുണ്ടു ചെന്ന പന്തിൽ സിക്സറടിക്കാൻ കഴിയാതെ ന്യൂസീലൻഡ് തോൽവി സമ്മതിച്ചു.

പക്ഷേ, ക്രിക്കറ്റ് ഇത്രയും വലിയ ജനകീയ വിനോദമാകുന്നതിനു മുൻപുള്ള കാലമായിരുന്നിട്ടുകൂടി ആരാധകർ അതു ക്ഷമിച്ചില്ല. ട്രെവർ വിവാദനായകനായി; ഓസ്ട്രേലിയൻ ക്രിക്കറ്റിനു ചീത്തപ്പേരുമായി. അണ്ടർ ആം പന്തെറിയാൻ നിർദേശിച്ച ഗ്രെഗ് ചാപ്പൽ രക്ഷപ്പെട്ടു. പക്ഷേ, തന്റെ ജീവിതം പിന്നീട് എങ്ങനെയായെന്നു ട്രെവർതന്നെ പറയുന്നു: ‘‘ആ സംഭവം എന്നെ മാനസികമായി തളർത്തി. കുടുംബം തകർന്നു. ഭാര്യ ഉപേക്ഷിച്ചു പോയി. പിന്നീടു വിവാഹം കഴിക്കാൻ ഞാൻ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ എനിക്കു മക്കളുമില്ല. എവിടെച്ചെന്നാലും ആളുകൾ ഇപ്പോഴും അന്നത്തെ സംഭവമാണു ചോദിക്കുക. ഓസ്ട്രേലിയൻ ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കിയയാൾ എന്ന നാണക്കേടും ചുമന്നു ഞാനിപ്പോഴും ഒതുങ്ങിക്കൂടുന്നു.’’