വോക്കി ടോക്കിയിൽ ‘മുന്നറിയിപ്പു’ നൽകിയ ലീമാൻ രക്ഷപ്പെട്ടതെങ്ങനെ?

പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ വിവാദച്ചുഴലിയിൽപെട്ട മുൻ നായൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവർക്കു വിലക്കേർപ്പെടുത്തിയപ്പോഴും, ഇതേ വിഷയത്തിൽ സംശയത്തിന്റെ നിഴലിലായ ഓസീസ് പരിശീലകൻ ഡാരൻ ലീമാനെതിരെ നടപടിയില്ലാത്തത് എന്ത് എന്ന സംശയത്തിലാണ് ക്രിക്കറ്റ് ആരാധകർ. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും രാജിക്കു പിന്നാലെ പരിശീലകൻ ഡേവിഡ് ലീമാനെയും ഓസ്ട്രേലിയ പുറത്താക്കുമെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ലീമാനെ നടപടിയിൽ നിന്നു ഒഴിവാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ കാലാവധി കഴിയുന്നതുവരെ ലീമാൻ തൽസ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കി. 2013ൽ ഓസീസ് പരിശീലകനായി സ്ഥാനമേറ്റ ലീമാനു നിലവിൽ 2019 ആഷസ് പരമ്പര വരെ കാലാവധിയുണ്ട്. സംഭവത്തിൽ ലീമാനും കുറ്റക്കാരനാണെന്ന് ആരോപിച്ച് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കടക്കം പ്രമുഖർ രംഗത്തെത്തിയിരുന്നു.

ലീമാൻ സംശയ നിഴലിലായതിങ്ങനെ:

പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ‌ ഓസീസ് ടീമിന്റെ പരിശീലക സംഘത്തിന് യാതൊരു പങ്കുമില്ലെന്നാണ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്ന ടെലിവിഷൻ ദൃശ്യം കണ്ട് ലീമാൻ അസ്വസ്ഥനായതും പന്ത്രണ്ടാമനായ ഹാൻഡ്സ്കോംബിനെ വിവരമറിയിച്ചതും ‌ഇക്കാര്യത്തിൽ നേരത്തേ അറിവുള്ളതുകൊണ്ടാണെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിനുശേഷം ലീമാൻ ഇതുവരെ പ്രസ്താവനകളൊന്നും നടത്താതിരുന്നതും അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തി.

ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതിനു പിന്നാലെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഓസ്ട്രേലിയൻ താരങ്ങൾ കളിതുടരുന്നതിനിടെ ടെലിവിഷൻ സ്ക്രീൻ ശ്രദ്ധിച്ചതു പരിശീലകൻ ഡാരൻ ലീമാനെയായിരുന്നു. ബാൻക്രോഫ്റ്റ് പന്തു തിരുമ്മുന്നതിന്റെ ദൃശ്യം ടെലിവിഷൻ ചാനൽ വീണ്ടും വീണ്ടും കാണിക്കുന്നുവെന്നതു ലീമാൻ ടീമിലെ പന്ത്രണ്ടാമൻ പീറ്റർ ഹാൻഡ്കോംബിനെ വോക്കി ടോക്കിയിലൂടെ അറിയിച്ചു. അസ്വഭാവികതയോടെ വീണ്ടും ഗ്രൗണ്ടിലിറങ്ങിയ ഹാൻഡ്സ്കോംബിനു ചുറ്റുമായിരുന്നു ക്യാമറക്കണ്ണുകൾ പിന്നീട്.

ടീമിലെ പുതുമുഖമായ, ബോളിങ് ചുമതലകളില്ലാത്ത ബാൻക്രോഫ്റ്റിനു മാത്രമായി എന്തു സന്ദേശം കൈമാറാൻ? ചാനലുകളുടെ അന്വേഷണത്വര വീണ്ടും ഓസീസിനെ കുടുക്കി. ഹാൻഡ്കോംബ് പോയതിനു പിന്നാലെ പോക്കറ്റിൽനിന്നു വീണ്ടും മഞ്ഞടേപ്പ് എടുത്തതു കൃത്യമായി ക്യാമറയിൽ പതിഞ്ഞു. ഒപ്പം അതെടുത്ത് പാന്റ്സിനുള്ളിൽ ഒളിപ്പിക്കുന്നതും. സംഭവം അന്വേഷിച്ച ഫീൽഡ് അംപയർമാരെ സൺഗ്ലാസ് തുടയ്ക്കുന്ന തുണി കാട്ടി കബളിപ്പിച്ചപ്പോൾ മഞ്ഞ ടേപ്പും അതൊളിപ്പിച്ച രീതിയും വീണ്ടും വീണ്ടും ചാനൽ എടുത്തുകാട്ടിക്കൊണ്ടിരുന്നു.

സതർലാൻഡിന്റെ വിശദീകരണമിങ്ങനെ

സംഭവത്തിൽ ഇതുവരെ കരുതപ്പെട്ടിരുന്നതിന്റെ നേർ വിപരീത സ്വഭാവമുള്ള വിശദീകരണമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ് നൽകിയത്. ടെലിവിഷനിൽ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്ന ദൃശ്യങ്ങൾ ആവർത്തിച്ചു കാട്ടിയ അവസരത്തിൽ ഇതു ശ്രദ്ധിച്ച ഡാരൻ ലീമാൻ വോക്കി ടോക്കിയിലൂടെ ഇതേക്കുറിച്ച് ടീമിലെ പന്ത്രണ്ടാമനായ പീറ്റർ ഹാൻഡ്കോംബിനെ അറിയിച്ചുവെന്നത് വാസ്തവമാണത്രേ.

എന്നാൽ, സംഭവത്തെക്കുറിച്ച് മുൻപു ധാരണയുണ്ടായിരുന്ന ലീമാൻ ക്യാമറ ശ്രദ്ധിക്കുന്ന വിവരം താരങ്ങളെ അറിയിക്കുകയല്ല ചെയ്തതെന്നാണ് സതർലൻഡ് നൽകുന്ന വിശദീകരണം. മറിച്ച് ,കളത്തിൽ ചില ‘അസ്വാഭാവിക’ നീക്കങ്ങൾ നടക്കുന്നതും അതു ക്യാമറക്കണ്ണുകൾ‌ ഒപ്പിയെടുക്കുന്നതും കണ്ട ലീമാൻ, എന്താണ് മൈതാനത്ത് നടക്കുന്നതെന്ന് പീറ്റർ ഹാൻഡ്കോംബിനെ വിട്ട് അന്വേഷിക്കുകയാണ് ചെയ്തത്രേ. മൈതാനത്ത് നടക്കുന്ന കാര്യങ്ങളിൽ തനിക്കുള്ള അനിഷ്ടവും അദ്ദേഹം ഹാൻഡ്കോംബ് വഴി ബാൻക്രോഫ്റ്റിനെ അറിയിക്കുകയായിരുന്നുവെന്നും സതർലൻഡ് വിശദീകരിച്ചു.