മാന്യതയുടെ അതിരു വിടുന്നതിൽ ഓസ്ട്രേലിയൻ ടീം ഒരിക്കലും മടിച്ചിട്ടില്ല. കളി ജയിക്കാൻ അവർ ഏതു വളഞ്ഞ വഴിയും സ്വീകരിക്കും. ബിൽ ലോറി ഓസീസ് ക്യാപ്റ്റനായിരുന്നപ്പോൾ ഡൽഹിയിൽ നടന്ന ഒരു മൽസരത്തിൽ ഇന്ത്യൻ ബോളറുടെ കയ്യിൽ നിന്നു തെന്നിവീണ പന്ത് അടിച്ചകറ്റിപ്പോലും റൺസ് നേടാൻ ശ്രമിച്ച ഓസീസിന്റെ മാന്യതയില്ലായ്മയുടെ ചില സാംപിളുകൾ ഇതാ...
പെർത്ത് വിവാദം
1982ൽ പെർത്തിൽ ജാവേദ് മിയാൻദാദ്– ഡെന്നിസ് ലിലി ഏറ്റുമുട്ടൽ കുപ്രസിദ്ധമാണ്. ലിലി എറിഞ്ഞ പന്തിൽ പാക്ക് നായകൻ മിയാൻദാദ് റൺസിനായി ഓടുമ്പോൾ ലിലി കരുതിക്കൂട്ടി മുന്നിൽ കയറിനിന്നു. മിയാദാദിനെ തൊഴിച്ചു. മിയാൻദാദ് ബാറ്റ് ഉയർത്തി ലിലിയുടെ നേർക്ക്. അടി വീഴുമെന്നു കണ്ടപ്പോൾ അംപയർമാർ ഇടപെട്ടു.
വോണിന്റെ മരുന്നടി
2003 ലോകകപ്പിൽ കളിക്കാനായി ഓസീസ് ടീം ദക്ഷിണാഫ്രിക്കയിൽ എത്തിയയുടൻ ഷെയ്ൻ വോൺ പിടിക്കപ്പെട്ട വാർത്ത പരന്നു. ആദ്യ മൽസരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയൻ ടീമിനെ ഉത്തജേകം ‘പിടികൂടിയത്’. വോണിനെ ലോകകപ്പ് ടീമിൽനിന്ന് ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചു.
ഗാവസ്കറുെട വോക്കൗട്ട്
1981ലെ ഇന്ത്യ– ഓസrസ് മെൽബൺ ടെസ്റ്റും ഏറെ വിവാദയുർത്തിയ ഒന്നാണ്. ഗ്രൗണ്ടിൽ ഡെന്നിസ് ലിലിയുടെ പന്തിൽ സുനിൽ ഗാവസ്കർ എൽബിഡബ്ലു. തൊട്ടുപിന്നാലെ ലിലി നടത്തിയ പരാമർശം ഗാവസ്കറെ ദേഷ്യം പിടിപ്പിച്ചു. കൂട്ടാളി ബാറ്റ്സ്മാൻ ചേതൻ ചൗഹാനെയും കൂട്ടി ഗാവസ്കർ പുറത്തേക്കു നടന്നു.
മങ്കിഗേറ്റ് വിവാദം
2007–08ലെ ഇന്ത്യ– ഓസീസ് സിഡ്നി ടെസ്റ്റിൽ ഹർഭജൻ സിങ്ങും ആൻഡ്രു സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദവും ക്രിക്കറ്റിനേറെ കളങ്കമുണ്ടാക്കി. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. സൈമണ്ട്സിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടിയാണ് ഹർഭജനെ ഇങ്ങനെ പറയിപ്പിച്ചത്.
പുറത്തും മാന്യതയില്ലാതെ
മൈതാനത്തിനു പുറത്തും ഓസ്‌ട്രേലിയയുടെ മോശമായ പെരുമാറ്റങ്ങൾ കണ്ടിട്ടുണ്ട്. ന്യൂഡൽഹിയിലെ പ്രശസ്‌ത ഹോട്ടലിന്റെ നീന്തൽകുളത്തിൽ മൂത്രമൊഴിച്ച സംഭവം, ഡൽഹിയിലെ ബാർ ഹോട്ടലിൽ റിക്കി പോണ്ടിങ് യുവതിയെ കടന്നുപിടിച്ചത്, ശ്രീലങ്കൻ താരം ജയസൂര്യയെ റിക്കി പോണ്ടിങ് കുരങ്ങൻ എന്നു വിളിച്ച് അധിക്ഷേപിച്ചത്. ഐസിസി കപ്പിന്റെ സമ്മാനദാന ചടങ്ങിൽ ക്രിക്കറ്റ് ഭരണാധികാരികൂടിയായ ശരദ് പവാറിനെ തള്ളി മാറ്റിയതും വിവാദമായിരുന്നു.