പന്തിൽ കള്ളത്തരം കാണിച്ച സംഭവം ആസൂത്രണം ചെയ്തതിനു പിന്നിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൺ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ മാത്രമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. മറ്റു കളിക്കാരെ ഇവര്‍ വിവരമറിയിച്ചിരുന്നില്ല. ഗ്രൗണ്ടിലിറങ്ങി ബാന്‍ക്രോഫ്റ്റിനോടു സംസാരിച്ചപ്പോള്‍ മാത്രമാണ് ഹാന്‍ഡ്സ്കോംബ് സംഭവത്തെക്കുറിച്ച് അറിയുന്നത്.
ടേപ്പല്ല മഞ്ഞ നിറത്തിലുള്ള സാൻഡ് പേപ്പറാണ് കൃത്രിമത്തിന് ഉപയോഗിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. പന്തിലെ കള്ളക്കളിയെക്കുറിച്ച് അന്വേഷിച്ച സംഘം ഓസീസ് ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്ന മൂന്നുപേരുടെയും കുറ്റകൃത്യങ്ങൾ ഇവയാണ്:
ഡേവിഡ് വാർണർ
പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിന്റെ സൂത്രധാരൻ. ടീമിലെ യുവതാരങ്ങളിലൊരാളെ ചുമതല ഏൽപിക്കണമെന്ന നിർദേശം വച്ചതും വാർണർ തന്നെ. ഹോട്ടലിൽവച്ച് ഇതിന്റെ റിഹേഴ്സലും നടപ്പിലാക്കി. പന്തിൽ സാൻഡ് പേപ്പർ ഉരച്ച് മിനുസ്സം നഷ്ടപ്പെടുത്തേണ്ടത് എങ്ങനെയെന്ന് വാർണറാണ് ബാൻക്രോഫ്റ്റിനു കാണിച്ചുകൊടുത്തത്.
സാൻഡ് പേപ്പർ ഹോട്ടലിലെത്തിച്ചതും വാര്‍ണര്‍ തന്നെ. വിക്കറ്റ് കീപ്പർ ടിം പെയ്ൻ കളിക്കിടെ ബാൻക്രോഫ്റ്റിനു പന്തു നൽകിയത് വാർണറുടെ നിർദേശ പ്രകാരമാണ്. മല്‍സരശേഷം മാച്ച് റഫറിയോടും കള്ളം പറഞ്ഞു.
സ്റ്റീവ് സ്മിത്ത്
കൃത്രിമം നടത്താനുള്ള വാർണറുടെ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിട്ടും ക്യാപ്റ്റനെന്ന നിലയിൽ സ്മിത്ത് അതു വിലക്കിയില്ല. പരിശീലക സംഘത്തിൽനിന്നും വിവരം മറച്ചുവച്ചു. ടിവി ദൃശ്യത്തെക്കുറിച്ച് അറിയിക്കാൻ ഗ്രൗണ്ടിലിറങ്ങിയ പന്ത്രണ്ടാമൻ പീറ്റർ ഹാൻഡ്സ്കോംബ് ആദ്യമെത്തിയത് സ്മിത്തിന്റെ അടുത്തേക്കാണ്.
സാൻഡ് പേപ്പർ പാന്റ്സിനുള്ളിൽ ഒളിപ്പിക്കാനുള്ള നിർദേശം നൽകിയതും സ്മിത്ത്. മൽസരശേഷം മാധ്യമങ്ങളെ കണ്ട സ്മിത്തിന്റെ പരാമർശങ്ങളിൽ ചിലതു കൃത്രിമം നടത്തിയതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന സ്പോർട്സ് താരം തന്നെ കള്ളത്തരത്തിനു കൂട്ടുനിന്നതു വലിയകുറ്റം.
കാമറൺ ബാൻക്രോഫ്റ്റ്
ഡേവിഡ് വാർണർ പന്തില്‍ കൃത്രിമം കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കാതെ ദൗത്യം ഏറ്റെടുത്തു. പരിശീലകനില്‍നിന്ന് വിവരം മറച്ചുവച്ചു. മഞ്ഞ പേപ്പർ പാന്റ്സിന്റെ പോക്കറ്റില്‍വച്ച് ഗ്രൗണ്ടിലിറങ്ങി. ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് വിശദീകരണം ആവശ്യപ്പെട്ടെത്തിയ ഫീല്‍ഡ് അംപയര്‍മാരെ സണ്‍ഗ്ലാസ് തുടയ്ക്കുന്ന കറുത്ത തുണി കാട്ടി കബളിപ്പിച്ചു.
മല്‍സരശേഷം മാച്ച് റഫറിയില്‍നിന്നും സത്യം മറച്ചുവച്ചു. വിവാദമായതോടെ കൂടുതല്‍ ജൂനിയര്‍ താരങ്ങളെയും സംഭവത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിച്ചു. അന്വേഷണ സംഘത്തെയും തെറ്റിദ്ധരിപ്പിച്ചു.