പന്തു ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ആരാധകരോട് മാപ്പിരന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റിനെ മോശമാക്കും വിധത്തിലുള്ള തെറ്റാണ് സംഭവിച്ചതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നുവെന്നും വാര്‍ണര്‍ ട്വീറ്റ് ചെയ്തു. ആരാധകര്‍ക്കുണ്ടായ മനോവിഷമം മനസിലാക്കുന്നുവെന്നും ക്രിക്കറ്റിന് മേലെ വീണ കറയായിപ്പോയി തന്റെ പ്രവര്‍ത്തിയെന്നും വാര്‍ണര്‍ കുറിച്ചു.
വാര്‍ണറിന്‍റെ കുറിപ്പ് ഇങ്ങനെ:
ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട്, സിഡ്നിയിലേക്കുള്ള മടക്കയാത്രിയിലാണ് ഞാന്‍. ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയ തെറ്റുകള്‍ ചെയ്തുപോയി. എന്റെ കുറ്റത്തിന് മാപ്പ്. ഞാനതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നു. എന്റെ പ്രവൃത്തി കായികമേഖലയെയും ആരാധകരേയും വിഷമത്തിലാക്കിയെന്ന് തിരിച്ചറിയുന്നു. നമ്മളെല്ലാം സ്നേഹിക്കുന്ന, ചെറുപ്പം മുതലേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ആ കളിയില്‍ വീണ കറയാണത്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെറിയൊരു ഇടവേള വേണമെനിക്ക്. ബാക്കിയുള്ളത് അധികം വൈകാതെ പറയാം.
സ്പോൺസറും പിൻമാറി
ഇതിനിടെ ഓസ്ട്രേലിയന്‍ ടീമിനു കനത്ത തിരിച്ചടി നല്‍കി പ്രധാന സ്പോണ്‍സറായ മഗെല്ലന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ റദ്ദാക്കി. 2020 വരെ ഓസ്ട്രേലിയയില്‍ നടക്കുന്ന എല്ലാ ടെസ്റ്റ് മല്‍സരങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പ് മഗെല്ലന്‍ സ്വന്തമാക്കിയിരുന്നു. ഏകദേശം നൂറു കോടി രൂപയുടെ കരാറാണ് ഓസ്ട്രേലിയന്‍ ടീമുമായി മഗെല്ലന്‍ ഒപ്പുവച്ചിരുന്നത്.
ശിക്ഷ കടുപ്പിക്കാൻ ഐസിസി
അതിനിടെ, പന്തുചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളത്തിലെ വീഴ്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ രംഗത്തെത്തി. ഇതിനായി നിലവില്‍ കളിക്കുന്നവരെയും മുന്‍താരങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരാന്‍ ഐസിസി തീരുമാനിച്ചു.
പന്തു ചുരണ്ടല്‍, കളിക്കാര്‍ തമ്മിലുള്ള വാക്പോര്, അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം എന്നീ നടപടികള്‍ക്കുള്ള ശിക്ഷ കൂട്ടുന്ന കാര്യമാണ് പരിഗണിക്കുന്നത്. കളിക്കാരുമായി ആലോചിച്ച് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കത്തയച്ചു.