സിഡ്നി ∙ പന്തിൽ കൃത്രിമം നടത്തിയതിന്റെ പേരിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽനിന്നു പുറത്താക്കിയതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ താൻ സൗജന്യമായി ടീമിനു വേണ്ടി കളിക്കാൻ തയാറാണെന്നു മുൻ നായകൻ മൈക്കൽ ക്ലാർക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിനിടെ പന്തിൽ കൃത്രിമം നടത്തിയതിനു സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഒരു വർഷത്തേക്കു വിലക്കിയിരുന്നു.
‘‘ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സഹായിക്കാൻ എന്തു ചെയ്യാനും ഞാൻ ഒരുക്കമാണ്. പ്രായത്തെക്കുറിച്ച് എനിക്ക് ഒരിക്കലും വേവലാതി തോന്നിയിട്ടില്ല.
ബ്രാഡ് ഹോഗ് 45–ാം വയസ്സിലും കളിച്ചില്ലേ. നമ്മുടെ സമർപ്പണവും താൽപര്യവുമാണു പ്രധാനം. എന്റെ കായികക്ഷമതയിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ല.’’– ക്ലാർക്ക് പറഞ്ഞു.