ന്യൂഡൽഹി ∙ രണ്ടോ മൂന്നോ ഓസ്ട്രേലിയൻ മാധ്യമങ്ങൾ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഗൗനിക്കേണ്ടെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. വിരാട് കോഹ്‌ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലെയാണെന്ന ഓസീസ് പത്രം ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ക്ലാർക്ക്.
‘കോഹ്‌ലിയുടെ ഇമേജിനെ തകർക്കാൻ ചില ഓസീസ് റിപ്പോർട്ടർമാർ ശ്രമിക്കുന്നുണ്ട്. എനിക്കു കോഹ്‌ലിയെ ഇഷ്ടമാണ്. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ആരാധകർക്കും അതുപോലെതന്നെ.
ഒരു കളിക്കാരനെന്ന നിലയിൽ കോഹ്‌ലിയുടെ ഉള്ളിൽ ഒരു ഓസ്ട്രേലിയൻ വീര്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നാറുണ്ട്. കോഹ്‌ലി വെല്ലുവിളികളെ നേരിടുന്ന രീതി അതിനു തെളിവാണ്– ക്ലാർക്ക് ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ കോഹ്‌ലിയും ഓസീസ് ടീമിലെ ചിലരുമായുള്ള വാഗ്വാദങ്ങളുടെ വെളിച്ചത്തിലാണ് ഡെയ്‌ലി ടെലഗ്രാഫ് ഇന്ത്യൻ ക്യാപ്റ്റനെയും യുഎസ് പ്രസിഡന്റിനെയും താരതമ്യം ചെയ്തത്. തന്റെ പോരായ്മകൾ മറയ്ക്കാൻ ഡോണൾഡ് ട്രംപിനെപ്പോലെ കോഹ്‌ലിയും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു.
ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയക്കാരനായ ഫിസിയോ പാട്രിക് ഫർഹത്തിനെ ഓസീസ് താരങ്ങൾ അപമാനിച്ചെന്ന തരത്തിലുള്ള കോഹ്‌ലിയുടെ പരാമർശത്തിനെതിരെയാണ് റിപ്പോർട്ട്. ഓസീസ് മാധ്യമങ്ങൾ എഴുതുന്നതിനെ സ്റ്റീവ് സ്മിത്ത് പോലും കാര്യമാക്കേണ്ടെന്നും ക്ലാർക്ക് പറയുന്നു.
‘ധർമശാലയിൽ എങ്ങനെ ജയിക്കുമെന്ന കാര്യത്തിലാണ് ഇപ്പോൾ ഇരു ടീമുകളും തല പുകയ്ക്കുന്നത്. 2005ൽ ആഷസ് പരമ്പരയിലും ഇതുപോലെയായിരുന്നു കാര്യങ്ങൾ. ഓരോ ടെസ്റ്റും ജീവന്മരണ പോരാട്ടമായിരുന്നു. കളത്തിനു പുറത്താകട്ടെ താരങ്ങളെല്ലാം സൗഹൃദത്തോടെ നിന്നു.
വലിയൊരു ഇന്നിങ്സ് കളിക്കാൻ കോഹ്‌ലിക്ക് എപ്പോൾ വേണമെങ്കിലും സാധിക്കുമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. വലിയൊരു സെഞ്ചുറിയോടെ കോഹ്‌ലി ധർമശാലയിൽ ടീമിനെ പരമ്പര വിജയത്തിൽ എത്തിച്ചേക്കാമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. പതിവുപോലെ ധർമശാലയിലും ടോസ് നിർണായകമാകും.
ആദ്യം ബാറ്റ് ചെയ്യുന്ന ടീം 400–450 റൺസെടുത്താൽ നേട്ടമാണ്. ടോസ് നേടുന്ന ടീം വിജയിക്കും എന്നുതന്നെ പറയാമെന്നും മുൻ ഓസീസ് നായകൻ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് തോൽവിഭയം: മിച്ചൽ സ്റ്റാർക്
മെൽബൺ ∙ തോൽക്കുമെന്ന പേടികൊണ്ടാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ടീമിനെതിരെ വാക്കുകൊണ്ട് ആക്രമണം നടത്തുന്നതെന്ന് ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്. കാൽപ്പാദത്തിനു പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയ താരമാണു സ്റ്റാർക്.
പുണെയിലെ ആദ്യ ടെസ്റ്റിൽ തോറ്റതോടെയാണ് ഇന്ത്യ ഇത്തരം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത്.
ഓസീസ് മികച്ചവർ: ഗൗതം ഗംഭീർ
ന്യൂഡൽഹി ∙ പരമ്പരയിൽ മികച്ച നിലയിൽ കളിക്കുന്ന ഓസ്ട്രേലിയൻ ടീം അഭിനന്ദനം അർഹിക്കുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന വിദഗ്ധരുടെ പ്രതീക്ഷകളെ തകർക്കുന്ന പ്രകടനമായിരുന്നു സന്ദർശകരുടേത്.
തോൽവിയറിയാത്ത 19 ടെസ്റ്റുകളുമായി നിന്ന ഇന്ത്യയ്ക്കെതിരെ മികച്ച നിലയിലാണ് ഓസീസ് ടീം കളിച്ചതെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സൗരവ് ഗാംഗുലിയെയും ഹർഭജൻ സിങ്ങിനെപ്പോലെയുമുള്ള മുൻ താരങ്ങൾ ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണു പ്രവചിച്ചിരുന്നത്.
ഇന്ത്യ പിച്ചിനെ പേടിക്കും: മിച്ചൽ ജോൺസൺ
ന്യൂഡൽഹി ∙ പേസർമാരെ തുണയ്ക്കുന്ന ധർമശാല പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പേടിപ്പിക്കുന്നുണ്ടെന്ന് മുൻ ഓസീസ് ബോളർ മിച്ചൽ ജോൺസൺ. സ്റ്റീവൻ സ്മിത്തിനും സംഘത്തിനും കൂടുതൽ ആത്മവിശ്വാസം നൽകുന്ന പിച്ചാണ് ധർമശാലയിലേതെന്നും പരമ്പരയെക്കുറിച്ച് ഇന്ത്യൻ ടീമിന് അമിത ആത്മവിശ്വാസമായിരുന്നെന്നും ജോൺസൺ കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റിലെ ഹീറോ സ്റ്റീവ് ഒക്കീഫിക്കു പകരം പേസ് ബോളർ ജാക്സൺ ബേർഡിനെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തണം.